വത്തിക്കാന്‍: ക്രൈസ്തവര്‍ സ്‌നേഹത്തില്‍ സത്യത്തോടു വിശ്വസ്തത പുലര്‍ത്തുന്നവരാകണമെന്നു ലെയോ പാപ്പാ. വത്തിക്കാനില്‍ മധ്യാഹ്നപ്രാര്‍ഥനാവേളയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ വിവരിക്കുന്നതുപോലെ, പരിമിതികള്‍ക്കിടയിലും, തങ്ങളുടെ ഗുരുനാഥന്റെ കാരുണ്യ സന്ദേശം അവരുടെ കഴിവിന്റെ പരമാവധി ജീവിക്കാന്‍ ശ്രമിച്ച സമാധാനപരമായ സമൂഹങ്ങളായിരുന്നു ആദിമസഭയിലേത്. എന്നിട്ടും അവര്‍ പീഡനം സഹിച്ചു. ഇതെല്ലാം നമ്മെ ഓര്‍മിപ്പിക്കുന്നത്, നന്മ എല്ലായ്‌പോഴും അതിനുചുറ്റും ഒരു നല്ല പ്രതികരണം കണ്ടെത്തുന്നില്ല എന്നാണ്. ഭീഷണികളും അധിക്ഷേപങ്ങളും നേരിടേണ്ടതായി വരികയും ചെയ്യുന്നു. സത്യം പ്രാവര്‍ത്തികമാക്കുന്നതിനു വലിയ വില നല്‍കേണ്ടതായി വരും. ഇന്നു ലോകത്ത് അസത്യം തിരഞ്ഞെടുക്കുന്നവര്‍ ധാരാളമാണ്. കാരണം, നന്മ തടസ്സപ്പെടുത്താന്‍ പിശാച് അവരെ പ്രേരിപ്പിക്കുന്നു.
യേശു നമ്മെ ക്ഷണിക്കുന്നത്, ഈ മനോഭാവവുമായി പൊരുത്തപ്പെടാതിരിക്കാനും, എല്ലാവരുടെയും നന്മയ്ക്കുവേണ്ടി, തുടര്‍ന്നും പ്രവര്‍ത്തിക്കാനുമാണ്. പ്രബലരോടു പ്രതികാരത്തോടെ പ്രതികരിക്കാനല്ല; മറിച്ച്, സ്‌നേഹത്തില്‍ സത്യത്തോടു വിശ്വസ്തത പുലര്‍ത്താനാണ് അവന്‍ നമ്മെ ക്ഷണിക്കുന്നത്. രക്തസാക്ഷികള്‍ വിശ്വാസത്തിനുവേണ്ടി നിണമൊഴുക്കി ഈ സത്യത്തിനു സാക്ഷ്യം വഹിച്ചു. നമുക്കും വ്യത്യസ്ത സാഹചര്യങ്ങളിലും വ്യത്യസ്ത രീതികളിലും അവരെ അനുകരിക്കാന്‍ കഴിയും. പാപ്പാ പറഞ്ഞു.