ഇതെഴുതുമ്പോഴും അറബിക്കടലില്‍ കത്തിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു ചരക്കുകപ്പല്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതികദുരന്തഭീതി വലിയ ചോദ്യങ്ങളുയര്‍ത്തുന്നു: എന്താണിതിനു കാരണം? ആരാണിതിനുപിന്നില്‍? കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ്, ബേപ്പൂര്‍തീരത്തുനിന്ന് 88 നോട്ടിക്കല്‍ മൈലും (162.98 കിലോമീറ്റര്‍) കണ്ണൂര്‍ അഴീക്കല്‍തീരത്തുനിന്ന് 44 നോട്ടിക്കല്‍ മൈലും (81.4 കിലോമീറ്റര്‍) അകലെയായി വാന്‍ഹയി 503 എന്ന ചരക്കുകപ്പലില്‍ തീപ്പിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. 22 ജീവനക്കാരില്‍ നാലുപേരെ കാണാതായി. 18 പേരെ രക്ഷപ്പെടുത്തി. കപ്പലിലെ തീ കെടുത്താനുള്ള തീവ്രശ്രമം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
അറബിക്കടലില്‍ കേരളതീരത്തോടടുത്ത് രണ്ടാഴ്ചയ്ക്കുള്ളിലുണ്ടായ രണ്ടാമത്തെ കപ്പലപകടമാണിത്. കഴിഞ്ഞ 24നാണ് കൊച്ചി പുറങ്കടലില്‍ എംഎസ്‌സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ ആദ്യം ചെരിയുകയും പിറ്റേന്നു പൂര്‍ണമായി മുങ്ങുകയും ചെയ്തത്. വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ക്കതു കാരണമായിട്ടും നിയമനടപടികള്‍ക്കു മുതിരാതെ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് അടുത്ത കപ്പലപകടം. കപ്പലില്‍നിന്നു കടലില്‍ വീണ കണ്ടെയ്‌നറുകള്‍ കൂടക്കൂടെ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നുവെന്നതും അവയ്ക്കുള്ളില്‍ അപകടകരമായ രാസവസ്തുക്കളാണെന്നതും ഏറെ ആശങ്കാജനകമാണ്. കടലിലെയും തീരപ്രദേശത്തെയും ആവാസവ്യവസ്ഥയ്ക്കു വെല്ലുവിളിയുയര്‍ത്തുന്ന അതീവഗൗരവതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം വെടിയണം. ഒരു കപ്പലപകടത്തിന്റെ ആഘാതം മാറുംമുമ്പാണ് അടുത്ത അപകടമെന്നോര്‍ക്കണം.
എംഎസ്‌സി എല്‍സ-3 ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ കമ്പനിക്കെതിരേ ക്രിമിനല്‍ കേസ് വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അപകടത്തെക്കുറിച്ചുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്. കപ്പല്‍ക്കമ്പനിയുടെ കൈവശമുള്ള ഇംപോര്‍ട്ട് ജനറല്‍ മാനിഫെസ്റ്റ്, ഇറക്കുമതിക്കാര്‍ നല്കുന്ന ബില്‍ ഓഫ് എന്‍ട്രി എന്നിവ പരിശോധിച്ച് നിര്‍ണായകവിവരങ്ങള്‍ പുറത്തുവിടേണ്ട കസ്റ്റംസ്‌വകുപ്പ് ഇനിയും അതിനു തയ്യാറായിട്ടില്ല. കപ്പലിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കിയ മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സര്‍വേയര്‍ റിപ്പോര്‍ട്ടും വെളിച്ചം കണ്ടിട്ടില്ല. കപ്പലിന് 28 വര്‍ഷത്തെ പഴക്കമുണ്ട്. ഈ സാഹചര്യത്തില്‍ മര്‍ക്കന്റൈല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ റിപ്പോര്‍ട്ടിനു പ്രാധാന്യമേറെയാണ്. നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ കാലപ്പഴക്കം തെളിയിക്കാനായാല്‍ ദുരന്തത്തിനിരയായവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരത്തുക ലഭിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. പക്ഷേ, ഇതിന്‍മേലുള്ള നടപടി പുരോഗമിക്കുന്നില്ല.
തകര്‍ന്ന കപ്പലിനെക്കുറിച്ചുള്ള സത്യം ജനങ്ങളോടു വെളിപ്പെടുത്തണമെന്നു കഴിഞ്ഞദിവസമാണ് ഹൈക്കോടതി സര്‍ക്കാരിനോടു പറഞ്ഞത്. എന്നാല്‍, ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ക്കും കോടതിവ്യവഹാരങ്ങള്‍ക്കും ഏറെ സാധ്യതയുള്ള ഈ വിഷയത്തില്‍ കേസെടുക്കാതെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി പ്രശ്‌നം പരിഹരിക്കാനാണു സര്‍ക്കാര്‍ നീക്കം. എന്തെന്നാല്‍, മുങ്ങിയ എല്‍സ-3 കപ്പലിന്റെ ഉടമയായ എംഎസ്‌സി കമ്പനി വിഴിഞ്ഞം തുറമുഖനടത്തിപ്പുകാരായ അദാനിഗ്രൂപ്പിന്റെ സുപ്രധാന വ്യാപാരപങ്കാളിയാണ്. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടപ്പെട്ട കമ്പനിയായതിനാല്‍ എംഎസ്‌സിക്കു പ്രവര്‍ത്തിക്കാന്‍ കേരളത്തിന്റെ സഹകരണം ആവശ്യമാണെന്ന് ചീഫ് സെക്രട്ടറി എ. ജയതിലക് എഴുതിയ കുറിപ്പ് ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനിക്കെതിരേ തത്കാലം ക്രിമിനല്‍കേസ് വേണ്ടെന്ന് കേന്ദ്ര-സംസ്ഥാനചര്‍ച്ചയില്‍ തീരുമാനമെടുത്തിരിക്കുന്നത്.
ഏതായാലും എല്‍സ-3 കപ്പലപകടം സംബന്ധിച്ച പ്രാഥമികപരിസ്ഥിതി ആഘാതറിപ്പോര്‍ട്ട് തയ്യാറായി എന്ന ശുഭകരമായ വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കപ്പലപകടവും കണ്ടെയ്‌നറുകള്‍ കടലില്‍ വീണതുംമൂലം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം, ഉപജീവനപ്രശ്‌നം, ഇവര്‍ക്കുവേണ്ടി സര്‍ക്കാര്‍ മുടക്കിയ തുക, തീരം വൃത്തിയാക്കാന്‍ ചെലവിട്ട തുക എന്നിവ കണക്കാക്കിയുള്ള ഇടക്കാലറിപ്പോര്‍ട്ടാണു തയ്യാറാക്കിയിരിക്കുന്നത്. കേരളസമൂഹത്തോടു കൂറുണ്ടെങ്കില്‍ ഇനിയെങ്കിലും ഷിപ്പിങ് കമ്പനിയില്‍നിന്നുനഷ്ടപരിഹാരം ഈടാക്കാനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടങ്ങിവയ്ക്കണം. ഒപ്പം, വാന്‍ഹയി 503 കപ്പലപകടത്തിന്റെ കാര്യത്തിലും അമാന്തം വെടിഞ്ഞ് ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അടുത്തടുത്തുണ്ടായ രണ്ടു കപ്പലപകടങ്ങള്‍ സമുദ്രജൈവഘടനയ്ക്കുണ്ടാക്കിയ ആഘാതത്തിന്റെ വ്യാപ്തി അത്രയ്ക്കു വലുതാണ്.
ആദ്യത്തെക്കാള്‍ ഗുരുതരമാണു രണ്ടാമത്തെ കപ്പലപകടമെന്നാണു വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ത്തന്നെ വാന്‍ഹയി കപ്പലപകടത്തെ ഏറെ ഗൗരവത്തോടെ കാണണം. കേരളതീരത്ത് ഒരു വര്‍ഷത്തേക്കെങ്കിലും തുടര്‍ച്ചയായ മോണിറ്ററിങ് ഏര്‍പ്പെടുത്തണം. എന്തുതന്നെയായാലും, മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യം കഴിക്കുന്നവര്‍ക്കുമുണ്ടായിരിക്കുന്ന ആധിയും ഭീതിയും അകറ്റാന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരിനു ബാധ്യതയുണ്ട്.