ആധുനികതലമുറ ഒറ്റയ്ക്കുള്ള ജീവിതത്തെ ആശ്ലേഷിക്കുകയാണോ? ഒരുപറ്റം മനുഷ്യര്‍ ചുറ്റുമുണ്ടെന്ന യാഥാര്‍ഥ്യം അവര്‍ മനഃപൂര്‍വം മറക്കുകയാണോ? സ്വന്തം വളര്‍ച്ചയ്ക്കായി ചുറ്റുമുള്ളതെല്ലാം സ്വന്തം കാല്‍ച്ചുവട്ടിലേക്കു ''വെട്ടിക്കൂട്ടുന്ന'' നയത്തിലാണ് സ്വന്തം കാലില്‍ നില്‍ക്കണമെന്ന ആധുനികവര്‍ത്തമാനത്തിന്റെ അന്തസ്സത്ത അടങ്ങിയിരിക്കുന്നത്.
വിവാഹം വേണ്ടെന്നും മക്കള്‍ വേണ്ടെന്നുമൊക്കെ പറയുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ആര്‍ക്കും ആരെയും ആശ്രയിക്കാന്‍ കഴിയില്ലത്രേ! ആര്‍ക്കും ഒന്നിനും കുറവില്ലാത്തവിധം ജീവിതങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു. സ്ത്രീക്കും പുരുഷനും ജോലിയുണ്ട്, ശമ്പളമുണ്ട്, ജീവിതസൗകര്യങ്ങളുണ്ട്; പിന്നെന്തിനു സഹിക്കണം, സഹകരിക്കണം, സഹായിക്കണം, വിട്ടുവീഴ്ചകള്‍ ചെയ്യണം? നമ്മിലാര്‍ക്കാണ് ഇത്രമാത്രം ശക്തിയുള്ള 'ഒറ്റക്കാല്‍' ഉള്ളതെന്നു ചിന്തിച്ചിട്ടുണ്ടോ? ഒന്നിപ്പിന്റെ ഇടത്തിലിരുന്നല്ലേ ഇത്തരം ''തത്ത്വചിന്തകള്‍'' ആധുനികതലമുറ പ്രസംഗിക്കുന്നത്?
ആധുനികതയുടെ 'ഒറ്റക്കാലും' 'സ്വന്തം കാലു'മൊക്കെ രൂപപ്പെടുംമുമ്പ് എത്ര കാലുകള്‍ കൂട്ടായി ഓടിയിട്ടാണ് ഇവിടെവരെ എത്തിയതെന്നു നാം ചിന്തിക്കാറുണ്ടോ? എത്രപേര്‍ എത്ര പ്രാവശ്യം വഴിയില്‍ തളര്‍ന്നുവീണെന്നും ആരൊക്കെ താങ്ങിയാണ് ഇവിടെയെത്തിയതെന്നും നാം ചിന്തിക്കാറുണ്ടോ? തനിച്ചായിരിക്കുന്നതിലെ ഇഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങള്‍ രോഗാതുരമായി പടരുകയാണിന്ന്. ഏകാന്തത മനുഷ്യരിലുണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങളേറുന്നു. ഭാഷണങ്ങള്‍ ഇല്ലാതാകുമ്പോള്‍ ഭാഷകളും വിസ്മൃതിയിലാകുന്നു. സംസാരിക്കാന്‍പോലും താത്പര്യമില്ലാത്തവിധം നമ്മുടെ സ്വാര്‍ഥത ബലപ്പെടുമ്പോഴും നമ്മുടെ ഒറ്റപ്പെടലുകള്‍ സൃഷ്ടിക്കുന്ന 'ദുരന്തം' ചെറുതല്ലെന്നറിയണം.
ഏകനായിരിക്കുന്നതു നന്നല്ലെന്ന് മനുഷ്യരെക്കുറിച്ചുള്ള പദ്ധതിയില്‍ ദൈവം കുറിച്ചിടുമ്പോള്‍ നമുക്ക് ഇണയും തുണയുമായി കൂട്ടിന് ആളെ ദൈവം തരുന്നുണ്ട്.
തൊഴിലും ഉയര്‍ന്ന ശമ്പളവും നേടാനുള്ള ഇന്നിന്റെ മക്കളുടെ ഓട്ടത്തില്‍ ബന്ധങ്ങള്‍ ശിഥിലമാകുന്നു; അഥവാ ബന്ധങ്ങളെ വിലമതിക്കുന്നില്ല. ആരോഗ്യവും അതിനു സമാനമായ സകലവിധ സൗകര്യങ്ങളും നമുക്കുള്ളപ്പോഴും നമുക്കൊന്നു കാലിടറിയാല്‍ ആരു താങ്ങും? ഒന്നു തലചുറ്റിയാല്‍ എന്തു ചെയ്യും? രോഗം നമ്മെ കീഴടക്കിയാല്‍ സ്വന്തം കാലിന്റെ ശക്തി നിരര്‍ഥകമാകില്ലേ?
വിട്ടുവീഴ്ചകളും സഹനങ്ങളും നീക്കുപോക്കുകളും പരസ്പരസഹായങ്ങളുമൊക്കെയായി ജീവിക്കേണ്ട നാമെന്നാണ് 'എന്നില്‍ തുടങ്ങി എന്നില്‍ അവസാനിക്കുന്ന' ജീവിതത്തെക്കുറിച്ചു ചിന്തിക്കാന്‍ തുടങ്ങിയത്? ചുറ്റുമുള്ളവരുള്ളതുകൊണ്ടാണ് നാമുള്ളതെന്ന തിരിച്ചറിവില്ലാത്തത് എന്തുകൊണ്ട്? പരസ്പരം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ദാമ്പത്യങ്ങള്‍ ഒരു ആനുകാലികപ്രശ്‌നമായി മാറുന്നു. ഒന്നിച്ചായിരിക്കാന്‍ വിളിക്കപ്പെട്ട കുടുംബത്തിലിന്നു തടവറസമാനമായ ഒറ്റപ്പെടലുകള്‍കൊണ്ട് ഏകാന്തത കൊടുമ്പിരിക്കൊള്ളുന്നു; ആളില്ലാത്തതും, ഒറ്റയ്ക്കുതാമസിക്കുന്നതുമായ മനുഷ്യരുടെ 'കൂടാരങ്ങള്‍' നമുക്കിടയില്‍ ഏറിവരുന്നു.
ഏകാന്തത സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ പലവിധ മുഖങ്ങളാണിന്നു കാണുന്നത്. 'ആരുംവേണ്ട; എനിക്കെല്ലാമുണ്ട്' എന്നു പറയുന്നതിലേക്കു നാമെത്തുന്നതുകൊണ്ട് സംഭാഷിക്കാനാളില്ല. ഒഴുക്കില്ലാത്ത ജലാശയംപോലെ ചിന്തകള്‍ കെട്ടിക്കിടക്കുന്നതുകൊണ്ട് മനസ്സിന്റെ ഭാരം കൂടുന്നു; ഓര്‍മകള്‍ നശിക്കുന്നു, രക്തസമ്മര്‍ദവും സ്‌ട്രോക്കും ഹൃദ്രോഗവും സാധാരണമാകുന്നതോടൊപ്പം അസാധാരണരോഗങ്ങളും തലപൊക്കുന്നു. ക്രൂരവും മൃഗീയവുമായ നിലപാടുകള്‍കൊണ്ട് മനുഷ്യമനസ്സുകള്‍ കഠിനമാകുന്നു. ആര്‍ക്കും ആരോടും പ്രതിപത്തിയും പ്രതിബദ്ധതയും ഇല്ലാതാകുന്നു. സ്‌നേഹത്തിന് അര്‍ഥം നഷ്ടപ്പെടുന്നു.
പണ്ട്, വാര്‍ധക്യത്തിന്റെ വര്‍ത്തമാനങ്ങള്‍ ഭാവിയുടെ വെളിച്ചമായിരുന്നു; ഇന്നു വാര്‍ധക്യമെന്നത് അവഗണനയുടെ പര്യായമായിരിക്കുന്നു. 'പോകാനുള്ളവര്‍' എന്നു മുദ്രകുത്തപ്പെട്ടതുപോലെയാണ് യുവാക്കള്‍ വൃദ്ധരെ കാണുന്നത്. മനുഷ്യമനസ്സുകളില്‍ സമാധാനം ഇല്ലെന്നായിരിക്കുന്നു. സമൃദ്ധിയുടെ സംലഭ്യതയില്‍ മതിമറക്കുന്ന ആഘോഷങ്ങള്‍ മാത്രമായി ജീവിതം മാറിയിരിക്കുന്നു. സന്മനസ്സും സത്യവും വിശുദ്ധവിചാരങ്ങളൊന്നുമില്ലാത്തവിധം ആഘോഷം ശബ്ദമുഖരിതമാകുന്നു; കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ലാമ്പുകള്‍ നൃത്തംവയ്ക്കുന്നു. പക്ഷേ, അതിലൊന്നും ആനന്ദം കണ്ടെത്താനാകാതെ ആത്മാവിന്റെ മുഖം മൗനത്തിലാണെന്ന് പ്രശ്‌നങ്ങള്‍ സാക്ഷിക്കുന്നു. തീരമണയാത്ത തിരകളാല്‍ നമ്മുടെ മനസ്സുകള്‍ ഇന്നു പ്രക്ഷുബ്ധമാണെന്നു തിരിച്ചറിയാന്‍ വൈകരുത്. ആശയും ആശ്രയവും വയ്ക്കാനാളില്ലെന്നത് ഇന്നിന്റെ പ്രശ്‌നമാണ്; 'ഒന്നിനും ഒരിടത്തും ആളില്ലത്രേ.' പക്ഷേ, വികസനം ബഹിരാകാശവാസത്തിലും ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നതിലും എത്തിനില്‍ക്കുന്നുമുണ്ട്. അവയവങ്ങള്‍ വാഹനവര്‍ക്ക്‌ഷോപ്പിലെ ലാഘവത്തോടെ മാറ്റിവയ്ക്കപ്പെടുമ്പോഴും മാറ്റിവയ്ക്കാനാകാത്തവിധം നമ്മുടെ മനസ്സുകള്‍ നെരിപ്പോടുസമാനം നീറിപ്പുകയുകയാണെന്നതു യാഥാര്‍ഥ്യമല്ലേ?
ഇന്ന് ആരോടു സംസാരിച്ചാലും സംസാരമാകെ ഒരു നെടുവീര്‍പ്പു നിറയുന്നു. പറഞ്ഞുനിര്‍ത്തുമ്പോഴേക്കും പലരുടെയും മിഴികള്‍ നിറഞ്ഞുതുളുമ്പുന്നു. കഷ്ടപ്പെട്ടും ജീവിച്ചിരിക്കാനുള്ള മോഹമുണ്ടെങ്കിലും ഒരു കൈത്താങ്ങിനായി ആരുമില്ലാത്ത 'വികസിതലോകം.' കൂട്ടിരിക്കാനും കൂട്ടാകാനും ഒപ്പമാകാനും ഒന്നിച്ചിരിക്കാനും സാന്ത്വനമാകാനും സഹായമാകാനും ഒരുവേള സഹനങ്ങളേറ്റെടുക്കാനും തയ്യാറില്ലാത്തവിധം ജീവിതം മനുഷ്യത്വരഹിതമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കു പറിച്ചുനടപ്പെട്ടിരിക്കുന്നു. 'ഊന്നുവടി'കളില്ലാത്തവിധം സ്വന്തം കാലിന്റെ ശക്തിയെ ഗര്‍വോടെ കാണുന്ന ഇന്നിന്റെ മനുഷ്യര്‍ മനുഷ്യത്വമില്ലായ്മയുടെ ദുരന്തം പേറുകയാണ്; വീടുകളൊക്കെ തടവറയും വീട്ടിലുള്ളവര്‍ തടവറയുടെ പാറാവുകാരുമായി മാറുന്ന മൂകവികാരം ശക്തിപ്രാപിച്ചിരിക്കുന്നു.
ടെക്‌നോളജിയുടെ അതിപ്രസരത്തിലാണു മനുഷ്യരിന്നു ജീവിക്കുന്നത്. യന്ത്രങ്ങളെ വല്ലാതെ ആശ്രയിക്കുന്ന നാമെന്താണ് യന്ത്രത്തിന്റെ 'പരസ്പരാശ്രയത്വം' ശ്രദ്ധിക്കാത്തത്? യന്ത്രഭാഗങ്ങളുടെ ഒറ്റയ്ക്കുള്ള ധര്‍മം കൂട്ടായ്മയിലേക്കു 'ഷെയര്‍' ചെയ്യുമ്പോഴാണ് യന്ത്രം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നത്. എത്ര ചെറുതെങ്കിലും യന്ത്രത്തിന്റെ ഏതെങ്കിലും ഭാഗം തകരാറിലായാല്‍ യന്ത്രം പണിമുടക്കും. സമൂഹത്തിന്റെ കൂട്ടായ്മയും സഹകരണവും സൗഹൃദവും ഒരേ മനസ്സുമൊക്കെ തകരുമ്പോള്‍ സാമൂഹികസ്ഥിതിയും താറുമാറാകും.
പണ്ടൊക്കെ നമുക്കിടയിലെ വിവാഹാഘോഷം ചുറ്റുമുള്ളവരുടെയും ബന്ധുമിത്രാദികളുടെയും ആഘോഷംകൂടിയായിരുന്നു. ചുറ്റുമുള്ളവരായിരുന്നു 'ഇവന്റ് മാനേജുമെന്റ്' ഏറ്റെടുത്തിരുന്നത്. മേശ, കസേര, പാത്രങ്ങള്‍, ഭക്ഷണപദാര്‍ഥങ്ങള്‍, ഇതരവിഭവങ്ങള്‍ എല്ലാം സ്‌നേഹമുള്ള അയല്‍ക്കാരുടെ ഹൃദയത്തിന്റെ 'ചുമതല'കളായിരുന്നു. ഇതുപോലെതന്നെ രോഗാവസ്ഥകള്‍, മരണം, തകര്‍ച്ചകള്‍ എല്ലാറ്റിനും സാന്ത്വനവും സഹായവുമായി ചുറ്റുമുള്ളവരും സ്‌നേഹിതരും ബന്ധുമിത്രാദികളുമുണ്ടായിരുന്നു; ഇന്നിന്റെ അവസ്ഥയോ? പുരോഗതി വാനോളമുയര്‍ന്നപ്പോള്‍ നമ്മുടെ മനുഷ്യപ്പറ്റ് തെല്ലും ഇല്ലെന്നായിരിക്കുന്നു. ആരും ആരെയും അറിയാതിരിക്കുന്നു; അല്ലെങ്കില്‍ അറിയാന്‍ ആഗ്രഹമില്ലെന്നായിരിക്കുന്നു.
ഒന്നിച്ചായിരിക്കുന്നതില്‍നിന്നും ഏകാന്തതയിലേക്ക് ഓടിക്കയറുകയാണു നാമിന്ന്. ഏകാന്തത നമ്മില്‍ സൃഷ്ടിക്കുന്ന രോഗങ്ങള്‍ അനവധിയാണ്. ദുഃഖത്തെ മാടിവിളിക്കുന്നതാണ് ഏകാന്തത. മറവിയെ പുല്‍കുന്നതാണ് ഏകാന്തത. വിഷാദം, പക്ഷാഘാതം, ആത്മഹത്യാപ്രവണത എന്നിങ്ങനെ വിവിധങ്ങളായ രോഗങ്ങള്‍ വേറെയും!
വൃദ്ധദമ്പതികള്‍ ഒറ്റയ്ക്കും ഒന്നിച്ചും ട്രഷറിയിലേക്കും ബാങ്കിലേക്കും പോസ്റ്റോഫീസിലേക്കും അക്ഷയസെന്ററുകളിലേക്കും മാര്‍ക്കറ്റുകളിലേക്കുമൊക്കെ പോകുന്നതു കാണാം. ചെറുപ്പകാലത്തും ഓടിയിരുന്നത് ഇവര്‍തന്നെയായിരുന്നു; ഓടാന്‍ വയ്യാത്തപ്പോളിതാ മാരത്തണ്‍ ഓട്ടത്തിലാണ്; പണം കരുതാനുള്ള ബാഗ് ഒപ്പമുണ്ടാകും... എല്ലാം മക്കളയയ്ക്കുന്നതാണ്; മക്കളെവിടെയൊക്കെയാണെന്നുപോലും ഓര്‍ത്തെടുക്കാനാകുന്നില്ല. ഓര്‍മയില്ലെങ്കിലും സുഖസൗകര്യങ്ങളുടെ നിലവാരത്തിനു കുറവില്ല. പോറ്റിവളര്‍ത്തിയ മക്കള്‍ക്കുപകരം എല്ലാവരെയും 'ഊറ്റിവളരുന്ന' അതിഥിനടത്തിപ്പുകാരാണെന്നു മാത്രം! ചിരിക്കുന്ന മുഖത്തിനു പിന്നില്‍ കരഞ്ഞു കണ്ണീര്‍വറ്റിയ നൊമ്പരം കത്തിക്കാളുന്നുണ്ടെന്നത് തിരിച്ചറിയാന്‍ ഇനിയും നാം വൈകരുത്. വരുംതലമുറയ്ക്ക് സ്വന്തം നാടിന്റെ മഹത്ത്വം മനസ്സിലാക്കിക്കൊടുക്കാനാണ് പാഠങ്ങളുണ്ടാകേണ്ടത്. എല്ലാം പഠിച്ച്; എന്നാല്‍ ഒന്നും പഠിക്കാത്തവരെപ്പോലെ നാടുവിടുന്ന മക്കളുടെ 'ചിന്ത'യ്ക്കാണ് മരുന്നാവശ്യം; നാട്ടില്‍ ജീവിക്കാനാകുന്നവിധം മക്കളുടെ പഠനത്തിന് അര്‍ഥമുണ്ടാകണം. പഠന-തൊഴില്‍ പരസ്യങ്ങളിലെല്ലാം വിമാനത്തിന്റെ പടമാണ് മുഖ്യം! സന്തോഷത്താല്‍ മതിമറക്കുന്ന യുവതയുടെ ചിത്രവും കാണാം. ഒരു കാര്യം മറക്കരുത്-ദൈവം ആയുസ്സു തന്നാല്‍ എല്ലാവര്‍ക്കും വാര്‍ധക്യവും വാര്‍ധക്യത്തിന്റെ കെടുതികളും വരുമെന്നു തീര്‍ച്ച! ജ്വലിക്കുന്ന യുവത്വത്തില്‍ ഒറ്റയ്ക്കുനില്‍ക്കുന്ന 'സ്വന്തംകാല്‍' ബലക്ഷയത്താല്‍ ബലമുള്ളവരെ തേടുന്ന കാലം ഓര്‍മയിലുണ്ടാകണം. ഒരിറ്റു സ്‌നേഹവും കരുതലും ആഗ്രഹിക്കാത്തവരായി ആരുണ്ടിവിടെ?
ലേഖനം
ആരെയും വേണ്ടാത്ത ആധുനികനോ നിങ്ങള്‍
