•  Published From Palai
  •  Contact Us
  •  Previous Issues
  •  11 Sep 2025
  •  ദീപം 58
  •  നാളം 27
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നോവല്‍
    • ബാലനോവല്‍
    • ശ്രേഷ്ഠമലയാളം
    • കാര്‍ഷികം
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ട്രംപിന്റെ തീരുവയുദ്ധം: വഴി തേടി ഇന്ത്യ

  • റ്റി. സി മാത്യു
  • 28 August , 2025

   ഇങ്ങനെയൊരു മാറ്റം ആരും പ്രതീക്ഷിച്ചതല്ല. മൈ ഫ്രണ്ട്  ട്രംപ് നരേന്ദ്രമോദിയോടോ ഇന്ത്യയോടോ ഉടക്കും എന്ന് ആരും കരുതിയില്ല. പക്ഷേ, അതു സംഭവിച്ചു. ഇന്ത്യാ - അമേരിക്ക ബന്ധം പ്രതിസന്ധിയുടെ വക്കിലായി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വളരെ അടുത്ത സൗഹൃദമാണ് പ്രധാനമന്ത്രി മോദിക്കുണ്ടായിരുന്നത്. കണ്ടാലുടനെ കെട്ടിപ്പിടിക്കും, എന്റെ മിത്രം  എന്നു പറയും. 2020 ല്‍ ട്രംപിനെ വീണ്ടും ജയിപ്പിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നിടം വരെ എത്തി ബന്ധം. ഇത്തവണ ട്രംപിന്റെ സ്ഥാനാരോഹണം കഴിഞ്ഞ് ഒരു മാസത്തിനകം വൈറ്റ് ഹൗസിലെത്തി മോദി അഭിനന്ദിച്ചു. ചര്‍ച്ച നടത്തി. വ്യാപാരക്കരാര്‍ ഉണ്ടാക്കാനും 2030 നകം പരസ്പരവ്യാപാരം 50,000 കോടി ഡോളര്‍ ആക്കാനും ധാരണയുണ്ടാക്കി. നവംബറിനകം ഇടക്കാല കരാര്‍ ഉണ്ടാക്കുമെന്നും പ്രഖ്യാപിച്ചു.
   അവിടെനിന്ന് ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഇന്ത്യയുമായി ചര്‍ച്ചയേ ഇല്ല എന്ന ട്രംപിന്റെ പ്രസ്താവനയിലാണ്. ഇന്ത്യയുടെ സാധനങ്ങള്‍ക്ക് വിലയുടെ 50 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തി. 25 ശതമാനം ചുങ്കവും 25 ശതമാനം റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള പിഴച്ചുങ്കവും. ബ്രസീലിനു മാത്രമേ ഇത്രയും (50%) ചുങ്കം ചുമത്തിയിട്ടുള്ളു. 
വിശ്വാസം പാളി
   ഇന്ത്യയ്ക്ക് ഉയര്‍ന്നനിരക്കു ചുമത്തിയതിനു ട്രംപ് പല കാരണങ്ങള്‍ പറയുന്നുണ്ട്; ഇന്ത്യ ഇറക്കുമതിക്കു വലിയ തീരുവ ചുമത്തുന്നു, പല മേഖലകളിലും ഇറക്കുമതി അനുവദിക്കുന്നില്ല, ഇറക്കുമതിക്കു കര്‍ക്കശനിബന്ധനകള്‍ വയ്ക്കുന്നു എന്നിങ്ങനെ. ആ വിഷയങ്ങളില്‍ ഫെബ്രുവരി മുതല്‍ ചര്‍ച്ച നടക്കുന്നതാണ്. കരാര്‍ ഉണ്ടാകും, പക്ഷേ, ചുങ്കം 15 ശതമാനമെങ്കിലും ആകും എന്ന വിശ്വാസത്തിലായിരുന്നു ഇന്ത്യ. സംഭവിച്ചതു മറിച്ചാണ്.
   അഞ്ചുവട്ടം നടന്ന ചര്‍ച്ചകള്‍ ഗണ്യമായ പുരോഗതി കൈവരിച്ചിരുന്നു. അമേരിക്കന്‍ വ്യാവസായിക ഉല്‍പന്നങ്ങള്‍ക്കു ചുങ്കം ഒഴിവാക്കാനും കാറുകള്‍ക്കും മദ്യത്തിനും ക്രമേണ ചുങ്കം കുറച്ചുകൊണ്ടുവരാനും ഇന്ത്യ സമ്മതിച്ചിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കാര്‍ഷിക, ക്ഷീര ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ സ്വതന്ത്ര ഇറക്കുമതി അനുവദിക്കാന്‍ ഇന്ത്യ തയാറില്ല. സസ്യയെണ്ണപോലെ ചുരുക്കം ചില ഇനങ്ങളില്‍ മാത്രം വിട്ടുവീഴ്ച ചെയ്‌തേക്കും. അതേസമയം കൂടുതല്‍ ക്രൂഡ് ഓയില്‍, പ്രകൃതിവാതകം എന്നിവയും യുദ്ധവിമാനങ്ങള്‍ അടക്കം പ്രതിരോധസാമഗ്രികളും വാങ്ങാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇവകൊണ്ട് ട്രംപ് തൃപ്തനാകും എന്നു കരുതി.
ഇന്ത്യയ്ക്കു വേറെ ആവശ്യങ്ങളും ഉണ്ടായിരുന്നു. ജനിതകമാറ്റം വരുത്തിയ ഉല്‍പന്നങ്ങള്‍ അസ്വീകാര്യമായി ഇന്ത്യ പ്രഖ്യാപിച്ചു. മാംസം ചേര്‍ത്ത അമേരിക്കന്‍ കാലി - കോഴി തീറ്റകളും പറ്റില്ല. സ്റ്റീല്‍, അലുമിനിയം എന്നിവയുടെ 50 ശതമാനം ചുങ്കം മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഡീലുകളുടെ ''ട്രംപുരാന്‍''
  ട്രംപ് പഴയ പ്രസിഡന്റുമാരെപ്പോലെ അല്ല. അദ്ദേഹം 'ഡീലു'കളില്‍ വിശ്വസിക്കുന്ന ആളാണ്. എന്തിലും പകരം എന്തെങ്കിലും കിട്ടണമെന്ന നിര്‍ബന്ധക്കാരന്‍. ജപ്പാനു 15 ശതമാനമായി ചുങ്കം കുറച്ചപ്പോള്‍ അമേരിക്ക ഉല്‍പാദിപ്പിക്കുന്ന ജാപ്പോണിക്ക അരി തീരുവയില്ലാതെ വാങ്ങാന്‍ ജപ്പാന്‍ സമ്മതിച്ചു. അമേരിക്കന്‍കാറുകളുടെ ചുങ്കവും താഴ്ത്തി. പുറമേ 55,000 കോടി ഡോളര്‍ മൂലധനനിക്ഷേപം അമേരിക്കയില്‍ നടത്താനും  ജപ്പാന്‍ സമ്മതിച്ചു. 
   യൂറോപ്യന്‍ യൂണിയന്‍ 75,000 കോടി ഡോളറിന്റെ ഇന്ധനം വാങ്ങാനും 60,000 കോടി ഡോളര്‍ നിക്ഷേപം നടത്താനും സമ്മതിച്ചിട്ടാണു 15 ശതമാനം ചുങ്കത്തില്‍ ഒതുങ്ങിയത്. ദക്ഷിണകൊറിയ ചുങ്കം കുറച്ചെടുക്കാന്‍ 35,000 കോടി ഡോളര്‍ നിക്ഷേപം വാഗ്ദാനം ചെയ്തു. 
വികസ്വരരാജ്യങ്ങളുടെ കാര്യം വന്നപ്പോള്‍ മൂലധനനിക്ഷേപനിബന്ധന ഒഴിവാക്കി. പകരം യുഎസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ ഗുണപരിശോധന അടക്കമുള്ള നടപടികളെല്ലാം ഒഴിവാക്കിയെടുത്തു. ഇന്തോനേഷ്യ ഉദാഹരണമാണ്.
നിരുപാധികം തുറക്കണം
   ഇന്ത്യയുടെ വിശാലവിപണി നിരുപാധികം തുറന്നുകിട്ടുക എന്നതാണു ട്രംപ് ലക്ഷ്യമിട്ടത്. ചര്‍ച്ചയിലൂടെ അതു പറ്റില്ല എന്നായപ്പോള്‍ അദ്ദേഹം  സമ്മര്‍ദത്തിനു ശ്രമിച്ചു. അതാണ് 50 ശതമാനം ചുങ്കത്തിലേക്കു നയിച്ചത്. 
പാക്കിസ്ഥാനു നേരേയുള്ള ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചതിലെ ട്രംപിന്റെ അവകാശവാദം ഇന്ത്യ പലവട്ടം പരസ്യമായി തള്ളിപ്പറഞ്ഞു. അതു ട്രംപിനു രസിച്ചിട്ടില്ല. മറ്റു രാജ്യങ്ങള്‍ക്കു മുമ്പേ ഇന്ത്യയ്ക്കു പിഴച്ചുങ്കം ചുമത്തിയതിന് ഇതു പ്രധാനകാരണമായി പലരും കാണുന്നുണ്ട്. രണ്ടു വര്‍ഷമായി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നു. ട്രംപ്  മൂന്നാഴ്ച മുമ്പുവരെ അതിനെ വിമര്‍ശിച്ചിരുന്നില്ല. പിഴച്ചുങ്കം ചുമത്താന്‍ അതിനെ ഒരു വിഷയമായി എടുക്കുകയായിരുന്നു. 
   ട്രംപ് ഇന്ത്യയുമായി കരാര്‍ ഉണ്ടാക്കാന്‍തന്നെയാണ് ആഗ്രഹിക്കുന്നത്. 143 കോടി ജനങ്ങളുള്ള, വളരുന്ന ഒരു രാജ്യത്തിന്റെ വിപണി വേണ്ടെന്നു വയ്ക്കാന്‍ അദ്ദേഹം തയാറാവില്ല. ഇന്ത്യ വഴങ്ങിക്കൊടുക്കാനാണ് സമ്മര്‍ദതന്ത്രം മെനഞ്ഞത്. ചര്‍ച്ചയില്ല എന്നു ട്രംപ് പറഞ്ഞെങ്കിലും ഇന്ത്യ പിന്‍വാതിലിലൂടെ ചര്‍ച്ചയ്ക്കു വഴി തേടുന്നുണ്ട്. ഓഗസ്റ്റ് 27 നു മുമ്പ് അതു ഫലവത്തായില്ലെങ്കില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ ഗണ്യമായ ഇടിവുണ്ടാകും.
  ആവശ്യം നമ്മുടേത്
    വര്‍ഷം 9000 കോടി ഡോളറിന്റെ (ഏകദേശം എട്ടു ലക്ഷം കോടി രൂപ) ഉല്‍പന്നങ്ങളാണ് ഇന്ത്യ  അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്നത്. ഇത് ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ അഞ്ചിലൊന്നു വരും. അതിനു പകരം ഒരു വിപണി കണ്ടെത്തുക ഇന്ത്യയ്ക്ക് എളുപ്പമല്ല. യൂറോപ്യന്‍ യൂണിയനോ ജപ്പാനോ ഗള്‍ഫ്‌രാജ്യങ്ങളോ ഉത്സാഹിച്ചാലും ഇത്രയും വാങ്ങുക എളുപ്പമല്ല പല ഇനങ്ങളും ആ രാജ്യങ്ങള്‍ക്ക് ആവശ്യമില്ല എന്നതുതന്നെ കാരണം. 
    അമേരിക്കയുടെ മൊത്തം ഇറക്കുമതിയുടെ വെറും 2.7 ശതമാനമാണ് ഇന്ത്യയില്‍നിന്നുള്ളത്. അവയില്‍ 99 ശതമാനവും വേണമെങ്കില്‍ മറ്റു രാജ്യങ്ങളില്‍ നിന്നു വാങ്ങാവുന്നതുമാണ്. അതായത്, ഇന്ത്യയ്ക്കാണ് അമേരിക്കന്‍വിപണിയെ കൂടുതല്‍ ആവശ്യമുള്ളത്.
അപ്പോള്‍ ഇന്ത്യ വഴങ്ങിയേ മതിയാകൂ - ഇതാണ് ട്രംപ് കരുതുന്നത്. അമേരിക്കന്‍ മൂലധനം ഇന്ത്യയില്‍ സമീപവര്‍ഷങ്ങളില്‍ വലിയ നിക്ഷേപമായി വന്നു ലക്ഷക്കണക്കിനു തൊഴില്‍ ഉണ്ടാക്കുന്നതും ട്രംപിന് അറിയാം. വ്യാപാരയുദ്ധം മുറുകിയാല്‍ നിക്ഷേപവരവും കുറയും എന്ന കാര്യവും ഇന്ത്യയെ വിലപേശലില്‍ ദുര്‍ബലമാക്കും.
ചൈനയെ പ്രീണിപ്പിക്കുന്നു
   ഇന്ത്യയോടു കാണിക്കുന്ന എതിര്‍പ്പ് വ്യാപാരവിഷയത്തില്‍ മാത്രം ഉള്ളതല്ലെന്നും ചൈനയെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും കരുതുന്നവര്‍ കുറവല്ല.
   ഏഷ്യയില്‍ ചൈനയ്ക്കു സൈനിക - സാമ്പത്തിക ബദലായി തന്റെ മുന്‍ഗാമികള്‍ ഇന്ത്യയെ കണ്ടതിനോടു ട്രംപിന് വലിയ താല്‍പര്യം കാണുന്നില്ല. ട്രംപിന് ലോകം മുഴുവന്‍ സൈനികമേധാവിത്വം അല്ല, സാമ്പത്തിക - സാങ്കേതിക മേധാവിത്വമാണ് ആവശ്യം. യൂറോപ്പില്‍ റഷ്യയെ അധീശശക്തിയായി അംഗീകരിക്കാന്‍ ട്രംപ് ഒരുങ്ങിയതാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പിടിവാശി മൂലം ആ സാധ്യത തട്ടിത്തെറിപ്പിച്ച മട്ടാണ്. ചൈനയെ ഏഷ്യയിലെ വന്‍ശക്തിയായി കണക്കാക്കി കാര്യങ്ങള്‍ നീക്കാനും ട്രംപിനു മടിയില്ല. സൈദ്ധാന്തികപിടിവാശികള്‍ ഇല്ലാത്ത കച്ചവടമനഃസ്ഥിതിക്കാരനാണല്ലോ ട്രംപ്. തായ്‌വാനെ ചൈനയുടെ ഭാഗമാക്കാനും ട്രംപിനു വിഷമം വരില്ല. അങ്ങനെ ചൈന ഏഷ്യയിലെ സര്‍വാധിപതി ആയാല്‍ ഇന്ത്യയ്ക്കു വലിയ ഭീഷണി, തീര്‍ച്ച!
മറ്റു മാര്‍ഗം ഇല്ലാതെയല്ല ഇന്ത്യ നില്‍ക്കുന്നത് എന്നു കാണിക്കാന്‍ ചൈനയിലേക്കുള്ള യാത്രകളോ റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനമോ കൊണ്ടു സാധിക്കും എന്ന് അധികമാരും കരുതുന്നില്ല. ആ രണ്ടു രാജ്യങ്ങളോടും ട്രംപ് അടുപ്പത്തിലാകുമ്പോള്‍ നമുക്ക് എന്തു വില? ഇതെല്ലാം ഇന്ത്യ വഴങ്ങും എന്ന ട്രംപിന്റെ കണക്കുകൂട്ടലില്‍ ഉണ്ടാകാം.
മടക്കം സ്വദേശിയിലേക്ക്
   ട്രംപിന്റെ തീരുവ ആക്രമണം എന്ന അപ്രതീക്ഷിതപ്രഹരത്തോടുള്ള ഇന്ത്യയുടെ പ്രതികരണം സ്വദേശിയെ ഉയര്‍ത്തിപ്പിടിച്ചാണ്. ഇങ്ങനെയാകും കാര്യങ്ങള്‍ എന്ന് ഇന്ത്യ ചിന്തിച്ചിരുന്നില്ല. അതിനാല്‍ ബദല്‍വഴികള്‍ രൂപപ്പെടുത്തിയതുമില്ല. ഈ സാഹചര്യത്തിലാണു സ്വദേശിയിലേക്കുള്ള മടക്കം. 
വിദേശബന്ധങ്ങള്‍ വഷളാകുമ്പോഴും ഇറക്കുമതി താങ്ങാനാവാതെ വരുമ്പോഴും ഒക്കെ ഇന്ദിരാഗാന്ധിയുടെ ഭരണകൂടം സ്വദേശിക്കുവേണ്ടി ശബ്ദം ഉയര്‍ത്തിയിരുന്നു. 'നാടന്‍ വാങ്ങി നാടു നന്നാക്കൂ' എന്നതുപോലുള്ള മുദ്രാവാക്യങ്ങളും അക്കാലത്തു കേട്ടിരുന്നു. ട്രംപിന്റെ ദുശ്ശാഠ്യം അവയിലേക്ക് ഇന്ത്യയെ തിരിച്ചുനടത്തുന്നു. തന്റെ ലോക്‌സഭാമണ്ഡലമായ വാരാണസിയിലെ ഒരു പൊതുയോഗത്തില്‍ മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത് ജനങ്ങള്‍ സ്വദേശി ഉല്‍പന്നങ്ങള്‍ കൂടുതലായി ഉപേയാഗിക്കണം എന്നാണ്. 'കാരണം, ആഗോളസാഹചര്യം അസ്ഥിരമാണ്. ഓരോ രാജ്യവും സ്വന്തംകാര്യം മാത്രമാണു നോക്കുന്നത്': മോദി പറഞ്ഞു.
നയത്തില്‍ വഴിത്തിരിവ്
അമേരിക്കന്‍ വിദേശനയത്തിലെ ഒരു വഴിത്തിരിവാണ് ട്രംപിന്റെ കാലത്തു കാണുന്നത്. അമേരിക്കയുടെ ആശ്രിതരാജ്യമായി നില്‍ക്കുന്ന തായ്‌വാന്റെ പ്രസിഡന്റും പ്രതിരോധമന്ത്രിയും ഈയിടെ അമേരിക്ക വഴി ദക്ഷിണ അമേരിക്കയിലേക്കു പോകാന്‍ പ്ലാനിട്ടത് റദ്ദാക്കേണ്ടി വന്നു.  ചൈനയുടെ എതിര്‍പ്പ് മൂലം, ട്രംപ് ഭരണകൂടം അവര്‍ക്ക് അമേരിക്കയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതാണ് കാരണം.
നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള ഏറ്റവും നവീനവും ശക്തവുമായ എച്ച്20 ചിപ്പുകള്‍ ചൈനയ്ക്കു വില്‍ക്കുന്നതിനുണ്ടായിരുന്ന വിലക്ക് ട്രംപ് ഈയിടെ മാറ്റി. സിവിലിയന്‍, പ്രതിരോധ ഉപയോഗങ്ങള്‍ ഉള്ളതാണ് എന്‍വിഡിയ കമ്പനി നിര്‍മിക്കുന്ന ഈ പ്രോസസറുകള്‍. പ്രതിരോധവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണു നടപടി. നിര്‍മിതബുദ്ധിയില്‍ ചൈനയെ മുന്നിലെത്തിക്കാന്‍ ഇതു വഴി തുറക്കും.
വ്യാപാരയുദ്ധം മുറുകിയപ്പോള്‍ അപൂര്‍വധാതുക്കള്‍ നല്‍കുന്നതു ചൈന നിര്‍ത്തിവച്ചു. ഇതു ഭാഗികമായി പുനരാരംഭിക്കാനാണ് എച്ച്20 വില്പന അനുവദിച്ചത് എന്നു വ്യാഖ്യാനമുണ്ട്. അപൂര്‍വധാതുക്കള്‍ കിട്ടാതെ വന്നാല്‍ വാഹനങ്ങള്‍ മുതല്‍ മിസൈലുകള്‍ വരെ നിര്‍മിക്കാന്‍ പറ്റാതെ വരും.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)