•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

കുതിച്ചുപായുന്ന കമ്മിയെ പിടിച്ചുകെട്ടാനാവുമോ?

റുതികൊണ്ടു പൊറുതിമുട്ടുന്ന കാലത്തു നീക്കിയിരിപ്പ് എന്നതു തികച്ചും അപ്രായോഗികമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ പത്തുമാസത്തിലേറെയായി ലോകം കൊവിഡ് ഭീതിയില്‍ ആണ്ടുകിടക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. മുന്‍ അനുഭവം ഇല്ലാത്ത ഒരു സ്ഥിതിവിശേഷത്തിലൂടെയാണു ലോകം കടന്നുപോകുന്നത്. അവികസിതമെന്നോ വികസ്വരമെന്നോ വികസിതമെന്നോ അതിവികസിതമെന്നോ ഭേദമില്ലാതെ എല്ലാ രാജ്യങ്ങളും സാമ്പത്തികപ്രതിസന്ധിയിലാണ്. അതിനേക്കാളുപരി അതുവഴി രൂപംകൊണ്ട സാമൂഹികാസ്ഥിരതയെ എങ്ങനെ അഭിമുഖീകരിക്കണം എന്ന വ്യാകുലത ലോകത്തെ എല്ലാ ഭരണകൂടങ്ങളെയും അലട്ടുന്നു. സര്‍വ്വമാനഭേദവിചാരങ്ങളെയും ഉന്മൂലനം ചെയ്യുന്ന പ്രകൃതിയുടെ കാവ്യനീതി എന്നൊക്കെ കൊവിഡ് മഹാമാരി വിശേഷിപ്പിക്കപ്പെട്ടുവെങ്കിലും മാനവരാശി കണ്ട ഏറ്റവും ദുര്‍ഗ്രഹവും ദൈര്‍ഘ്യമേറിയതും സാര്‍വത്രികവുമായ ഒരു പ്രതിസന്ധിഘട്ടമാണ് ഇത് എന്നതു നിസ്തര്‍ക്കമാണ്. 
ഇന്നേവരെയുള്ള സ്ഥിതിവിവരക്കണക്കുപ്രകാരം 82 ലക്ഷം കടന്നിരിക്കുന്നു രാജ്യത്തെ കൊവിഡ് ബാധിതര്‍. മരണത്തിനു കീഴടങ്ങിയവരാവട്ടെ 12.3 ലക്ഷത്തോളവും. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍പോലെ നൂറ്റാണ്ടുകള്‍ പിന്നിട്ടാലും ചര്‍ച്ച ചെയ്യപ്പെടുന്ന, ഭീതിയോടെ ഓര്‍മ്മിക്കപ്പെടുന്ന ഒരു ചരിത്രസന്ധിയായി കൊവിഡ് വ്യാപനം മാറും എന്നു വ്യക്തമാക്കുന്നു മേല്‍കണക്കുകള്‍. കൊവിഡ് ലോകസമ്പദ്‌വ്യവസ്ഥയ്ക്ക് ഏല്പിച്ചിരിക്കുന്ന ആഘാതവും സമാനതയില്ലാത്തതാണ്. ലോകസാമ്പത്തികശക്തികളില്‍ ഒന്നായ നമ്മുടെ രാജ്യവും അതില്‍നിന്നു മുക്തമല്ല. കൊവിഡ് മഹാമാരിമൂലം ഏറ്റവുമധികം പ്രതിസന്ധിയിലായ സംസ്ഥാനങ്ങളിലൊന്നാണു നമ്മുടെ  കേരളം. പ്രവാസിസമൂഹം രാജ്യത്തിന്റെയും ലോകത്തിന്റെതന്നെയും വിവിധ കോണുകളില്‍നിന്ന് അയയ്ക്കുന്ന പണത്തെ പ്രധാനമായും ആശ്രയിച്ചുനില്‍ക്കുന്നതാണു നമ്മുടെ സംസ്ഥാനത്തിന്റെ സമ്പദ്ഘടന എന്നതുതന്നെ അതിനു കാരണം. വിദേശരാജ്യങ്ങളില്‍നിന്നു രണ്ടു ലക്ഷത്തിലേറെ  പേരാണ് വന്ദേഭാരത് ദൗത്യത്തിന്റെയും മറ്റും ഭാഗമായി രായ്ക്കുരാമാനം തൊഴിലും സമ്പാദ്യവുമൊക്കെ വിട്ടെറിഞ്ഞു നാടണഞ്ഞത്. അന്യസംസ്ഥാനങ്ങളില്‍നിന്നു മടങ്ങിയെത്തിവരുടെ എണ്ണംകൂടി ചേര്‍ത്താല്‍ കുറഞ്ഞത് ആറു ലക്ഷം പ്രവാസികള്‍ വരുമാനം നിലച്ചു നാട്ടിലുണ്ട്. അവരില്‍ ഭൂരിപക്ഷത്തിനും തൊഴില്‍ നഷ്ടമായിക്കഴിഞ്ഞു. ഇനിയെന്ത് എന്ന വലിയ ചോദ്യവുമായാണ് അവര്‍ ഇവിടെ കഴിയുന്നത്. അവരിലൂടെ നമ്മുടെ നാട്ടിലേക്ക് എത്തിയിരുന്ന കോടിക്കണക്കിനു രൂപയുടെ ഒഴുക്കും നിലച്ചിരിക്കുന്നു. 
സംസ്ഥാനത്തെ വാണിജ്യ-വ്യാവസായിക-നിര്‍മ്മാണ-സേവനമേഖലകളിലെല്ലാം  സ്തംഭനാവസ്ഥ പ്രകടം. സാമ്പത്തികവര്‍ഷത്തിന്റെ മധ്യത്തോടുകൂടി മാത്രമേ പ്രതിസന്ധിയുടെ രൂക്ഷത പൂര്‍ണതോതില്‍ മറനീക്കുകയുള്ളൂ. എങ്കിലും വരാനിരിക്കുന്നത് അതീവഗുരുതരപ്രതിസന്ധികാലമെന്ന മുന്നറിയിപ്പ് സാമ്പത്തികവിദഗ്ധര്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിക്കഴിഞ്ഞു. അതില്‍ എടുത്തുപറയേണ്ട ഒരു റിപ്പോര്‍ട്ടാണ് സംസ്ഥാന ധനസെക്രട്ടറി ആര്‍.കെ. സിങ്ങും  ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് അസോസിയേറ്റ് പ്രഫസര്‍ എല്‍. അനിതാകുമാരിയും ചേര്‍ന്നു തയ്യാറാക്കിയത്.  ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള, ഈ സാമ്പത്തികവര്‍ഷത്തെ ആദ്യനാലുമാസത്തെ മാത്രം കമ്മി 10578 കോടി രൂപയാണത്രേ. വരവും  ചെലവും തമ്മിലുള്ള അന്തരമാണു കമ്മി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവിലെ ജി.എസ്.ടി. വരുമാനം 7342 കോടി രൂപയായിരുന്നു. ഇത്തവണ അത് 4779 കോടി. ഇടിവ് 2563 കോടി. തനതു നികുതിവരുമാനത്തിലും സാരമായ കുറവാണുണ്ടായത്. 
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏപ്രില്‍-ജൂലൈ പീരിഡില്‍ 2803 കോടി രൂപ ആയിരുന്നു തനതു നികുതിയായി ലഭിച്ചതെങ്കില്‍ ഇപ്രാവശ്യം അതു കേവലം 581 കോടി. 80 ശതമാനത്തിന്റെ കുറവ്. ലോട്ടറിയില്‍നിന്ന് ഉള്‍പ്പെടെയുള്ള വരുമാനം നിലച്ചതാണു കാരണം. വരുമാനത്തില്‍ ഭീമമായ ഇടിവുണ്ടായതിനെത്തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങള്‍ ഒന്നടങ്കം ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യമായ തോതില്‍ വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍, കേരളമാകട്ടെ ക്ഷേമപെന്‍ഷനുകള്‍ അടക്കമുള്ളവ ലഭ്യമാക്കുകയാണു ചെയ്തത്. സൗജന്യഭക്ഷ്യക്കിറ്റ് വിതരണമുള്‍പ്പെടെയുള്ള വലിയ പദ്ധതികള്‍ വേറേയും. തല്‍ഫലമായി സാധാരണയില്‍ക്കവിഞ്ഞ ചെലവാണ് സര്‍ക്കാരിനുണ്ടായത്. അതുമൊക്കെ കമ്മി റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേരുന്നതിനു കാരണമായി. കൊവിഡ് ഭീതി എന്നൊഴിയും എന്ന് ഇപ്പോഴും വ്യക്തമല്ല. കൊവിഡ്  വാക്‌സിന്‍ എന്നു ലഭ്യമാകുമെന്നും ഉറപ്പില്ല. അതുകൊണ്ടുതന്നെ സമ്പദ്‌വ്യവസ്ഥ എപ്പോള്‍ പൂര്‍ണസജീവത കൈവരിക്കുമെന്നും ആര്‍ക്കും പറയാനാവില്ല. ഒന്നുറപ്പാണ്. കൊവിഡ് ചെറുതല്ലാത്ത ഒരു  കാലത്തേക്കുകൂടി നമുക്കൊപ്പം ഉണ്ടാകും. കൊവിഡിന്റെ സാന്നിധ്യത്തില്‍ത്തന്നെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണു ചിന്തിക്കേണ്ടതെന്ന് അഭിപ്രായമുള്ള സാമ്പത്തികവിദഗ്ധരും ഉണ്ട്. എന്തായാലും ഒരു വലിയ ചോദ്യം ലോകത്തെ എല്ലാ ഭരണകൂടങ്ങളും അഭിമുഖീകരിക്കുന്നു. കുതിച്ചുപായുന്ന കമ്മിയെ പടിച്ചുകെട്ടാനാവുമോ?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)