•  Published From Palai
  •  Contact Us
  •  Previous Issues
  •  11 Sep 2025
  •  ദീപം 58
  •  നാളം 27
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നോവല്‍
    • ബാലനോവല്‍
    • ശ്രേഷ്ഠമലയാളം
    • കാര്‍ഷികം
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

ഇതു മറിമായമല്ല കൊലപാതകമാണ് !

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
  • 28 August , 2025

   പ്രതീക്ഷകളും സ്വപ്നങ്ങളുമായി മലയാളി ഓണസദ്യയ്ക്ക് ഇലയിടാന്‍ ഒരുങ്ങിയിരിക്കുന്ന ഈ വേളയില്‍, സംസ്ഥാനത്തു ഭക്ഷ്യവസ്തുക്കളില്‍ നിരോധിച്ച നിറങ്ങളും കീടനാശിനികളും വ്യാപകമായി കണ്ടെത്തിയെന്ന വാര്‍ത്ത വലിയ ആശങ്കയുണര്‍ത്തുന്നു. ഭക്ഷ്യസുരക്ഷാകമ്മീഷണറേറ്റ് 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ചുവരെ ശേഖരിച്ച 650 ലേറെ സാമ്പിളുകളിലാണ് മാരകമായ അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയത്. കൃത്രിമഭക്ഷ്യനിറങ്ങള്‍, കീടനാശിനികള്‍, പ്രിസര്‍വേറ്റീവുകള്‍, മാലിന്യങ്ങള്‍ എന്നിങ്ങനെ കണ്ടെത്തിയവയില്‍ അനുവദനീയമായതിന്റെ 3500 ശതമാനത്തിലധികം കീടനാശിനിസാന്നിധ്യമടങ്ങിയ ഭക്ഷ്യവസ്തുക്കളുമുണ്ടെന്നത് ആരെയും ഞെട്ടിക്കും.

   നമ്മുടെ ആരോഗ്യം കുടികൊള്ളുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യത്തെയും ഗുണമേന്മയെയും ആശ്രയിച്ചാണെന്ന വസ്തുത എല്ലാവര്‍ക്കുമറിയാം. പക്ഷേ, തീറ്റയും കുടിയും ഒരു ഫാഷനാക്കി മാറ്റിയിരിക്കുന്ന ആധുനികകേരളസമൂഹം; പ്രത്യേകിച്ച്, യുവതലമുറ ഒക്കെയും കണ്ടിട്ടും കാണാതെയും, അറിഞ്ഞിട്ടും അറിയാതെയും അജ്ഞത നടിക്കുകയാണ്. ഇന്നു നമുക്കു രുചിയാണു പ്രധാനം. പുത്തന്‍ രസക്കൂട്ടുകള്‍ തേടി ആഴ്ചയിലൊരിക്കലെങ്കിലും സ്വന്തം അടുക്കളവിട്ട് അങ്ങാടിയിലേക്കിറങ്ങുക പതിവാക്കിയവരാണ് ഇന്നു കേരളസമൂഹത്തിലധികവുമെന്നു പറഞ്ഞാല്‍ ആര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ? രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മുന്നിലെത്തുന്ന വിവിധതരം ഭക്ഷണപദാര്‍ഥങ്ങളെ രുചിഭേദങ്ങളുടെ പരീക്ഷണശാലയാക്കണമെന്നല്ലാതെ അതിലടങ്ങിയിരിക്കുന്ന  മാരകചേരുവകളെക്കുറിച്ച് ആളുകള്‍ ഇന്നു ചിന്തിക്കുന്നതേയില്ലെന്നതാണ് ഏറെ ദുഃഖകരമായ കാര്യം. കാര്യങ്ങളെ കുറച്ചുകൂടി കണ്ണു തുറന്നുകാണാന്‍ നാം പഠിച്ചില്ലെങ്കില്‍ ആരോഗ്യകേരളത്തെ കാത്തിരിക്കുന്നത് വലിയ ആപത്താണ്.
    അയല്‍ക്കാരന്‍ പാലില്‍ അല്പം വെള്ളം ചേര്‍ക്കുന്നതില്‍ കോപാക്രാന്തരാകുന്ന നാം, അടുക്കളയലമാരകളിലെ പാചകക്കൂട്ടുകളെയും കറിമസാലകളെയും ബേക്കറിസാധനങ്ങളെയും ആരോഗ്യപാനീയങ്ങളെയുംകുറിച്ച് ഒട്ടും ഖിന്നരല്ല. കാരണം, അതു 'ബ്രാന്‍ഡഡ്' ആണ്. എന്നാല്‍, നിറത്തിനും മണത്തിനും രുചിക്കുമൊക്കെയായി അവയില്‍ ചേര്‍ത്തിരിക്കുന്ന ഭക്ഷ്യേതരവിഭവങ്ങളുടെ അളവും തൂക്കവും ആരന്വേഷിക്കുന്നു? മായംചേര്‍ന്ന ഭക്ഷണപദാര്‍ഥങ്ങളുടെ ഗുരുലഘുത്വമനുസരിച്ച് പലതും മനുഷ്യന്റെ ആന്തരികാവയവങ്ങളെ നേരിട്ടു ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവ ഹൃദയം, വൃക്കകള്‍, കരള്‍ തുടങ്ങിയ സുപ്രധാന അവയവങ്ങളെ അതിവേഗം തകര്‍ക്കുന്നു. കൂടാതെ, ആസ്ത്മ, അലര്‍ജി, ആമാശയരോഗങ്ങള്‍, ബ്രോങ്കൈറ്റിസ്, ഗ്ലൂക്കോമ, ന്യൂമോണിയ തുടങ്ങി കാന്‍സറിനുവരെയും ഇവ വഴിവയ്ക്കുന്നുവെന്നാണു പഠനങ്ങള്‍ പറയുന്നത്. വാഴപ്പഴം, ഓറഞ്ച്, ആപ്പിള്‍, മുന്തിരി എന്നുവേണ്ട ഇന്നു വിപണിയില്‍ ലഭ്യമായ ഏതാണ്ടെല്ലാ പഴങ്ങളും കൃത്രിമമായി പഴുപ്പിച്ചവയാണ്. 60-80 ശതമാനം മൂപ്പാകുമ്പോള്‍ പറിച്ച് കാര്‍ബൈഡ് ഇട്ടു പെട്ടിയില്‍ അടുക്കുന്നു. നല്ലതെന്ന തോന്നല്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ ഇത്തരം പഴങ്ങളില്‍ നിരോധിക്കപ്പെട്ട കോള്‍ടാര്‍ ചായങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു.
    ഭക്ഷ്യസുരക്ഷാകമ്മീഷണറേറ്റിന്റെ പുതിയ പരിശോധനയില്‍ പനഞ്ചക്കര, കരിമ്പുശര്‍ക്കര എന്നിവയില്‍, നേരിയ സാന്നിധ്യംപോലും ഭക്ഷണത്തെ വിഷമാക്കുന്ന റോഡമിന്‍ ബി എന്ന വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഡൈ കണ്ടെത്തിയിരിക്കുകയാണ്. അതുപോലെതന്നെ അര്‍ബുദത്തിനു കാരണമാകുന്ന അമരാന്ത് എന്ന രാസവസ്തു റോസ്‌ബെറി, ബീഫ് ചില്ലി ഉണക്കിയ പ്ലം എന്നിവയിലും ഓറഞ്ച് 2 എന്ന വസ്തു ചുവന്ന പരിപ്പ്, നാരങ്ങാ അച്ചാര്‍ എന്നിവയിലും സുഡാന്‍ 1,3,4 എന്നിവ നാടന്‍ മുളകുപൊടി, മുളകുപൊടി എന്നിവയിലും കണ്ടെത്തി. വിവിധതരം മിക്‌സ്ചര്‍, പ്ലംകേക്ക്, ഏത്തക്കാ, ഉപ്പേരി, മുളകുപൊടി, കശ്മീരി മുളകുപൊടി, തയ്യാറാക്കിയ ചിക്കന്‍, മന്തി, ആല്‍ഫാംവിഭവങ്ങള്‍, മല്ലിപ്പൊടി, മുഴുവന്‍മല്ലി എന്നിവയിലും രാസവസ്തുക്കളുടെ സാന്നിധ്യം ആവര്‍ത്തിച്ചുകണ്ടെത്തിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.
    ധാന്യങ്ങളിലും പയറുവര്‍ഗങ്ങളിലും തൂക്കവും അളവും കൂട്ടാന്‍ ചീത്തയായ ധാന്യങ്ങളോ മണല്‍, ചരല്‍പ്പൊടി മുതലായ സാധാരണവസ്തുക്കളോ ചേര്‍ക്കുകയായിരുന്നു പണ്ടത്തെ മറിമായം. എന്നാലിന്ന് മുന്തിയ സാങ്കേതികമാര്‍ഗങ്ങളുപയോഗിച്ചുള്ള വമ്പന്‍'വ്യവസായ'മായി മാറിയിരിക്കുകയാണ് മായംചേര്‍ക്കല്‍. അതുകൊണ്ടുതന്നെ മായം കണ്ടുപിടിക്കുന്നതിനും ആവശ്യമായിരിക്കുന്നു ഉന്നതസാങ്കേതികവിദ്യകള്‍.
    പൊതുജനാരോഗ്യത്തിനു ഭീഷണിയാകുന്ന തോതില്‍ വ്യാപകമായിരിക്കുന്ന ഈ ഗുരുതരകുറ്റകൃത്യത്തിന് അറുതി വരുത്താനും കുറ്റവാളികള്‍ക്കു ശിക്ഷ ഉറപ്പാക്കാനും അധികാരികള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഭക്ഷ്യസുരക്ഷാനിയമങ്ങള്‍ ശക്തമെങ്കിലും അതു ഫലപ്രദമായി നടപ്പാക്കുന്നതില്‍ തികഞ്ഞ പരാജയമാണെന്നു സമ്മതിച്ചേ തീരൂ. കുറ്റക്കാര്‍ പലപ്പോഴും സാങ്കേതികത്വത്തില്‍ പിടിച്ചുകയറി രക്ഷപ്പെടുകയാണ്. ഓരോ മായംചേര്‍ക്കലിനും പിഴയോ ജയില്‍ശിക്ഷയോ രണ്ടുംകൂടിയോ നിയമത്തില്‍ കല്പിച്ചുവച്ചിട്ടുണ്ടെങ്കിലും ഇക്കണ്ട കാലത്തിനിടയില്‍ ശിക്ഷിക്കപ്പെട്ടവരുടെ കണക്കെടുത്താല്‍ നമുക്കു ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിവരും.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)