സ്വീഡനിലെത്തുന്ന വിനോദസഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കുന്ന ചരിത്രസ്മാരകമാണ് ആല്‍ഫ്രഡ് നൊബേലിന്റെ മ്യൂസിയം. വെടിമരുന്നിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രശസ്തനായ നൊബേല്‍ എഞ്ചിനീയറും ശാസ്ത്രജ്ഞനും എഴുത്തുകാരനും സമാധാനപ്രിയനുമായിരുന്നു. നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയതിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായിട്ടാണ് 2001 ല്‍ പൊതുജനങ്ങള്‍ക്കായി മ്യൂസിയം തുറന്നുകൊടുത്തത്.
ആല്‍ഫ്രഡ് നൊബേലിന്റെ ജീവചരിത്രം
എഞ്ചിനീയറിങ് വിദഗ്ധനും കെട്ടിടനിര്‍മാണക്കരാറുകാരനുമായിരുന്ന ഇമ്മാനുവല്‍ നൊബേലിന്റെയും വീട്ടമ്മയായ ആന്‍ഡ്രിയെറ്റ് ആള്‍സെലിന്റെയും മൂന്നാമത്തെ മകനായി 1833 ഒക്‌ടോബര്‍ 21നായിരുന്നു ആല്‍ഫ്രഡ് ബെര്‍ണാര്‍ഡ് നൊബേലിന്റെ ജനനം. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അസര്‍ബൈജാന്‍ പ്രോവിന്‍സിലെ ബാകുവില്‍ എണ്ണയുത്പാദകരായിരുന്ന റോബര്‍ട്ടും ലുഡ്‌വിഗ്ഗും ജ്യേഷ്ഠന്മാരും എമില്‍ അനുജനുമായിരുന്നു.
കരാര്‍ജോലികളിലുണ്ടായ നഷ്ടവും മറ്റു സാമ്പത്തികബുദ്ധിമുട്ടുകളുംമൂലം നാടുവിട്ട ഇമ്മാനുവേല്‍ ഫിന്‍ലന്‍ഡുവഴി റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെത്തി വെടിമരുന്നി ന്റെയും സ്‌ഫോടകവസ്തുക്കളുടെയും നിര്‍മാണത്തിലേര്‍പ്പെട്ടു. ആല്‍ഫ്രഡിന്റെയും എമിലിന്റെയും സ്‌കൂള്‍വിദ്യാഭ്യാസം സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലായിരുന്നു. ശാസ്ത്രവിഷയങ്ങളിലും സാഹിത്യത്തിലും അവഗാഹം നേടാന്‍ ആല്‍ഫ്രഡിനു കഴിഞ്ഞത് അവിടത്തെ താമസത്തിനിടയിലാണ്. സാമ്പത്തികനില മെച്ചപ്പെട്ടതോടെ ഇളയ രണ്ടു കുട്ടികളെയും തുടര്‍വിദ്യാഭ്യാസത്തിനായി പാരീസിലയയ്ക്കാന്‍ ഇമ്മാനുവേലിനായി. വിവിധ ഭാഷകളും സംസ്‌കാരങ്ങളുമായി ഇടപഴകാന്‍ ആല്‍ഫ്രഡിനായത് പാരീസില്‍വച്ചാണ്.
ഇതിനിടയില്‍, തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന നൈട്രോഗ്ലിസെറിന്‍ എന്ന ദ്രാവകത്തെക്കുറിച്ചു കേട്ടറിഞ്ഞ ആല്‍ഫ്രഡ് സ്റ്റോക്‌ഹോമില്‍ തിരിച്ചെത്തി അതേക്കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ തയ്യാറെടുത്തു. തുടര്‍ന്നുനടത്തിയ പരീക്ഷണങ്ങള്‍ക്കിടയിലുണ്ടായ പൊട്ടിത്തെറിയില്‍ ഇളയസഹോദരന്‍ എമിലുള്‍പ്പെടെ അഞ്ചു പേരുടെ ജീവന്‍ നഷ്ടമായി. നഗരസഭാധികൃതരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിജനമായ ഒരു സ്ഥലത്തു നിര്‍മ്മിച്ച ചെറിയ ഒരു ഫാക്ടറിയിലായിരുന്നു തുടര്‍പരീക്ഷണങ്ങള്‍. പ്രത്യേകം തയ്യാറാക്കിയ നേര്‍ത്ത മണല്‍ത്തരികള്‍ നൈട്രോഗ്ലിസെറിനുമായി കൂട്ടിച്ചേര്‍ത്ത് ഖരരൂപത്തിലാക്കിയപ്പോള്‍ അപകടസാധ്യത കുറയുകയും കൈകാര്യം ചെയ്യാന്‍ എളുപ്പമാകുകയും ചെയ്തു. ഈ മിശ്രിതം സിലിണ്ടറുകളിലും പാറയില്‍ തുരന്നുണ്ടാക്കുന്ന ദ്വാരങ്ങളിലും നിറച്ച് സ്‌ഫോടനം നടത്താമെന്നും ആല്‍ഫ്രഡ് കണ്ടെത്തി. 'ഡൈനാമിറ്റ്' എന്നു നാമകരണം ചെയ്ത ഈ സ്‌ഫോടകവസ്തുവിന് 1867 ല്‍ സര്‍ക്കാരിന്റെ അനുമതിപത്രം ലഭിച്ചു. അപകടംകൂടാതെ സ്‌ഫോടനം നടത്തുന്നതിനുപകരിക്കുന്ന 'ബ്‌ളാസ്റ്റിങ് ക്യാപ്പും' ആല്‍ഫ്രഡിന്റെ കണ്ടുപിടിത്തമാണ്.
വിപ്ലവകരമായ ഈ കണ്ടെത്തലുകളെക്കുറിച്ചു കേട്ടറിഞ്ഞ വിവിധ രാജ്യക്കാര്‍ ടണലുകളുടെയും റെയില്‍പ്പാളങ്ങളുടെയും നിര്‍മാണത്തിനും ഡൈനമിറ്റുപയോഗിച്ചു. ഖനനത്തിനും റോഡുനിര്‍മാണത്തിനും മറ്റ് അടിസ്ഥാനവികസനപ്രവര്‍ത്തനത്തിനുമെല്ലാം ഡൈനാമിറ്റ് അത്യാവശ്യമായിരുന്നു. യൂറോപ്പിന്റെയും അമേരിക്കയുടെയും വ്യാവസായികമുന്നേറ്റത്തിന് ആക്കംകൂട്ടിയത് ആല്‍ഫ്രഡ് നോബേലിന്റെ കണ്ടുപിടിത്തമാണ്. ആവശ്യക്കാര്‍ ഏറിയതോടെ വിവിധ രാജ്യങ്ങളില്‍ വെടിമരുന്നുഫാക്ടറികള്‍ സ്ഥാപിച്ച് ആല്‍ഫ്രഡ് തന്റെ വ്യവസായസാമ്രാജ്യം വിപുലമാക്കി.
ചുരുങ്ങിയകാലംകൊണ്ട് ശതകോടീശ്വരനായി മാറിയ ആല്‍ഫ്രഡ് 1872 മുതലുള്ള 18 വര്‍ഷക്കാലം പാരീസിലും പിന്നീടുള്ള 5 വര്‍ഷം വടക്കുപടിഞ്ഞാറന്‍ ഇറ്റലിയിലെ കടല്‍ത്തീരനഗരമായ സാന്‍ റെമോയിലും ചെലവഴിച്ചു. പാരീസിലെ താമസത്തിനിടയില്‍ പരിചയപ്പെടാനിടയായ രണ്ടു സ്ത്രീകളുമായി നടത്തിയ കത്തിടപാടുകളില്‍ ചിലത് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. രണ്ടു സ്ത്രീകളോടും സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം ഒരിക്കലും വിവാഹിതനായിരുന്നില്ല. ഇവരില്‍ ബെര്‍ത്ത സട്‌നര്‍ രചിച്ച 'നിങ്ങള്‍ ആയുധം താഴെവയ്ക്കൂ' എന്ന ഗ്രന്ഥം ആല്‍ഫ്രഡിന്റെ പ്രശംസ നേടി. അക്കാലത്തു നടന്നുവന്ന യുദ്ധങ്ങളില്‍ വെടിമരുന്നുപയോഗിച്ചുതുടങ്ങിയതില്‍ അദ്ദേഹം അതീവദുഃഖിതനായിരുന്നുവെന്ന് ഗ്രന്ഥത്തില്‍ ബെര്‍ത്ത രേഖപ്പെടുത്തിയിട്ടുണ്ട്. വെടിമരുന്നു കണ്ടുപിടിച്ചതിലെ തന്റെ ലക്ഷ്യവും, മനുഷ്യര്‍ സ്വീകരിച്ച മാര്‍ഗവും വ്യത്യസ്തമായിരുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ദുഃഖം. (1905 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ബെര്‍ത്ത സട്‌നറിനാണ് ലഭിച്ചത്).
ഇതിനിടയില്‍ വിപുലമായ ഒരു ആയുധനിര്‍മാണശാലയ്ക്കുവേണ്ടി സ്ഥലമന്വേഷിച്ചുനടന്ന ആല്‍ഫ്രഡ്, 1894 ല്‍ മധ്യപടിഞ്ഞാറന്‍ സ്വീഡനിലെ വാംലാന്‍ഡിലുണ്ടായിരുന്ന ബൊഫോഴ്‌സ് ഇരുമ്പുഫാക്ടറി വിലയ്ക്കുവാങ്ങി അവിടെ വന്‍തോതില്‍ ആയുധങ്ങള്‍ നിര്‍മിച്ചുതുടങ്ങി (പണത്തോടുള്ള ആര്‍ത്തിയാണോ ആയുധനിര്‍മാണത്തിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ടതെന്നു സംശയിക്കുന്ന ചരിത്രകാരന്മാരുണ്ട്. ബൊഫോഴ്‌സ് കമ്പനി പില്‍ക്കാലത്ത് അത്യന്താധുനികവിമാനവേധത്തോക്കുകളുടെയും പീരങ്കികളുടെയും നിര്‍മാതാക്കളായി മാറിയതു ചരിത്രം).
സാന്‍ റെമോയിലായിരിക്കുമ്പോള്‍ വിട്ടുമാറാത്ത തലവേദനയും ആമാശയരോഗങ്ങളും ഹൃദയസംബന്ധമായ അസുഖങ്ങളും അദേഹത്തെ അലട്ടി. അവസാനനാളുകളില്‍ ഏകാന്തതയില്‍ കഴിയാനാഗ്രഹിച്ച ആല്‍ഫ്രഡ് വായനയിലും പദ്യരചനയിലും സമയം ചെലവഴിച്ചു. തന്നെ സ്‌നേഹിക്കാന്‍ ആരുമില്ലെന്ന ചിന്തയും അദ്ദേഹത്തെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. സ്വീഡനില്‍നിന്നും കണ്ടെത്തിയ റാഗ്‌നര്‍ സോള്‍മാന്‍ എന്ന ചെറുപ്പക്കാരന്‍ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. രോഗങ്ങള്‍ മൂര്‍ച്ഛിക്കുന്നുവെന്നും തന്റെ അന്ത്യം ആസന്നമായിരിക്കുന്നുവെന്നും തിരിച്ചറിഞ്ഞ ആല്‍ഫ്രഡ്, സ്വയം തയ്യാറാക്കിയ വില്‍പത്രത്തില്‍ 1895 നവംബര്‍ 27-ാം തീയതി ഒപ്പുവച്ചു. വിശ്വസ്തരായ നാലു സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ പാരീസിലെ സ്വീഡിഷ് ക്ലബിലായിരുന്നു ഒപ്പുവയ്ക്കല്‍ചടങ്ങ്. വില്‍പത്രപ്രകാരം അദ്ദേഹത്തിന്റെ സാമ്പാദ്യത്തിന്റെ 94 ശതമാനവും പുതുതായി രൂപീകരിക്കുന്ന നൊബേല്‍ ഫൗണ്ടേഷനു നല്‍കി (അക്കാലത്തെ കണക്കനുസരിച്ച് 3 കോടി സ്വീഡിഷ് ക്രോണര്‍, ഇന്നത്തെ മൂല്യം 220 കോടി, രൂപയുടെ കണക്കില്‍ 1,800 കോടി).
ബാങ്കില്‍ നിക്ഷേപിക്കുന്ന ഈ തുകയുടെ വാര്‍ഷികപ്പലിശ പിന്‍വലിച്ച് മനുഷ്യകു ലത്തിന്റെ നന്മയ്ക്കായി നിസ്വാര്‍ഥസേവനം ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി തുല്യമായി വീതിക്കണം. ശാസ്ത്രശാഖകളെയും സാഹിത്യത്തെയും ഹൃദയത്തോടു ചേര്‍ത്തുവച്ച ഈ സമാധാനപ്രിയന്‍ സമാധാനം, ഊര്‍ജതന്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം എന്നീ 5 മേഖലകളിലാണ് സമ്മാനങ്ങള്‍ നല്‍കേണ്ടതെന്നും നിര്‍ദേശിച്ചു. ആത്മസുഹൃത്തായ റാഗ്‌നര്‍ സോള്‍മാനെയും വിശ്വസ്തനായ റുഡോള്‍ഫ് ലില്‍ജെക്വിസ്റ്റിനെയും വില്‍പത്രത്തിന്റെ നടത്തിപ്പുകാരായും നിശ്ചയിച്ചു.
ഹൃദയാഘാതവും തുടര്‍ന്നുണ്ടായ മസ്തിഷ്‌കരക്തസ്രാവവുംമൂലം 1896 ഡിസംബര്‍ 10-ാം തീയതി 63-ാം വയസ്സില്‍ സാന്‍ റെമോയിലായിരുന്നു ആല്‍ഫ്രഡിന്റെ അന്ത്യം. സ്റ്റോക്‌ഹോമിലെത്തിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം ഔദ്യോഗികബഹുമതികളോടെ സ്റ്റോര്‍ഷിര്‍ക്കന്‍ കത്തീദ്രലിന്റെ സിമിത്തേരിയില്‍ സംസ്‌കരിച്ചു. വ്യാവസായികവിപ്ലവത്തില്‍ നടുനായകത്വം വഹിച്ച ആല്‍ഫ്രഡ് നൊേബലിന്റെ വിയോഗത്തില്‍ ലോകനേതാക്കളെല്ലാം അനുശോചനം രേഖപ്പെടുത്തിയപ്പോള്‍ 'മരണത്തിന്റെ കച്ചവടക്കാരന്‍' എന്നാണ് ഒരു ഫ്രഞ്ചുദിനപത്രം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ 355 ഓളം കണ്ടുപിടിത്തങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. സമാധാനപ്രിയനായിരുന്ന ആല്‍ഫ്രഡിന്റെ മരണദിവസമായ ഡിസംബര്‍ 10-ാം തീയതി 1948 ലെ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 423-ാം വകുപ്പുപ്രകാരം ലോകമനുഷ്യാവകാശദിനമായി പ്രഖ്യാപിച്ചത് യാദൃച്ഛികം.
ആല്‍ഫ്രഡ് സ്വയം തയ്യാറാക്കിയ വില്‍പത്രത്തിലെ കുറവുകളെല്ലാം കൃത്യതയോടെ കണ്ടെത്തി നടപ്പാക്കാന്‍ കാള്‍ ലിന്‍ഡ്ഹാജെന്‍ എന്ന നിയമവിദഗ്ധന്‍ റാഗ്‌നര്‍ സോള്‍മാനെ സഹായിച്ചു. ആല്‍ഫ്രഡിന്റെ കുടുംബാംഗങ്ങളില്‍നിന്നും സ്വീഡനിലെ ഓസ്‌കര്‍ രണ്ടാമന്‍ രാജാവില്‍നിന്നുപോലും എതിര്‍പ്പുകളുണ്ടായി. എന്നിരുന്നാലും, നൊബേല്‍ ഫൗണ്ടഷനു രൂപം നല്‍കാനും, നൊബേല്‍ സമ്മാനങ്ങളുടെ ക്രമാനുഗതമായ വിതരണത്തിനു നേതൃത്വം കൊടുക്കാനും ഇരുവര്‍ക്കും കഴിഞ്ഞു. ആദ്യത്തെ നൊബേല്‍ സമ്മാനവിതരണം 1901 ഡിസംബര്‍ പത്താം തീയതിയായിരുന്നു. സമാധാനത്തിനുള്ള ആദ്യത്തെ സമ്മാനം കരസ്ഥമാക്കിയത് ഇന്റര്‍നാഷണല്‍ റെഡ്‌ക്രോസിന്റെ സ്ഥാപകനായ ഹെന്റി ഡ്യൂണന്റ് ആണെന്ന പ്രത്യേകതയുമുണ്ട്.
1917, 1944, 1963 വര്‍ഷങ്ങളിലും റെഡ്‌ക്രോസ് സംഘടനയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. ആല്‍ഫ്രഡിന്റെ ആഗ്രഹപ്രകാരം നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്നവര്‍ക്കുള്ള സമാധാനപുരസ്‌കാരം നോര്‍വെയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ വച്ചാണു നല്‍കുന്നത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ പാര്‍ലമെന്റിന്റെ ഉത്തരവാദിത്വത്തിലാണു നല്‌കേണ്ടതെന്ന ആല്‍ഫ്രഡിന്റെ നിര്‍ദേശത്തിലെ ദുരൂഹത ഇപ്പോഴും തുടരുന്നു. മറ്റു വിഭാഗങ്ങള്‍ക്കുള്ള സമ്മാനങ്ങളെല്ലാം സ്റ്റോക്‌ഹോം കണ്‍സെര്‍ട്ടുഹാളില്‍ വച്ചു വിതരണം ചെയ്യുന്നത് സ്വീഡനിലെ രാജാവാണ്. ഊര്‍ജതന്ത്രം, രസതന്ത്രം എന്നിവയ്ക്കും, 1969 മുതല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തികശാസ്ത്രത്തിനുമുള്ള സമ്മാനിതരെ റോയല്‍ സ്വീഡിഷ് അക്കാദമിയും സാഹിത്യകാരന്മാരെ സ്വീഡിഷ് അക്കാദമിയും തിരഞ്ഞെടുക്കും. നൊബേല്‍ അസംബ്ലി ഓഫ് കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടാണ് വൈദ്യശാസ്ത്രപുരസ്‌കാരത്തിനുള്ളവരെ കണ്ടെത്തുന്നത്.
1901 മുതല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന നൊബേല്‍ സമ്മാനിതരുടെ ഫോട്ടോകളുടെയിടയില്‍ ഇന്ത്യയില്‍നിന്നുള്ളവരുടെ ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ അഭിമാനം തോന്നി. രവീന്ദ്രനാഥ ടാഗോര്‍ (സാഹിത്യം-1913), സി വി രാമന്‍ (ഊര്‍ജതന്ത്രം-1930), ഹര്‍ഗോവിന്ദ് ഖുറാന (വൈദ്യശാസ്ത്രം - 1968) വിശുദ്ധ മദര്‍ തെരേസ (സമാധാനം - 1979), സുബ്രഹ്‌മണ്യം ചന്ദ്രശേഖര്‍ (ഊര്‍ജതന്ത്രം -1983), അമര്‍ത്യസെന്‍ (സാമ്പത്തികശാസ്ത്രം-1998), വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ (രസതന്ത്രം-2009), കൈലേഷ് സത്യാര്‍ഥി (സമാധാനം - 2014), അഭിജിത് ബാനര്‍ജി (സാമ്പത്തികശാസ്ത്രം - 2019) എന്നിവരാണവര്‍. ഏറ്റവും പ്രായംകുറഞ്ഞ നൊബേല്‍ ജേതാവായ മലാല യൂസഫ്‌സായിയുടെ ചിത്രവും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കാരനായ കൈലേഷ് സത്യാര്‍ഥിയോടൊപ്പം 2014 ലെ സമാധാനപുരസ്‌കാരം പങ്കുവയ്ക്കുമ്പോള്‍ മലാലയ്ക്ക് 17 വയസ്സു മാത്രമായിരുന്നു പ്രായം. ഓരോ പുരസ്‌കാരജേതാവിനും 8 കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുക.