ബ്രിട്ടീഷാധിപത്യത്തിന്റെ ഇരുളടഞ്ഞ ദിനങ്ങളില്‍നിന്ന് 1947 ഓഗസ്റ്റ് 15 ന് ഭാരതം സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി കണ്ടു. ആയിരങ്ങളുടെ ജീവത്യാഗത്തിന്റെയും കഷ്ടപ്പാടുകളുടെയും ഫലമായി ലഭിച്ചതാണ് നമ്മുടെ സ്വാതന്ത്ര്യം. പല രാജ്യങ്ങളും രക്തരൂഷിതയുദ്ധങ്ങളിലൂടെയും അട്ടിമറികളിലൂടെയുമായിരുന്നു അധികാരം പിടിച്ചെടുത്തതെങ്കില്‍, മഹാത്മജിയുടെ നേതൃത്വത്തില്‍ അഹിംസാസിദ്ധാന്തത്തിലൂടെയാണു നാം സ്വാതന്ത്ര്യം നേടിയെടുത്തത്. നമ്മുടെ ദേശീയനേതാക്കളുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു അത്. എന്നാല്‍, നമ്മള്‍ നേടിയെടുത്ത ഈ സ്വാതന്ത്ര്യത്തിന്റെ വില ചുരുങ്ങിയ കാലംകൊണ്ട് നാം മറന്നുതുടങ്ങിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ കാലഘട്ടത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ അത്രയേറെ വേദനാജനകമാണല്ലോ. ചരിത്രസത്യങ്ങളെ വളച്ചൊടിച്ചും ഇല്ലാത്തവ കൂട്ടിച്ചേര്‍ത്തും അക്രമങ്ങളിലൂടെയും അനീതിയിലൂടെയും രാഷ്ട്രീയനേട്ടങ്ങള്‍ കൊയ്യുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഇന്ന് ഏറിവരുന്നു.
ആധുനികതലമുറ എന്തും ചെയ്യാനുള്ള ലൈസന്‍സായി സ്വാതന്ത്ര്യത്തെ കാണുന്നു. എന്നാല്‍, സ്വാതന്ത്ര്യം തിന്മയെ ഉപേക്ഷിക്കലും നന്മയെ തിരഞ്ഞെടുക്കലുമാണ്. ''സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നു മാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സ്‌നേഹിക്കുവിന്‍. എന്തെന്നാല്‍, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന ഒരേയൊരു കല്പനയില്‍ നിയമം മുഴുവന്‍ അടങ്ങിയിരിക്കുന്നു'' (ഗലാ. 5:13-14).
സ്വാതന്ത്ര്യം തങ്ങള്‍ക്കു മാത്രം മതി; മറ്റുള്ളവര്‍ക്ക് അതിനവകാശമില്ല എന്നു ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ് ഇന്നു നമ്മുടെ രാജ്യത്തിലെ ചില വര്‍ഗീയസംഘടനകളും രാഷ്ട്രീയനേതാക്കളും. അവശരും അശരണരുമായ പാവങ്ങളെ സഹായിക്കാന്‍, അവരുടെ കണ്ണീരൊപ്പാന്‍ എല്ലാമുപേക്ഷിച്ച് സേവനം ചെയ്യുന്ന വൈദികരെയും സന്ന്യസ്തരെയും ആക്രമിക്കുകയും ഇല്ലാതാക്കുകയുമാണ് ഇവരുടെ ലക്ഷ്യം. ഇതാണല്ലോ ഇപ്പോള്‍ ഝാര്‍ഖണ്ഡിലും ഒറീസയിലുമൊക്കെ നടക്കുന്നത്. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്നു തങ്ങളുടെ ഗുരുവും കര്‍ത്താവുമായ യേശുവിന്റെ വചനമനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്നവരാണവര്‍. അത് അവരുടെ കടമയായി അവര്‍ കാണുന്നു. അല്ലാതെ, അവര്‍ മനുഷ്യക്കടത്തുകാരോ, മതംമാറ്റക്കാരോ അല്ല. സ്വാതന്ത്ര്യമുള്ളതുകൊണ്ട് നവമാധ്യമങ്ങളിലൂടെ എന്തും പറയാം, ഏതു മ്ലേച്ഛതയും കാണിക്കാമെന്നു കരുതുന്നവര്‍ സാമൂഹികവിരുദ്ധരും മാനവകുലത്തെ വിഷലിപ്തമാക്കുന്നവരുമാണ്.
തിന്മയ്‌ക്കെതിരേ അതേ ആയുധംകൊണ്ടു പോരാടിയാല്‍ യഥാര്‍ഥവിജയം വരിക്കാന്‍ കഴിയില്ല. രണ്ടിന്റെയും നാശമായിരിക്കും ഫലം. യേശു പഠിപ്പിച്ചതും അതാണല്ലോ. ലോകപാപങ്ങള്‍ക്കു പരിഹാരമായി സഹനങ്ങളുടെ ദുഃഖവെള്ളി യനുഭവങ്ങള്‍ എത്രമാത്രം അനുഭവിച്ചാണ് യേശു ഉയിര്‍പ്പുഞായറിന്റെ പൊന്‍പുലരിയിലേക്കു പ്രവേശിച്ചത്. വി. ബൈബിളില്‍നിന്നു നേടിയെടുത്ത ഈ അറിവുകളാകാം സ്വാതന്ത്ര്യസമരരംഗത്ത് മഹാത്മാഗാന്ധി നേതൃത്വം നല്‍കിയ സഹനസമരങ്ങള്‍ക്ക് അദ്ദേഹത്തിനു പ്രേരണയായത്. കാരണം, നിത്യവും ബൈബിള്‍ വായിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
ഭാരതക്രൈസ്തവരെ സംബന്ധിച്ച് ഓഗസ്റ്റ് 15 പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണദിനംകൂടിയാണ്. മാതാവിന്റെ സ്വര്‍ഗാരോപണം നമ്മുടെ ആത്മീയസ്വാതന്ത്ര്യത്തെ ഓര്‍മിപ്പിക്കുന്നു. പാപമാലിന്യമേശാത്തവളായിരുന്നതിനാലാണ് മറിയം ആത്മീയസ്വാതന്ത്ര്യത്തിലേക്കു വിളിക്കപ്പെട്ടത്.
തന്റെ വിശ്വാസത്തിലൂടെയും വിനയത്തിലൂടെയും മറിയത്തെ ദൈവം മഹത്ത്വപ്പെടുത്തി. മാതാവിന്റെ സ്വര്‍ഗാരോപണം കത്തോലിക്കാസഭ വിശ്വാസസത്യമായി അംഗീകരിക്കുന്ന ഒരു രഹസ്യമാണ്. ലോകത്തില്‍ ജീവിച്ച്, ലോകത്തിന്റെയും പാപത്തിന്റെയും വഴികള്‍ ഉപേക്ഷിച്ച് സ്വര്‍ഗത്തിലേക്കെടുക്കപ്പെട്ട പരിശുദ്ധ അമ്മയെ ദൈവം നമുക്കൊരു മാതൃകയായിത്തന്നു എന്നതാണ് ഈ ദിനത്തിന്റെ മറ്റൊരു പ്രത്യേകത.
മറിയം ദൈവത്തോടു ചേര്‍ന്ന് ഈ ഭൂമിയില്‍ സഹിച്ച സഹനങ്ങള്‍ക്ക് അവളുടെ ഭൗമികജീവിതത്തിനുശേഷം ദൈവം നല്കുന്ന കിരീടമാണ് അവളുടെ സ്വര്‍ഗാരോപണം. നിരന്തരമായ പഠനത്തിനും വിചിന്തനത്തിനുംശേഷം 12-ാം പീയൂസ് മാര്‍പാപ്പാ 1950 ല്‍ തന്റെ "Munificenti-ssimus Deus’എന്ന തിരുവെഴുത്തിലൂടെ ഈ വിശ്വാസസത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'അമലോദ്ഭവയും ദൈവമാതാവുമായ നിത്യകന്യാമറിയം തന്റെ ഈലോകവാസത്തിനുശേഷം ആത്മാവോടും ശരീരത്തോടുംകൂടി സ്വര്‍ഗമഹത്ത്വത്തിലേക്ക് എടുക്കപ്പെട്ടു' എന്നതായിരുന്നു ഇതിന്റെ ഉള്ളടക്കം.
ഭൗമികസ്വാതന്ത്ര്യത്തെക്കാള്‍ എത്രയോ ഉപരിയാണ് ആത്മീയസ്വാതന്ത്ര്യം. ഇതു മനഃസാക്ഷിയുടെ സ്വാതന്ത്ര്യമാണ്, ദൈവികസ്വാതന്ത്ര്യമാണ്, തിന്മയ്ക്കുമേലുള്ള നന്മയുടെ വിജയമാണ്. ഈ സ്വാതന്ത്ര്യത്തെപ്പറ്റിയാണ് ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്കു കരേറ്റപ്പെട്ട മറിയത്തിനും നമ്മോടു പറയാനുള്ളത്.