യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ലോകം പ്രാര്‍ഥിക്കണമെന്ന് ലെയോ പാപ്പാ. വത്തിക്കാനില്‍ മധ്യാഹ്നപ്രാര്‍ഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബാക്രമണത്തിന്റെ എണ്ണൂറാമത് വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനും ലോകസമാധാനത്തിനും പ്രാര്‍ഥനയുടെ പ്രാധാന്യം വലുതാണെന്നു പാപ്പാ പറഞ്ഞു. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍, യുദ്ധങ്ങളെ നിരസിക്കാന്‍ നമുക്കു സാധിക്കണമെന്നും പാപ്പാ പറഞ്ഞു.
ഭരണകര്‍ത്താക്കള്‍ വിവിധങ്ങളായ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍, അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവരുടെ ഉത്തരവാദിത്വങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. ഈ തീരുമാനങ്ങളില്‍, ഏറ്റവും ദുര്‍ബലരായവരുടെ ആവശ്യങ്ങളും, സമാധാനത്തിനായുള്ള സാര്‍വത്രികമായ ആഗ്രഹങ്ങളും അവഗണിക്കപ്പെടരുതെന്നും പാപ്പാ ഓര്‍മപ്പെടുത്തി.
തുടര്‍ന്ന്, സംയുക്തമായ സമാധാനപ്രഖ്യാപനകരാറില്‍ ഒപ്പുവച്ച അര്‍മേനിയയെയും, അസര്‍ബൈജാനെയും പാപ്പാ പ്രത്യേകമായി അഭിനന്ദിക്കുകയും, ഇത് സുസ്ഥിരവും ശാശ്വതവുമായ സമാധാനത്തിനു കാരണമാകുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
തന്റെ അഭ്യര്‍ഥനയില്‍ ഹെയ്തിയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതയുടെ അവസ്ഥയെ പാപ്പാ പ്രത്യേകം സൂചിപ്പിച്ചു. കൊലപാതകങ്ങള്‍, അക്രമങ്ങള്‍, മനുഷ്യക്കടത്ത്, നിര്‍ബന്ധിതനാടുകടത്തല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ വിവിധ സാമൂഹികതിന്മകള്‍ നിലനില്‍ക്കുന്ന രാഷ്ട്രത്തിന്റെ ഭീകരാവസ്ഥയും പാപ്പാ എടുത്തുപറഞ്ഞു. ബന്ദികളെ ഉടനടി മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോടു പാപ്പാ അഭ്യര്‍ഥിക്കുകയും ചെയ്തു.