പുതിയൊരു പഞ്ചായത്തു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ സമയം, ചിന്തനീയമായ ഒരു വിഷയമാണിത്.
കേരളത്തിലെ നിലവിലുള്ള പഞ്ചായത്ത് ഭരണസമിതികളേറെയും യാന്ത്രികമായി ഭരണം നിര്‍വഹിക്കുന്നവരാണ്. പലവിധ പരിഗണനവച്ചുള്ള സംവരണമനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ടുവരുന്ന സാമാജികര്‍ക്ക് ഒരു ഭരണസമിതിക്കാലം കഴിഞ്ഞാലും ഭരണ അറിവ് സിദ്ധിക്കുന്നില്ല. എന്നാല്‍, പഞ്ചായത്ത് ഭരണത്തിലെ സകല പതിവുതിരിമറികളും ഇതിനകം അവര്‍ അഭ്യസിക്കുന്നു.
ഗ്രാമപഞ്ചായത്തു തലത്തില്‍ സംഭവിക്കുന്ന സകലകെടുതികള്‍ക്കും കാരണം ഏതെങ്കിലും വിധത്തില്‍ പഞ്ചായത്തുകളുടെ വീഴ്ചതന്നെയാണ്. അറിവും കാര്യപ്രാപ്തിയുമില്ലാത്ത ഭരണസമിതിയംഗങ്ങള്‍ പലര്‍ക്കും നടമാടുന്ന അഴിമതിയില്‍ പങ്കു ചേരാനേ അറിയൂ.
പാര്‍ട്ടിയടിസ്ഥാനത്തില്‍ മാസക്കണക്കു വച്ചു പങ്കിടുന്ന അധികാരം അംഗങ്ങളെ കളവു പഠിപ്പിക്കുന്നു. തന്റെ കാലാവധി കഴിയുമ്പോള്‍ 'സീറ്റു' തനിക്കോ സ്വന്തക്കാര്‍ക്കോ ആയി പിടിച്ചുവച്ച് ഇവര്‍ പഞ്ചായത്തു ഭരണത്തില്‍ കുടുംബാധിപത്യം സ്ഥാപിക്കുന്നു. കാലാവധി കഴിയാറായിട്ടും മുന്‍ ധാരണപ്രകാരമുള്ള അധികാരം പങ്കുവയ്പ് ഇപ്പോഴും നടക്കുന്നു! ജനത്തിനെന്തു ഗുണം!
ഗ്രാമീണയുവജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പഞ്ചായത്തുകള്‍ ഇനിയും പഞ്ചാപത്തുകളായിത്തുടരും.