രണ്ടാം ലോകമഹായുദ്ധകാലത്ത് പന്ത്രണ്ടാം പിയൂസ് പാപ്പാ പറഞ്ഞ, 'സമാധാനംകൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാല്‍ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം' എന്ന വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ടാണ് ലിയോ പതിന്നാലാമന്‍ പാപ്പാ യുദ്ധമെന്ന തിന്മയ്ക്കെതിരെ മനുഷ്യമനഃസാക്ഷിയെ ഉദ്‌ബോധിപ്പിച്ചത്.
യുക്രെയ്ന്‍, ഇറാന്‍, ഇസ്രയേല്‍, ഗാസാമുനമ്പ് തുടങ്ങി, യുദ്ധങ്ങള്‍ അരങ്ങേറുന്ന ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നുയരുന്ന വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. യുദ്ധങ്ങളുമായി പൊരുത്തപ്പെട്ടുജീവിക്കുകയെന്ന പരിതാപകരമായ അവസ്ഥയെ പാപ്പാ അപലപിച്ചു. ശക്തവും സങ്കീര്‍ണവുമായ ആയുധങ്ങളോടുള്ള ആകര്‍ഷണത്തില്‍പ്പെടരുതെന്ന് ഓര്‍മിപ്പിച്ച പാപ്പാ, അത്തരം പ്രലോഭനങ്ങളെ തള്ളിക്കളയാന്‍ നമുക്കാകണമെന്ന് ആഹ്വാനം ചെയ്തു.
ഇക്കാലത്തെ യുദ്ധങ്ങളില്‍ വിവിധ തരങ്ങളിലുള്ള ശാസ്ത്രസാങ്കേതികവിദ്യകളടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ, മുന്‍കാലങ്ങളെക്കാള്‍ ഏറെ വലിയ ക്രൂരതയിലേക്കാണു നാം നയിക്കപ്പെടുന്നതെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ''ഗൗദിയും എത് സ്‌പേസ്'' (ി.79) ഉദ്ധരിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു.
'യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന' ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ ലിയോ പാപ്പാ ആവര്‍ത്തിച്ചു. മനുഷ്യാന്തസ്സിന്റെയും അന്താരാഷ്ട്രനിയമങ്ങളുടെയും പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ ഇത്തരമൊരു പ്രസ്താവന ആവര്‍ത്തിച്ചത്.
ഇസ്രയേല്‍ - ഇറാന്‍ യുദ്ധം പുതിയ തലത്തിലേക്കു നീങ്ങുന്നതിന്റെയും, ഗാസാപ്രദേശത്തെ ആക്രമണങ്ങളും, യുക്രെയ്‌നിലെ റഷ്യന്‍ആക്രമണവും ശക്തമായി തുടരുന്നതിന്റെയും പശ്ചാത്തലത്തിലാണ് പാപ്പാ സമാധാനത്തിന്റെയും, യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചു ലോകത്തെ ഓര്‍മിപ്പിച്ചത്.