''എവിടെ മനസ്സ് നിര്‍മലവും
ശിരസ്സ് ഉന്നതവുമാണോ,
എവിടെ അറിവ് സ്വതന്ത്രമാണോ,
എവിടെ ഇടുങ്ങിയ ഭിത്തികളാല്‍
ലോകം കൊച്ചുകഷണങ്ങളായി
വിഭജിക്കപ്പെടാതിരിക്കുന്നുവോ,
എവിടെ സത്യത്തിന്റെ
അഗാധതലങ്ങളില്‍നിന്ന്
വാക്കുകള്‍ ഉദ്ഗമിക്കുന്നുവോ,
ആ സ്വാതന്ത്ര്യത്തിന്റെ
സ്വര്‍ഗത്തിലേക്ക്
എന്റെ ദൈവമേ,
എന്റെ രാജ്യം ഉണരേണമേ''
- രവീന്ദ്രനാഥ് ടാഗോര്‍
മഹത്തായ ഒരു സ്വാതന്ത്ര്യസമരത്തിലൂടെ, നൂറ്റാണ്ടുകള്‍ നീണ്ട കോളനിവാഴ്ചയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ഒരു സ്വതന്ത്രരാഷ്ട്രമായി ഇന്ത്യ മാറിയതിന്റെ എഴുപത്തിയേഴു വര്‍ഷങ്ങള്‍ നമ്മള്‍ പിന്നിടുകയാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌സാമ്രാജ്യത്തിനെതിരേ സമാനതകളില്ലാത്ത ഐതിഹാസികസമരത്തിലൂടെയാണ് നമ്മള്‍ സ്വാതന്ത്ര്യം നേടിയത്. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍വിപ്ലവം, ചൈനീസ്‌വിപ്ലവം തുടങ്ങി വിമോചനത്തിനുവേണ്ടി നടന്ന രക്തരൂഷിതപോരാട്ടങ്ങളിലൂടെയല്ല നമ്മള്‍ സ്വാതന്ത്ര്യം നേടിയത്; മറിച്ച്, ലോകത്ത് ഒരുപക്ഷേ മറ്റൊരു ജനതയ്ക്കും അവകാശപ്പെടാന്‍ കഴിയാത്ത, ആത്മീയതയില്‍ അടിസ്ഥാനമിട്ട സഹനത്തിന്റെയും ത്യാഗത്തിന്റെയും അഹിംസയുടെയും വഴികളിലൂടെയാണ് നമ്മുടെ പൂര്‍വികര്‍ സ്വാതന്ത്ര്യം നേടിത്തന്നത്.
സ്വപ്നം കണ്ടത്
ആത്മാഭിമാനമുള്ള ജനതയെ
സ്വാതന്ത്ര്യം എന്ന വാക്കുകൊണ്ട് സ്വാതന്ത്ര്യസമരനേതാക്കന്മാര്‍ വിവക്ഷിച്ചത്, ആത്മാഭിമാനത്തോടെ തല യുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന ഒരു ജനത അധിവസിക്കുന്ന ഇന്ത്യ എന്നാണ്. പരമാധികാരമാണ് സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമെങ്കില്‍ അതിന് അര്‍ഥം നല്‍കുന്നത് ആരുടെ മുമ്പിലും തലകുനിക്കാതെ നില്‍ക്കുന്ന ആത്മാഭിമാനമാണ്. കഴുമരങ്ങളുടെ മുമ്പില്‍പ്പോലും തലകുനിക്കാതെ നിന്ന ധീരരായ സ്വാതന്ത്ര്യഭടന്മാര്‍ സ്വപ്നം കണ്ടത് അധികാരത്തിനുമുമ്പില്‍ ശിരസ്സുകുനിക്കാതെ ആത്മാഭിമാനത്തോടെ നില്‍ക്കുന്ന ഒരു ജനതയെയാണ്. ജാതി, മതം, വര്‍ണം, ലിംഗം, സമ്പത്ത്, വിദ്യാഭ്യാസം തുടങ്ങി യാതൊന്നും ഒരു പൗരന്റെപോലും ശിരസ്സു കുനിയാന്‍ അനുവദിക്കാത്ത സ്വാതന്ത്ര്യമായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമരനേതാക്കള്‍ ആഗ്രഹിച്ചത്. രാഷ്ട്രീയസ്വാതന്ത്ര്യത്തിനൊപ്പംതന്നെ സാമൂഹികമായ അനീതികള്‍ക്കെതിരേയുംകൂടി നടന്ന സമരമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമരം.
' ഇന്ത്യയിലെ കോടാനുകോടി വിശക്കുന്ന വയറുകള്‍ക്കുമുകളില്‍ രാഷ്ട്രീയസ്വാതന്ത്ര്യം അടിച്ചേല്പിക്കരുത്'എന്ന ഉറച്ചവാക്കുകളാണ് മഹാത്മാഗാന്ധി എന്നും പ്രകടിപ്പിച്ചിരുന്നത്. രാഷ്ട്രീയസ്വാതന്ത്ര്യത്തിനൊപ്പം സാമ്പത്തികവും സാമൂഹികവുമായ വിമോചനവും നമ്മുടെ ലക്ഷ്യമായിരുന്നു. ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യക്കാരിലേക്ക് അധികാരക്കൈമാറ്റം നടക്കുന്നതുകൊണ്ടുമാത്രം നമ്മള്‍ പൂര്‍ണരായും സ്വാതന്ത്രരാവില്ലെന്നും അസ്വാതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും എല്ലാത്തരം നുകങ്ങളെയും പൂര്‍ണമായും എടുത്തുമാറ്റിയാലേ സ്വാതന്ത്ര്യം പൂര്‍ണമാവുകയുള്ളൂ എന്നുമുള്ള വ്യക്തവും ഉറച്ചതുമായ നിലപാടാണ് നമ്മുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ വ്യത്യസ്തമാക്കിയത്. ടാഗോറിന്റെ വരികളില്‍ പ്രകടമാകുന്നത് ഈ സ്വപ്നമാണ്.
സ്വപ്നങ്ങള്‍ പ്രതിഫലിച്ചത് ഭരണഘടനയില്‍
ഈ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള അക്ഷീണപരിശ്രമങ്ങളുടെ ആകത്തുകയായിരുന്നു നമ്മുടെ ഭരണഘടനയുടെ രൂപീകരണം. ഭാവി ഇന്ത്യയെ രാഷ്ട്രശില്പികള്‍ സ്വപ്നംകണ്ടത് ഭരണഘടനയിലൂടെയാണ്. വിഭജനത്തിന്റെ ആഴമേറിയ മുറിവുകളില്‍ വര്‍ഗീയത കരിനിഴല്‍ വീഴ്ത്തിയ രാഷ്ട്രീയസാഹചര്യങ്ങള്‍ ചുറ്റുപാടും പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചപ്പോള്‍, സമാധാനത്തിന്റെയും അഹിംസയുടെയും ലോകപ്രവാചകന്റെ ശുഷ്‌കമായ വാരിയെല്ലിന്‍കൂട്ടിലേക്കു പാഞ്ഞുചെന്ന മൂന്നു വെടിയുണ്ടകള്‍ ആ വര്‍ഗീയവെറുപ്പിന്റെ ആഴം എത്ര രൂക്ഷമാണ് എന്നു വ്യക്തമാക്കിയപ്പോഴും, നമ്മുടെ ഭരണഘടനാശില്പികള്‍ ധീരമായി പ്രഖ്യാപിച്ചത് ഒരുതരത്തിലുമുള്ള ഭൂരിപക്ഷാധിപത്യമല്ല; മറിച്ച്, എല്ലാവിധത്തിലുമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇത് തങ്ങളുടെ രാജ്യമാണ് എന്ന വിശ്വാസം ഉറപ്പുവരുത്തി ഭൂരിപക്ഷ-ന്യൂനപക്ഷസഹവര്‍ത്തിത്വവും സമഭാവനയും പ്രഘോഷിക്കലാണ് ഇന്ത്യയുടെ സത്ത എന്നാണ്. ഭരണഘടനാശില്പികളുടെ മഹത്തായ സ്വപ്നങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ട പവിത്രമായ ഭരണഘടനയില്‍ വലിയ പോറലുകള്‍ ഏല്പിക്കപ്പെടുന്നു എന്നാണ് വര്‍ത്തമാനകാലസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ ആകാശം നഷ്ടപ്പെടുന്നുവോ?
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയെട്ടാം പുലരിയിലേക്കു നടന്നടുക്കുമ്പോള്‍ മഹത്തായ ഈ രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ നമ്മളോരോരുത്തരുടെയും ശിരസ്സുകള്‍ ആത്മാഭിമാനത്തോടെ ഉയര്‍ന്നുതന്നെയാണോ നില്‍ക്കുന്നത് എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. മുമ്പൊരിക്കലും ഇല്ലാത്തവിധം അസ്വസ്ഥതകളുടെയും, നിരാശകളുടെയും നടുവിലൂടെയാണ് നമ്മുടെ മഹത്തായ രാജ്യത്തിന്റെ ജനാധിപത്യം ഇന്നു കടന്നുപോകുന്നത്. വിശാലസാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സമഭാവനയുടെയും നീലാകാശം നമ്മള്‍ക്കു നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. അശാന്തിയുടെയും അസഹിഷ്ണുതയുടെയും കാര്‍മേഘങ്ങള്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പൊതുഇടങ്ങളിലേക്കു കടന്നുകയറുകയും രാജ്യത്തിന്റെ നിലനില്പിനുതന്നെ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പണക്കൊഴുപ്പില്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയും, വര്‍ഗീയകോമരങ്ങള്‍ ആടിത്തിമിര്‍ക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യപ്പുലരി ഇനി എന്തു പ്രതീക്ഷകളാണ് നമുക്കു ബാക്കിവയ്ക്കുന്നത്?
സ്വാതന്ത്ര്യസമരസേനാനികള്‍ വളരെ ഗൗരവപൂര്‍വം സ്വപ്നം കണ്ടിരുന്ന, നോക്കിക്കണ്ടിരുന്ന ഭൂതകാലഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ജനാധിപത്യപെരുമാറ്റച്ചട്ടങ്ങള്‍, സ്ഥാപനങ്ങള്‍, മൂല്യങ്ങള്‍ തുടങ്ങിയവയൊക്കെ പരസ്യമായിത്തന്നെ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു! ഒരുപാടിടങ്ങളില്‍ ഒരുപക്ഷേ നാംപോലും അറിയാതെ നമ്മുടെ ശിരസ്സുകള്‍ കുനിഞ്ഞുകൊണ്ടേയിരിക്കുന്നു. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍, കര്‍ഷകര്‍, ദലിതുകള്‍, ആദിവാസികള്‍ തുടങ്ങിയ അധഃസ്ഥിതവിഭാഗങ്ങള്‍ ഇന്ന് അതിജീവനത്തിനുവേണ്ടി കനത്ത പോരാട്ടത്തിലാണ്. ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോള്‍, ഭരണഘടനയില്‍ പോറലുകള്‍ വീഴുമ്പോള്‍, നീതിന്യായപീഠങ്ങളുടെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടുമ്പോള്‍, ന്യൂനപക്ഷങ്ങളുടെനേരെ ആക്രോശങ്ങള്‍ ഉയരുമ്പോള്‍, കര്‍ഷകരുടെ വിലാപം കണ്ണീര്‍പ്പുഴയായി തെരുവുകളില്‍ ഒഴുകുമ്പോള്‍, സ്ത്രീകള്‍ക്കും ദളിതര്‍ക്കും എതിരായി നടക്കുന്ന അക്രമങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍, നമ്മുടെ ശിരസ്സുകള്‍ വീണ്ടും വീണ്ടും കുനിഞ്ഞുകൊണ്ടേയിരിക്കുന്നു.
സ്വപ്നങ്ങളിലേക്കു തിരിച്ചുനടക്കണം
ചരിത്രത്തിന്റെ സവിശേഷമായൊരു വഴിത്തിരിവിലാണു നാമിപ്പോള്‍. ഇന്ത്യയിലെ പൗരന്മാരെന്നനിലയ്ക്ക് നമ്മള്‍ ഏറ്റവും ജാഗ്രതയോടെ നിലകൊള്ളേണ്ട നാളുകളാണിവ. ഇത്തരമൊരു രാജ്യത്തിനുവേണ്ടിയല്ല സ്വാത്രന്ത്യസമരസേനാനികള്‍ വിയര്‍പ്പും രക്തവുമൊഴുക്കിയത്. മതത്തിന്റെയോ ജാതിയുടെയോ നിറത്തിന്റെയോ വേര്‍തിരിവില്ലാതെ തോളോടുതോള്‍ ചേര്‍ന്നുനിന്ന് അവര്‍ പൊരുതിയത് ഈയൊരു ഇന്ത്യയ്ക്കുവേണ്ടിയല്ല. ഈ ഇന്ത്യയെക്കുറിച്ചല്ല 1947 ല്‍ നമുക്കു സ്വാതന്ത്ര്യം ലഭിച്ച രാത്രി ജവഹര്‍ലാല്‍ നെഹ്റു ആവേശപൂര്‍വം സംസാരിച്ചത്. 'വര്‍ഷങ്ങള്‍ക്കുമുമ്പ് വിധിയുമായി നാമൊരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ആ കരാര്‍ നിറവേറ്റാനുള്ള സമയമായിരിക്കുന്നു. നാമതു നിറവേറ്റും. പൂര്‍ണമായല്ലെങ്കിലും, വലിയൊരളവ് വരെ' എന്നായിരുന്നു നെഹ്റുവിന്റെ പ്രസംഗത്തിന്റെ തുടക്കം. നമ്മുടെ കാലത്തു ജീവിച്ചിരുന്ന ഏറ്റവും വലിയ മനുഷ്യനൊരു സ്വപ്നമുണ്ടായിരുന്നു എന്ന് ആ പ്രസംഗത്തില്‍ നെഹ്റു ഓര്‍മിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ സ്വപ്നങ്ങളെക്കുറിച്ചാണ് നെഹ്റു അന്ന് ആവേശത്തോടെ സംസാരിച്ചത്. ഓരോരുത്തരുടെയും കണ്ണുകളിലെ കണ്ണീര്‍ തുടച്ചുകളയുക എന്നതായിരുന്നു ആ സ്വപ്നം. ഗാന്ധിയുടെ മാത്രമായിരുന്നില്ല ആ സ്വപ്നം; കോടാനുകോടി ഭാരതീയരുടേതുകൂടിയായിരുന്നു. 77 വര്‍ഷത്തിനിപ്പുറവും ആ സ്വപ്നം എത്രയോ ദൂരത്തിനപ്പുറമാണ് എന്നൊരു ഓര്‍മപ്പെടുത്തല്‍കൂടിയാവട്ടെ ഈ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍.