•  11 Sep 2025
  •  ദീപം 58
  •  നാളം 27
ലേഖനം

കാലത്തിനു മുന്നേ നടന്ന ദൈവശാസ്ത്രജ്ഞന്‍

വിശുദ്ധ ന്യൂമാന്‍ ഇനി വേദപാരംഗതന്‍

   ഇക്കഴിഞ്ഞ ജൂലൈ 31-ാം തീയതി വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ അനുദിനബുള്ളറ്റിനില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. അതിന്റെ പൂര്‍ണരൂപം ഇപ്രകാരമാണ്:  വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന് സഭയുടെ വേദപാരംഗതന്‍ (Doctor of the Church) എന്ന പദവി കല്പിച്ചുനല്കുന്നതു സംബന്ധിച്ച്.
   ''വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷനായ അത്യുന്നതകര്‍ദിനാള്‍ മര്‍ച്ചേല്ലോ സെമെരാരോയ്ക്ക് 2025 ജൂലൈ 31-ാം തീയതി പരിശുദ്ധപിതാവ് ലെയോ പതിന്നാലാമന്‍ അനുവദിച്ച കൂടിക്കാഴ്ചയില്‍, തിരുസംഘത്തിന്റെ കര്‍ദിനാളന്മാരും മെത്രാന്മാരുമടങ്ങുന്ന സമ്മേളനത്തിന്റെ, സാര്‍വത്രികസഭയില്‍ വി. ജോണ്‍ ഹെന്റി ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കണമെന്ന അഭിപ്രായം അംഗീകരിക്കുകയുണ്ടായി. അധികം താമസിയാതെ ഈ പദവി ഔദ്യോഗികമായി വിശുദ്ധ ന്യൂമാനു കല്പിച്ചുനല്കുന്നതാണ്.''
വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍ പരിശുദ്ധറോമാസഭയുടെ കര്‍ദിനാളും വിശുദ്ധ ഫിലിപ്പ് നേരിയുടെ ഓറട്ടറിയുടെ ഇംഗ്ലണ്ടിലെ സ്ഥാപകനുമായിരുന്നു. അദ്ദേഹം 1801 ഫെബ്രുവരി 21-ാം തീയതി ലണ്ടനില്‍ ജനിച്ചു. 1890 ഓഗസ്റ്റ് 11 ന് എഡ്ജ്ബാസ്റ്റണില്‍ (യു.കെ.)യില്‍ ദിവംഗതനായി.
   വിശുദ്ധന്റെ ലോകമെമ്പാടുമുള്ള ഭക്തഗണത്തിന് സന്തോഷവും സംതൃപ്തിയും നല്കുന്ന ഒരു തീരുമാനമാണ് പരിശുദ്ധ പിതാവ് ലെയോ പതിന്നാലാമന്‍ എടുത്തത്.
പന്ത്രണ്ടാം പീയൂസ് പാപ്പായുടെ പ്രവചനം
   പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ ജീവിതസായാഹ്നത്തില്‍ (പന്ത്രണ്ടാം പീയൂസ് പാപ്പാ മരിക്കുന്നത് 1958 ഒക്‌ടോബര്‍ 9-ാം തീയതിയാണ്) ഒരു ദിവസം ഫ്രഞ്ചുസാഹിത്യകാരനായ ഷാന്‍ഗ്വിത്തോണ്‍ പരിശുദ്ധപിതാവിനെ നേരില്‍ക്കണ്ടു സംസാരിച്ചു. 'എന്നെങ്കിലും കര്‍ദിനാള്‍ ന്യൂമാനെ തിരുസ്സഭ വിശുദ്ധനെന്നു പ്രഖ്യാപിക്കുമോ' എന്ന ഗ്വിത്തേണിന്റെ ചോദ്യത്തിനു ക്ഷീണിതമെങ്കിലും ഉറച്ചസ്വരത്തില്‍ മാര്‍പാപ്പാ പ്രത്യുത്തരിച്ചു: ''അതേപ്പറ്റി നിങ്ങള്‍ ഒട്ടും സംശയിക്കേണ്ട. ന്യൂമാന്‍ ഒരുനാള്‍ വേദപാരംഗതനായിത്തീരും'' (ഖലമി ഏൗശേേീി, ഉശമഹീഴൗല െഝ്‌ലര ജമൗഹ ഢക, 1967. ു. 163) ധന്യനായ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പായുടെ മരണത്തിന്റെ 67-ാം വാര്‍ഷികദിനത്തിലായിരിക്കും മിക്കവാറും ന്യൂമാന്‍ വേദപാരംഗതനായി പ്രഖ്യാപിക്കപ്പെടുന്നത്! കാരണം ഒക്‌ടോബര്‍ 9-ാം തീയതിയാണ് വി. ന്യൂമാന്റെ തിരുനാളായി സഭ പ്രഖ്യാപിച്ചിരിക്കുന്നത്.
ആംഗ്ലിക്കന്‍സഭയില്‍ ജനിച്ച് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് വൈദികനായി, അവിടെത്തന്നെ വികാരിയായും യൂണിവേഴ്‌സിറ്റിയിലെ ലക്ചററായും ജീവിക്കവേ, സഭാപിതാക്കന്മാരെ പഠിക്കുകവഴി കത്തോലിക്കാസഭയാണ് സത്യസഭയെന്ന നിഗമനത്തില്‍ ഡോ. ന്യൂമാന്‍ എത്തിച്ചേരുന്നു. 1845 ഒക്‌ടോബര്‍ 9-ാം തീയതി ഡൊമിനിക് ബര്‍ബേരിയെന്ന ഇറ്റാലിയന്‍ പാഷനിസ്റ്റ് സന്ന്യാസവൈദികന്‍ കത്തോലിക്കാസഭയിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചു. അതിന്റെ ഓര്‍മയ്ക്കായിട്ടാണ് ഒക്‌ടോബര്‍ 9 കര്‍ദിനാള്‍ ന്യൂമാന്റെ തിരുനാള്‍ ദിനമായി സഭ നിശ്ചയിച്ചിരിക്കുന്നത്.
വേദപാരംഗതര്‍
   കത്തോലിക്കാസഭയില്‍ നാളിതുവരെ 37 വിശുദ്ധരെ മാത്രമാണ് വേദപാരംഗതരായി പ്രഖ്യാപിച്ചിട്ടുള്ളത്. ആദിമസഭയിലെ സഭാപിതാക്കന്മാരില്‍ 18 പേരാണ് വേദപാരംഗതരായിട്ടുള്ളവര്‍. പതിമ്മൂന്നാം നൂറ്റാണ്ടില്‍ ബോനിഫസ് എട്ടാമന്‍ മാര്‍പാപ്പയാണ് വേദപാരംഗതരുടെ  ആദ്യലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വി. അംബ്രോസ്, വി. ജെറോം, വി. ആഗസ്തീനോസ് എന്നിവരെല്ലാം അതില്‍പ്പെടുന്നു. അതുപോലെതന്നെ വി. എഫ്രേം, വി.ഗ്രിഗറി, വി. അത്തനേഷ്യസ്, വി. ബേസില്‍ എന്നിവരെല്ലാം വേദപാരംഗതരാണ്. തോമസ് അക്വിനാസ്, ബെനവന്തുര, പാദുവായിലെ അന്തോനീസ്, ഫ്രാന്‍സിസ് സാലസ്, അല്‍ഫോന്‍സ് ലിഗോരി തുടങ്ങിയ വിശുദ്ധരെല്ലാം വേദപാരംഗതരുടെ ലിസ്റ്റില്‍പ്പെടുന്നു. 1970 ല്‍ വി. പോള്‍ ആറാമന്‍ മാര്‍പാപ്പായാണ് സിയന്നായിലെ വി. കാതറൈനെയും ആവിലായിലെ വി. തെരേസായെയും വേദപാരംഗതരായി പ്രഖ്യാപിക്കുന്നത്.
   1997 ല്‍ വി. ജോണ്‍പോള്‍ രണ്ടാമന്‍ ലിസ്യൂവിലെ വി. കൊച്ചുത്രേസ്യായെയും ബെനഡിക്ട് പതിനാറാമന്‍ പാപ്പാ 2012 ല്‍ ബിന്‍ഗനിലെ വി. ഹില്‍ഡഗാര്‍ഡിനെയും വേദപാരംഗതരായി പ്രഖ്യാപിച്ചു. സഭാപിതാവായ ലിയോണിലെ വി. ഇരണേവൂസിനെ വേദപാരംഗതനായി പ്രഖ്യാപിക്കുന്നത് 2022ല്‍ ഭാഗ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് പാപ്പയാണ്. സഭാപ്രബോധനങ്ങള്‍ക്കും ആധ്യാത്മികപഠനങ്ങള്‍ക്കും ഒരു വിശുദ്ധന്‍ അല്ലെങ്കില്‍ വിശുദ്ധ നല്കിയ സുപ്രധാനസംഭാവനകളെ പരിഗണിച്ചാണ് ഒരു മാര്‍പാപ്പയോ സാര്‍വത്രികസൂനഹദോസോ വേദപാരംഗതരായി വിശുദ്ധരില്‍ ചിലരെ പ്രഖ്യാപിക്കുന്നത്.
   ഡോക്ടര്‍ ജോണ്‍ ഹെന്റി ന്യൂമാന്റെ അഭിപ്രായങ്ങളെ ചിലരെല്ലാം സംശയദൃഷ്ട്യാ കണ്ടിരുന്ന കാലത്താണ് ലെയോ പതിമ്മൂന്നാമന്‍ മാര്‍പാപ്പാ അതെല്ലാം ദൂരീകരിച്ചുകൊണ്ട് 1879 ല്‍ അദ്ദേഹത്തെ തന്റെ ആദ്യകര്‍ദിനാളായി നിശ്ചയിച്ചത്. ഇപ്പോഴിതാ, ലെയോ പതിന്നാലാമന്‍ വി. ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കാന്‍ പോകുന്നു.
    ന്യൂമാന്റെ കല്ലറയില്‍ എഴുതിയിരിക്കുന്ന ലത്തീന്‍ലിഖിതത്തിന്റെ അര്‍ഥം 'നിഴലുകളിലും സങ്കല്പങ്ങളിലും നിന്ന് സത്യത്തിലേക്ക്' എന്നാണ്. ഒന്നാം വത്തിക്കാന്‍ സൂനഹദോസിന്റെ (1868-70)കാലത്ത് ശ്രദ്ധിക്കപ്പെടാതെയും സ്വീകരിക്കപ്പെടാതെയും പോയ ന്യൂമാന്റെ ആശയങ്ങള്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ (1962-65) പ്രചോദനാത്മകമായി പരിണമിച്ചു. കാലത്തിനുമുമ്പേ നടന്ന ദൈവശാസ്ത്രജ്ഞന്‍. 1958 ല്‍ ആരംഭിച്ച നാമകരണനടപടികള്‍ നീണ്ടുപോകാന്‍ ഒരു കാരണം അദ്ദേഹത്തിന്റെ മുഴുവന്‍ ഗ്രന്ഥങ്ങളും കത്തുകളുമെല്ലാം പരിശോധിക്കേണ്ടിയിരുന്നതുകൊണ്ടുകൂടിയാണ്. വൈസ്‌പോസ്റ്റുലേറ്റര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനു രണ്ടുലക്ഷം പേജുകള്‍ ഉണ്ടായിരുന്നു! അതിന്റെ ചുരുക്കംതന്നെ 6483 പേജുകളുണ്ടായിരുന്നു.
2010 സെപ്റ്റംബര്‍ പത്തിന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ ന്യൂമാനെ ഇംഗ്ലണ്ടില്‍വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2019 ഒക്‌ടോബര്‍ 13 ന് ഫ്രാന്‍സിസ് മാര്‍പാപ്പാ വാഴ്ത്തപ്പെട്ട ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായും അന്നാണ് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)