•  3 Jul 2025
  •  ദീപം 58
  •  നാളം 17
ലേഖനം

ഹൃദയത്തിന്റെ നൊമ്പരങ്ങള്‍

    സൂക്ഷിക്കുക, ഹൃദ്രോഗമില്ലാതെയും നെഞ്ചുവേദന

ഹൃദയാരോഗ്യത്തിനു ഭീഷണിയാകുന്ന ഏറ്റവും പുതിയ വില്ലനായി മാറുകയാണ് ''അമിതാദ്ധ്വാനത്തിലൂടെ മരണം'' എന്നര്‍ഥം വരുന്ന ''കരോഷി സിന്‍സിന്‍ഡ്രോം.'' ജപ്പാനില്‍ ആഴ്ചയില്‍ 40 മണിക്കൂറിനു പകരം 55 മണിക്കൂറിലധികം  കഠിനാദ്ധ്വാനം ചെയ്തവരിലാണ് കരോഷി സിന്‍ഡ്രോം എന്ന പ്രതിഭാസം പ്രകടമായത്. ഇക്കൂട്ടരില്‍ ഹൃദയസ്തംഭനമുണ്ടാകാനുള്ള സാധ്യത 13 ശതമാനവും  സ്‌ട്രോക്കുണ്ടാകാനുള്ള സാധ്യത 33 ശതമാനവും വര്‍ധിച്ചുകണ്ടു. ഉറക്കക്കുറവ് അതിരുകടന്നവരില്‍ മാരകമായ ഹൃദയസ്പന്ദനവൈകല്യങ്ങള്‍ (വെന്‍ട്രിക്കുലര്‍ റ്റാഹികാര്‍ഡിയ, ഫിബ്രിലേഷന്‍) കൂടുതലായി കണ്ടു. ഇതിന്റെ പ്രത്യാഘാതം തല്‍ക്ഷണമരണമാണ്. ഉറക്കമിളച്ച് ദീര്‍ഘനേരം ജോലി ചെയ്യുന്നവരില്‍ കാണുന്ന ഹൃദയഘടനാവ്യതിയാനമാണ് മയോകാര്‍ഡിയല്‍ ഫൈബ്രോസിസ്. അത് താളം തെറ്റിയ ഹൃദയമിടിപ്പിലേക്കും ഹൃദയപരാജയത്തിലേക്കും നയിക്കുന്നു. കരോഷിസിന്‍ഡ്രോം കലശലാകുമ്പോള്‍ ആത്മഹത്യാപ്രവണതയും കൂടുന്നു.
    അപ്പോള്‍ ഹൃദയധമനികളില്‍ ബ്ലോക്കില്ലാതെയും പ്രത്യേകമായ മുന്‍രോഗലക്ഷണങ്ങളില്ലാതെയും സാധാരണ കാണുന്ന ആപത്ഘടകങ്ങളില്ലാതെയും ഒരുവന് ഹൃദയസ്തംഭനമുണ്ടാകാം. ഇങ്ങനെയുള്ളവര്‍ക്കാണ് അസ്വാസ്ഥ്യവുമായി ആശുപത്രിയിലെത്തുമ്പോള്‍ സാധാരണ എടുക്കാറുള്ള ഇ.സി.ജി.യും മറ്റു സൂചകങ്ങളും 'നോര്‍മല്‍' എന്നു വിധിയെഴുതപ്പെടുന്നത്.
    ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്നവരില്‍ ഏതാണ്ട് 25 ശതമാനം പേര്‍ക്കും പ്രധാന രോഗലക്ഷണം നെഞ്ചിലെ അസ്വാസ്ഥ്യമാണ്. ഇക്കൂട്ടരില്‍ 15-25 ശതമാനം പേര്‍ക്കു മാത്രമാണ് ഹൃദയാഘാതമെന്നു രോഗനിര്‍ണയം ചെയ്യപ്പെടുന്നത്. ഇവര്‍ പെട്ടെന്നു ചെയ്യേണ്ട പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി, ലൈറ്റിക് തെറാപ്പി തുടങ്ങിയവകള്‍ക്കായി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്നു. ബാക്കിയുള്ള ഏതാണ്ട് 75 ശതമാനംപേര്‍ക്ക് ഹാര്‍ട്ടറ്റാക്കിന്റേതല്ലാത്ത മറ്റിതര അസ്വാസ്ഥ്യങ്ങളാണെന്നോര്‍ക്കണം. മനുഷ്യശരീരം അനുഭവിക്കുന്നതില്‍വച്ച് ഏറ്റവും കഠിനമായ വേദന ഹാര്‍ട്ടറ്റാക്കാണെന്നു പറയാം. എന്നാല്‍, കൊറോണറിധമനിയിലെ ബ്ലോക്കിനെത്തുടര്‍ന്നുണ്ടാകുന്ന ഹാര്‍ട്ടറ്റാക്ക് സംഭവിക്കാതെയും ഹൃദയത്തിലെ മറ്റു ഘടനകളെ ബാധിക്കുന്ന വീക്കംമൂലവും നെഞ്ചിലസ്വാസ്ഥ്യമുണ്ടാകാം. ഇവ കഠിനമായ നെഞ്ചുവേദനയുണ്ടാക്കാം. അതുകൊണ്ടുതന്നെ രോഗനിര്‍ണയം ദ്രുതഗതിയിലാക്കി ചികിത്സ വൈകാതെ തുടങ്ങണം.പെരികാര്‍ഡൈറ്റിസ്
   നാനാവിധത്തിലുള്ള വൈറസ്, ബാക്ടീരിയ, അണുബാധകള്‍, റേഡിയേഷന്‍ തെറാപ്പി, നെഞ്ചിലേല്‍ക്കുന്ന പരിക്ക്, അര്‍ബുദം തുടങ്ങിയവകള്‍മൂലം ഹൃദയത്തെ ആവരണം ചെയ്യുന്ന പെരിക്കാര്‍ഡിയല്‍സഞ്ചിക്കു വീക്കവും അപചയവും സംഭവിച്ച് കലശലായ വേദനയുണ്ടാകുന്നു. ശരീരമനങ്ങുമ്പോഴും ശ്വാസം നീട്ടി വലിക്കുമ്പോഴും വേദന കൂടുന്നു. ഇതിന്റെ ചികിത്സയ്ക്ക് വിശ്രമവും വേദനസംഹാരികളും മതിയാകും. ഇ.സി.ജി.യില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് പെരികാര്‍ഡൈറ്റിസ് ചിലപ്പോള്‍ ഹാര്‍ട്ടറ്റാക്കെന്നു തെറ്റിദ്ധരിക്കപ്പെടുന്നു.
അയോര്‍ട്ടിക്  ഡൈസെക്ഷന്‍
   അമിതരക്തസമ്മര്‍ദം, ധമനിയിലെ ജരിതാവസ്ഥ, അന്യൂറിസം, വാര്‍ധക്യം തുടങ്ങിയ കാരണങ്ങളാല്‍ അപചയം വര്‍ധിക്കുമ്പോള്‍ മഹാധമനിയുടെ ഭിത്തിയില്‍ വിള്ളലുണ്ടാകുന്നു. ചിലയവസരങ്ങളില്‍ ഈ പ്രതിഭാസം ഹാര്‍ട്ടറ്റാക്കിനേക്കാള്‍ ഗുരുതരമായ നെഞ്ചുവേദനയുളവാക്കാം. ഉടനടി ശസ്ത്രക്രിയ ചെയ്യേണ്ടി വരും.
ബ്രോക്കന്‍ഹാര്‍ട്ട് സിന്‍ഡ്രോം
   അടങ്ങാത്ത സ്‌ട്രെസ്സും സ്‌ട്രെസ് ഹോര്‍മോണുകളുടെ തിരയിളക്കവും ഉണ്ടാക്കുന്ന അപൂര്‍വപ്രതിഭാസമാണ് 'തക്കോസു ബോകാര്‍ഡിയോമയോപ്പതി' അഥവാ ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം. ഇടത്തെ കീഴറയുടെ ഭിത്തികള്‍ വിങ്ങുകയും കീഴറ ക്രമാതീതമായി വലുതാകുകയും പമ്പിങ് ദ്രുതതാളത്തിലാകുകയും ചെയ്യുന്നു. ഇത് നെഞ്ചുവേദനയും ശ്വാസംമുട്ടലുമുണ്ടാക്കാം. സമുചിതമായ ചികിത്സയും വിശ്രമവുംകൊണ്ട് ഈ അവസ്ഥ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സാധാരണനിലയിലാവാം.
    ഇനി ഹൃദയഘടനയുമായി ബന്ധപ്പെടാതെ നെഞ്ചിന്‍കൂടിനുള്ളിലെയും വയറ്റിലെയും വിവിധ രോഗാവസ്ഥകള്‍മൂലം  നെഞ്ചുവേദന അനുഭവപ്പെടാം. ഇവ കലശലായി നെഞ്ചിലസ്വാസ്ഥ്യം ഉണ്ടാക്കുകയും ഹാര്‍ട്ടറ്റാക്കെന്നു തെറ്റിദ്ധരിച്ച് വൈദ്യസഹായം തേടുകയും ചെയ്യാം. അത്യാഹിതവിഭാഗത്തില്‍ എത്തിച്ചേരുന്ന ഏതാണ്ട് 50-75 ശതമാനംപേരും ഇത്തരത്തില്‍ അസ്വാസ്ഥ്യമനുഭവിക്കുന്നവരാണ്.
ആമാശയത്തിലെ അസിഡിറ്റിയും റിഫ്‌ളെക്‌സ് രോഗവും 
    അമ്ലാംശം വര്‍ധിക്കുന്നതിനെത്തുടര്‍ന്ന് അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ഉള്‍ഭിത്തിയിലുണ്ടാകുന്ന വീക്കവും വ്രണങ്ങളും ദുസ്സഹമായ നെഞ്ചെരിച്ചിലുണ്ടാക്കുന്നു. അപഥ്യമായ ഭക്ഷണശൈലിമൂലം ആമാശയാന്ത്രങ്ങളിലെ അസിഡിറ്റി പലപ്പോഴും വര്‍ധിക്കുമ്പോള്‍ അത് അന്നനാളത്തിലേക്കും പടരാറുണ്ട്. ഈ സാഹചര്യത്തില്‍ നെഞ്ചെരിച്ചിലും ഗ്യാസ്ട്രബിളും  അനുഭവപ്പെടുന്നു. ആമാശയത്തിലെ അമ്ലരസം അന്നനാളത്തിലേക്കു പതിവായി തിരിഞ്ഞൊഴുകുന്ന അവസ്ഥയെ 'ഗേര്‍ഡ്' അഥവാ 'ഗ്രാസ്‌ട്രോ ഈസോഫാജിയല്‍ റിഫ്‌ളെക്‌സ് ഡിസീസ്' എന്നു വിളിക്കുന്നു. എമര്‍ജന്‍സിവിഭാഗത്തില്‍ വരുന്ന 20-60 ശതമാനംവരെ പേര്‍ക്ക് ഇത്തരത്തില്‍ കലശലായ നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നതായി പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു.
കോസ്റ്റോ കോണ്‍ഡ്രൈറ്റിസും ഫൈബ്രോമയാല്‍ജിയയും
    നെഞ്ചിന്‍കൂട്ടിലെ വാരിയെല്ലുകള്‍ക്കു വീക്കവും നീരുമൊക്കെയുണ്ടാകുന്ന അവസ്ഥയാണ് കോസ്റ്റൊകോണ്‍ഡ്രൈറ്റിസ്. ഇതിനെ 'ടീറ്റ്‌സേ സിന്‍ഡ്രോ' മെന്നും വിളിക്കുന്നു. ഇത്തരം അവസ്ഥയില്‍ വാരിയെല്ലുകളുടെ സന്ധികളില്‍ സ്പര്‍ശിക്കുമ്പോള്‍ വേദനയനുഭവപ്പെടുന്നു. അത്യാഹിതവിഭാഗത്തിലെത്തുന്ന ഏതാണ്ട് 40 ശതമാനം രോഗികള്‍ക്കും ഇത്തരത്തില്‍ കലശലായ നെഞ്ചുവേദനയനുഭവപ്പെടാറുണ്ടെന്നു തെളിയുന്നു. കഠിനാദ്ധ്വാനം, നെഞ്ചിലെ അണുബാധ, നെഞ്ചിലേല്‍ക്കുന്ന ക്ഷതം ഇവയെല്ലാം നെഞ്ചിന്‍കൂട്ടിലെ അസ്ഥികള്‍ക്കും പേശികള്‍ക്കും വീക്കമുണ്ടാക്കി ശക്തമായ നെഞ്ചുവേദനയുണ്ടാകാന്‍ കാരണമാകുന്നു.
നെഞ്ചിലെ മാംസപേശികള്‍ക്കുണ്ടാകുന്ന വലിച്ചിലും കട്ടുകഴപ്പും ഒക്കെയാണ് ഫൈബ്രോമയാല്‍ജിയ. ഇതു ദീര്‍ഘനാള്‍ തുടരാം. സ്ഥിരമായ വ്യായാമവും ഔഷധസേവയുമൊക്കെ ഇതിന്റെ കാഠിന്യം കുറയ്ക്കാം. ജനിതകമായ പല കാരണങ്ങളും ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നു.
ശ്വാസകോശസംബന്ധമായ രോഗാവസ്ഥകള്‍
    ഹൃദയത്തെ പൊതിഞ്ഞ് നെഞ്ചിന്റെ ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന ശ്വാസകോശങ്ങള്‍ക്കുണ്ടാകുന്ന രോഗാവസ്ഥകള്‍ വിവിധ കാഠിന്യത്തിലുള്ള നെഞ്ചുവേദനയുണ്ടാക്കുന്നു. ന്യൂമോണിയ, പ്ലൂറസി, പള്‍മനറി എംബോളിസം ഇവയെല്ലാം അതില്‍ പ്രധാനികള്‍തന്നെ. ശ്വാസകോശങ്ങള്‍ക്കുണ്ടാകുന്ന അണുബാധയും വീക്കവുമാണ് ന്യുമോണിയ. അതേത്തുടര്‍ന്ന് ശ്വാസകോശങ്ങളെ ആവരണം ചെയ്തിരിക്കുന്ന പ്ലൂറല്‍പാളികള്‍ക്കു ബാധിക്കുന്ന വീക്കം ദുസ്സഹമായ വേദനയ്ക്കു കാരണമാകുന്നു. ഇതിനെ 'പ്ലൂറസി' എന്നു വിളിക്കുന്നു. ശ്വാസം വലിക്കുമ്പോള്‍ രോഗിക്കു കഠിനമായ നെഞ്ചുവേദനയുണ്ടാകുന്നു. വിശ്രമവും ആന്റിബയോട്ടിക്കുകളും വേദനസംഹാരികളുമാണ് ചികിത്സ. കാലുകളിലെ സിരകളില്‍ നിന്നെത്തുന്ന രക്തക്കട്ടകള്‍ ഒഴുകിയെത്തി ശ്വാസകോശങ്ങളിലെ  ധമനികളില്‍ ബ്ലോക്കുണ്ടാക്കുന്ന പ്രതിഭാസമാണ്  'പള്‍മനറി എംബോളിസം'. ഉടനടി രോഗനിര്‍ണയം ചെയ്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കാം. കലശലായ ശ്വാസതടസ്സവും നെഞ്ചുവേദനയും തളര്‍ച്ചയുമാണ് ലക്ഷണങ്ങള്‍.
പാനിക് അറ്റാക്ക്
     അത്യാഹിതവിഭാഗത്തില്‍ ഹൃദയേതരനെഞ്ചുവേദനയുമായി എത്തുന്ന 34.5 ശതമാനം പേര്‍ക്കും പാനിക് അറ്റാക്ക് രോഗനിര്‍ണയം ചെയ്യാറുണ്ടെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മറ്റൊരുപഠനത്തില്‍, നെഞ്ചിടിപ്പും നെഞ്ചുവേദനയും ശ്വാസതടസ്സവും തളര്‍ച്ചയുമായിവരുന്ന രോഗികളില്‍ 23.5 ശതമാനം പേര്‍ക്കും പാനിക് അറ്റാക്ക് ഉള്ളതായി തെളിഞ്ഞു. 'എനിക്കു ഹാര്‍ട്ടറ്റാക്ക് ഉണ്ട്' എന്നു പറഞ്ഞ് അത്യാഹിതവിഭാഗത്തിലെത്തുന്ന 57 ശതമാനം പേര്‍ക്കും പാനിക് അറ്റാക്കാണ് എന്നു പഠനങ്ങള്‍ തെളിയിച്ചു. ഇക്കൂട്ടരില്‍ നടത്തിയ ആന്‍ജിയോഗ്രാഫിയില്‍ ബ്ലോക്കുകള്‍ ഇല്ലാ എന്നു തെളിഞ്ഞു. മറ്റൊരു പഠനത്തില്‍ പാനിക്അറ്റാക്ക് എന്നു രോഗനിര്‍ണയം ചെയ്ത 50 ശതമാനംപേര്‍ പല തവണ നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തി. പാനിക് അറ്റാക്ക് രോഗാവസ്ഥയുമായി പല അവ്യക്തരോഗലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്ന 95 ശതമാനം രോഗികള്‍ക്കും കൃത്യമായി രോഗനിര്‍ണയം ചെയ്യപ്പെടാതെ മറ്റു പല രോഗാവസ്ഥകള്‍ക്കായി സ്ഥിരമായി ചികിത്സ നല്‍കപ്പെടാറുണ്ടെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
    അപ്പോള്‍ ഒരു ഭിഷഗ്വരന് ഏറ്റവും തലവേദനയുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് പാനിക് അറ്റാക്കും സൈക്കോജെനിക് നെഞ്ചുവേദനയും. തുടര്‍ച്ചയായുണ്ടാകുന്ന മനോസംഘര്‍ഷം ശാരീരികരോഗങ്ങളായി മാറുന്ന പ്രതിഭാസമാണ് സൈക്കോജെനിക് രോഗാവസ്ഥ. മനസ്സിനെ തകിടം മറിക്കുന്ന ദൈനംദിനജീവിതത്തിലെ ആഘാതങ്ങള്‍മൂലം ഭയവും ഉത്കണ്ഠയും വിഷാദാവസ്ഥയും കുമിഞ്ഞുകൂടി ശരീരത്തില്‍ പരശതം രോഗാവസ്ഥകളുണ്ടാക്കുന്നു. സാധാരണയെടുക്കുന്ന പരിശോധനകള്‍കൊണ്ട് ഈ പ്രതിഭാസത്തെ രോഗനിര്‍ണയം ചെയ്യാന്‍ സാധിക്കില്ല. രോഗിയുടെ ദുര്‍ഗ്രഹമായ രോഗവിവരണവും നിസ്സഹകരണമനോഭാവവും രോഗനിര്‍ണയം ദുഷ്‌കരമാക്കുന്നു.
    കൃത്യമായി രോഗവിവരമെടുക്കുക, ആപത്ഘടകങ്ങളുടെ അതിപ്രസരം, ഇതര ഉദ്ദീപനഘടകങ്ങള്‍, ഇ.സി.ജി., എക്കോകാര്‍ഡിയോഗ്രാം, ട്രെഡ്മില്‍ ടെസ്റ്റ്, ഹോള്‍ട്ടര്‍ മോനിട്ടറിങ്, രക്തപരിശോധന (പ്രത്യേകിച്ച് ട്രോപോണിന്റെ അളവ്), ചെസ്റ്റ് എക്‌സ്‌റേ, സി.റ്റി., ആന്‍ജിയോഗ്രാഫി, കൊറോണറിആന്‍ജിയോഗ്രാഫി ഇവയെല്ലാം ആവശ്യാനുസൃതം നെഞ്ചുവേദനയുമായെത്തുന്ന രോഗിയുടെ രോഗനിര്‍ണയത്തിനായി പ്രയോജനപ്പെടുത്താം.  നെഞ്ചുവേദനയുള്ള രോഗികളില്‍ ചിലപ്പോള്‍ ആദ്യമെടുക്കുന്ന ഇ.സി.ജി.യും ട്രോപോണിനും     സാധാരണനിലയിലായിരിക്കാം. അപ്പോള്‍ ഇവ ആവര്‍ത്തിക്കേണ്ടതായി വരാം. ഇനി പരിശോധനകള്‍ രോഗാവസ്ഥയെപ്പറ്റി വേണ്ടത്ര അറിവു നല്‍കാതിരിക്കുകയും രോഗിക്ക് നെഞ്ചിലസ്വാസ്ഥ്യം തുടരുകയും ചെയ്താല്‍ തീര്‍ച്ചയായും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുടര്‍പരിചരണങ്ങള്‍ സംവിധാനം ചെയ്യണം. ഹൃദയേതരനെഞ്ചുവേദനയെന്നു സംശയിച്ചാല്‍ അതുമായി ബന്ധപ്പെട്ട സ്‌പെഷ്യലിസ്റ്റുകളെ ഉള്‍പ്പെടുത്തി രോഗനിര്‍ണയവും ചികിത്സയും സമഗ്രമാക്കണം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)