പാലാ രൂപതയ്ക്കും ചെമ്മലമറ്റം ഇടവകയ്ക്കും അഭിമാനനിമിഷം
പാലാ: പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ പുതിയ മെത്രാനായി ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിനെ മാര്‍പാപ്പ നിയമിച്ചു. നിലവില്‍ ജലന്ധര്‍ രൂപതയിലെ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
1991 മുതല്‍ ജലന്ധര്‍ രൂപതയില്‍ വൈദികനായി സേവനമനുഷ്ഠിക്കുന്ന റവ. ഡോ. ജോസ്, ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ പിന്‍ഗാമിയായിട്ടാണ് സ്ഥാനമേല്‍ക്കുന്നത്. രൂപതയിലെ വിവിധ ചുമതലകള്‍ അദ്ദേഹം വിവിധകാലങ്ങളില്‍ വഹിച്ചിട്ടുണ്ട്. 1962 ഡിസംബര്‍ 24 ന് പാലാ രൂപതയിലെ കാളകെട്ടിയില്‍ ജനിച്ച അദ്ദേഹത്തിന്റെ വൈദികപഠനാരംഭം തൃശൂരിലായിരുന്നു. പിന്നീട് നാഗ്പൂരിലെ സെന്റ് ചാള്‍സ് ഇന്റര്‍ ഡയോസിഷന്‍ മേജര്‍ സെമിനാരിയില്‍നിന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം നേടി.
റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ സര്‍വകലാശാലയില്‍നിന്ന് കാനോന്‍നിയമത്തില്‍ ഉന്നതവിജയം നേടി. 2022 മുതല്‍ ജലന്ധര്‍രൂപതയുടെ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍സ്ഥാനത്തിനു പുറമേ ഫഗ്‌വാര സെന്റ് ജോസഫ് പള്ളിവികാരിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കാളകെട്ടി തെക്കുംചേരിക്കുന്നേല്‍ പരേതനായ ദേവസ്യ-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് നിയുക്തമെത്രാന്‍. സഹോദരങ്ങള്‍: ടി.ഡി. ജോര്‍ജ്, സിസ്റ്റര്‍ ഡോ. ബ്രിജിത്ത് എസ്.എ.ബി.എസ്., ടി.ഡി. തോമസ്, ഫാ. ജോയി സെബാസ്റ്റ്യന്‍ എസ്.ഡി.ബി. (സൗത്ത് ആഫ്രിക്ക) സിസ്റ്റര്‍ എല്‍സിറ്റ് എസ്.എ.ബി.എസ്. (ചമ്പക്കുളം), മിനി ജോസ് പുല്ലാട്ട്, സിസ്റ്റര്‍ റോസ്മാര്‍ട്ടിന്‍ എസ്.എ.ബി.എസ്. (പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ തക്കല), ഡോ. മനോജ് സെബാസ്റ്റ്യന്‍ (പാലക്കാട്), സുനോജ് സെബാസ്റ്റ്യന്‍ (ആലപ്പുഴ)
നിയുക്തബിഷപ്പിന്റെ മൂത്തസഹോദരന്‍ ടി.ഡി. ജോര്‍ജിന്റെ രണ്ടു മക്കള്‍ വൈദികരാണ്. ഫാ. ഡെന്നീസ് തെക്കുംചേരിക്കുന്നേല്‍ പാലാ രൂപതയിലെ സേവ്യര്‍പുരം പള്ളി വികാരിയും ഫാ. ജോണ്‍ പോള്‍ തെക്കുംചേരിക്കുന്നേല്‍ എം.സി.ബി.എസ്. കൗണ്‍സിലറുമാണ്.
ദൈവവിളിസമ്പന്നമായ പാലാ രൂപതയ്ക്കു വീണ്ടും അനുഗ്രഹനിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് ഡോ. ജോസ് തെക്കുംചേരിക്കുന്നേല്‍ ജലന്ധര്‍ ബിഷപ്പായി സ്ഥാനമേല്ക്കുന്നത്. നൂറോളം രാജ്യങ്ങളില്‍ പാലാ രൂപതയില്‍നിന്നുള്ള മിഷനറിമാര്‍ സേവനം ചെയ്യുന്നുണ്ട്. 40 ഓളം രൂപതകളുടെ മെത്രാന്മാരായി പാലാ രൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ളവര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ അംഗീകാരത്തിന്റെ തുടര്‍ക്കണ്ണിയാണ് ജലന്ധര്‍ രൂപതയിലേക്കു നിയമിതനാകുന്ന റവ. ഡോ. ജോസ് തെക്കുംചേരിക്കുന്നേല്‍.
ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ ഇടവകയ്ക്കും ഇതു ധന്യനിമിഷമാണ്. ഇടവകാംഗമായ തെക്കുംചേരിക്കുന്നേല്‍ ജോസ് സെബാസ്റ്റ്യനച്ചനെ ജലന്ധര്‍ രൂപതയുടെ പുതിയ ബിഷപ്പായി പ്രഖ്യാപിച്ചത് ഇടവകസമൂഹം ആഹ്ലാദാരവത്തോടെയാണ് എതിരേറ്റത്. രണ്ടു മെത്രാന്മാരും 52 വൈദികരും 180 സന്ന്യസ്തരും ഇടവകയിലുണ്ട്. നിയുക്തബിഷപ്പിന്റെ അമ്മ താമസിക്കുന്ന തിടനാട്ടിലുള്ള മൂത്ത സഹോദരന്‍ ടി.ഡി. ജോര്‍ജിന്റെ വീട്ടിലും ആഹ്ലാദം തിരതല്ലി. അമ്മയും സഹോദരങ്ങളും കുടുംബാംഗങ്ങളും സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
പഞ്ചാബിലെ 14 ജില്ലകളിലും അരുണാല്‍പ്രദേശിലെ 4 ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന ജലന്ധര്‍രൂപത, 1971 ലാണ് രൂപീകൃതമായത്. നിലവില്‍ 110 ഇടവകകളിലായി ഒന്നേകാല്‍ ലക്ഷത്തോളം കത്തോലിക്കാവിശ്വാസികളുണ്ട്. 90 വൈദികരും 700 കന്യാസ്ത്രീകളും പ്രേഷിതരംഗത്ത് ശുശ്രൂഷ ചെയ്യുന്നു.
ദൈവത്തില്‍ ആശ്രയിച്ചു സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തി രൂപതയുടെ പ്രവര്‍ത്തനം കാലോചിതമായി മുന്നോട്ടു കൊണ്ടുപോകാനും കരിസ്മാറ്റിക് പ്രാര്‍ഥനാനുഭവം രൂപതയിലുടനീളം ശക്തിപ്പെടുത്താനും ഉതകുന്ന വലിയ പ്രേഷിതപ്രവര്‍ത്തനരംഗമാണ് ജലന്ധര്‍ രൂപതയില്‍ മുന്നിലുള്ളതെന്ന് നിയുക്തമെത്രാന്‍ ഡോ. തെക്കുംചേരിക്കുന്നേല്‍ പറഞ്ഞു.
ജൂലൈ മധ്യത്തിലോ അവസാനവാരമോ ജലന്ധര്‍ സെന്റ് മേരീസ് കത്തീദ്രലില്‍ സ്ഥാനാരോഹണം നടത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനായി രൂപതാതലത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്.