കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഇത്തിരി വൈകിയാണെങ്കിലും സംസ്ഥാനത്ത് തദ്ദേശഭരണതിരഞ്ഞെടുപ്പിന് കളം ഒരുങ്ങി. ഡിസംബര്‍ 8, 10, 14 തീയതികളിലാണ് വോട്ടെടുപ്പ്. കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണത്തിലും പ്രചാരണത്തിലും വോട്ടിംഗിലും കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ മൂന്നു മുന്നണികളും അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. രാഷ്ട്രീയമുന്നണികളെക്കൂടാതെ പ്രാദേശികമായി രൂപംകൊണ്ടജനകീയ കൂട്ടായ്മകളും ചിലയിടങ്ങളില്‍ അങ്കത്തിനിറങ്ങിയിട്ടുണ്ട്. കിഴക്കമ്പലത്ത് ട്വന്റി 20. എറണാകുളത്ത് വി ഫോര്‍ കൊച്ചി.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഈ തിരഞ്ഞെടുപ്പ് അടുത്ത നിയമസഭ ആരു പിടിക്കുമെന്നുള്ളതിന്റെ ഒരു സൂചനകൂടിയായി മുന്നണികള്‍ കണക്കാക്കുന്നു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ മുന്നേറ്റം ഉണ്ടാക്കുകയും തുടര്‍ന്നുവന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ വിജയം നിലനിര്‍ത്തുകയും ചെയ്തിരുന്നു.
കൊവിഡ്ഭീഷണിയില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വോട്ടുപിടിത്തത്തിന്റെ രൂപത്തിലും ഭാവത്തിലും ഇത്തവണ അടിമുടി മാറ്റം വന്നിട്ടുണ്ട്. പണ്ടത്തെപ്പോലെ കൂട്ടമായി നടന്നുള്ള ഭവനസന്ദര്‍ശനമോ കുടുംബയോഗങ്ങളോ പൊതുസമ്മേളനങ്ങളോ ശക്തിപ്രകടനമോ പാടില്ല. സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം അഞ്ചു പേര്‍ മാത്രമേ ഭവനസന്ദര്‍ശനത്തിനു പോകാവൂ. റോഡ് ഷോയ്ക്ക് മൂന്ന് വാഹനങ്ങളേ ഉപയോഗിക്കാവൂ. ജാഥകളും കൊട്ടിക്കലാശവും പറ്റില്ല. ഈ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളാണ് ഇപ്പോള്‍ എല്ലാ പാര്‍ട്ടിക്കാരുടെയും പ്രധാന പ്രചാരണതട്ടകം.
സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ വച്ചുള്ള വോട്ട് അഭ്യര്‍ത്ഥനയും കുറിപ്പുകളും വീഡിയോകളും ഗാനങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ ഇലക്ഷന്‍ പ്രചാരണം ചൂടുപിടിച്ചുകഴിഞ്ഞു. വെര്‍ച്വല്‍ റാലിയും വാട്സാപ്പ് കുടുംബയോഗങ്ങളുമെല്ലാം പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇലക്ഷന്‍ പ്രചാരണത്തിനായി മാത്രം ഫേസ്ബുക്കില്‍ പ്രത്യേക ഗ്രൂപ്പുകളും പേജുകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതു കൈകാര്യം ചെയ്യാന്‍ അഡ്മിനുകളെയും പാര്‍ട്ടികള്‍ നിയമിച്ചുകഴിഞ്ഞു. എന്തായാലും ട്രോളുകളും ക്യാപ്‌സ്യുളുകളുമൊക്കെയായി ഇത്തവണത്തെ ഇലക്ഷന്‍ പ്രചാരണം സൈബര്‍ ഇടങ്ങളില്‍ മിന്നുന്ന പോരാട്ടമായി മാറുമെന്നതില്‍ സംശയം വേണ്ട.
ചുവരെഴുത്തും നോട്ടീസ് വിതരണവുമായി താഴത്തട്ടിലുള്ള പാര്‍ട്ടിപ്രവര്‍ത്തകരും ഗ്രാമങ്ങളില്‍ സജീവമായി ഉണ്ട്. ഫ്‌ളെക്‌സ് നിരോധിച്ചതിനാല്‍ തുണികളിലാണ് ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ സിനിമാസ്‌കോപ്പ് ചിരി വിരിയുക.
നേരിട്ടു കണ്ടും ഫോണില്‍ വിളിച്ചും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി ക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകള്‍ വഴിയോരങ്ങളിലെല്ലാം നിരന്നു. വരുംദിവസങ്ങളില്‍ സ്‌ക്വാഡ് വര്‍ക്കും മൈക്ക് അനൗണ്‍സ്മെന്റും ഊര്‍ജ്ജിതമാകും.
സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാനും എതിരാളിയുടെ സീറ്റുകള്‍ പിടിച്ചെടുക്കാനുമുള്ള അടവുകളും തന്ത്രങ്ങളും മെനയുന്ന തിരക്കിലാണ് മൂന്നു മുന്നണികളും. സ്വര്‍ണക്കടത്തുകേസും കള്ളപ്പണം വെളുപ്പിക്കലും മയക്കുമരുന്ന് കച്ചവടവും കേന്ദ്രഏജന്‍സികളുടെ കേസ് അന്വേഷണവുമെല്ലാം ഇനി നാട്ടിലെങ്ങും ചൂടേറിയ ചര്‍ച്ചയാകും. ഇടതുമുന്നണിയില്‍ കേരളകോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗവും എന്‍ ഡി എയില്‍ ബി.ഡി.ജെ.എസും കൂടെയുണ്ടെന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത.
സംസ്ഥാനത്ത് സമീപകാലത്തുണ്ടായ രാഷ്ട്രീയവിവാദങ്ങളും അഴിമതി ആരോപണങ്ങളും കേന്ദ്രഅന്വേഷണ ഏജന്‍സികളുടെ ഇടപെടലും പ്രാദേശിക പ്രശ്‌നങ്ങളുമെല്ലാം ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുമെന്നതില്‍ തര്‍ക്കമില്ല. സ്പ്രിങ്ക്‌ളര്‍, പമ്പാ മണല്‍ക്കടത്ത്, സ്വര്‍ണക്കടത്ത്, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് കേസ്, വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസ് തുടങ്ങിയവയെല്ലാം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ഭരണകക്ഷികള്‍ക്കെതിരേ ആഞ്ഞടിക്കുമെന്നുറപ്പാണ്. ഈ ആക്രമണത്തെ പ്രതിരോധിച്ച്, വിശ്വസനീയമായ മറുപടി നല്‍കി ജനങ്ങളെ ഒപ്പം നിറുത്തുക എന്ന വലിയ വെല്ലുവിളിയാണ് ഇടതുപക്ഷത്തിന്റെ മുന്‍പിലുള്ളത്.
ഇതുപോലൊരു പ്രതിസന്ധിയില്‍ ഇടതുമുന്നണി മുന്‍പൊരിക്കലും ഒരു തിരഞ്ഞടുപ്പിനെ നേരിട്ടിട്ടില്ല. മുഖ്യമന്ത്രി പിണറായിവിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റുചെയ്തതും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മ്മാണത്തിലെ ക്രമക്കേടും മന്ത്രി കെ ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതുമെല്ലാം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചു എന്ന് പാര്‍ട്ടി അണികള്‍പോലും അടക്കം പറയുന്നുണ്ട്. ഇതിനെ അതിജീവിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് ഇടതുനേതാക്കള്‍.
സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും അക്കമിട്ടു നിരത്തി വോട്ടര്‍മാരെ വശീകരിച്ചു വിജയം കൊയ്യാം എന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളില്‍ ശിവശങ്കറിനെ അറസ്റ്റുചെയ്തതോടെ ആ വിവാദം അവസാനിച്ചെന്നും മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിറുത്തി പ്രതിപക്ഷപാര്‍ട്ടികള്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും സിപിഎം പറയുന്നു. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ അദ്ദേഹത്തിന്റെ മകനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഇനി പാര്‍ട്ടിയെ ബാധിക്കില്ലെന്ന് സിപിഎം കരുതുന്നു. ബിനീഷിനെ ന്യായീകരിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മറ്റ് വികസന പ്രവര്‍ത്തനങ്ങളും ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളും എന്നാണ് ഇടതുമുന്നണിയുടെ വിശ്വാസം. ലോക്ഡൗണില്‍ നടപ്പാക്കിയ സമൂഹഅടുക്കളയും മാസംതോറും നല്‍കുന്ന സൗജന്യഭക്ഷ്യക്കിറ്റും വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷനും ഇടതുമുന്നണിക്ക് വോട്ട് നേടിക്കൊടുക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇലക്ഷന്‍ മുന്നില്‍കണ്ട് ആസൂത്രണം ചെയ്ത 'നൂറുദിനം നൂറുപദ്ധതി' ഇടതുമുന്നണിയുടെ ജനപ്രീതി വര്‍ധിപ്പിച്ചുവെന്നും അവര്‍ അവകാശപ്പെടുന്നു.
ജുവലറി കേസില്‍ മുസ്ലിംലീഗ് എം.എല്‍.എ കമറുദ്ദീനെ അറസ്റ്റ് ചെയ്തതും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലീഗ് എം.എല്‍.എ വി.കെ. ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതും കെ.എം. ഷാജിയുടെ കോഴക്കേസുമെല്ലാം ഇടതുമുന്നണിയുടെ പ്രചാരണ ആയുധമാണ്. ഇതിനെ പ്രതിരോധിക്കാന്‍ യുഡിഎഫിനും വിയര്‍പ്പൊഴുക്കേണ്ടി വരും.
കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പും ജോസ് കെ മാണിയുടെ മുന്നണിമാറ്റവും സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കും എന്നതില്‍ തര്‍ക്കമില്ല. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ വരവോടെ മദ്ധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കാനാകുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. നിലവില്‍ സി.പി.എമ്മും സി.പി.ഐയും മറ്റു ഘടകകക്ഷികളും മത്സരിച്ചിരുന്ന ചില സീറ്റുകളെങ്കിലും കേരളാകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കേണ്ടിവന്നിട്ടുണ്ട്. ഇതില്‍ ചില ഘടകകക്ഷികള്‍ക്കു നീരസമുണ്ടെങ്കിലും അതൊക്കെ മറന്ന് ഒറ്റക്കെട്ടായി മുന്നണിയെ വിജയിപ്പിക്കുമെന്ന് സിപിഎം നേതൃത്വം പറയുന്നു.
അതേസമയം, യു.ഡി.എഫ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്രയും അനുകൂലമായ ഒരു സാഹചര്യം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് അവര്‍ വിലയിരുത്തുന്നു. ഇടതുസര്‍ക്കാരിന്റെ അഴിമതിയില്‍ രോഷംപൂണ്ട, കക്ഷിരാഷ്ട്രീയമില്ലാത്ത ജനങ്ങള്‍ ഒന്നടങ്കം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ട് ചെയ്ത് അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് യുഡിഫ് നേതൃത്വം കണക്കുകൂട്ടുന്നു. എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യത്തില്‍ വിശ്വസിച്ചു ഇടതുമുന്നണിക്ക് വോട്ടുചെയ്തവര്‍ ഇപ്പോള്‍ കടുത്ത ദേഷ്യത്തിലാണെന്നും അവര്‍ നിരീക്ഷിക്കുന്നു. കേരളാ കോണ്‍ഗ്രസിലെ ജോസ്‌കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്കു ചേക്കേറിയെങ്കിലും യുഡിഎഫിന്റെ വിജയത്തെ അത് ബാധിക്കില്ലെന്നാണ് അവരുടെ വാദം. പ്രവര്‍ത്തകര്‍ അധികവും പി. ജെ. ജോസഫിന്റെ പാര്‍ട്ടിയിലാണെന്ന് അവര്‍ അവകാശപ്പെടുന്നു.
മുന്‍പത്തേക്കാളേറെ ആവേശത്തോടെയാണ് ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യും ഈ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഇടതു വലതുമുന്നണികളിലെ നേതാക്കന്മാരുടെ അഴിമതികള്‍ തുറന്നുകാട്ടിയും മന്ത്രി ജലീലിന്റെ ഖുര്‍ആന്‍ ഇറക്കുമതി ചര്‍ച്ചയാക്കിയും കേന്ദ്രത്തില്‍ മോദി സര്‍ക്കാരിന്റെ തുടര്‍ഭരണം ചൂണ്ടിക്കാട്ടിയും ബീഹാറിലെ വിജയം ഉയര്‍ത്തിക്കാട്ടിയും സാമുദായിക ധ്രുവീകരണം ഉണ്ടാക്കിയും കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുക, മറ്റ് സ്ഥലങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
ഇത്തവണ മൂന്നു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തില്‍ ഡിസംബര്‍ 8 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ ഡിസംബര്‍ 10 ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും മൂന്നാം ഘട്ടത്തില്‍ ഡിസംബര്‍ 14 ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ആണ് തിരഞ്ഞെടുപ്പ് നടക്കുക.
രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ബൂത്തിനു പുറത്ത് വെള്ളവും സോപ്പും ബൂത്തിനകത്ത് സാനിറ്റൈസറും കരുതണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഒരേസമയം മൂന്നു വോട്ടര്‍മാര്‍ക്ക് മാത്രമാണ് ബൂത്തിനകത്തു പ്രവേശനം അനുവദിച്ചിട്ടുള്ളത്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഫെയ്സ് ഷീല്‍ഡും കയ്യുറയും നിര്‍ബന്ധം. വോട്ടര്‍മാര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൊവിഡ് രോഗികള്‍ക്കും, നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കും. നിരീക്ഷണത്തിലുള്ളവര്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ചുകൊണ്ട് വന്നും വോട്ടുചെയ്യാനുള്ള അവസരമുണ്ടാകും.