രക്തസാക്ഷികളുടെ ചുടുനിണത്താല്‍ പരിപോഷിക്കപ്പെട്ട സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരുടെ ഏതു കുത്സിതശ്രമവും ക്രൈസ്തവസമൂഹത്തിനു മുന്നില്‍ വിലപ്പോകില്ല. രണ്ടു സന്ന്യസ്തര്‍ക്കുവേണ്ടി ആയിരങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ടെങ്കില്‍ വെറും രണ്ടു ശതമാനം എന്ന് ക്രൈസ്തവനെ എഴുതിത്തള്ളാന്‍ വരട്ടെ. ക്രൈസ്തവസമൂഹത്തെയും സന്ന്യാസിനീസന്ന്യാസികളെയും അടിച്ചമര്‍ത്തിയാല്‍, സഭ നശിക്കും എന്ന് ആരൊക്കെയോ ദിവാസ്വപ്നം കാണുന്നുണ്ട്. അത് വെറും സ്വപ്നമായി ഉറക്കത്തിലവസാനിക്കുകയേയുള്ളൂ.
പൊരിഞ്ഞ വയറിന് അന്നം നല്‍കിയതിന്റെ പേരില്‍ ആരെയും ഇരുമ്പഴിക്കുള്ളിലാക്കാന്‍ കഴിയില്ല. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ക്രൈസ്തവനു നേരേയുള്ള ഇത്തരം ആസൂത്രിതപ്രവര്‍ത്തനങ്ങള്‍.
മറ്റൊരു മതത്തെയും മറ്റൊരു സമൂഹത്തെയും ഇത്തരത്തില്‍ ആക്രമിക്കാന്‍ ധൈര്യമുണ്ടോ? ക്രൈസ്തവരോട് എന്തും ആകാമെന്ന ചിലരുടെ ചിന്ത തിരുത്തപ്പെടണം.
ചലച്ചിത്രാവിഷ്‌കാരങ്ങളിലൂടെപ്പോലും ക്രൈസ്തവവിശ്വാസങ്ങളും, പാരമ്പര്യങ്ങളും അവഹേളിക്കപ്പെടുമ്പോള്‍ അതിനെതിരേ ശബ്ദമുയര്‍ത്താന്‍ ഓരോ ക്രൈസ്തവനും കടമയുണ്ട്. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവ അവതരിപ്പിക്കുമ്പോള്‍ അവഹേളിക്കപ്പെടുന്നത് ക്രൈസ്തവികതയാണ്.
വിശുദ്ധ കുര്‍ബാന അവഹേളിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ തിരിച്ചറിയുവാനുമുള്ള കടമ ഓരോരുത്തര്‍ക്കുമുണ്ട്. ക്രൈസ്തവ വീക്ഷണം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണ്. നാം ആ ബഹുമാനം മറ്റുള്ളവര്‍ക്കു നല്‍കുമ്പോള്‍ തിരിച്ച് നമ്മുടെ വിശ്വാസത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും കടമുണ്ട്.
ക്രിസ്തുവിനെയും വിശുദ്ധ ഗ്രന്ഥത്തെയും വിട്ടുള്ള ഒരു ജീവിതമല്ല എന്റെ മക്കള്‍ നയിക്കുന്നത് എന്ന് നെഞ്ചില്‍ തൊട്ടുപറയാന്‍ ഓരോ മാതാപിതാക്കള്‍ക്കും കഴിയണം. അതിനായി ഓരോ യുവതീയുവാക്കന്മാരിലും കുട്ടികളിലും വിശ്വാസത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഇടവകകളിലും കുടുംബങ്ങളിലും ഉണ്ടാകണം.
മറ്റുള്ളവര്‍ക്കു പന്തുതട്ടാനുള്ളതല്ല നമ്മുടെ വിശ്വാസം. എല്ലാ മനുഷ്യരെയും മതങ്ങളെയും ബഹുമാനിച്ചുകൊണ്ട് നമ്മുടെ വിശ്വാസത്തില്‍ അടിയുറച്ചുനില്‍ക്കുവാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കട്ടെ. സഭയെയും ക്രിസ്തുവിനെയും തള്ളിപ്പറഞ്ഞു കൊണ്ടുള്ള ഒരു നേട്ടവും നമുക്കാവശ്യമില്ല. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക; മറ്റുള്ളവരെയെല്ലാം കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊള്ളും. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
റെയ്ച്ചല്‍ ജോര്‍ജ് തീക്കോയി