ഇടത്തെ ചുമലില്‍ ഏണിയും വലത്തെ ചുമലില്‍ പിന്നോട്ടു തൂക്കിയിട്ടിരിക്കുന്ന കൊടുവാളുമായി റോഡിന്റെ വലത്തേ അരികുപറ്റി നടന്നുപോകുമ്പോഴാണ് പോസ്റ്റുമാന്‍ പിന്നാലെയെത്തി സഡന്‍ബ്രേക്കിട്ടു സൈക്കിള്‍ നിര്‍ത്തുന്നത്.
കേശവാ, ഒരു കത്തുണ്ട്.
തനിക്കിപ്പോള്‍ ആരു കത്തെഴുതാനാണ് എന്നായിരുന്നു അയാള്‍ക്കു പെട്ടെന്നുണ്ടായ ചിന്ത.
ദാ, ഇവിടെ ഒപ്പിട്!
കത്ത് രജിസ്റ്റര്‍ ആണ്. സംശയത്തോടെ കത്തുവാങ്ങി മേല്‍വിലാസം നോക്കി.
കേശവന്‍ പി.കെ., പള്ളിത്താഴത്ത്. ഇത്രയും വായിച്ചതേ നിര്‍ത്തി. കത്തു തനിക്കുള്ളതു തന്നെ എന്നുറപ്പിച്ചു.
എഴുത്തുമായി നേരേ പോയതു വലത്തുവശത്തുള്ള കൃഷ്ണപിള്ളയുടെ ചായക്കടയിലേക്കായിരുന്നു. തിരക്കില്ലാതെ അലസമായി നിന്നിരുന്ന കൃഷ്ണപിള്ളയുടെ കൈയില്‍ കത്തുകൊടുത്തിട്ടു പറഞ്ഞു:
ഇതൊന്നു പൊട്ടിച്ചു വായിക്കാമോ?
കത്തുപൊട്ടിച്ച് അയാള്‍ ഇപ്രകാരം വായിച്ചു:
പ്രിയ സുഹൃത്തേ, കഴിഞ്ഞയാഴ്ചയാണല്ലോ നമ്മള്‍ തമ്മില്‍ അവിചാരിതമായി പരിചയപ്പെട്ടത്. വീണുകിടന്നിരുന്ന എന്നെ സഹായിച്ചതിന് ഒരിക്കല്‍ക്കൂടി നന്ദി പറയട്ടെ. എനിക്കു വീഴ്ചയില്‍ കാര്യമായി പരിക്കൊന്നും പറ്റിയിരുന്നില്ല. എക്‌സ്‌റേ എടുത്തുനോക്കി. പിന്നെ മറ്റൊന്ന്, ഈ കത്തിനോടുകൂടിയുള്ള ചെക്കു സ്വീകരിക്കൂ.
പതുക്കെയാണ് ഓര്‍മകള്‍ അരിച്ചെത്തിയത്. ഒരാഴ്ച മുമ്പു നടന്ന സംഭവത്തിന്റെ ശകലങ്ങള്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു വായിച്ചു.
കൃഷ്ണപിള്ളയുടെ ചായക്കട കടന്നുകഴിഞ്ഞപ്പോഴാണ് ആ കാഴ്ച കണ്ടത്. അങ്ങോട്ടുമിങ്ങോട്ടും വാഹനങ്ങള്‍ ചീറിപ്പായുന്നു. പെട്ടെന്നു കണ്ടത് ഒരു സ്വകാര്യബസ് ഇടത്തുവശത്തുകൂടി കൊടുംവളവുതിരിഞ്ഞ് മിന്നല്‍പോലെ പാഞ്ഞുപോകുന്നതാണ്. ഏതാനും നിമിഷം കഴിഞ്ഞ് കാനയില്‍നിന്ന് ഒരു മനുഷ്യന്‍ ഇരുകൈകളും നീട്ടി ആരോടെന്നില്ലാതെ സഹായത്തിനു വിളിക്കുന്നു. അയാള്‍ ഇരുകൈകളും മണ്ണിലമര്‍ത്തി റോഡിലേക്കു കയറിപ്പറ്റാനുള്ള പരിശ്രമത്തിലാണ്; ഒരെഴുപതു വയസ്സു തോന്നിക്കും.
ബസ്സിടിച്ച് ഓടയിലേക്കു വീണതാവാം എന്നൂഹിച്ചു. അഞ്ചടിയോളം താഴ്ച കാണും. വള്ളിപ്പടര്‍പ്പും പുല്ലും ചപ്പുചവറുകളും കൊണ്ട് ഓട മുക്കാലും മൂടിക്കിടപ്പാണ്. ചപ്പുചവറുകള്‍ക്കുള്ളില്‍ എന്തെല്ലാമുണ്ടെന്ന് അറിയില്ല. നമ്മുടെ നാട്ടിലെ ഓടകളല്ലേ, കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക് കഷണങ്ങളും തകരക്കഷണങ്ങളും കൊതുകുകള്‍ അളയ്ക്കുന്ന മലിനജലവുമെല്ലാം ഉറപ്പായും കാണും. കരിമൂര്‍ഖന്‍ തുടങ്ങിയ ഇഴജന്തുക്കളും കണ്ടേക്കും.
കേശവന്‍ വേഗം ഏണിയും വാക്കത്തിയും റോഡരികില്‍ ഇട്ടിട്ട് ഓടിച്ചെന്നു. വൃദ്ധനെ ഓടയില്‍നിന്നു കയറാന്‍ സഹായിച്ചു. കാലുകളിലും കൈമുട്ടുകളിലും അവിടവിടെ തൊലി പോയി ചോര വരുന്നുണ്ട്.
വൃദ്ധന്‍ കിതപ്പോടെയും ഭയത്തോടെയും സംഭവം ഒരു വിധം പറഞ്ഞൊപ്പിച്ചു: വണ്ടിയിടിച്ചു വീണതല്ല ഞാന്‍; ഓടയിലേക്കു ചാടിയതാണ്. ബസ് വളവു തിരിഞ്ഞു വന്നപ്പോള്‍ എതിരേ വന്ന വണ്ടിക്കു സൈഡ് കൊടുത്തതാവാം. ബസ് എന്നെ ഇടിക്കുമെന്ന് ഉറപ്പായിരുന്നു. ഞാന്‍ നിന്നിരുന്നതോ കാനയുടെ വക്കത്തുതന്നെ. വിപദിധൈര്യം എന്നെ അതു ചെയ്യിച്ചു.
അയാള്‍ നെടുവീര്‍പ്പിട്ടു. ഒരു ഓട്ടോറിക്ഷയ്ക്കു പോകാനുള്ള വീതിയല്ലേ റോഡിനുള്ളൂ. അതിലെയാണ് ഇരുവശത്തുനിന്നുമായി ബസ്സും കാറും ടിപ്പര്‍ ലോറിയുമെല്ലാം ചീറിപ്പായുന്നത്. എല്ലാവര്‍ക്കും വഴി വേണം. വീതി കൂട്ടാന്‍ ഒരിഞ്ചു ഭൂമി വിട്ടു കൊടുക്കില്ല. എന്തൊരു മനുഷ്യര്‍! ഉള്ളവരാണ് ഒട്ടും കൊടുക്കാത്തത്. ദരിദ്രവാസികള്‍ എത്രയോ ഭേദം!
തിക്താനുഭവം നേരിട്ട അദ്ദേഹത്തിന്റെ വാക്കുകളില്‍ ധാര്‍മികരോഷം കവിഞ്ഞൊഴുകി.
ബഹളം കേട്ടു ചായക്കടക്കാരനും മറ്റു രണ്ടുമൂന്നുപേരും വാതില്‍ക്കല്‍ വന്ന് എത്തിനോക്കുന്നുണ്ടായിരുന്നു.
കേശവന്‍ സമാധാനിച്ചു: അതുപോട്ടെ, ജീവന്‍ തിരിച്ചും കിട്ടിയല്ലോ. ചായക്കടയില്‍ച്ചെന്നു കൈകാലുകള്‍ വൃത്തിയാക്കാം. കണ്ടില്ലേ, മുണ്ടും ഉടുപ്പുമെല്ലാം ചെളിയായിട്ടുണ്ട്. പരിചയമുള്ള കടയാണ്... വരൂ, എന്നിട്ട് ആശുപത്രിയില്‍ പോകാം.
കാലില്‍ കുപ്പിച്ചില്ലു കുത്തിക്കയറിയില്ലല്ലോ. അതു ഭാഗ്യം. വൃദ്ധന്‍ സമാധാനിച്ചു.
നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ ഞാനിപ്പോഴും ഓടയില്‍ക്കിടന്നു കൈകാലിട്ടടിക്കുമായിരുന്നു. നോക്കിയിട്ടു ചവിട്ടിക്കുതിച്ചു കയറാന്‍ പറ്റിയില്ല.
കൃഷ്ണപിള്ളച്ചേട്ടാ, രണ്ടു ചായ വേണം. കൃഷ്ണപിള്ള ചായ എടുക്കാന്‍ അകത്തേക്കു കയറുമ്പോള്‍ സ്വകാര്യമായി കേശവനോടു പറയുന്നുണ്ടായിരുന്നു: ബസ് ഇടിച്ചുതെറിപ്പിച്ചു വീണതാണെന്നു ഞങ്ങളൊക്കെ കരുതി. എന്തിനു പൊല്ലാപ്പിനൊക്കെ പോണം. അതുകൊണ്ടാണു ഞങ്ങളാരും...
അപ്പോള്‍ അതാണു കാര്യം. ബസ്സിടിച്ചില്ലായിരുന്നെങ്കില്‍ അവര്‍ സഹായിക്കാനെത്തുമായിരുന്നു. ഇങ്ങനെ എത്രയെത്ര വാര്‍ത്തകള്‍!
ചായക്കടയിലിരുന്ന് ഇരുവരും ചായ കുടിച്ചു.
നിങ്ങളുടെ പേര്?
ചന്ദ്രകുമാര്‍! പരിക്കുപറ്റിയ വൃദ്ധന്‍ പറഞ്ഞു.
അയാള്‍ കുറച്ചുകൂടി വിശദീകരിച്ചു: ഇവിടെനിന്നു പെരുമ്പാവൂര്‍ ടൗണില്‍ അരക്കിലോമീറ്റര്‍ മാറി അമ്പലപ്പടിയില്‍നിന്നാണു വന്നത്. അവിടെയാണ് മകളെ വിവാഹം കഴിച്ചുവിട്ടിരിക്കുന്ന വീട്. ഇന്നലെ വന്നു. കുറച്ചു പച്ചക്കറി വാങ്ങാമെന്നു കരുതി ഇറങ്ങിയതാണ്. പച്ചക്കറിയും കിറ്റും ഓടയില്‍ കാണും. ഞാന്‍ കൃഷിവകുപ്പില്‍നിന്നു പെന്‍ഷന്‍ പറ്റിയാ ആളാണ്, ങാ, നിങ്ങടെ അഡ്രസ് തരുമോ?
ഇത്രയും ചോദിച്ചുകൊണ്ട് ചന്ദ്രകുമാര്‍ കൗണ്ടറിലേക്കു നടന്നു.
കേശവന്‍ പറഞ്ഞു: ഞാന്‍ കൊടുക്കാം.
ചന്ദ്രകുമാര്‍ നന്ദി പറഞ്ഞു പിരിഞ്ഞു. കേശവന്‍ ഓര്‍ത്തു...
കൃഷ്ണപിള്ള കത്തിന്റെ അവസാനഭാഗത്തെത്തി. ഒരു സഹായധനം നല്കുന്നു. മറ്റൊന്നും ചിന്തിക്കരുത്. ഇതോടൊപ്പമുള്ള ചെക്കു സ്വീകരിക്കണം. എവിടെയെങ്കിലും രണ്ടുമൂന്നു സെന്റു സ്ഥലം വാങ്ങണം. കഴിവുള്ളപോലെ കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്കണം. ഇനിയും ബന്ധപ്പെടാം, നല്ലതുവരട്ടെ!
ചെക്കില്‍ എഴുതിയിരിക്കുന്നതു കൃഷ്ണപിള്ള വായിച്ചു: പത്തുലക്ഷം.
വിശ്വാസം വരാതെ കണ്ണുകളടച്ചുതുറന്ന് അയാളതു വീണ്ടും വീണ്ടും വായിച്ചുനോക്കി. പത്തുലക്ഷംതന്നെ... തുക ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നു.
ടെന്‍ ലാക്‌സ് ഒണ്‍ലി.
കൃഷ്ണപിള്ളയുടെ മനസ്സില്‍ യോജിപ്പിക്കാന്‍ പ്രയാസപ്പെടുന്ന എന്തൊക്കെയോ ചിന്തകള്‍ അലതല്ലുന്നുണ്ടായിരുന്നു. അയാളുടെ ദീര്‍ഘനിശ്വാസം കേട്ടാലറിയാം. നെഞ്ച് ഉയര്‍ന്നുതാഴുന്നു...
അയാള്‍ ഒരു വശത്തേക്കു മറിഞ്ഞുവീഴുന്നതാണ് പിന്നെ ആളുകള്‍ കണ്ടത്.