•  11 Sep 2025
  •  ദീപം 58
  •  നാളം 27
ലേഖനം

പാതിവഴിയില്‍ തകര്‍ന്ന സമാധാനശ്രമങ്ങള്‍

ഇസ്രയേല്‍ ഒരു ചരിത്രവിസ്മയം  5

1948 ലെ ഇസ്രയേല്‍ രാഷ്ട്രരൂപീകരണം മുസ്ലീംരാഷ്ട്രങ്ങളെ മുഴുവന്‍ പ്രകോപിച്ചിച്ച ഒരു നടപടിയായിരുന്നല്ലോ. ലോകം മുഴുവന്‍ ഇസ്ലാം ഭരണം നടപ്പിലാക്കുക എന്ന അവരുടെ  ആഗ്രഹത്തിന് കടുത്ത ഒരെതിരാളിയെയാണ് അവര്‍ ഇസ്രയേലില്‍ കണ്ടത്. സൈനികനടപടികളിലൂടെ  ആ രാഷ്ട്രത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പുതിയൊരു വിധ്വംസകശക്തി ലോകരാഷ്ട്രങ്ങള്‍ക്കു മുഴുവന്‍ ഭീഷണിയായി ഉയിര്‍ത്തെണീറ്റു. അതാണ് ഇസ്ലാമിസ്റ്റു ഭീകരവാദം. തീവ്രവാദപ്രവര്‍ത്തനങ്ങളിലൂടെ ഇസ്ലാമികേതരശക്തികളെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനുമുള്ള പ്രത്യക്ഷനീക്കമായിരുന്നു ഇത്തരം പ്രസ്ഥാനങ്ങളുടേത്. ഇവയില്‍ ആദ്യത്തേത് പി.എല്‍.ഒ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ആണ്.
   ഈജിപ്തിന്റെ പ്രേരണയിലാണു പിഎല്‍ഒ രൂപമെടുത്തത്. ഇസ്രായേലിനെതിരേ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന വിവിധ അറബിഗ്രൂപ്പുകളെ സംയോജിപ്പിച്ചുകൊണ്ടാണ് പിഎല്‍ഒ നിലവില്‍ വന്നത്. 1969 ല്‍ യാസര്‍ അരാഫത്ത് പ്രസിഡന്റായതിനുശേഷമാണ് പി.എല്‍.ഒ. ലോകശ്രദ്ധയില്‍ വന്നത്. പരാജയപ്പെട്ട ഒട്ടേറെ സായുധനീക്കങ്ങള്‍ക്കുശേഷം അരാഫത്ത് ഒരു മിതവാദിയായി മാറി. എങ്കിലും ഇസ്രയേലിനെ തുടച്ചുനീക്കി ഒരു പലസ്തീന്‍രാഷ്ട്രമെന്ന സ്വപ്നം അദ്ദേഹം കൈവെടിഞ്ഞില്ല. ലക്ഷ്യം നേടാന്‍ സൈനികനടപടിയെക്കാള്‍ നയതന്ത്രപരമായ കൂടിയാലോചനകളാകും കൂടുതല്‍ ഫലപ്രദമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ ഉദ്ദേശ്യത്തോടെ അദ്ദേഹം ലോകരാഷ്ട്രങ്ങളുടെ തലവന്മാരുമായി സൗഹൃദം സ്ഥാപിച്ചു.
   1988 ല്‍ പി.എല്‍.ഒ. ഏകപക്ഷീയമായി ഒരു സ്വതന്ത്രപലസ്തീന്‍രാഷ്ട്രം പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ലോകരാഷ്ട്രങ്ങളുടെ അംഗീകാരം നേടാന്‍ അവര്‍ക്കു സാധിച്ചില്ല. എങ്കിലും പലസ്തീനികള്‍ക്ക് ഒരു സ്വന്തരാജ്യത്തിനവകാശമുണ്ടെന്ന വസ്തുത പൊതുവെ ചര്‍ച്ചാവിഷയമായി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം നോര്‍വെ മുന്‍കൈയെടുത്ത് ഇസ്രയേല്‍ - പലസ്തീന്‍ നേതാക്കളുമായി നീണ്ട ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തി. അതിന്റെ ഫലമായി നോര്‍വെയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ രണ്ടു രാഷ്ട്രങ്ങളുടെയും നേതാക്കള്‍ നോര്‍വെയുടെ മധ്യസ്ഥതയില്‍ ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്ത് രണ്ടുകൂട്ടരും പരസ്പരം അംഗീകരിക്കാന്‍ തീരുമാനമെടുത്തു. പലസ്തീനിന്റെ നേതാവായി ഇസ്രയേല്‍ യാസര്‍ അരാഫത്തിനെ അംഗീകരിച്ചു. പകരം ഇസ്രയേലിന്റെ പരമാധികാരരാഷ്ട്രമെന്ന പദവി പിഎല്‍ഒയും അംഗീകരിച്ചു. ഓസ്‌ലോ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ സമാധാനവ്യവസ്ഥകള്‍ 1993  സെപ്റ്റംബറില്‍ വാഷിങ്ടണില്‍ നടന്ന ഒരു കോണ്‍ഫെറന്‍സില്‍ ഒപ്പുവയ്ക്കപ്പെട്ടു. ഇത് 1993 ലെ ഓസ്‌ലോ ഉടമ്പടി എന്നറിയപ്പെടുന്നു.
   ഓസ്‌ലോ ഉടമ്പടി വ്യവസ്ഥകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത് മറ്റൊരു ഉടമ്പടികൂടി ഒപ്പുവയ്ക്കപ്പെട്ടു. 1993 സെപ്റ്റംബര്‍ 13 ന് ഒപ്പുവയ്ക്കപ്പെട്ട ഈ കരാര്‍ ഗാസാ - ജറീക്കോ എഗ്രിമെന്റ് എന്നറിയപ്പെടുന്നു. ഇതനുസരിച്ച് ഗാസയില്‍നിന്നും ജറീക്കോയില്‍നിന്നും ഒപ്പം വെസ്റ്റ് ബാങ്കില്‍നിന്നും പടിപടിയായി ഇസ്രയേല്‍ അവരുടെ സൈന്യത്തെ പിന്‍വലിക്കും. അവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു പലസ്തീന്‍ഗവണ്‍മെന്റ് അധികാരമേല്ക്കും. പലസ്തീനു സ്വയംഭരണാവകാശമുണ്ടെന്ന ഇസ്രയേലിന്റെ സമ്മതം പിഎല്‍ഒയ്ക്കും അതിന്റെ തലവന്‍ യാസര്‍ അരാഫത്തിനും വലിയ നേട്ടമായി.
   എന്നാല്‍, വിധിവൈപരീത്യംകൊണ്ട് ഈ ഉടമ്പടികളുടെ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കപ്പെട്ടില്ല. ചര്‍ച്ചകള്‍ക്കു നേതൃത്വം വഹിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി യിത്ഷാക് റാബിന്‍ 1995 നവംബര്‍ നാലിനു വെടിയേറ്റു മരിച്ചു. പി.എല്‍.ഒയുമായുള്ള സമാധാനചര്‍ച്ചകളില്‍ അസ്വസ്ഥനായിരുന്ന ഒരു ഇസ്രയേല്‍ക്കാരന്‍തന്നെയായിരുന്നു ഘാതകന്‍. തുടര്‍ന്നുനടന്ന പൊതു തിരഞ്ഞെടുപ്പില്‍ ബഞ്ചമിന്‍ നെതന്യാഹു അധികാരത്തിലെത്തി. കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിനു താത്പര്യം കുറവായിരുന്നു. അങ്ങനെ ഏതാണ്ടു വിജയത്തിലെത്തിയെന്നു കരുതപ്പെട്ട ഇസ്രയേല്‍-പി.എല്‍.ഒ. സമാധാനചര്‍ച്ചകള്‍ പാതിവഴിയില്‍ നിലച്ചുപോയെന്നു പറയാം.
അങ്ങനെ പിഎല്‍ഒയുടെ വിപ്ലവവീര്യം ഒട്ടൊക്കെ കെട്ടടങ്ങുകയും മധ്യപൂര്‍വദേശത്തു സമാധാനത്തിന്റെ പ്രാവുകള്‍ പറന്നുപൊങ്ങുകയും ചെയ്യുമെന്നായപ്പോള്‍ കാലത്തിന്റെ മറ്റൊരു തമാശകൂടി കാണേണ്ടിവന്നു. കരാറുകള്‍ക്കെതിരേ ഇസ്രയേല്‍വിരുദ്ധ വികാരം ഊതിത്തെളിച്ചുകൊണ്ട് ഹമാസ് എന്നൊരു പുതിയ തീവ്രവാദപ്രസ്ഥാനം രൂപംകൊണ്ടു. അത്യാവേശം എന്നാണ് പേരിനര്‍ഥം. ഷെയ്ക് അഹമ്മദ് ജാസിന്‍ സ്ഥാപകന്‍. ഇറാന്‍ പ്രതിവര്‍ഷം 30 മില്യന്‍ ഡോളര്‍ ഹമാസിനു സാമ്പത്തികസഹായം ചെയ്തിരുന്നു. ഇസ്രയേലിനെ തകര്‍ത്ത് ഒരു മുസ്ലീംരാഷ്ട്രം സ്ഥാപിക്കണമെന്നതാണവരുടെ ആത്യന്തികലക്ഷ്യം.
    1882 ല്‍ ഇസ്രയേല്‍ ലബനോണുമായി ഏറ്റുമുട്ടി. ലബനോണ്‍ ആസ്ഥാനമാക്കിയിരുന്ന തീവ്രവാദികള്‍ യു.കെയിലെ ഇസ്രയേല്‍ അംബാസഡറെ വധിക്കാന്‍ ശ്രമിച്ചതിനുള്ള തിരിച്ചടിയായിരുന്നു ഇത്. ഏതാണ്ട് 40 കിലോമീറ്റര്‍ വരെ ലബനോണിലേക്ക് ഇസ്രയേല്‍സൈന്യം കടന്നുകയറി. ഇതിനോടുള്ള പ്രതികരണമെന്നനിലയില്‍ പുതിയൊരു തീവ്രവാദിസംഘടന രൂപംകൊണ്ടു- ഹിസ്ബുള്ള. അള്ളാഹുവിന്റെ പാര്‍ട്ടി എന്ന് പേരിനര്‍ഥം. ഹസ്സന്‍ നാസറള്ള എന്ന പുരോഹിതനാണു സ്ഥാപകന്‍. ഇസ്രയേലിന്റെ നാശമാണു ലക്ഷ്യം. ഇസ്രയേലില്‍ നിരന്തരം ഗറില്ലാ ആക്രമണങ്ങളും റോക്കറ്റ് ആക്രമണങ്ങളും നടത്തിക്കൊണ്ടിരുന്നു. 2024 സെപ്റ്റംബര്‍ 27 ന് ഇസ്രയേല്‍സൈന്യം നാസറള്ളയെ ഏറ്റുമുട്ടലില്‍ വധിച്ചു.
    1991 ല്‍ സ്ഥാപിതമായ മറ്റൊരു തീവ്രവാദസംഘടനയാണ് ഹൂതികള്‍. യമനാണ് ആസ്ഥാനം. ദൈവത്തിന്റെ സഹായികള്‍ എന്നു പേരിനര്‍ഥം. ഇസ്രയേലിനെ നശിപ്പിക്കുന്നതിനു ദൈവത്തെ സഹായിക്കുന്നു  എന്നാണു സങ്കല്പം. ഹുസൈന്‍ അല്‍ഹൂതി ബാദ്രെദ്ദിന്‍, അബ്ദുള്‍ മാലിക് എന്നീ തീവ്രവാദിനേതാക്കളാണു സംഘാടകര്‍. ആദ്യം ഒരു സാംസ്‌കാരിക, വൈജ്ഞാനികപ്രസ്ഥാനമായിട്ടാണു തുടക്കം. അമേരിക്കയുടെ അഫ്ഗാന്‍, ഇറാക്ക് യുദ്ധങ്ങളോടെ സായുധസംഘടനയായി മാറി. ഇവരെ സഹായിക്കുന്നതും ഇറാന്‍ തന്നെയാണ്. ഹൂതിയുടെ മുഖ്യശത്രുക്കള്‍ മൂന്നാണ് - അമേരിക്ക, യഹൂദര്‍, ഇസ്രയേല്‍. എല്ലാ തീവ്രവാദിസംഘടനകളുടെയും പൊതുശത്രുക്കള്‍ ഇവര്‍തന്നെ. ചിലപ്പോള്‍ ക്രൈസ്തവരെയും അവര്‍ ശത്രുപക്ഷത്തുചേര്‍ക്കും!
   തീവ്രവാദിസംഘടനകളില്‍ ഏറ്റവും ഭീകരമെന്നറിയപ്പെടുന്നത് അല്‍ക്വയ്ദയാണ്. 1988 ല്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ സൗദി അറേബ്യന്‍ കോടീശ്വരന്‍ ഉസാമ ബിന്‍ലാദന്റെ നേതൃത്വത്തില്‍ സ്ഥാപിതമായി. എല്ലാ മുസ്ലീം രാഷ്ട്രങ്ങളെയും ഇസ്‌ലാമിക് കാലിഫേറ്റിന്റെ ഭരണത്തില്‍ കൊണ്ടുവരികയാണു ലക്ഷ്യം. ഒപ്പം എല്ലാ മതേതരശക്തികളെയും നിര്‍മൂലനം ചെയ്യണം; അമേരിക്കയും ക്രൈസ്തവരാജ്യങ്ങളുമൊന്നും നിലനില്ക്കാന്‍ പാടില്ല എന്നീ ലക്ഷ്യങ്ങളും ഉണ്ട്. എല്ലാം മുസ്ലീംരാജ്യങ്ങളിലെയും പാശ്ചാത്യസ്വാധീനം ഇല്ലാതാക്കുകയും ഇസ്രയേലിനെ നശിപ്പിക്കുകയും ചെയ്യണം. സിവില്‍ നിയമങ്ങള്‍ മുഴുവന്‍ റദ്ദു ചെയ്തു ശരിയത്ത് നിയമം നടപ്പാക്കണം.
 അമേരിക്കയെ ഒന്നാംനമ്പര്‍ ശത്രുവായി കണ്ട അല്‍ക്വയ്ദ നൈറോബി, കെനിയ, ടാന്‍സാനിയ, ഡാര്‍ എസ് സലാം എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികളില്‍ ബോംബാക്രമണം നടത്തി ആയിരക്കണക്കിനു നിരപരാധികളെ കൊല ചെയ്തു. അവരുടെ ഏറ്റവും ഭീകരമായ ആക്രമണം 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയുടെ വേള്‍ഡ് ട്രേഡ് സെന്ററിലാണു നടന്നത്. ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്കു തീവ്രവാദികള്‍ വിമാനങ്ങള്‍ ഇടിച്ചു കയറ്റുകയായിരുന്നു. ട്രേഡ് സെന്റര്‍ പൂര്‍ണമായി തകര്‍ന്നു. 3000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. 59 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായി. ലോകവ്യാപാരരംഗത്തു ഗുരുതരമായ മാന്ദ്യം സംഭവിച്ചു. ലോകരാഷ്ട്രങ്ങളുടെ സമ്പദ്ഘടന ദുര്‍ബലമായി. 
   2001 സെപ്റ്റംബര്‍ 11 മുതല്‍ തന്നെ ബിന്‍ലാദനെ പിടികൂടി ഇല്ലായ്മ ചെയ്യാന്‍ അമേരിക്ക തീവ്രശ്രമം നടത്തി. പക്ഷേ, ലക്ഷ്യം കാണാന്‍ പത്തുവര്‍ഷം വേണ്ടിവന്നു. രഹസ്യത്താവളങ്ങള്‍ മാറിമാറി വേഷപ്രച്ഛന്നനായി താമസിച്ചുപോന്ന അയാളെ പിടികൂടുക എളുപ്പമായിരുന്നില്ല. ഒടുവില്‍ അതു സംഭവിച്ചു. പാക്കിസ്ഥാനിലെ അബ്ബോട്ടാബാദില്‍ ഒളിച്ചുതാമസിച്ചിരുന്ന ലാദനെ അമേരിക്കന്‍ കമാന്‍ഡോകള്‍ പാക്കിസ്ഥാന്‍ പോലും അറിയാതെ ആകാശമാര്‍ഗം പറന്നെത്തി രഹസ്യതാവളത്തില്‍ കടന്നുചെന്നു വധിച്ചു, 2011 മേയ് രണ്ടിന്. മൃതശരീരംപോലും അനുയായികള്‍ക്കുവിട്ടുകൊടുത്തില്ല. അതു കത്തിച്ചുകളയുകയോ ഭാരം കെട്ടി കടലില്‍ താഴ്ത്തിക്കളയുകയോ ചെയ്‌തെന്നു കരുതപ്പെടുന്നു.
ബിന്‍ലാദന്‍വധം തീവ്രവാദിസംഘങ്ങളെ അക്ഷരാര്‍ഥത്തില്‍ത്തന്നെ ഞെട്ടിച്ചുകളഞ്ഞു. എത്ര ഒളിക്കാന്‍ ശ്രമിച്ചാലും അമേരിക്കയുടെ ചാരക്കണ്ണുകളില്‍നിന്നു രക്ഷപ്പെടാനാവില്ലെന്ന് അവര്‍ക്കു ബോധ്യമായി. ഇതുപക്ഷേ, അവരുടെ പ്രതികാരദാഹം പൂര്‍വാധികം വര്‍ധിപ്പിച്ചതേയുള്ളൂ. അവരെ വിശുദ്ധയോദ്ധാക്കളെന്നു വിശ്വസിച്ചു പ്രോത്സാഹിപ്പിക്കുന്ന മുസ്ലീം മൗലികവാദികളും ഏതാണ്ടെല്ലാ മുസ്ലീം രാഷ്ട്രങ്ങളും അവര്‍ക്കു പിന്തുണയുമായി രംഗത്തുണ്ട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)