വത്തിക്കാന്‍: നിഖ്യാ സൂനഹദോസ് ഒരു ഗതകാലസംഭവം മാത്രമല്ല; സകല ക്രൈസ്തവരുടെയും സമ്പൂര്‍ണ്ണ ഐക്യത്തിലേക്കു നമ്മെ തുടര്‍ന്നും നയിക്കേണ്ട വടക്കുനോക്കിയന്ത്ര വുമാണെന്ന് ലെയോ പാപ്പാ. സഭയിലെ പ്രഥമ സാര്‍വത്രിക സൂനഹദോസായി കണക്കാക്കപ്പെടുന്ന നിഖ്യാസൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാര്‍ഷികത്തോടനുബന്ധിച്ചു ജൂണ്‍ നാലു മുതല്‍ ഏഴുവരെ റോമില്‍ സംഘടിപ്പിക്കപ്പെട്ട എക്യുമെനിക്കല്‍ ചര്‍ച്ചായോഗത്തിന്റെ സമാപനദിനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പാ.
റോമിലെ പൊന്തിഫിക്കല്‍ സര്‍വകലാശാലകളിലൊന്നായ അഞ്ചേലിക്കുമിലെ എക്യുമെനിക്കല്‍ പഠനവിഭാഗവും അന്താരാഷ്ട്ര ഓര്‍ത്തഡോക്‌സ് ദൈവവിജ്ഞാനീയ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ചര്‍ച്ചായോഗത്തിന്റെ പ്രമേയം 'നിഖ്യയും മൂന്നാം സഹസ്രാബ്ദത്തിലെ സഭയും: കത്തോലിക്കാ - ഓര്‍ത്തഡോക്‌സ് ഐക്യത്തിലേക്ക്' എന്നതായിരുന്നു. ഇതിനെ അനുസ്മരിച്ച പാപ്പാ നിഖ്യാ വിശ്വാസപ്രമാണം, സിനഡാത്മകത, ഉത്ഥാനത്തിരുനാള്‍ തീയതി എന്നിവ യോഗത്തില്‍ ചര്‍ച്ചാവിഷയങ്ങളായിരുന്നതിനെക്കുറിച്ചു സൂചിപ്പിച്ചു. ഇവ നമ്മുടെ ക്രൈസ്തവൈക്യത്തെ, അതായത്, എക്യുമെനിക്കല്‍ യാത്രയെ സംബന്ധിച്ചിടത്തോളം പ്രസക്തങ്ങളാണെന്ന് പാപ്പാ പറഞ്ഞു. നമ്മെ വിഭജിക്കുന്നതിനെക്കാള്‍ അളവിലും ഗുണത്തിലും ശക്തമാണ് നമുക്കു പൊതുവായുള്ളവയെന്ന് ഊന്നിപ്പറയാനുള്ള വിലയേറിയ അവസരമാണ് 2025-ാമാണ്ടെന്നു നിഖ്യാസൂനഹദോസിന്റെ ആയിരത്തിയെഴുന്നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ദൈവശാസ്ത്ര വിജ്ഞാനീയസമിതി അടുത്തിടെ പുറപ്പെടുവിച്ച ഒരു രേഖയില്‍ പറഞ്ഞിട്ടുള്ളത് പാപ്പാ അനുസ്മരിച്ചു.
ത്രിയേകദൈവത്തിലും, സത്യമനുഷ്യനും സത്യദൈവവുമായ യേശുക്രിസ്തുവിലുമുള്ള രക്ഷയിലും പരിശുദ്ധാവിന്റെ പ്രവര്‍ത്തനത്തിലും നാം വിശ്വസിക്കുന്നതിനെക്കുറിച്ചും പാപ്പാ വിശദീകരിച്ചു.
സിനഡാത്മകതയെന്ന പ്രമേയത്തെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ, ദൈവശാസ്ത്രപരവും കാനോനികവുമായ പ്രശ്‌നങ്ങള്‍ സാര്‍വത്രികതലത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ സഭ പിന്തുടരേണ്ട ഒരു സിനഡാത്മകപാത നിഖ്യാ സൂനഹദോസ് തുറന്നുതന്നുവെന്നു പറഞ്ഞു.