മനുഷ്യന്‍ അവന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞുതുടങ്ങുന്നത്; അതു സൂക്ഷ്മരൂപത്തിലാവാം, അമ്മയില്‍നിന്നാണ്. മനുഷ്യന്‍ മാത്രമല്ല ജന്തുജാലങ്ങള്‍ ഒക്കെത്തന്നെ അതിന്റെ അതിജീവനത്തിനുള്ള ബാലപാഠങ്ങള്‍ അമ്മയില്‍നിന്നാണു പഠിക്കുന്നത്. ആ അര്‍ഥത്തില്‍ ആദ്യത്തെ പുസ്തകം അമ്മയാണെന്നുപറയാം. അക്ഷരമുദ്രിതമായിട്ടുള്ള പുസ്തകങ്ങള്‍ പിന്നീടു വരുന്നതാണ്. അതിന്റെ വായനയ്ക്കും ആദ്യം വഴിമരുന്നിടുന്നതും അമ്മയോ മാതൃതുല്യരോ ആണ്. അമ്മയോ മുത്തശ്ശിയോ മറ്റു മാതൃതുല്യരോ സരസമായി പറയുന്ന കഥകളും ഗാനങ്ങളും പിന്നീട് വായനയ്ക്കുള്ള പ്രേരണകളായി
മാറുന്നു. ആ അര്‍ഥത്തില്‍ നമുക്ക് ഭാവനാപരവും ചിന്താപരവും യുക്ത്യനുസൃതവുമായ ജീവിതത്തിന്റെ നിര്‍മ്മിതിക്ക്
വായന സഹായകമാകുന്നു; എങ്ങനെയാണോ മാതൃശിക്ഷണവും ഉപദേശങ്ങളും മാതൃസ്തന്യവും ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കു വെള്ളവും വളവുമാവുന്നത്, അതുപോലെ വായനയും, മാനസികവും ഭാവനാപരവും സാമൂഹികവും സാംസ്‌കാരികവുമായ എല്ലാത്തരം വളര്‍ച്ചയ്ക്കും കാരണമാകുന്നു. ചുരുക്കത്തില്‍ ഒരു സമ്പൂര്‍ണ്ണവ്യക്തിയായി വളരാന്‍ വായന മനുഷ്യനെ സഹായിക്കുന്നു.
വിവിധാര്‍ഥങ്ങളുള്ള ഒരു പദമാണ് വാസ്തവത്തില്‍ വായന. ഗ്രന്ഥപാരായണം എന്ന അര്‍ഥത്തില്‍ വായന വരുംമുമ്പേ പല നിലയ്ക്കുള്ള വായനകള്‍ നടക്കുന്നുണ്ട്. പ്രകൃതിയെ വായിക്കുക, അനുഭവങ്ങളെ വായിക്കുക, കാലഭേദങ്ങളെ വായിക്കുക, സഹജീവികളുടെ വികാരങ്ങളെയും വിചാരങ്ങളെയും വായിക്കുക, അദ്ധ്വാനത്തെയും അതിന്റെ വകഭേദങ്ങളെയും വായിക്കുക എന്നിങ്ങനെ വായനയുടെ ഒരു പൂര്‍വകാലം ഗ്രന്ഥരചനയ്ക്കു മുമ്പേ നടക്കുന്നുണ്ട്. ഈ വായനയുടെ ഭൗതികരൂപം എന്ന നിലയിലാണ് പിന്നീട് ഒരു പുസ്തകം പിറവിയെടുക്കുന്നത്. അതില്‍നിന്നാണ് സാങ്കേതികമായി, നാം വായന എന്നു പൊതുവില്‍പറയുന്ന ഗ്രന്ഥപാരായണം ഉണ്ടാവുന്നത്. ചുരുക്കത്തില്‍ നാം വായിക്കുന്നത് സൂക്ഷ്മദൃക്കായ ഒരാളുടെ വായനയുടെ വായനയാണ്. അങ്ങനെ നോക്കുമ്പോള്‍ വായന അനാദിയാണ്. ഇവിടെ വരാവുന്ന ഒരു സംശയം'മനസ്സിലാക്കല്‍' എന്ന പദത്തിനു പകരംവയ്ക്കുന്ന വാക്കല്ലേ 'വായന' എന്നതാണ്. ആവാം. പക്ഷേ, സാധാരണമായി മനസ്സിലാക്കല്‍ എന്ന പദം പ്രകാശിപ്പിക്കാത്ത, വികാരവിചാരങ്ങളെയും സാംസ്‌കാരികബോധത്തെയും ശരിതെറ്റുകളെയും കലാത്മകമായി സ്വീകരിച്ചുകൊണ്ട് 'മനസ്സിലാക്കുന്നു' എന്നൊരു അധികസൗന്ദര്യവും അവകാശപ്പെടലും വായനയ്ക്കുണ്ട്. ആ മൂല്യത്തിന്റെ തുടര്‍ച്ചയാണ് എഴുത്തിലേക്കും എഴുത്തിന്റെ വായനയിലേക്കും വരുന്നത്.
സാങ്കേതികമായ വായനയ്ക്ക് കുറഞ്ഞൊരു പ്രായമേ അവകാശപ്പെടാനുള്ളൂ. അത് വാമൊഴിയില്‍നിന്നു വരമൊഴിയിലേക്ക് അറിവും അനുഭവവും പരിണമിച്ചതിനുശേഷമുള്ള പ്രായമാണ്. പക്ഷേ, അതിനുമുമ്പേ മുന്‍സൂചിപ്പിച്ച പല വായനകളും നടന്നുകഴിയുന്നു. അത്രയും വിപുലമായ മുന്‍വായനയുടെ ഫലവും പോഷകങ്ങളുമാണ് ഒരു പുസ്തകം പകര്‍ത്തിവയ്ക്കുന്നതും പുസ്തകവായനയിലൂടെ നമുക്കു പകര്‍ന്നുകിട്ടുന്നതും. തന്റെ ചുറ്റുപാടുകളെ - ചുറ്റുപാടുകള്‍ എന്നത് നേരത്തേ സൂചിപ്പിച്ച എല്ലാ ഘടകങ്ങളും എന്ന അര്‍ഥത്തിലാണ് - വായിക്കുന്ന ഒരാള്‍ ഒരു പുസ്തകത്തിനു രൂപംകൊടുക്കുമ്പോള്‍ അവിടെ വസ്തുതകള്‍ക്കൊപ്പം അയാളുടെ വികാരവിചാരങ്ങളും ഭാവനകളുംകൂടി കലരുന്നു. അതു തികച്ചും മറ്റൊരാളുടെ വികാരവിചാരങ്ങളില്‍നിന്നു വിഭിന്നമാവുകയും ഒരു കാഴ്ചതന്നെ വിവിധങ്ങളായ കാഴ്ചകള്‍ സമ്മാനിക്കുകയും ചെയ്യുന്നു. അവിടെ അറിവുകളുടെയും അനുഭവങ്ങളുടെയും വിവിധങ്ങളായ പാറ്റേണുകള്‍ മനസ്സിലാക്കുകയാണ് ഒരു വായനക്കാരനു ലഭിക്കുന്ന സൗഭാഗ്യം. അതുവഴി ഓരോ വായനക്കാരനും ഭാവനാശാലിയും ബഹുമുഖമായ കാഴ്ചകള്‍ക്കു സമര്‍ഥനുമാവുന്നു. നിരന്തരമായ വായന, ജീവിതത്തിന്റെ വിരസമായ അനുഭവങ്ങളില്‍നിന്നും സജീവവും വിസ്മയകരവുമായ കാഴ്ചയുടെ കാലിഡോസ്‌കോപ്പ് സമ്മാനിക്കുകയാണ് ചെയ്യുക. നവംനവങ്ങളായ കാഴ്ചപ്പാടുകളിലൂടെ സമൂഹത്തെയും ജീവിതത്തെയും നോക്കിക്കാണാന്‍ ഇതു നമ്മെ സഹായിക്കുന്നു. ഈ പാഠമാണ് 'വായിച്ചാല്‍ വിളയും' എന്ന വരിയിലൂടെ കുഞ്ഞുണ്ണിമാഷ് സൂചിപ്പിക്കുന്നത്.
ഒരു സമൂഹത്തെ നേര്‍വഴിക്കു നടത്തുന്നത് നിയമത്തെക്കാള്‍ അധികം ധാര്‍മ്മികബോധമാണ് അഥവാ ആയിരിക്കണം. അവിടെയാണ് സ്വാഭാവികമായ സ്വാസ്ഥ്യത്തിന്റെ വെളിച്ചം നിറയുന്നത്. നിയമലംഘനത്തിനു ശിക്ഷിക്കപ്പെടുന്ന നിയമംപോലും ലംഘിക്കപ്പെടാം. നിയമത്തെപ്പോലും അനുസരിക്കണമെന്നു പ്രേരിപ്പിക്കുന്ന ഒരു ധാര്‍മ്മികബോധമുണ്ട്. ഇത് ഉണ്ടാവുന്നത് ഏറിയകൂറും കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന കഥകളിലൂടെയും വായന അഥവാ പുസ്തകങ്ങള്‍ നല്‍കുന്ന ബോധരൂപീകരണത്തിലൂടെയുമാണ്. ഒരു വ്യക്തിയെയും സമൂഹത്തെയും ധാര്‍മ്മികവല്‍ക്കരിക്കുക എന്നത് ചെറിയ കാര്യമല്ല. അതു സംഭവിക്കുന്നതാകട്ടെ, മഹത്തായ പുസ്തകങ്ങളുടെ വായനയിലൂടെയും പറഞ്ഞുപകര്‍ന്ന അവയിലെ ഉള്ളടക്കത്തിലൂടെയും ഉദ്‌ബോധനത്തിലൂടെയുമാണ്. സംസാരിക്കുന്ന പക്ഷിമൃഗാദികളെയും സഞ്ചരിക്കുന്ന വൃക്ഷലതാദികളെയും ഒക്കെ ഉപാധികളാക്കി കുട്ടിക്കാലത്ത് നമ്മുടെ താല്‍പര്യങ്ങളെ ആകര്‍ഷിച്ചുകൊണ്ട് നമ്മിലേക്കു കടന്നുവരുന്ന കഥകള്‍ ഫാന്റസികള്‍ക്കപ്പുറത്തു സൃഷ്ടിച്ചെടുക്കുന്നത് സമൂഹത്തിനാവശ്യമുള്ള ചിന്താപദ്ധതിയുടെ ഒരു രൂപരേഖയാണ്. ഇവിടെയാണ് നല്ല പുസ്തകങ്ങളും നല്ല വായനയും, നല്ല മനുഷ്യനെയും സമൂഹത്തെയും സൃഷ്ടിക്കുന്നത്.
പുസ്തകവായനതന്നെ പലവിധമുണ്ട്. പഠനാവശ്യത്തിനുവേണ്ടിയും വിവരശേഖരണത്തിനുവേണ്ടിയും സിലബസ് അനുസരിച്ചു വായിക്കുന്ന ഒരു വായനയുണ്ട്. പക്ഷേ, സാധാരണ നമ്മള്‍ വായന എന്നു വിവക്ഷിക്കുന്നത് സാഹിത്യരൂപങ്ങളുടെ വായനതന്നെയാണ്. സാഹിത്യരൂപങ്ങളിലാണ് നാം നിത്യേന കാണുന്ന കാഴ്ചകളും അനുഭവങ്ങളും ഹൃദയംഗമമായ മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.
മുമ്പു സൂചിപ്പിച്ചതുപോലെ ഒരുവസ്തുത എഴുത്തുകാരന്റെ ഭാവനാലോകത്തു നടക്കുന്ന രാസമാറ്റത്തിലൂടെ പുതുതായ ഒന്നോ പലതോ ആയ ചിന്താധാര വായനക്കാരനില്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ പിറവികൊള്ളുന്നു. കാഴ്ചകള്‍ക്കപ്പുറത്ത് കാഴ്ചപ്പാടുകള്‍ രൂപീകരിക്കാന്‍ വായനകള്‍ പ്രേരകമാവുന്നത് അവിടെയാണ്. ഒരു കാര്യം 'മനസ്സിലാക്കുക' എന്നതിനുപകരം 'വായിക്കുക' എന്നുപറയുമ്പോള്‍ അവിടെ കലാത്മകമായ ഒരു താദാത്മീകരണത്തിന്റെ സങ്കല്പംകൂടിയുണ്ട്.
വിശക്കാത്തവന്‍ പുസ്തകം വായിക്കുമ്പോള്‍ അവന്റെ മനസ്സ് ദൈന്യത്തിലേക്കു തുറക്കുന്നു; ദൈന്യം അവന് അനുഭവവേദ്യമാകുന്നു. വിശക്കുന്നവന്‍ വായിക്കുമ്പോള്‍ അവന്‍ വിശപ്പുണ്ടാക്കുന്ന വ്യവസ്ഥിതി മാറ്റാനുള്ള ചിന്തയിലേക്കു വളരുന്നു. പുസ്തകം വിശക്കുന്നവന്റെ അതിജീവനോപാധിയായിത്തീരുന്നതങ്ങനെയാണ്. വായനയ്ക്ക് പരമപ്രധാനമായ ഒരു ലക്ഷ്യമുണ്ട്. അത് അപരനെ അറിയുക എന്നതാണ്; അവിടെനിന്നും അപരത്വത്തിന്റെ അകലങ്ങള്‍ മായിച്ചുകളയുക എന്നതാണ്.
നിര്‍മ്മാതാക്കളെക്കാള്‍ ഉപഭോക്താക്കള്‍ അധികമുള്ളതുപോലെ ലോകത്തെവിടെയും എഴുത്തുകാരെക്കാള്‍ അധികമുള്ളത് വായനക്കാരാണ്. അവിടെ സംഭവിക്കുന്നത് ഒരാശയം അനേകം മസ്തിഷ്‌കങ്ങളെ വിമര്‍ശന - വിശകലന സമര്‍ത്ഥവും കലാത്മകവുമാക്കുക എന്നതാണ്. വാസ്തവത്തില്‍ ഓരോ വായനയും വായനക്കാരനെ ഒരു പൊളിച്ചെഴുത്തുകാരനാക്കി മാറ്റുന്നു. അത് ആന്തരികമായി ചിലപ്പോള്‍ അവന്‍പോലും അറിയാതെ - നടക്കുന്ന ഒരു പ്രക്രിയയാണ്. ഒരാളിന്റെ അറിവിനെയും വിശ്വാസത്തെയും സംസ്‌കാരത്തെയും പ്രപഞ്ച -സാമൂഹിക വീക്ഷണത്തെയും വായന അല്പാല്പമായി അനുക്ഷണം വികസ്വരമാക്കിക്കൊണ്ടിരിക്കുന്നു. ഒരാളെ ധ്യാനാത്മകമായി നവീകരിക്കുക എന്നത് വായനയുടെ മറ്റൊരുധര്‍മ്മവും ദൗത്യവുമാണ്.എല്ലാ കാര്യത്തിനും എന്നപോലെ വായനയ്ക്കും രണ്ടു വശങ്ങളുണ്ട്. നല്ല പുസ്തകങ്ങളും നല്ല വായനയും വ്യക്തിയെയും സമൂഹത്തെയും പുരോഗമിപ്പിക്കുന്നതുപോലെ തെറ്റായ വായനയും മോശമായ എഴുത്തും അധോഗമിപ്പിക്കുകയും ചെയ്യും. എഴുത്തുപോലെതന്നെ നല്ലതും മൂല്യവത്തുമായ വായനയും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഉദാഹരണത്തിന് നമ്മുടെ പല ഇതിഹാസങ്ങളിലും ക്ലാസിക്കുകളിലും യുദ്ധം വിവരിക്കുന്നുണ്ട്. അത്തരം ഗ്രന്ഥങ്ങളെ യുദ്ധക്കഥ മാത്രമായി വായിച്ചെടുക്കുക എന്നത് മൂല്യമില്ലാത്ത ഒരു വായനയാണ്.
അതുപോലെ അതിനെ കൊല്ലാനും യുദ്ധംചെയ്യാനും പ്രേരിപ്പിക്കുന്ന സന്ദേശമായി വായിച്ചെടുക്കുന്നത് അപകടകരവുമാണ്. ഒരിക്കലും വായനയുടെ ലക്ഷ്യം അപകടകരമായ ഒരു ഐഡിയോളജി - ആശയപരിസരം സൃഷ്ടിച്ചെടുക്കലാവരുത്. എത്രയോ ഗ്രന്ഥങ്ങള്‍ വ്യക്തിയിലും സമൂഹത്തിലും വിശ്വാസമണ്ഡലങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അറിവുകളും അനുഭൂതികളും വിശ്വാസമായി പരിണമിക്കുന്ന ഇടം അത്യന്തം മാരകമാണ്.അവിടെ മൂല്യവത്തും ശരിയായതുമായ വായന ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചുപറയണം.
വായനയുടെ ചരിത്രം അത്യന്തം രസാവഹമാണ്. എഴുത്തുപകരണങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുമ്പ്, ലിപികള്‍ രൂപപ്പെടുന്നതിനു മുമ്പ്, മനുഷ്യന്‍ പ്രകൃതിയെയും അവിടുത്തെ അനന്തമായ കാഴ്ചകളെയും അനുഭവങ്ങളെയും ഒരു പുസ്തകംപോലെ വായിച്ചെടുത്തു. ആ വായനയുടെ ആദ്യപ്രതിഫലനങ്ങളാണ് ചിത്രരൂപത്തില്‍ പാറക്കെട്ടുകളിലും ഗുഹാഭിത്തികളിലും എഴുതപ്പെട്ടത്. മനുഷ്യന്റെ ആദ്യഗ്രന്ഥത്താളുകള്‍ അതാവാം. പിന്നീട് പടിപടിയായി കളിമണ്ണുഫലകങ്ങളും ഓലക്കീറുകളും കടലാസും ഒക്കെ കടന്നുവരികയും എഴുത്ത് ആധുനികീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഇന്ന് ഈ ഉപാധികള്‍ ഒന്നുമില്ലാതെ എഴുത്തും വായനയും സാധ്യമാകുന്ന അത്യന്താധുനികതയില്‍ എത്തിനില്‍ക്കുന്നു എന്നത് ചുരുക്കിപ്പറയാവുന്ന ചരിത്രം.
ഇതിനപ്പുറത്ത് കുറച്ചുകൂടി ഭൗതികതലത്തില്‍ വായനയെയും എഴുത്തിനെയുംകുറിച്ചു പറയുമ്പോള്‍, വായനയെ വ്യാപകമാക്കിയതില്‍ വലിയ പങ്ക് അച്ചടി എന്ന സാങ്കേതികവിദ്യയ്ക്കുണ്ട്. ഓലകളിലും കൈയെഴുത്തു പ്രതികളിലും മാത്രം; ഏതാനും ആളുകളുടെ കൈകളില്‍ മാത്രം, ഉണ്ടായിരുന്ന അറിവുകള്‍ പുസ്തകരൂപത്തില്‍ രൂപപ്പെടുത്തിയതും വായനാലോകത്തെ വികസിപ്പിച്ചതും അച്ചടിയാണ്. വായനയുടെ ചരിത്രത്തിലെ മാറ്റിനിര്‍ത്തപ്പെടാനാവാത്ത സാങ്കേതികവിദ്യയുടെ കടന്നുവരവാണ് പ്രസ്സുകള്‍ക്കു ജന്മം നല്‍കിയത്. മലയാളിയെ സംബന്ധിച്ചിടത്തോളം ചാവറയച്ചന്‍ കോട്ടയത്തു സ്ഥാപിച്ച സെന്റ് ജോസഫ് പ്രസ് ഇതിഹാസതുല്യം നില്‍ക്കുന്ന ഒരു ഏടാണ്. ഒരു ഗ്രന്ഥരചനപോലെ, ഒരു മൂല്യവത്തായ വായനപോലെ, ധ്യാനംപോലത്തെ ഒരു ആത്മസമര്‍പ്പണത്തിന്റെ ചരിത്രമാണ് ആ പ്രസ്സിന്റെ നിര്‍മ്മാണത്തിലും സ്ഥാപനത്തിലും ഉണ്ടായതെന്ന് എല്ലാ വായനക്കാരും വായിക്കേണ്ട ഒന്നാണ്. പിന്നീട് പല പല സ്ഥാപനങ്ങള്‍, പല നിറങ്ങളിലും, വ്യത്യസ്ത രീതികളിലും, അനായാസം പ്രിന്റ് ചെയ്യാവുന്ന ആധുനികീകരണം. പുസ്തകങ്ങള്‍ക്കുവേണ്ടി ഒരുക്കപ്പെട്ട വീടുകള്‍ - ഗ്രന്ഥശാലകള്‍. ഇന്ന് പുതിയ തലമുറ വായനയില്‍നിന്ന് അകന്നുപോകുന്നു എന്നത് വ്യാപകമായ ഒരു പരാതിയാണ്. ഓര്‍ക്കേണ്ടത് പുതിയ തലമുറയെ വായിക്കാന്‍ നാം കൂടെക്കൂട്ടുന്നുണ്ടോ എന്നതും അവരുടെകൂടെ നാം കൂടുന്നുണ്ടോ എന്നതുമാണ്. എല്ലാ ആഘോഷങ്ങള്‍ക്കും ആചരണങ്ങള്‍ക്കും നമ്മുടെ മക്കള്‍ക്ക് വാങ്ങിക്കൊടുക്കുന്ന സമ്മാനപ്പൊതികളില്‍ ഒന്ന് ഒരു പുസ്തകപ്പൊതിയാവാറുണ്ടോ? ഉല്ലാസത്തിനായി രുചിയിടങ്ങളും പാര്‍ക്കുകളും കയറിയിറങ്ങുന്നതിനിടയില്‍ അവസാന ഇടമായെങ്കിലും ഒരു പുസ്തകശാല കടന്നുവരാറുണ്ടോ? നിര്‍ബന്ധപൂര്‍വം വായനയെ വ്യാപകമാക്കുവാന്‍ യത്‌നിച്ച അഗ്രിമനായ പി.എന്‍. പണിക്കര്‍. 'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' എന്ന മുദ്രാവാക്യവുമായി അദ്ദേഹം കുട്ടികളെ കൂടെകൂട്ടി; പുസ്തകങ്ങളുടെ കൂട്ടുകാരാക്കി. വളര്‍ന്നുവരുന്ന തലമുറയുടെ പ്രധാന കളിക്കോപ്പ് പുസ്തകങ്ങള്‍ ആവണമെന്ന ഉജ്ജ്വലവീക്ഷണം. അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 വായനദിനമായി ആചരിക്കുമ്പോള്‍ പുസ്തകപ്രസിദ്ധീകരണവും വായനയും പല ഘട്ടങ്ങള്‍ കടന്ന് അത്യന്താധുനികമായിക്കഴിഞ്ഞു. വെറുതെയിരുന്നു വായിച്ചു കേള്‍ക്കാവുന്ന, ട്രാന്‍സ്പരന്റായ പ്രതലത്തില്‍ വായിക്കാവുന്ന കാലത്ത് നാം ജീവിക്കുന്നു. അപ്പോഴും വായന മറക്കാതിരിക്കുക. വായനയുടെ വഴികളിലെ നാഴികക്കല്ലായ ഗ്രന്ഥങ്ങള്‍ മറക്കാതിരിക്കുക. വായനയുടെ ലോകം സൃഷ്ടിച്ച്, അവിടെ അവരുടെ പേരുപോലും അടയാളപ്പെടുത്തിവയ്ക്കാന്‍ താത്പര്യപ്പെടാത്ത ആത്മസമര്‍പ്പിതരെ മറക്കാതിരിക്കുക.
കവര്‍സ്റ്റോറി
വായനയുടെ വാതായനങ്ങള്‍
