മുറ്റത്തൊരു തുമ്പ കിളിര്‍ത്താല്‍
തുമ്പക്കുടമഴകില്‍ വിടര്‍ന്നാല്‍
അതിലൂഞ്ഞാലാടി മദിക്കാന്‍
പൂത്തുമ്പി പറന്നുനടന്നാല്‍
അകലത്തെ തൊടികളിലെങ്ങോ
പൂവേപൊലി പൂവിളികേട്ടാല്‍
വേലിയിലെ ചേമന്തിപ്പൂ
പൂങ്കാറ്റില്‍ ആടിയുലഞ്ഞാല്‍
അയലത്തെ സുന്ദരിമാരുടെ
തിരുവാതിരശീലുകള്‍ കേട്ടാല്‍
കാക്കപ്പൂ കണ്ണുകളെഴുതി
മുക്കുറ്റിക്കമ്മലണിഞ്ഞാല്‍
അകലത്തൊരു കോണില്‍നിന്നും
മെതിയടിയുടെ നാദം കേട്ടാല്‍
അമരംതൊട്ടണിയംവരെയും
ആവേശത്തിരകളുയര്‍ത്തി
ആര്‍പ്പുവിളിച്ചാ മോദത്തില്‍
കളിവഞ്ചികള്‍ തുഴയണകണ്ടാല്‍
ഉത്രാടപ്പാച്ചിലിനിടയില്‍
ഉപ്പേരി വറുത്തുനിറച്ചാല്‍
ഓണനിലാവെഴുതിയ മുറ്റ-
ത്തൊരുമയൊടൊരു പൂക്കളമിട്ടാല്‍
തിരുവോണത്തോണിയിലേറി
തൃക്കാക്കരയപ്പനണഞ്ഞാല്‍
പൊന്നോണം വരവായെന്ന്
മഞ്ഞക്കിളി പാടിയുണര്‍ത്തും.