സായംകാലമായതോടെ ഓഫീസ് വിട്ട് എത്തിയവരെക്കൊണ്ട് മുംബൈ സി.എസ്.ടി. എന്ന ഛത്രപതി ശിവാജി ടെര്‍മിനല്‍ മനുഷ്യമഹാസമുദ്രമായി മാറി. പ്ലാറ്റ്‌ഫോമുകളില്‍ ജനം ഇരമ്പിക്കൊണ്ടിരുന്നു. ആദ്യം കിട്ടുന്ന ട്രെയിനില്‍ കയറി എത്രയും വേഗം വീടെത്താനായിരുന്നു എല്ലാവര്‍ക്കും തിടുക്കം.
സ്റ്റേഷനിലെ ആ വന്‍തിരക്കിനിടയിലും ഏതോ നിയോഗത്താല്‍ എന്നവണ്ണം പ്രകാശ് പണിക്കരും വിജയയും കണ്ടുമുട്ടി. തികച്ചും ആകസ്മികമായ ആ സമാഗമത്തിനിടെ വേനലും മഴയും മഞ്ഞും എത്രയെങ്കിലും മാറിമാറി വന്നുപോയിരുന്നു.
വിജയയെ കണ്ടപ്പോള്‍ പ്രകാശ് പണിക്കരുടെ മുഖത്ത് അദ്ഭുതം സ്ഫുരിച്ചു. കൈ ചുമലിനു മുകളിലേക്ക് അല്പം പൊക്കി അയാള്‍ പറഞ്ഞു:
'ഹായ്!'
തിരിച്ച് അഭിവാദ്യം ചെയ്യാതിരിക്കാന്‍ വിജയയ്ക്കായില്ല. അവള്‍ പറഞ്ഞു:
'ഹായ്!'
വണ്ടികള്‍ അനിശ്ചിതമായി വൈകിയോടുന്നു എന്ന അറിയിപ്പ് അപ്പോഴാണ് മൈക്കിലൂടെ മുഴങ്ങിയത്.
''പ്രയാസമാവില്ലെങ്കില്‍ നമുക്കു കഫ്‌റ്റേരിയയില്‍ ചെന്ന് കുറച്ചുസമയം സംസാരിക്കാം.'' പ്രകാശ് പണിക്കര്‍ പറഞ്ഞു.
വിജയ എതിരു പറഞ്ഞില്ല. വീണുകിട്ടിയതുപോലെയാണ് ആ അവസരം അവള്‍ക്കു തോന്നിയത്.
സ്റ്റേഷനോടു ചേര്‍ന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ കഫ്‌റ്റേരിയ.
ലിഫ്റ്റില്‍ കയറാന്‍ മത്സരിച്ച് മുന്നില്‍ വലിയൊരു ജനക്കൂട്ടം. ക്യൂവിന്റെ വാലറ്റത്തു പറ്റിച്ചേരാതെ ഇരുവരും മുകളിലേക്കുള്ള പടവുകള്‍ കയറി.
അയാള്‍ ഓരോ കുപ്പി കോള വാങ്ങി വന്നു. മേശയ്ക്കു മുന്നില്‍ അയാള്‍ക്കഭിമുഖമായി ഇരിക്കുമ്പോള്‍ അവള്‍ ഓര്‍മകളില്‍ നനഞ്ഞുകൊണ്ടിരുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തത് ഈ കഫ്‌റ്റേരിയയില്‍വച്ച് ഇതുപോലൊരു സായംസന്ധ്യയ്ക്കായിരുന്നുവെന്ന് വിജയ ഓര്‍മിച്ചു.
കഫ്‌റ്റേരിയയില്‍ അന്നും ഉണ്ടായിരുന്നു ഇതുപോലെ തിരക്ക്. അടുത്ത ഇരിപ്പിടങ്ങളില്‍, കമിതാക്കള്‍ എന്നു തോന്നിച്ചവര്‍ എന്തൊക്കെയോ വര്‍ത്തമാനങ്ങളില്‍ മുഴുകി രസിക്കുന്നുണ്ടായിരുന്നു. മലയാളമാണ് അവര്‍ പറഞ്ഞിരുന്നത്. അതിനാല്‍, തങ്ങളുടെ സംസാരം അവര്‍ കേള്‍ക്കുമെന്ന വിചാരത്തില്‍ എന്തെങ്കിലും തുറന്നുപറയാന്‍ മടിച്ചിരിക്കേ ഇരുവരും എണീറ്റുപോയി. അവര്‍ പോകാന്‍ കാത്തിരുന്നിട്ടെന്നപോലെ പ്രകാശ് മുഖം അടുത്തേക്കു കൊണ്ടുവന്ന് പതുക്കെ ചോദിച്ചു:
''കാര്യങ്ങളെല്ലാം വിജയ വീട്ടുകാരെ അറിയിച്ചോ?''
''നാളെത്തന്നെ വീട്ടിലേക്കു വിളിക്കുന്നുണ്ട്.''
പിറ്റേന്നുതന്നെ വിളിച്ചു.
മടിച്ചുമടിച്ചായിരുന്നു വിഷയം അവതരിപ്പിച്ചത്. അച്ഛന്‍ പിണങ്ങിയതും അമ്മ ഏറെനേരം ഫോണില്‍ വിതുമ്പിയതും ഓര്‍മയുണ്ട്.
വിലക്കുകള്‍ വകവയ്ക്കാതെയും ഉപദേശങ്ങള്‍ ചെവിക്കൊള്ളാതെയുമായിരുന്നു വിവാഹം.
ജീവിതത്തിലേക്കു കടന്നുവരാനിരിക്കുന്ന കുഞ്ഞതിഥിയെ കാണുമ്പോള്‍ അച്ഛനമ്മമാരുടെ മുഷിച്ചില്‍ മാറി എല്ലാം ശുഭകരമാകുമെന്നു വിശ്വസിച്ചു.
ആ അതിഥി പെണ്‍കുഞ്ഞ് ആകണേ എന്നായിരുന്നു തന്റെ പ്രാര്‍ഥന. രണ്ടാളുടെയും പേരിന്റെ ആദ്യത്തെ ഓരോ അക്ഷരം അടര്‍ത്തി മോള്‍ക്കിടാന്‍ ഒരു പേര് കണ്ടുവച്ചു. പ്രകാശനിലെ 'പ്ര' യും വിജയ എന്ന തന്റെ പേരിലെ 'വി'യും ചേര്‍ത്ത് മൂന്നക്ഷരത്തില്‍ ഒരു പേര്.
ആ രാത്രി പ്രകാശിന്റെ കൈ ഉദരത്തില്‍ എടുത്തുവച്ചു പറഞ്ഞു:
''മോളായിരിക്കുമെന്ന് എന്റെ മനസ്സു പറയുന്നു. അവള്‍ക്കിടാന്‍ മനോഹരമായ ഒരു പേര് ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. പറയട്ടെ?''
''പറയൂ.''
''പ്രവിത.''
''എങ്കില്‍ ഇതിനെക്കാള്‍ ഭംഗിയുള്ള പേര് ഞാന്‍ പറയാം: പ്രവിജ.''
''പ്രവിജയിലെ രണ്ടക്ഷരം എന്റെ പേരിലെയാണ്. അപ്പോള്‍ പ്രിഫറന്‍സ് എനിക്ക്. നമ്മുടെ മോള്‍ടെ പേര് വിജപ്ര.''
''നോ, പ്രവിജ''
''അല്ല, അല്ല. വിജപ്ര എന്നുതന്നെ മതി''.
ഒരു രസത്തിന് തമ്മില്‍ കുറെ തര്‍ക്കിച്ചു. പിന്നെ തര്‍ക്കം തീര്‍ക്കാന്‍ നറുക്കിടുകയായി. നറുക്കുവീണത് പ്രകാശിന്.
''പ്രവിജ ഇപ്പോള്‍ എന്തു ചെയ്യുന്നു?''
പ്രകാശ് പണിക്കര്‍ ചോദിച്ചപ്പോള്‍ ഒരു പൂ ഞെട്ടറ്റു പതിച്ചതുപോലെ കഫ്‌റ്റേരിയയുടെ അന്തരീക്ഷത്തിലേക്ക് അവളുടെ ബോധം അടര്‍ന്നുവീണു.
കോളയില്‍ താഴ്ത്തിയ സ്‌ട്രോ എടുത്തുമാറ്റി കുപ്പി അയാള്‍ വായിലേക്കു ചെരിച്ചു. അതു കണ്ടപ്പോള്‍ വെറുപ്പിന്റെ ആ പുളിച്ച ദിനങ്ങള്‍ അവളുടെ മനസ്സിലേക്കു പെട്ടെന്നു തികട്ടിവന്നു.
തല താഴ്ത്തിപ്പിടിച്ച് വിജയ ഇരുന്നു.
''പ്രവിജ എന്തു ചെയ്യുന്നു?'' അയാള്‍ ചോദ്യം ആവര്‍ത്തിച്ചു.
''പഠിത്തം കഴിഞ്ഞ് ജോലിയായി. പിന്നെ, ഒരു വിശേഷമുണ്ട്. അടുത്ത മാസം അവളുടെ കല്യാണമാണ്.'' മുഖം ഉയര്‍ത്താതെ അവള്‍ പറഞ്ഞു.
''വരന്‍?'' അയാളുടെ ചെവികള്‍ അവള്‍ക്കു നേരേ കൂര്‍ത്തു.
അവള്‍ ഇപ്പോള്‍ മുഖമുയര്‍ത്തി.
''മലയാളിയല്ല. ബട്ട് ഇറ്റീസ് ആന്‍ അറേഞ്ച്ഡ് മാര്യേജ്.'' അറേഞ്ച്ഡ് എന്ന വാക്കിന് പ്രത്യേകം ഊന്നല്‍ നല്കിയാണ് അവള്‍ പറഞ്ഞത്.
''വിജയ വേറേ?'' അയാള്‍ ചോദിക്കാന്‍ വന്നത് അവള്‍ ഊഹിച്ചു. അയാള്‍ മുഴുമിക്കാന്‍ വിഷമിക്കുമ്പോള്‍ അവള്‍ പറഞ്ഞു:
''ഇല്ല. വേറേ വിവാഹം കഴിച്ചില്ല.''
''എന്തേ?''
''പ്രവിജയുടെ ഭാവിയെക്കരുതി വേണ്ടെന്നു വച്ചു.''
അയാള്‍ അവളുടെ മുഖത്തേക്കു നോക്കിക്കൊണ്ടിരുന്നു. പഴയ, തിളക്കം പൊയ്‌പോയിട്ടില്ലാത്ത കണ്ണുകള്‍. അയാള്‍ക്കു പറയാതിരിക്കാനായില്ല:
''ഈ പ്രായത്തിലും വിജയ...''
പൊടുന്നനേ അവള്‍ ഇടയില്‍ കയറി:
''സുന്ദരിയാണെന്നല്ലേ പറയാന്‍ വന്നത്? താങ്ക്യു, താങ്ക്യു ഫോര്‍ ദ കോംപ്ലിമെന്റ്.''
കുറച്ചു ക്ഷണപത്രികകള്‍ പേരെഴുതാതെ വിജയ ബാഗില്‍ വച്ചിരുന്നു. ക്ഷണിക്കാന്‍ വിട്ടുപോയ ചിലരെ യാദൃച്ഛികമായി കാണുമ്പോള്‍ അവള്‍ കാര്‍ഡില്‍ പേരെഴുതി അവര്‍ക്കു കൊടുക്കും.
കൂട്ടത്തില്‍നിന്ന് ഒരെണ്ണം എടുത്ത് അവള്‍ പേരെഴുതി:
മി. പ്രകാശ് പണിക്കര്‍ & ഫാമിലി.
''ക്ഷണിക്കണമെന്നു വിചാരിച്ചതുതന്നെയാണ്. പക്ഷേ, എവിടെയാണെന്നുവച്ചാണ്? കല്യാണത്തിനു വരാതിരിക്കരുത്.'' അവള്‍ പറഞ്ഞു.
നേര്‍ക്കു നീട്ടിയ പത്രിക അയാള്‍ വാങ്ങി. പേരിനൊപ്പം എഴുതിയ ഫാമിലി എന്ന വാക്ക് വെട്ടിക്കളഞ്ഞു.
സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാത്തതുപോലെ അവര്‍ മുഖത്തോടു മുഖം നോക്കിയിരുന്നു. ഒടുവില്‍ അവള്‍ പറഞ്ഞു:
''എനിക്കു വൈകുന്നു. പ്രവിജ ഓഫീസില്‍നിന്നു വരാന്‍ താമസിക്കും. ഞാന്‍ പോയിട്ടുവേണം ആഹാരമുണ്ടാക്കാന്‍.''
വിജയ എണീറ്റു. ഒപ്പം പ്രകാശ് പണിക്കരും.
ലിഫ്റ്റിനടുത്ത് താഴേക്കുപോകാന്‍ നില്‍ക്കുന്നവരുടെ ബഹളമാണ്. ഇരുവരും ഒന്നു ശങ്കിച്ചുനിന്നു. പിന്നെ സാവകാശം പടികളിറങ്ങി.
ട്രെയിന്‍ കയറാന്‍ നില്‍ക്കുന്നവരുടെ തിക്കും തിരക്കുമാണ് പ്ലാറ്റ്‌ഫോമില്‍.
നിര്‍ത്തിയിട്ട ചില ട്രെയിനുകള്‍ പ്ലാറ്റ്‌ഫോം വിട്ടപ്പോള്‍ കോലാഹലം കുറച്ചൊന്നടങ്ങി.
പുറപ്പെടാനുള്ള ട്രെയിനുകളുടെ അറിയിപ്പ് ഇടയ്ക്കിടെ മൈക്കിലൂടെ കേള്‍ക്കാനുണ്ടായിരുന്നു.
അവള്‍ക്കു പോകേണ്ട ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ കിടന്നിരുന്നു. ട്രെയിനടുത്തേക്കു നടക്കുമ്പോള്‍ ശബ്ദം താഴ്ത്തി അവള്‍ പറഞ്ഞു. കുറെ നേരമായി അവളത് പറയാന്‍ ആഗ്രഹിക്കുകയായിരുന്നു:
''മൂക്കറ്റം മദ്യപിച്ചു വന്നിട്ട് എന്നോടു വഴക്കിടുകയും പതിവായി മര്‍ദിക്കുകയും ചെയ്തിരുന്നതുകണ്ട് കുട്ടിയായിരുന്ന പ്രവിജ പേടിച്ചു നിലവിളിക്കുമായിരുന്നു. അതൊന്നും അവള്‍ മറന്നിട്ടുണ്ടാവില്ല. അവള്‍ക്കറിയാം നമ്മള്‍ പിരിയാന്‍ അതാണു കാരണമെന്ന്.''
ട്രെയിന്‍ പുറപ്പെടാന്‍ സമയമായി. വിജയയ്ക്ക് എന്തോകൂടി പറയാന്‍ ബാക്കിയുണ്ടായിരുന്നു. തിടുക്കത്തില്‍ അവള്‍ പറഞ്ഞൊപ്പിച്ചു:
''ഒരപേക്ഷയുണ്ട്. ദയവായി കല്യാണത്തിന്റന്ന് മദ്യപിച്ചു വരരുത്. പ്രവിജയ്ക്ക് അതു വിഷമമുണ്ടാക്കും.''
വിജയ ട്രെയിനില്‍ കയറി.
പ്രകാശ് പണിക്കര്‍ക്ക് അവളോട് എന്തോ പറയാനുണ്ടായിരുന്നു. അതു പറയാനുള്ള അവസരം കൊടുക്കാതെ ട്രെയിന്‍ വേഗമാര്‍ന്നു മുന്നോട്ടുനീങ്ങി.