Be a love Bomb! Let it be exploded! Not to kill but heal the broken hearts കോട്ടയം വടവാതൂര്‍ സെന്റ്‌തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ വൈദികാര്‍ഥികളായിരുന്ന വര്‍ഗീസ് കരിപ്പേരി ബ്രദറും ഫ്രാന്‍സിസ് കൊടിയന്‍ ബ്രദറും പ്രാര്‍ഥനാപൂര്‍വം 1981 ഡിസംബര്‍ 8-ാം തീയതി പങ്കുവച്ച ഈ ആശയമാണ് ''എരിഞ്ഞടങ്ങാത്ത മുള്‍ച്ചെടി'യായി ആത്മാവില്‍ വളര്‍ന്ന് തടവറയിലെ ഇരുളറയില്‍ '' ലോകത്തിന്റെ പ്രകാശമായവനെ' തേടിയിറങ്ങാനുള്ള തീര്‍ഥാടനത്തിനു പ്രചോദനമായത്. ഈ ആശയം പകര്‍ന്നുനല്‍കിയ വെളിച്ചമാണ് തടവറമക്കളെ ചേര്‍ത്തുപിടിക്കുന്ന ജീസസ് ഫ്രട്ടേണിറ്റിക്കു ജീവന്‍നല്‍കിയത്. ഈ ആത്മീയചിന്ത നല്‍കിയ ദിശാബോധമാണ് അഴികള്‍ക്കുള്ളില്‍ അകപ്പെട്ടുപോയവന് പുറത്തിറങ്ങുമ്പോള്‍ അഭയമേകുന്ന സ്‌നേഹാശ്രമങ്ങള്‍ രൂപപ്പെടുത്തിയത്.
പരിശുദ്ധാത്മാവ് പകര്‍ന്നുനല്‍കിയ ഈ പ്രചോദനം സ്വീകരിച്ച് ഈ രണ്ടു സഹോദരന്മാരും റെക്ടറച്ചന്റെ അനുവാദത്തോടെ മറ്റു സഹോദരങ്ങളുമായി ഈ ആശയം പങ്കുവച്ചു. ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചൊരുങ്ങി തടവറമക്കളെ ഹൃദയത്തിലേറ്റുന്ന നൂതനമായ ഒരു ജീവിതശൈലിതന്നെ അവര്‍ സെമിനാരിയില്‍ രൂപപ്പെടുത്തിയെടുത്തു. 16 മാസത്തെ ഒരുക്കത്തിനും പ്രാര്‍ത്ഥനയ്ക്കുംശേഷം സെമിനാരിക്കാരുടെ ഒരു കൊച്ചുടീം ആദ്യമായി കോട്ടയം സബ്ജയിലിലേക്ക് 1985 ജൂലൈ 18ന് കടന്നുചെന്നു.
തടവറമക്കളുടെ ജീവിതം ''കുപ്പയിലെ മാണിക്യ''മാണെന്നു തിരിച്ചറിഞ്ഞ സെമിനാരിക്കാര്‍, കേരളത്തിലെ എല്ലാ ജയിലുകളും സന്ദര്‍ശിക്കുന്ന ഒരു മഹാതീര്‍ഥാടനത്തിന് പ്രാര്‍ത്ഥിച്ചൊരുങ്ങി. 1985 മാര്‍ച്ച് 10 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ആദ്യ അഖിലകേരള തടവറതീര്‍ഥാടനം നടത്തപ്പെട്ടു. തടവറമക്കളുടെ കണ്ണീര്‍ക്കണങ്ങളില്‍ പുണ്യസ്‌നാനം ചെയ്ത സെമിനാരിക്കാര്‍ ആത്മാവിനാല്‍ നവീകരിക്കപ്പെട്ടു. ജീവന്റെ സമൃദ്ധിയുള്ള പച്ചയായ പുല്‍ത്തകിടിയിലേക്കു ചുവടുവയ്ക്കാന്‍ ഈ സന്ദര്‍ശനം തടവറമക്കളെ ശക്തിപ്പെടുത്തി. നിരാശയില്‍ നിപതിച്ചിരുന്നവര്‍ ആദ്യമായി പ്രത്യാശയുടെ പൊന്‍കിരണം ദര്‍ശിച്ചു. കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും മാത്രം അനുഭവിച്ചിരുന്നവരിലേക്കു സെമിനാരിക്കാരുടെ വാക്കുകള്‍ ആശ്വാസത്തിന്റെ പുതുമഴയായി പെയ്തിറങ്ങി. 'പ്രതികള്‍' എന്നും 'ജയില്‍പുള്ളികള്‍' എന്നും വിളിക്കപ്പെട്ടിരുന്നവരെ 'സഹോദരാ' എന്നു വിളിച്ച് മാറോടുചേര്‍ക്കുന്ന ഒരു സമൂഹം തടവറയ്ക്കു പുറത്തു കാത്തിരിക്കുന്നുവെന്ന ചിന്ത കണ്ണീരുണങ്ങിയ കണ്ണുകള്‍ക്കു പ്രതീക്ഷയുടെ നക്ഷത്രത്തിളക്കം നല്‍കി. ഒത്തിരി വൈദികാര്‍ഥികള്‍ ഈ പുതിയ പ്രാര്‍ഥനാശൈലിയിലേക്ക് ആകൃഷ്ടരായി. തടവറമക്കളുടെ കണ്ണീരൊപ്പാന്‍ അവര്‍ തോളോടു തോള്‍ ചേര്‍ന്നു. തടവറപ്രേഷിതത്വം ഇടവകസമൂഹങ്ങളിലേക്കും സന്ന്യാസസമൂഹങ്ങളിലേക്കും മറ്റു സെമിനാരികളിലേക്കും പറിച്ചുനടപ്പെട്ടു.
തടവറപ്രേഷിതപ്രവര്‍ത്തനങ്ങളുടെ പ്രസക്തിയും ആവശ്യകതയും തിരിച്ചറിഞ്ഞ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (ഗഇആഇ) 1989 സെപ്റ്റംബര്‍ 8 ന് ജീസസ് ഫ്രട്ടേണിറ്റിയെ ഖൗേെശരല, ജലമരല മിറ ഉല്‌ലഹീുാലി േഇീാാശശൈീി ന്റെ കീഴില്‍ അംഗീകരിച്ച്, കോതമംഗലം രൂപതാംഗവും കോട്ടയം സെമിനാരിയിലെ പ്രൊഫസറുമായിരുന്ന ഫാ. ജോസഫ് മക്കോളിലിനെ ജീസസ് ഫ്രട്ടേണിറ്റിയുടെ പ്രഥമ സംസ്ഥാന ഡയറക്ടറായി നിയമിച്ചു. 1990 ജൂണ്‍ ഒന്നിന് പി.ഒ.സിയില്‍ ജീസസ് ഫ്രട്ടേണിറ്റിക്കായി ഒരു ഓഫീസും അനുവദിച്ചു നല്‍കപ്പെട്ടു.
തടവറപ്രേഷിതത്വത്തിന്റെ കാലികപ്രസക്തി
മനുഷ്യന്‍ പൂര്‍ണനല്ലാത്തതുകൊണ്ടുതന്നെ അവന്റെ നവീകരണത്തിന് ഏറെ പ്രസക്തിയുണ്ട്. ഒരു സാധാരണ മനുഷ്യന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ വീണുപോയ മനുഷ്യരുടെ ജീവിതത്തില്‍ ഇതിനുള്ള പ്രസക്തി എത്രയോ ഏറെയാണ്. തടവറയിലുള്ള മനുഷ്യരെല്ലാം വീണുപോയ മനുഷ്യരാണ്. എന്നാല്‍, അവരെന്നും തള്ളപ്പെടേണ്ടവരല്ല. വീഴ്ചയില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റ് നന്മയിലേക്കും സത്യത്തിലേക്കും സ്‌നേഹത്തിലേക്കും പരസ്പര ആദരവിലേക്കും പിച്ചവയ്ക്കാന്‍ കഴിവുള്ളവരാണവര്‍. തടവറകള്‍ ഒരുക്കേണ്ടത് അത്തരം സാധ്യതകളാണ്.
യഥാര്‍ഥമാനസാന്തരം നമ്മുടെ ലക്ഷ്യം
വഴിയൊരുക്കിയവനും, വഴിയായവനും, വഴിയേപോയവരും നല്കിയ സന്ദേശം ഒന്നായിരുന്നു - മാനസാന്തരപ്പെടുവിന്‍.'വഴിയൊരുക്കിയ സ്‌നാപകയോഹന്നാന്‍ വൃക്ഷത്തിന് കോടാലിവയ്ക്കപ്പെട്ടുകഴിഞ്ഞു എന്നു മുന്നറിയിപ്പു നല്കി. വഴിയായിത്തീര്‍ന്ന യേശുനാഥന്‍ അനുതപിച്ച് മാനസാന്തരത്തിന്റെ നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ആഹ്വാനം നല്കി. യേശുവാകുന്ന വഴിയേപോയ അപ്പസ്‌തോലന്‍മാരും പ്രഘോഷിച്ചത് അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവാനുള്ള ആഹ്വാനമാണ്.വീണുപോയവന്‍ എഴുന്നേല്ക്കണമെങ്കില്‍ അവന്‍ വീണുകിടക്കുകയാണെന്ന് അവന്‍തന്നെ തിരിച്ചറിയണം; അവന്റെ വീഴ്ച അവന്‍ അംഗീകരിക്കണം; ആ വീഴ്ചയിലേക്ക് അവന്‍ നയിക്കപ്പെട്ട കാരണങ്ങളും സാഹചര്യങ്ങളും എന്തായിരുന്നുവെന്ന് അവന്‍ മനസ്സിലാക്കണം. വീണുകിടക്കുമ്പോഴും താന്‍ വീണിട്ടില്ല എന്നുപറയുന്നവനെ എങ്ങനെ എഴുന്നേല്പിക്കും? കാര്യകാരണങ്ങളും തെളിവുകളും സഹിതം ശിക്ഷിക്കപ്പെട്ടിട്ടും ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നുപറയുന്നവനെ എങ്ങനെ മാനസാന്തരപ്പെടുത്തും? ആത്യന്തികമായ ഒരു മാറ്റത്തിനും വശംവദനാകാതെ ഒരുവനെ തടവറയില്‍ താമസിപ്പിച്ചതുകൊണ്ട് പ്രത്യേകിച്ച് എന്തുപ്രയോജനം? പുറത്തിറങ്ങുമ്പോള്‍ അവന്‍ ഇരട്ടി പ്രതികാരദാഹിയാകില്ലെന്നാരുകണ്ടു! തടവറകള്‍ മാറ്റത്തിന്റെ ഇടങ്ങളാകണം. തിരിച്ചറിവുകള്‍ ലഭിക്കുന്ന നേരിന്റെ വെട്ടം കടന്നുവരുന്ന അനുകൂലസാഹചര്യങ്ങള്‍ തടവറകളില്‍ ഉണ്ടാകണം. സ്‌നേഹക്കൂട്ടായ്മയിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും യഥാര്‍ത്ഥ മാനസാന്തരത്തിലേക്ക് തടവറമക്കളെ നയിക്കുകയെന്നതാണ് ജീസസ് ഫ്രട്ടേണിറ്റി ലക്ഷ്യം വയ്ക്കുന്നത്.
സ്‌നേഹാശ്രമങ്ങള്‍
'സ്‌നേഹാശ്രമങ്ങള്‍' എന്ന പേരില്‍ ജീസസ് ഫ്രട്ടേണിറ്റി നടത്തുന്ന പുനരധിവാസകേന്ദ്രങ്ങള്‍ ഒത്തിരി കുടുംബങ്ങള്‍ക്ക് ആശ്വാസമാണ്. താളം തെറ്റിയ അനേകം ജീവിതങ്ങള്‍ക്കു ബലം പകരുവാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. സ്‌നേഹാശ്രമത്തിന്റെ ചിട്ടവട്ടങ്ങള്‍ രൂപപ്പെടുത്തിയ ജീവിതങ്ങള്‍ ഇന്നു ധാരാളം കുടുംബങ്ങള്‍ക്കു താങ്ങായി, തണലായി മാറിയിട്ടുണ്ട്. ദുശ്ശീലങ്ങളുടെ പിടിയില്‍നിന്നും ലഹരികളുടെ ആസക്തിയില്‍നിന്നും വിമോചനം നേടിയവരും ഏറെ. ജീസസ് ഫ്രറ്റേണിറ്റിയിലൂടെ രൂപപ്പെട്ട ഈ പുനരധിവാസകേന്ദ്രങ്ങള്‍വഴി ജീവിതനവീകരണം പ്രാപിച്ച മക്കളും കുടുംബങ്ങളുംതന്നെയാണ് നമ്മുടെ പ്രവര്‍ത്തനമികവിന്റെ തെളിവും ഫലവുമായി നിലകൊള്ളുന്നത്.
ഇന്ത്യയില്‍ മൊത്തം ഇരുപതു സ്‌നേഹാശ്രമങ്ങള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അതില്‍ എട്ടെണ്ണം കേരളത്തിലാണ്. തൃശൂര്‍ ജില്ലയിലെ വെട്ടുകാട് എന്ന സ്ഥലത്താണ് 1991 ഒക്ടോബര്‍ ഒന്നാം തീയതി പുരുഷന്മാര്‍ക്കുവേണ്ടിയുള്ള ആദ്യ സ്‌നേഹാശ്രമം സ്ഥാപിതമായത്. 1992 ഒക്ടോബര്‍ 11ന് തിരുവനന്തപുരം മണ്‍വിളയില്‍ സ്ത്രീകള്‍ക്കുവേണ്ടിയും 1994 ജൂലൈ മൂന്നിന് കാഞ്ഞിരപ്പള്ളിയിലെ ഇഞ്ചിയാനിയില്‍ കുട്ടികള്‍ക്കുവേണ്ടിയും സ്‌നേഹാശ്രമങ്ങള്‍ സ്ഥാപിക്കപ്പെട്ടു. പ്രാരംഭപരിശീലനത്തിനു ശേഷം അവരെ രണ്ടാം ഘട്ടം ആശ്രമത്തിലേക്കു പ്രവേശിപ്പിക്കുവാനാണ് നമ്മള്‍ പരിശ്രമിക്കുന്നത്. ഓരോരുത്തരുടെയും അഭിരുചിയും പഠനയോഗ്യതയും അനുസരിച്ച് അവരെ ജോലി കണ്ടെത്താന്‍ ഈ ഘട്ടത്തില്‍ നമ്മള്‍ സഹായിക്കുന്നു.
മതംമാറ്റം നമ്മുടെ ലക്ഷ്യമല്ല, മനം മാറ്റവും ജീവിതനവീകരണവുമാണ് നമ്മള്‍ ലക്ഷ്യം വയ്ക്കുന്നത്.
പ്രത്യാശയുടെ ദിവ്യതാരകം
തടവറയില്‍ അടയ്ക്കപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷം പേരും കടുത്ത നിരാശയിലാണ്. തത്ഫലമായി ആത്മഹത്യാപ്രവണതയും അക്രമസ്വഭാവവും പ്രകടിപ്പിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ശിക്ഷയുടെ ഭാഗമായിത്തന്നെ സമൂഹത്തില്‍നിന്നും, കുടുംബത്തില്‍നിന്നും പ്രിയപ്പെട്ടവരില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരാണെങ്കിലും അവരും മനുഷ്യരാണ്. ന്യായമായ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്. അവര്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ല; ശിക്ഷ നല്‍കിയത് തെറ്റാണെന്നും പറയുന്നില്ല; ഇതൊന്നും ഒരു തിരിച്ചറിവിലേക്കും ശരിയായ ബോധ്യത്തിലേക്കും സ്വത്വബോധത്തിലേക്കും അവരെ നയിക്കുന്നില്ലെങ്കില്‍ ഈ ശിക്ഷാവിധികൊണ്ട് എന്തുഫലം?
കുറ്റകൃത്യങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് ഇന്നു നമ്മുടെ കേരളത്തില്‍പോലും ഉള്ളത്. കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍പോലും ഉള്‍പ്പെട്ടുപോകുന്ന കാഴ്ചയും നമ്മെ നൊമ്പരപ്പെടുത്തുന്നു. ഇതില്‍ പെണ്‍കുട്ടികള്‍പോലും പങ്കാളികളാകുന്നുവെന്ന യാഥാര്‍ഥ്യവും നമ്മെ ഞെട്ടിപ്പിക്കുകയാണ്. കൗണ്‍സലിങ്ങുപോലും ഫലപ്രദമാകില്ല ഇക്കൂട്ടര്‍ക്ക്. ഉപകാരപ്രദമായ ചികിത്സാസംവിധാനങ്ങളുടെ അഭാവവും ജയില്‍അന്തരീക്ഷത്തെ കലുഷിതമാക്കുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പെട്ടുപോയ മക്കളെയോര്‍ത്ത് എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചുപോകുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമാണ് ജീസസ് ഫ്രട്ടേണിറ്റി. ഏറ്റവും ഫലപ്രദമായ ചികിത്സാകേന്ദ്രങ്ങളിലേക്ക് ആ മക്കളെ എത്തിക്കുവാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്.
അനുയാത്രയുടെ എമ്മാവൂസ് അനുഭവം
നക്ഷത്രം നോക്കി യാത്ര ചെയ്യുന്നവന്റെ അനുഭവം അതു തന്റെ കൂടെയുണ്ട് എന്നതാണ്. തടവറമക്കള്‍ ഏകാന്തപഥികരാണ്. അവരുടെ സഹയാത്രികനാകാനുള്ള വിളിയാണ് ജീസസ് ഫ്രറ്റേണിറ്റി പ്രേഷിതന്റേത്. എമ്മാവൂസിലേക്കുപോയ ശിഷ്യന്‍മാര്‍ക്ക് വചനവ്യാഖ്യാനത്തിലൂടെ കര്‍ത്താവ് തിരുത്തലുകള്‍ നല്‍കി; ബോധ്യങ്ങള്‍ പകര്‍ന്ന് അപ്പം മുറിച്ചുനല്‍കി, സ്‌നേഹം പങ്കിട്ട്, ശിഷ്യന്‍മാരെ തിരികെക്കൊണ്ടുവന്നതുപോലെ (ലൂക്കാ 24: 25-31) അവരുടെകൂടെ ചരിക്കാന്‍ തയ്യാറായാല്‍ നേരായ വഴിയിലേക്കു നമുക്കവരെ എത്തിക്കാന്‍ സാധിക്കും. കടുത്ത ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണ് തടവറയിലുള്ളവര്‍. തെറ്റായ ബോധ്യങ്ങളാല്‍ നയിക്കപ്പെട്ട് കുറ്റകൃത്യങ്ങളില്‍ പെട്ടുപോകുന്നവരുണ്ട്. പകയും വെറുപ്പും പ്രതികാരവും തടവറയില്‍ എത്തിക്കുന്നവരുമുണ്ടാകും. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി സുബോധമില്ലാതെ കുറ്റകൃത്യങ്ങളില്‍ പെട്ടുപോകുന്നവരുമുണ്ട്. സുബോധമാകുമ്പോഴേക്കും എല്ലാം കഴിഞ്ഞുകാണും. പിന്നെ ജീവിതം ഒറ്റപ്പെട്ട തുരുത്തായി മാറുകയാണ്. നാവികര്‍ക്ക് ദിശാബോധം നല്‍കുന്ന ലൈറ്റ് ഹൗസ് പോലെ തിന്മയുടെ ആഴക്കയങ്ങളില്‍ വ്യാപരിച്ചവര്‍ക്ക് നന്മയിലേക്കുള്ള വഴികാട്ടിയായി നിലകൊള്ളാന്‍ ജീസസ് ഫ്രട്ടേണിറ്റിക്കു സാധിക്കുന്നു.
നിങ്ങള്‍ക്കും തടവറപ്രേഷിതരാകാം:
തടവറമക്കള്‍ക്കുവേണ്ടി എല്ലാ ദിവസവും മുടങ്ങാതെ, തീക്ഷ്ണതയോടുകൂടി, 'തടവറമക്കളുടെ ജീവിതനവീകരണം' നിയോഗം പ്രാര്‍ഥിക്കുന്നവര്‍ തടവറപ്രേഷിതരാണ്.
തടവറ സന്ദര്‍ശിച്ച് അവര്‍ക്ക് സന്മാര്‍ഗബോധവും പ്രചോദനവും കൗണ്‍സലിങ്ങും നല്‍കാന്‍ സാധിക്കുന്നവരും സൗകര്യമുള്ളവരും തടവറപ്രേഷിതരാണ്. ആഗ്രഹമുള്ളവര്‍ അറിയിച്ചാല്‍ അവരെ അടുത്തുള്ള ജീസസ് ഫ്രട്ടേണിറ്റി യൂണിറ്റുമായി ബന്ധിപ്പിച്ച് അതിനുള്ള സൗകര്യം ഒരുക്കുന്നതാണ്. താത്പര്യമുള്ളവര്‍ 94479 64663 എന്ന നമ്പറില്‍ ബന്ധപ്പെടുമല്ലോ.
ഫാ. മാര്‍ട്ടിന്‍ തട്ടില്‍ (ജീസസ് ഫ്രട്ടേണിറ്റി കേരള സ്റ്റേറ്റ് ഡയറക്ടര്‍ )