•  3 Jul 2025
  •  ദീപം 58
  •  നാളം 17
ലേഖനം

ബൈബിളിനു പരിഷ്‌കാരമോ?

   കേരളത്തില്‍, പ്രത്യേകിച്ച് കത്തോലിക്കരുടെയിടയില്‍, സര്‍വസാധാരണമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ ബൈബിളിന്റെ വിവര്‍ത്തനമാണ് പി ഒ സി ബൈബിള്‍ എന്നറിയപ്പെടുന്നത്. കഴിഞ്ഞയാഴ്ച ആ ബൈബിളിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രകാശനം ചെയ്യുകയുണ്ടായി. അതു കഴിഞ്ഞപ്പോള്‍ പലരുടെയും ഒരു സംശയം ബൈബിള്‍ പരിഷ്‌കരിക്കാനാവുമോ എന്നതായിരുന്നു. ''ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്ന് വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു'' (മത്താ 5:19) എന്നല്ലേ തിരുവചനം പറയുന്നത്? പിന്നെ എങ്ങനെയാണ് ബൈബിളിനു പരിഷ്‌കാരമുണ്ടാകുന്നത്? ബൈബിള്‍ പരിഷ്‌കരിക്കുക എന്നു പറഞ്ഞാല്‍ എന്താണ് അര്‍ഥമാക്കുന്നത്? ഈ ബൈബിള്‍ ഇപ്രകാരം പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു? ഇത്രയുംനാള്‍ വായിച്ചിരുന്നതെല്ലാം തെറ്റായിരുന്നോ? പഴയ ബൈബിള്‍ അസാധുവായി മാറുമോ? പരിഷ്‌കരിച്ചതിനുശേഷം എന്തെല്ലാം മെച്ചമാണ് ഉണ്ടായിട്ടുള്ളത്? എന്നിങ്ങനെയുള്ള സംശയങ്ങളും പലരും ചോദിക്കുന്നുണ്ട്. 

   ആദ്യമായിത്തന്നെ ഒരുകാര്യം പറയട്ടെ: ബൈബിള്‍ പരിഷ്‌കരിക്കുകയല്ല ചെയ്തത്; മറിച്ച്, ബൈബിളിന്റെ മലയാളവിവര്‍ത്തനമാണ് പരിഷ്‌കരിച്ചത്. മുകളില്‍ പറഞ്ഞ തിരുവചനം, അതായത്, നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലായെന്നു പറയുന്നത് വചനത്തിന് ഒരു മാറ്റവും വരുകയില്ലായെന്നു പറയുവാനാണ്. വചനം ഈശോമിശിഹാതന്നെയാണ്; ഈശോമിശിഹായിലൂടെയുള്ള വെളിപ്പെടുത്തലാണ്; മിശിഹായിലൂടെയുള്ള രക്ഷാകരപദ്ധതിയാണ്. അതിന് ഒരു മാറ്റവും വരുകയില്ല എന്നു പറയുവാനാണ് നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലാ എന്നു പറയുന്നത്. അല്ലാതെ, എഴുതപ്പെട്ട ബൈബിളിലെ അക്ഷരങ്ങളില്‍, അതിന്റെ വിവര്‍ത്തനങ്ങളില്‍ മാറ്റം ഒന്നും വരുകയില്ലാഎന്നു  പറയുവാനല്ല. വചനം നമുക്കു കൈമാറിക്കിട്ടിയത് എഴുതപ്പെട്ട ബൈബിളിലൂടെയും വിശുദ്ധപാരമ്പര്യങ്ങളിലൂടെയുമാണ്. വിശുദ്ധ ഗ്രന്ഥത്തിലൂടെയും വിശുദ്ധ പാരമ്പര്യത്തിലൂടെയും കൈമാറിക്കിട്ടിയ ദൈവികവെളിപാടിന് അതിന്റെ പൂര്‍ണതയായി മിശിഹാരഹസ്യമാകുന്ന വചനത്തിന് ഒരു മാറ്റവും വരുകയില്ലാ എന്നാണ് തിരുവചനം പ്രതിപാദിക്കുന്നത്. 
ബൈബിളിന്റെ മൂലകൃതികള്‍
    ബൈബിള്‍ ആദ്യമായി എഴുതപ്പെട്ട ഭാഷകളാണ് മൂലഭാഷകള്‍ എന്നറിയപ്പെടുന്നത്. ബൈബിളിന്റെ മൂലകൃതികള്‍ തയ്യാറാക്കിയിരിക്കുന്നത് പ്രധാനമായും മൂന്നു ഭാഷകളിലാണ്. പഴയനിയമത്തിലെ പുസ്തകങ്ങള്‍ പ്രധാനമായും ഹീബ്രുഭാഷയില്‍ എഴുതപ്പെട്ടതാണ്. എന്നാല്‍, പഴയനിയമകാലത്തിന്റെ അവസാനകാലത്ത് എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ ഗ്രീക്കുഭാഷയിലാണ് എഴുതപ്പെട്ടത്. ദാനിയേല്‍, എസ്രാ എന്നീ പുസ്തകങ്ങളിലെ ഏതാനും അധ്യായങ്ങള്‍ അറമായഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. പുതിയനിയമഗ്രന്ഥങ്ങള്‍ എല്ലാം ഗ്രീക്കുഭാഷയിലാണ് എഴുതപ്പെട്ടത്. 
ബൈബിളിന്റെ വിവര്‍ത്തനങ്ങള്‍
    ഏറ്റവുമധികം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിരിക്കുന്ന പുസ്തകമാണ് ബൈബിള്‍.  മൂവായിരത്തിയെഴുന്നൂറിലധികം ഭാഷകളിലേക്കു ബൈബിള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബൈബിളിന്റെ പ്രാചീനവിവര്‍ത്തനങ്ങള്‍ ഗ്രീക്ക്, അറമായ, സുറിയാനി, ലത്തീന്‍, കോപ്റ്റിക്ക്, അര്‍മേനിയന്‍ തുടങ്ങിയ ഭാഷകളിലേക്കുള്ളവയാണ്. ഹീബ്രു ഭാഷയിലെഴുതപ്പെട്ടിരുന്ന പഴയനിയമഗ്രന്ഥങ്ങളെല്ലാം മിശിഹായുടെ മനുഷ്യാവതാരത്തിനു മുമ്പുതന്നെ ഗ്രീക്കുഭാഷയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. ഒരു ഭാഷയില്‍നിന്നു മറ്റൊരുഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുമ്പോള്‍ മൂലകൃതികള്‍ എഴുതിയ അതേ അര്‍ഥത്തില്‍ത്തന്നെ പൂര്‍ണമായും വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുകയില്ല. വിവര്‍ത്തനം ചെയ്യപ്പെടുന്ന ഭാഷകളുടെ  പ്രത്യേകതകളനുസരിച്ച് അല്പം വ്യതിയാനങ്ങള്‍ ഉളവാകാം. എല്ലാ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളാണ് എന്നു പറയപ്പെടുന്നത് അതുകൊണ്ടാണ്. പ്രാചീന വിവര്‍ത്തനങ്ങളിലും ഇപ്രകാരമുള്ള വ്യത്യാസങ്ങള്‍ കാണാം. പ്രാചീനഭാഷകളിലേക്കും വ്യത്യസ്തമായ വിവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. 1382ല്‍ ജോണ്‍ വൈക്ലിഫും കൂട്ടരും വിവര്‍ത്തനം പൂര്‍ത്തിയാക്കിയ ബൈബിളായിരുന്നു ഇംഗ്ലീഷ്ഭാഷയിലേക്കുള്ള ബൈബിളിന്റെ ആദ്യ സമ്പൂര്‍ണവിവര്‍ത്തനം. ഭാരതീയഭാഷകളിലേക്കുള്ള ആദ്യവിവര്‍ത്തനം തമിഴ്ഭാഷയിലേക്കുള്ളതായിരുന്നു. 1715 ല്‍ ജര്‍മന്‍ മിഷനറിയായിരുന്ന ബര്‍ത്തൊലോമിയോ സ്വീഗെന്‍ബാല്‍ഗ് ആണ് ഈ വിവര്‍ത്തനം തയ്യാറാക്കിയത്. 
ബൈബിള്‍വിവര്‍ത്തനങ്ങള്‍ മലയാളഭാഷയില്‍
   മലയാളഭാഷയിലേക്ക് ആദ്യമായി ബൈബിള്‍ വിവര്‍ത്തനം ചെയ്തത് 1811 ല്‍ കായങ്കുളം ഫിലിപ്പോസ് റമ്പാനും കൂട്ടരും ചേര്‍ന്നാണ്. ഇത് സുറിയാനിഭാഷയില്‍നിന്നുള്ളതായിരുന്നു. വിശുദ്ധ വേദപുസ്തകം എന്നപേരിലായിരുന്നു ഇതറിയപ്പെട്ടിരുന്നത്. 1829-1841 കാലഘട്ടത്തില്‍ ബഞ്ചമിന്‍ ബെയിലി  എന്ന മിഷനറി സമ്പൂര്‍ണബൈബിളിന്റെ മലയാളവിവര്‍ത്തനം തയ്യാറാക്കി. മൂലഭാഷയിലുള്ള ബൈബിളും ഇംഗ്ലീഷ് വിവര്‍ത്തനവും അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം മലയാളത്തിലേക്കു ബൈബിള്‍ പരിഭാഷപ്പെടുത്തിയത്. 1910ല്‍ ബെയിലിയുടെ ബൈബിള്‍വിവര്‍ത്തനം പരിഷ്‌കരിച്ച് സത്യവേദ പുസ്തകം എന്ന പേരില്‍ സമ്പൂര്‍ണബൈബിള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 2016 ല്‍ സത്യവേദപുസ്തകം പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കപ്പെട്ടു. 
ബൈബിളിന്റെ മലയാളവിവര്‍ത്തനം കേരളകത്തോലിക്കാസഭയില്‍ 
    കത്തോലിക്കരുടെയിടയിലും വിവിധങ്ങളായ ബൈബിള്‍വിവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. മഞ്ഞുമ്മേല്‍ കര്‍മലീത്താവൈദികരുടെ നേതൃത്വത്തിലും മാന്നാനത്തുനിന്നു കര്‍മലീത്താവൈദികരുടെ നേതൃത്വത്തിലും ബൈബിള്‍ വിവര്‍ത്തനം ചെയ്തിരുന്നതുകൂടാതെ മോണ്‍സിഞ്ഞോര്‍ മൂത്തേടന്‍ സ്വന്തമായ പ്രയത്‌നത്താല്‍ ബൈബിള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിരുന്നു. പുതിയനിയമത്തിന്റെ സുറിയാനിപരിഭാഷയുടെ മലയാളം വിവര്‍ത്തനവും പ്രസദ്ധീകരിച്ചിരുന്നു. വ്യക്തിപരമായി  മറ്റു ചിലരും ബൈബിളിലെ പുസ്തകങ്ങള്‍ ഭാഗികമായി വിവര്‍ത്തനം ചെയ്തിരുന്നു. 
പി ഒ സി ബൈബിള്‍
    രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖകളില്‍ വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള പ്രമാണരേഖയായ ദെയി ബെര്‍വും (ദൈവവചനം) പ്രകാരം വിശുദ്ധ ഗ്രന്ഥത്തിന്റെ മൂലരൂപത്തോടു വിശ്വസ്തതപുലര്‍ത്തുന്നതും പ്രമാദരഹിതവുമായ വിവര്‍ത്തനങ്ങള്‍ ദൈവജനത്തിനു സംലഭ്യമാക്കാന്‍ പ്രാദേശികസഭകള്‍ ശ്രദ്ധിക്കണം (ദൈവവചനം 22) എന്നു പഠിപ്പിക്കുന്നുണ്ട്. അതിന്‍പ്രകാരമാണ് കേരളകത്തോലിക്കാസഭയുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനഫലമായി പിഒസി ബൈബിള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്.  കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ നിര്‍ദേശപ്രകാരം കേരളസഭയ്ക്കുവേണ്ടി ബൈബിളിന്റെ മലയാളവിവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 1967ല്‍ ആരംഭിക്കുകയും 1971ല്‍ പുതിയനിയമത്തിന്റെ മലയാളവിവര്‍ത്തനം പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പഴയനിയമത്തിന്റെ മലയാളപരിഭാഷയും ഉള്‍പ്പെടുത്തി 1981ല്‍ സമ്പൂര്‍ണബൈബിള്‍ പ്രസിദ്ധീകരിച്ചു. അതാണ് പി ഒ സി ബൈബിള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. കേരള കത്തോലിക്കാസഭകളുടെ പൊതുവായ അജപാലനകേന്ദ്രമായിരുന്നു പി ഒ സി (ജമേെീൃമഹ ഛൃശലിമേശേീി ഇലിൃേല). അവിടെനിന്നു പ്രസിദ്ധീകരിച്ചതുകൊണ്ട് പി ഒ സി ബൈബിള്‍ എന്നറിയപ്പെട്ടിരുന്നു. 
ബൈബിള്‍ പരിഷ്‌കരിക്കല്‍ 
    വിവിധഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ബൈബിളുകള്‍ പ്രാചീനഭാഷകളിലായാലും ആധുനികഭാഷകളിലായാലും പുതുതായി വിവര്‍ത്തനം ചെയ്യുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടുണ്ട്. പ്രാചീനഭാഷകളായ ഗ്രീക്ക്, സുറിയാനി, അറമായ, ലത്തീന്‍ എന്നീഭാഷകളിലും വിവിധ വിവര്‍ത്തനങ്ങളും അവയുടെ പരിഷ്‌കരണങ്ങളും നടന്നിട്ടുണ്ട്. ഇംഗ്ലീഷ്ഭാഷയില്‍ ആധികാരികവിവര്‍ത്തനമായി (അൗവേീൃശലെറ ്‌ലൃശെീി) 1611ല്‍ തയ്യാറാക്കിയത് 1882ല്‍ പരിഷ്‌കരിച്ച വിവര്‍ത്തനമായും (ഞല്ശലെറ ഢലൃശെീി) 1952ല്‍ പരിഷ്‌കരിച്ച ആധികാരികവിവര്‍ത്തനമായും (ഞല്ശലെറ ടമേിറമൃറ ഢലൃശെീി) 1989 ല്‍ പുതിയപരിഷ്‌കരിച്ച ആധികാരികവിവര്‍ത്തനമായും (ചലം ഞല്ശലെറ ടമേിറമൃറ ഢലൃശെീി) പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതുകൂടാതെ ഇംഗ്ലീഷ്ഭാഷയില്‍ മറ്റു പല വിവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ട്. 1966ല്‍ പ്രസിദ്ധീകരിച്ച ജറുസലം ബൈബിള്‍ (ഖലൃൗമെഹലാ ആശയശഹല)  1985 ല്‍  ചലം ഖലൃൗമെഹലാ ആശയശഹല ആയും 2019ല്‍ ഞല്ശലെറ ചലം ഖലൃൗമെഹലാ ആശയശഹല ആയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തില്‍ പ്രചുരപ്രചാരം നേടിയിരുന്ന സത്യവേദപുസ്തകം 2016ല്‍ പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചിരുന്നു. ഇപ്രകാരം ബൈബിള്‍വിവര്‍ത്തനങ്ങള്‍ ന്യൂനതകള്‍ ഒഴിവാക്കിയും ഭാഷയുടെ വളര്‍ച്ചയ്ക്കനുസൃതമായും കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുക എന്നത് സ്വാഭാവികമായി നടക്കുന്ന, നടക്കേണ്ട പ്രക്രിയയാണ്. അപ്രകാരമാണ് പി ഒ സി ബൈബിളും പരിഷ്‌കരിച്ചു പ്രസിദ്ധീകരിക്കുന്നത്.    
    ഭാഷാലാളിത്യത്താലും വായനക്ഷമതയാലും പരക്കെ ജനമനസ്സുകളില്‍ സ്ഥാനം നേടിയ ബൈബിളായിരുന്നു പിഒസി ബൈബിള്‍. കേരളസഭയിലും പൊതുസമൂഹത്തിലും ദൈവവചനം എത്തിക്കുന്നതില്‍ പിഒസി ബൈബിളിന്റെ സംഭാവന വളരെ വലുതാണ്. എങ്കിലും ഭാഷയുടെ ലാളിത്യത്തിനുവേണ്ടി നടത്തിയ ശ്രമങ്ങളാലും മൂലകൃതികളെക്കാള്‍ അധികമായി ആധുനികവിവര്‍ത്തനങ്ങളെ, പ്രത്യേകിച്ച് ഇംഗ്ലീഷ് വിവര്‍ത്തനമായ ഞടഢ ഉപയോഗിച്ചിരുന്നതുകൊണ്ടും മൂലഭാഷയില്‍നിന്ന് അകല്‍ച്ച ഉണ്ടായിരുന്നു. ഇത്തരുണത്തിലാണ് മൂലഭാഷകളോടു കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്ന ഒരു മലയാളവിവര്‍ത്തനം അഥവാ നിലവിലുള്ള പിഒസി ബൈബിള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചന വന്നതും അതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ 2005ല്‍ ആരംഭിക്കുകയും കമ്മിറ്റി രൂപീകരിക്കുകയും ചെയ്ത് 2012ല്‍  പുതിയനിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചു. 
    പഴയനിയമഗ്രന്ഥങ്ങളുടെ വിവര്‍ത്തനം നടത്തുന്നതിനുവേണ്ടി 2015ല്‍  കെസിബിസി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ആ കമ്മിറ്റി പിഒസിയില്‍ താമസിച്ചുകൊണ്ട് പഴയനിയമഗ്രന്ഥങ്ങള്‍ മൂലഭാഷകളായ ഹീബ്രു, ഗ്രീക്ക്, അറമായഭാഷകളില്‍നിന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുകയും ചെയ്തു. 2021ല്‍ ആ വിവര്‍ത്തനം പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ഭാഷാപണ്ഡിതരുടെയും മറ്റു വേദപണ്ഡിതരുടെയും വായനയ്ക്കും പഠനത്തിനുമായി വിവര്‍ത്തനം ചെയ്ത ഗ്രന്ഥങ്ങള്‍ നല്കുകയും വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുംശേഷം പുതിയനിയമത്തിന്റെയും പഴയനിയമത്തിന്റെയും വിവര്‍ത്തനങ്ങള്‍ ഒന്നുചേര്‍ത്ത് 2024 ല്‍ കുറച്ചു കോപ്പികള്‍ പ്രസിദ്ധീകരിച്ച് ഭാഷാപണ്ഡിതര്‍ക്കും, വേദപണ്ഡിതര്‍ക്കും സാധാരണവായനക്കാര്‍ക്കുമായി എത്തിക്കുകയും ചെയ്തു. തുടര്‍ന്നു ലഭിച്ച ഭാഷതിരുത്തലുകള്‍ക്കുള്ള നിര്‍ദേശങ്ങളും മറ്റു നിര്‍ദേശങ്ങളും പരിഗണിച്ച് പഠിച്ചതിനുശേഷമാണ് 2025 മേയ് മാസത്തില്‍ പ്രസിദ്ധീകരണത്തിനുള്ള  ബൈബിള്‍ തയ്യാറാക്കിയതും 2025 ജൂണ്‍ മാസത്തില്‍ പിഒസി പരിഷ്‌കരിച്ച പതിപ്പ് എന്ന പേരില്‍ ബൈബിള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതും. 

(പരിഷ്‌കരിച്ച പതിപ്പിലെ പ്രത്യേകതകള്‍ അടുത്ത ലക്കത്തില്‍)

ലേഖകന്‍ പി.ഒ.സി. ബൈബിള്‍ റിവിഷന്‍ കോര്‍ടീം മെമ്പറാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)