''Since that day I opened up about my emotions, it's just been so much easier to live and so much easier to enjoy life'' - Michael Phelps
''നീ ഒരാണല്ലേ? നീ വേണം എല്ലാക്കാര്യങ്ങളും മുന്നില്‍നിന്നു ചെയ്യാന്‍!''
''ഇങ്ങനെ കരയല്ലേ, ഒരുമാതിരി പെണ്ണുങ്ങളെപ്പോലെ!''
ഏതാണ്ടൊരു കൗമാരപ്രായം മുതല്‍ക്കെങ്കിലും ഒട്ടുമിക്ക ആണ്‍കുട്ടികളും സ്ഥിരമായി കേള്‍ക്കുന്ന ''മോട്ടിവേഷന്‍'' ആണിത്.
ഉള്ളിലുള്ള വികാരങ്ങള്‍ ഒന്നുമേ പുറത്തു കാണിക്കരുതെന്നും പുരുഷനെന്നാല്‍ യന്ത്രമനുഷ്യനെക്കണക്ക് സര്‍വവികാരങ്ങള്‍ക്കുമപ്പുറം സര്‍വശക്തനായിരിക്കണമെന്നുമാണ് ഈ മോട്ടിവേഷന്‍ പറയാതെ പറയുന്നത്. ആണ്‍ബോധത്തിനുമേല്‍ ബോധപൂര്‍വമോ അബോധപൂര്‍വമോ അടിച്ചേല്പിക്കപ്പെടുന്ന ഈ സാമൂഹികസമ്മര്‍ദം ഉള്ളതിലേറെ ഉള്‍ക്കരുത്ത് പ്രകടിപ്പിക്കാനും ''പെണ്ണുങ്ങളെപ്പോലെ'' കരയാതിരിക്കാനും പുരുഷനെ നിര്‍ബന്ധിതനാക്കുന്നു.
ഈ നിര്‍ബന്ധമാകട്ടെ, താങ്ങാനാവാത്ത മാനസികസമ്മര്‍ദത്തിലേക്കും ആത്മഹത്യയിലേക്കുംവരെ അനേകരെ തള്ളിവിടുന്നു. ആഗോളതലത്തില്‍ സ്ത്രീകളെക്കാള്‍ മൂന്നിരട്ടിയിലേറെ പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. അന്‍പതുവയസ്സില്‍ താഴെയുള്ള പുരുഷന്മാരുടെ ഒന്നാമത്തെ മരണകാരണം ആത്മഹത്യയാണ്. പുരുഷന്മാര്‍ നേരിടുന്ന ഈ വലിയ വെല്ലുവിളിയെക്കുറിച്ച് സാമൂഹികാവബോധം സൃഷ്ടിക്കാനും ആവശ്യമായ പിന്തുണയേകാനുമായി എല്ലാ വര്‍ഷവും ജൂണ്‍മാസം പുരുഷന്മാരുടെ മാനസികാരോഗ്യമാസമായി ആചരിക്കുന്നു.
ഏതോ കാലത്ത് ആരോ നിര്‍മിച്ച സര്‍വശക്തനായ ആണ്‍ എന്ന അത്യന്തം അപകടകരമായ വ്യാജബിംബത്തെ ഇനിയെങ്കിലും ഇല്ലാതാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തന്റെ വികാരങ്ങളെ സത്യസന്ധമായി പ്രകടിപ്പിക്കാന്‍, കരയാനും തളരാനും ദേഷ്യപ്പെടാനും നിരാശനാകാനുമെല്ലാം സ്ത്രീക്കുള്ളതുപോലെതന്നെ പുരുഷനും അവകാശമുണ്ട്. വികാരങ്ങളെ അനാരോഗ്യമായവിധം അടക്കിവയ്ക്കുന്നത് മാനസികാരോഗ്യത്തെ നശിപ്പിക്കുമെന്നു മാത്രമല്ല, ശാരീരികാരോഗ്യത്തെയും തകരാറിലാക്കും. ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദയസംബന്ധമായ രോഗങ്ങളും മുതല്‍ വിശപ്പില്ലായ്മയും ഉറക്കമില്ലായ്മയുംവരെ, ആണ്‍കുട്ടിയായി ജനിച്ചു എന്ന ഒരേയൊരു കാരണത്താല്‍ അനുഭവിക്കേണ്ടിവരുന്നത് എത്രയോ ക്രൂരമാണ്!
കരയുക എന്ന പ്രവൃത്തി മനുഷ്യരെ, സ്ത്രീയായാലും പുരുഷനായാലും വൈകാരികമായ ശാന്തിയിലേക്കും, മെച്ചപ്പെട്ട മാനസികാരോഗ്യത്തിലേക്കും നയിക്കുന്നു എന്നാണ് മനഃശാസ്ത്രം പറയുന്നത്. കരയുന്നു എന്നതിനര്‍ഥം നിങ്ങള്‍ ദുര്‍ബലനാണ് എന്നല്ല, വൈകാരികമായി സുരക്ഷിതനാണ് എന്നാണ്. പലപ്പോഴും ഒന്നു കരയാന്‍പോലും കഴിയാത്ത ദുരവസ്ഥയിലെത്തുമ്പോഴാണ് മനുഷ്യര്‍ ഒരു മുഴം കയറിലോ ഒരു തുടം വിഷത്തിലോ ജീവിതം അവസാനിപ്പിക്കുന്നത്.
ഒരു പക്ഷേ ഒരു മനഃശാസ്ത്രജ്ഞനു വളരെയെളുപ്പം പരിഹരിക്കാവുന്ന പ്രശ്‌നമേ ഉണ്ടാവൂ ആത്മഹത്യ ചെയ്ത / ചെയ്യുന്ന പല ആളുകള്‍ക്കും. എന്നാല്‍ അതത്ര എളുപ്പം സാധ്യമാകുന്നൊരു സാമൂഹികാന്തരീക്ഷമല്ല നിര്‍ഭാഗ്യവശാല്‍ നമ്മുടേത്. ഒരു മനഃശാസ്ത്രജ്ഞനെ കണ്ടാല്‍, എന്തിന് ഒരു കൗണ്‍സലിങ് അറ്റന്‍ഡ് ചെയ്തു എന്നറിഞ്ഞാല്‍പ്പോലും, ഉടനടി അവരെ ഭ്രാന്തരായി മുദ്രകുത്തുന്ന വലിയ പഠിപ്പും ജോലിയുമുള്ള ബോധരഹിതര്‍ നമ്മുടെ നാട്ടില്‍ ഇക്കാലത്തും ഏറെയുണ്ട്.
മാറ്റങ്ങള്‍ ആരംഭിക്കേണ്ടത് നമ്മുടെയെല്ലാം വീട്ടകങ്ങളില്‍നിന്നുതന്നെയാണ്. അനാവശ്യമായ ധൈര്യവും കരയാതിരിക്കാനുള്ള മോട്ടിവേഷനും ഇനിയെങ്കിലും നമ്മുടെ ആണ്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കാതിരിക്കുക. അവര്‍ മനസ്സുതുറന്നു സംസാരിച്ചും കരഞ്ഞും ചിരിച്ചും വഴക്കുകൂടിയുമൊക്കെ അസാധാരണത്വങ്ങളില്ലാതെ വളര്‍ന്നുവരട്ടെ.
അതിധൈര്യവും അമിതപക്വതയും പഠിപ്പിച്ച് ബാല്യംമുതലേ അവരെ സമ്മര്‍ദത്തിലാക്കരുത്. എല്ലാം ഒറ്റയ്ക്കു നേരിടണമെന്ന സാരോപദേശമല്ല, ഏതു നേരവും ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് അവര്‍ക്കു നല്‌കേണ്ടത്.
പുതിയ തലമുറ ഇക്കാര്യത്തില്‍ കുറേക്കൂടി വിവേകികളാണ് എന്നതാണ് കാണാനാവുന്ന ശുഭകരമായൊരു കാഴ്ച. ആരോഗ്യകരമായ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ ഇന്നു നമ്മുടെ കാമ്പസുകളിലുണ്ട്. തൊഴിലിടങ്ങളില്‍ പുരുഷനൊപ്പംതന്നെ സ്ത്രീയും പങ്കാളികളാവുന്നു. വീടിന്റെ ചുമതല, വിശേഷിച്ചും സാമ്പത്തിക ഉത്തരവാദിത്തം പുരുഷന്റെമാത്രം ചുമതലയാവുന്ന കാലം മാറിക്കഴിഞ്ഞു. ഭാര്യയ്‌ക്കൊപ്പംതന്നെ വീട്ടുജോലി ചെയ്യുന്ന ഭര്‍ത്താവും ഇന്ന് അപൂര്‍വകാഴ്ചയല്ല. പുതുകാലസിനിമകളിലാവട്ടെ വില്ലനെ തല്ലി തോല്പിക്കുന്ന നായകന്‍ മാത്രമല്ല, നായികയുടെ തോളില്‍ കിടന്ന് ഏങ്ങലടിച്ചു കരയുന്ന നായകനുമുണ്ട്. സ്ത്രീയും പുരുഷനും പരസ്പരം ചര്‍ച്ച ചെയ്തു തീരുമാനങ്ങളെടുക്കുന്നു. സമ്മര്‍ദങ്ങളും സങ്കടങ്ങളും പങ്കുവച്ച് പരസ്പരം ആശ്വാസമാകുന്നു.
ആണായതുകൊണ്ട് അമിതസമ്മര്‍ദത്തില്‍ ജീവിക്കേണ്ട ഗതികേട് വരും തലമുറകള്‍ക്കെങ്കിലും ഉണ്ടാവില്ല എന്നുതന്നെ നമുക്കു പ്രതീക്ഷിക്കാം. ഇങ്ങനെ പെണ്ണുങ്ങളെപ്പോലെ കരയരുതെന്നുപദേശിക്കുന്നവര്‍ ആ ഉപദേശത്തിലെ മനുഷ്യവിരുദ്ധത ഇനിയെങ്കിലും തിരിച്ചറിയട്ടെ. ആണുങ്ങളുടെ മാനസികാരോഗ്യം എന്നത് പലപ്പോഴും ഒട്ടും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ഒന്നാണ്. ആ സ്ഥിതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആണുങ്ങളും കരയട്ടെ, ആ കരച്ചില്‍ നല്‍കുന്ന വൈകാരികസൗഖ്യത്തില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടു നടക്കുകയും ചെയ്യട്ടെ.