മഴനൂലുകള്‍ക്കു കനംകുറഞ്ഞപ്പോള്‍ മാനുക്കുട്ടന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. കിഴക്കന്‍മാനത്ത് കാര്‍മേഘങ്ങള്‍ കാത്തുകിടക്കുന്നു. പാടംനിറഞ്ഞ് പുഴവെള്ളം അടുത്തുള്ള പറമ്പിലേക്ക് എത്തിനോക്കുന്നു. പാടത്തിന്റെ അരികിലൂടെയുള്ള പാത പൂര്‍ണമായും മൂടിക്കിടക്കുന്നു. പാടത്തിനു നടുവിലൂടെ കുട്ടികള്‍ കൊച്ചുവള്ളങ്ങളില്‍ വള്ളംകളി നടത്തുന്നു.
മാനുക്കുട്ടന് മഴയെ പേടിയാണ്. പെരുമഴയില്‍ പുഴനിറയുമ്പോള്‍ മനസ്സില്‍ ഭയം പെരുമ്പറകൊട്ടും. എന്നാല്‍ പണ്ട്... ബാല്യത്തില്‍നിന്നു കൗമാരത്തിലേക്കു കടക്കുന്ന കാലത്ത് മാനുക്കുട്ടന് മഴയോടു പ്രണയമായിരുന്നു. പെരുമഴക്കാലത്ത്പുഴ നിറയുമ്പോള്‍, പുഴ പാതകളിലേക്കു കടന്നുകയറുമ്പോള്‍ ആനന്ദത്തില്‍ ആറാടിയിട്ടുണ്ട്. പുതുമഴയില്‍ പുഴയില്‍ മീനുകള്‍ വിരുന്നെത്തുമ്പോള്‍ അച്ഛനൊപ്പം കൂട്ടുപോയിട്ടുണ്ട്. കൂടനിറയെ മീനുമായി പാതിരാത്രിയില്‍ തിരിച്ചെത്തുമ്പോള്‍ ജേതാവിന്റെ ഭാവമായിരുന്നു മുഖത്ത്.
മാനുക്കുട്ടന്റെ വീടിനുമുമ്പില്‍ പാടമാണ്. പാടത്തിന്റെ നടുവിലൂടെയാണ് പുഴ ഒഴുകുന്നത്. ചെറിയ പുഴ... ആ പുഴയിലാണ് അക്കാലത്ത് നാട്ടിലെ എല്ലാവരും കുളിച്ചിരുന്നതും മറ്റും. പാടത്തിന്റെ അരികിലൂടെ പാതയാണ്. പ്രധാനപാതയിലേക്കു ചെന്നെത്തുന്ന ഉപപാത. ആ പാതയുടെ ഒരു വശത്ത് ആല്‍ത്തറയുണ്ട്. ആല്‍ത്തറയുടെ പിന്നില്‍ അമ്പലവും.
മാനുക്കുട്ടന് പ്രായം അറുപതു കഴിഞ്ഞു. നാട്ടിലെ എല്‍.പി. സ്‌കൂളിലെ പാര്‍ട്ട് ടൈം ജീവനക്കാരനാണ്. എഴുപതു വയസ്സുവരെ ജോലി ചെയ്യാം. ചെറുതെങ്കിലും സ്ഥിരവരുമാനമാണ്. വൈകി വിവാഹം ചെയ്തതുകൊണ്ട് മകന് വയസ്സ് പതിനാറു കഴിഞ്ഞതേയുള്ളൂ. ഭാര്യ തൊഴിലുറപ്പു ജോലിക്കു പോകുന്നതുകൊണ്ട് വീട്ടില്‍ ഇരട്ടവരുമാനമാണ്.
പെട്ടെന്ന് മഴ ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി. ഒപ്പം ശക്തമായ കാറ്റും ഇടിമിന്നലും. മാനുക്കുട്ടന്റെ മനസ്സ് ചിന്തകളില്‍നിന്നും ഭയത്തിന്റെ കയങ്ങളിലേക്കു വഴുതിവീണു. പിന്നെ ഒരാശ്വാസത്തിനായി ജനലഴികളില്‍ മുഖം ചേര്‍ത്ത് ഭീതിയോടെ പുറത്തെ മഴയിലേക്കും പാടം നിറഞ്ഞുകവിയുന്ന വെള്ളത്തിലേക്കും നോക്കിനിന്നു.
മകന്‍ പിറകില്‍നിന്നും അയാളെ തൊട്ടുവിളിച്ചു.
''അച്ഛാ ഞാന്‍ നമ്മുടെ വള്ളത്തില്‍ അക്കരെ അമ്പലപ്പറമ്പിലേക്ക് ഒന്നു പോയിട്ടു വരാം. മഴയത്തു വള്ളം തുഴയാന്‍ നല്ല രസമാ...''
അവന്‍ ആവേശത്തോടെ ആവശ്യപ്പെട്ടു.
''വേണ്ട.'' അയാള്‍ അലറുന്ന മട്ടില്‍ പറഞ്ഞു. മകന്‍ സങ്കടം ഉള്ളിലൊതുക്കി മിണ്ടാതെനിന്നു. ഭാര്യ അകത്തുനിന്നും അയാളെ ശ്രദ്ധിക്കുന്നത് അപ്പോഴാണു കണ്ടത്. ഒന്നും പറയാതെ മകനെ ചേര്‍ത്തുപിടിച്ച് അടുക്കളയിലേക്കു നടന്നുപോയ ഭാര്യയെ മാനുക്കുട്ടന്‍ കണ്ടില്ലെന്നു നടിച്ചു.
ശക്തമായൊരു കാറ്റ് മുന്നറിയപ്പൊന്നും കൊടുക്കാതെ അയാളുടെ തോളിലെ മേല്‍മുണ്ട് പറത്തിക്കൊണ്ടുപോയി. നഗ്നമായ വലംതോളില്‍ അയാളുടെ കണ്ണുകള്‍ ഉടക്കിനിന്നു. മുറിച്ചുമാറ്റപ്പെട്ട വലംകൈയുടെ ഭാഗത്ത് ഇടംകൈയാല്‍ അറിയാതെയൊന്നു തലോടിപ്പോയി.
മാനുക്കുട്ടന്റെ മനസ്സ് വര്‍ഷങ്ങള്‍ക്കു പിറകിലേക്കു പറന്നു. കൗമാരത്തില്‍ ഇതുപോലൊരു മഴക്കാലത്ത് പാടം നിറഞ്ഞു പുഴ ആര്‍ത്തുല്ലസിച്ച ദിവസങ്ങളിലൊന്നില്‍ കൊച്ചുവള്ളത്തില്‍ അമ്പലപ്പറമ്പ് ലക്ഷ്യമാക്കി ഒറ്റയ്ക്കു തുഴഞ്ഞത് ഇന്നലെയെന്നപോലെ മനസ്സില്‍ തെളിഞ്ഞുവരുന്നു. വള്ളം പാടത്തിന്റെ നടുവില്‍ എത്തിയപ്പോള്‍ പെട്ടെന്ന് മഴ ഭീകരരൂപം പൂണ്ടു. കൊടുങ്കാറ്റ് ചീറിയടിച്ചു. ഇടിമിന്നലുകള്‍ തലങ്ങും വിലങ്ങും വാള്‍ വീശി. ഇടിമുഴക്കങ്ങള്‍ വന്‍സ്‌ഫോടനങ്ങളായി. പൊടുന്നനെയാണ് പാടത്തിനു മുകളിലെ കറന്റുകമ്പി പൊട്ടി മുഖത്തേക്കു പതിക്കുന്നത്. നിമിഷമാത്രയില്‍ വലംകൈകൊണ്ട് കറന്റു കമ്പി തട്ടുമാറ്റിയതു മാത്രം ഓര്‍മയുണ്ട്. ദിവസങ്ങള്‍ക്കുശേഷം കണ്‍തുറക്കുമ്പോള്‍ വലംകൈയുടെ ഭാഗത്ത് തുണിക്കെട്ടുകള്‍ മാത്രം.
കണ്ണീരിന്റെ അകമ്പടിയോടെ അമ്മയാണ് കാര്യങ്ങള്‍ പിന്നീട് പറഞ്ഞതുതന്നത്. കറന്റുകമ്പി കൈകൊണ്ടു തട്ടിയപ്പോള്‍ ദേഹത്തേക്കു കറന്റടിച്ചതും വലംകൈ കരിഞ്ഞുപോയതും ജീവന്‍തന്നെ തുലാസിലായതും ഒക്കെ... പിന്നെ വേദനയുടെ ദിനരാത്രങ്ങള്‍ എത്ര കടന്നുപോയി! അവസാനം വൈകിയാണെങ്കിലും അതിന്റെ പേരിലൊരു ജോലി.
മാനുക്കുട്ടന്‍ അകലേക്കു നോക്കിയിരുന്നു. മകനോട് അത്ര രൂക്ഷമായി പറയേണ്ടിയിരുന്നില്ല. അല്പം കുറ്റബോധം മനസ്സില്‍ ഉറഞ്ഞുകൂടി.
പിന്നില്‍ കാല്‍പ്പെരുമാറ്റം കേട്ട് തിരിഞ്ഞുനോക്കി. മകന്‍... അവന്‍ അടുത്തുവന്ന് അയാളെ കെട്ടിപ്പിടിച്ചു. പിന്നെ വലത്തുതോളില്‍ അറ്റുപോയ വലംകൈയുടെ ഭാഗത്ത് മെല്ലെ തലോടി... ഭാര്യസ്‌നേഹത്തോടെ അയാളെ നോക്കി നിന്നു.
കഥ
മഴയുടെ കനലുകള്‍
