•  3 Jul 2025
  •  ദീപം 58
  •  നാളം 17
ലേഖനം

പാതിവെന്ത പരിസ്ഥിതിയാചരണം

    ദക്ഷിണകൊറിയയിലെ ജെജു ദ്വീപില്‍വച്ച് ജൂണ്‍അഞ്ചാം തീയതി ലോകപരിസ്ഥിതിദിനാചരണം നടന്നു. കഴിഞ്ഞ അമ്പത്തിമൂന്നു വര്‍ഷമായി നടക്കുന്ന ഈ ദിനാചരണംകൊണ്ട് സമൂഹത്തില്‍ എന്തുമാറ്റം കൊണ്ടുവരാന്‍ നമുക്കു കഴിഞ്ഞുവെന്നു പരിശോധിക്കപ്പെടേണ്ടതാണ്. ഈ വര്‍ഷത്തെ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ചുള്ള മുദ്രാവാക്യം ''ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍'' എന്നതായിരുന്നു.     പരിസ്ഥിതിദിനാചരണത്തിന്റെ വാര്‍ത്തകള്‍ വായിച്ചും കണ്ടും കേട്ടും ശേഷം പാലായില്‍നിന്നു മീനച്ചിലാറിന്റെ തീരംവഴി പോകുന്ന മുത്തോലി - ചേര്‍പ്പുങ്കല്‍ റോഡിലൂടെയുള്ള യാത്രയാണ് ഈ കുറിപ്പെഴുതാനുള്ള പ്രേരണ. റോഡിന്റെ ഇരുവശത്തും, അന്തരിച്ച പ്രൊഫ. കെ.കെ. എബ്രാഹംസാര്‍ വച്ചുപിടിപ്പിച്ച മനോഹരമായ ചെടികള്‍! ആറ്റിലേക്കു ദൃഷ്ടി പതിപ്പിച്ചപ്പോള്‍ റോഡില്‍ കണ്ട സന്തോഷം പെട്ടെന്നു നഷ്ടപ്പെട്ട് അമര്‍ഷവും ദുഃഖവും ഉള്ളില്‍ അണപൊട്ടി. മീനച്ചിലാറിന്റെ ഇരുകരകളില്‍നിന്നിരുന്ന പല വൃക്ഷങ്ങളും കടപുഴകി ആറ്റിലേക്കു വീണുകിടക്കുന്നു. അതിന്റെ ശിഖരങ്ങളിലെല്ലാം നൂറുകണക്കിന് പ്ലാസ്റ്റിക് കവറുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. മേയ് അവസാനവാരത്തില്‍ പെയ്ത ശക്തമായ മഴയില്‍ ഒഴുകിയെത്തിയവയാണ് ഇവയെല്ലാം. മരക്കമ്പുകളില്‍ ഉടക്കിയതിന്റെ നൂറിരട്ടി ഈ ആറ്റില്‍ക്കൂടി ഒഴുകി കടലില്‍ എത്തിയിട്ടുണ്ടാവും. ആരാണ് ഇതിനു കാരണക്കാര്‍? നമ്മള്‍ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.

   മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തുന്നതുപോലെ നമ്മുടെ മറ്റു നദികളില്‍ക്കൂടിയും ഒഴുകിയെത്തുന്ന എത്ര ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നമ്മുടെ സമുദ്രം ഉള്‍ക്കൊള്ളേണ്ടിവരുന്നതെന്ന് ഇവ അലക്ഷ്യമായി വലിച്ചെറിയുന്ന നമ്മള്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഉപയോഗശേഷമുണ്ടാകുന്ന പ്ലാസ്റ്റിക്മാലിന്യം ശേഖരിക്കാന്‍ എല്ലാ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ഹരിതകര്‍മ്മസേന മാസംതോറും ഭവനസന്ദര്‍ശനം നടത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം ഓരോ കുടുംബവും അന്‍പതു രൂപ മാസംതോറും പ്രതിഫലവും നല്‍കുന്നു. പിന്നെ എന്തിന് ഇവ മണ്ണിലേക്കും പുഴയിലേക്കും വലിച്ചെറിയുന്നു? നമ്മള്‍ ഓരോരുത്തരും ഒന്നല്ലെങ്കില്‍ രണ്ടു കവറുകള്‍ ആയിരിക്കും പുറത്തേക്കു വലിച്ചെറിയുക. ഇങ്ങനെ കടലില്‍ എത്തിച്ചേരുന്നത് പന്ത്രണ്ടു മില്യണ്‍ മെട്രിക് ടണ്‍ പ്ലാസ്റ്റിക്മാലിന്യമെന്നാണ് കണക്കാക്കപ്പെടുന്നത്. മണ്ണിലേക്കെറിയുന്ന പ്ലാസ്റ്റിക് കവറുകള്‍ അടുത്ത തലമുറയുടെ കാലത്തുപോലും മണ്ണില്‍ അലിഞ്ഞുചേരുകയില്ലെന്നത് ഇതിന്റെ ഭീകരത എത്ര മാത്രം രൂക്ഷമാണെന്നു വ്യക്തമാക്കുന്നു.
    മൂന്നാഴ്ചയ്ക്കുള്ളില്‍ രണ്ടു വലിയ ചരക്കുകപ്പലുകളാണ് കേരളതീരത്തോടടുത്ത് അപകടത്തില്‍പ്പെട്ട് ഗുരുതരപരിസ്ഥിതിമലിനീകരണഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതിക്കു ഭീഷണി ഉയര്‍ത്തുന്ന ബെന്‍സോ ഫെനോണ്‍, ട്രൈക്ലോറോബെന്‍സിന്‍, ഈതൈല്‍ ക്ലോറോഫോര്‍മേറ്റ്, ഡൈമീതൈല്‍ സള്‍ഫേറ്റ് തുടങ്ങി നിരവധിയിനം കീടനാശിനികളും രാസവസ്തുക്കളും അടങ്ങിയ കണ്ടെയ്‌നറുകളാണ് കടലില്‍ പതിച്ചിരിക്കുന്നത്. എം.എസ്.സി.എല്‍സ-3 എന്ന കപ്പലിന്റേതിനേക്കാള്‍ ഗുരുതരപാരിസ്ഥിതികനാശത്തിന് കാരണമാകുന്നത് വാന്‍ഹയി 503 എന്ന കപ്പലിന്റെ അപകടമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. എല്‍സ കപ്പലപകടത്തെത്തുടര്‍ന്ന് പ്ലാസ്റ്റിക് ഗ്രാനൂളുകള്‍ കടലിലെ പാറക്കെട്ടുകളിലും തീരപ്രദേശങ്ങളിലും കൂട്ടമായി അടിഞ്ഞുകൂടുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. യുഎന്നിന്റെ നേതൃത്വത്തില്‍ 2026 ലെ പരിസ്ഥിതിമുദ്രാവാക്യം 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍' എത്ര പ്രചാരണകോലാഹലത്തോടെ നടത്തിയാലും ഇത്തരത്തിലുണ്ടാകുന്ന പ്രതിസന്ധികളെ ലോകം അഭിമുഖീകരിക്കേണ്ടിവരും. ഒരു മരംവച്ചു പിടിപ്പിച്ചതുകൊണ്ട് ഒഴിവാക്കാന്‍ കഴിയുന്നതല്ല, ഇവയൊന്നും.
പരിസ്ഥിതിപ്രവര്‍ത്തകര്‍ ഈരാറ്റുപേട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ച വാര്‍ത്ത കാണാന്‍ ഇടയായി. സ്‌കൂള്‍ വളപ്പിലുള്ള മരമുത്തശ്ശിയെ പൊന്നാട അണിയിച്ചാദരിച്ച് കുട്ടികള്‍ മരത്തെ കെട്ടിപ്പുണര്‍ന്ന് സ്‌നേഹചുംബനം നല്‍കുകയും ചെയ്തു. ഏതു വൃക്ഷത്തിനും പ്രകൃതിക്ക് ഓക്‌സിജന്‍ സംഭാവന ചെയ്യാന്‍ കഴിയുന്ന ഒരു കാലഘട്ടം ഉണ്ട്. അതു കഴിഞ്ഞാല്‍ ആ മരം ഭൂമിയില്‍ വളര്‍ന്നുനില്‍ക്കുന്നത് ഗുണത്തെക്കാള്‍ ദോഷമാണു ചെയ്യുന്നതെന്ന കാര്യം പലരും മറക്കുന്നു.
മറ്റൊരു കുടുംബം സോഷ്യല്‍ മീഡിയായില്‍ എടുത്ത പ്രതിജ്ഞയുംകൂടി വായനക്കാരുടെ അറിവിലേക്ക് കുറിക്കുന്നു. ഇതിലെ ശരിതെറ്റുകള്‍ പരിശോധിക്കപ്പെടാം. ഇവരുടെ പ്രതിജ്ഞ ഇപ്രകാരമാണ്: മരങ്ങള്‍ ഓക്‌സിജന്റെ പ്രധാന ഉറവിടമാണെന്നും മരങ്ങള്‍ നട്ടു മാത്രം പ്രകൃതിയെ സംരക്ഷിക്കാമെന്നുമുള്ള പൊതുബോധം തെറ്റാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. മറിച്ച്, ഭൂമിയിലെ അന്തരീക്ഷ ഓക്‌സിജന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് കടലിലെ ആല്‍ഗകളാണെന്നുള്ള യാഥാര്‍ഥ്യം ഞങ്ങള്‍ തിരിച്ചറിയുന്നു. പത്തു ലിറ്റര്‍ പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡേ ഒരു മരം ഒരു വര്‍ഷം ആഗിരണം ചെയ്യുന്നുള്ളൂ എന്നുള്ള ശാസ്ത്രീയസത്യം ഞങ്ങള്‍ തിരിച്ചറിയുന്നു. അന്ധമായ വനവത്കരണത്തെക്കാള്‍, നഗരങ്ങളിലെ മാലിന്യം ഓടകളിലൂടെയും തോടുകളിലൂടെയും നദികളിലേക്കും കായലുകളിലേക്കും ഒടുവില്‍ സമുദ്രത്തിലേക്കും ഒഴുക്കിവിടുന്ന അശാസ്ത്രീയമായ നഗരവത്കരണത്തെയാണ് ആദ്യം നിയന്ത്രിക്കേണ്ടതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. നഗരങ്ങളില്‍ എസിയുടെയും മള്‍ട്ടിപ്‌ളക്‌സുകളുടെയും വന്‍കിട കോണ്‍ക്രീറ്റ് ഫ്‌ളാറ്റുകളുടെയും സുഖലോലുപതയില്‍ മുഴുകി ജീവിക്കുന്ന ഒരുകൂട്ടം പരിസ്ഥിതി വാദികളുടെ പാപഭാരം സാധാരണക്കാരായ, അന്യവത്കരിക്കപ്പെട്ട കര്‍ഷകരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള തന്ത്രമായിരുന്നു ഇത്തരം പ്രചാരണങ്ങളെല്ലാം എന്ന സത്യവും ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇനി ഒരിക്കലും അശാസ്ത്രീയവും സ്വാര്‍ഥതാത്പര്യപരവുമായ പരിസ്ഥിതിവാദത്തെ പിന്തുണയ്ക്കുകയില്ലെന്നും ശാസ്ത്രീയമായ പരിസ്ഥിതിസംരക്ഷണത്തിനുവേണ്ടി പ്രയത്‌നിക്കുമെന്നും ഈ പരിസ്ഥിതിദിനത്തില്‍ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. ജയ്കിസാന്‍ എന്ന അഭിവാദ്യത്തോടെയാണ് ഈ ദമ്പതികളുടെ പ്രതിജ്ഞ അവസാനിപ്പിക്കുന്നത്.  

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)