ഇന്ന് ഒരു വ്യവസായമായി മാറിയെങ്കിലും ലോകത്ത് ഏറ്റവുമധികം ആസ്വാദകരുള്ള കലാരൂപമാണ് സിനിമ. സിനിമാതാരങ്ങളെ ആരാധിക്കുന്ന വലിയ ഒരു വിഭാഗംതന്നെയുണ്ട്. സിനിമ-സിനിമാതാരസ്വാധീനം കേരളത്തിലും ശക്തമാണ്. ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകളെ മറികടന്ന് മലയാളസിനിമ അതിന്റെ ഉള്ളടക്കത്തിലും അഭിനയത്തിലും അനന്യമായി നിലകൊള്ളുന്നു. എന്നാല്‍, മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തത്തിലേക്കു മലയാളസിനിമാമേഖലയും അകപ്പെട്ടുവോ എന്നു സംശയിക്കത്തക്ക സംഭവങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത്. ലഹരിവ്യാപനം മറ്റേതുമേഖലയെയും എന്നതുപോലെ സിനിമയെയും ബാധിച്ചുവെന്നു പറയാമെങ്കിലും അനന്തരഫലം ഭീകരമാണ്. സിനിമപോലെ ജനസ്വാധീനമേറിയ ഒരു മേഖലയുടെ ഊര്‍ജം ലഹരിയാണെന്നത് അപകടകരമായ സന്ദേശമാണ് യുവജനങ്ങളിലും കുട്ടികളിലും പടര്‍ത്തുന്നത്. മലയാളസിനിമ നൂറ്റാണ്ടിനോടടുക്കുന്ന ഈ അവസരത്തില്‍, സിനിമാമേഖലയാകെ മയക്കുമരുന്നിനാല്‍ മയങ്ങുന്നുവെന്നതു ദുഃഖകരമാണ്.
ദേശീയ-അന്തര്‍ദേശീയതലങ്ങളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍കൊണ്ടും അഭിനേതാക്കളെക്കൊണ്ടും സമ്പന്നമായിരുന്ന മലയാളസിനിമയുടെ പിന്‍തലമുറ, ലഹരിക്കടിമകളും ലഹരിക്കണ്ണികളുമാണെന്നത് ആശങ്കാജനകമാണ്. ഈ അടുത്ത ദിവസങ്ങളിലായി മലയാളസിനിമാരംഗത്തുനിന്നു ലഹരിക്കേസുകളില്‍ കുടുങ്ങിയത് നാലുപേരാണ്. അഭിനയം, സംവിധാനം, സംഗീതം എന്നീ മേഖലകളില്‍ നിന്നായി കേസിലകപ്പെട്ടവരുടെ ആരാധകര്‍ ശരിക്കും ഞെട്ടുകതന്നെ ചെയ്തു. കലാപരമായ മികവിനു ലഹരിയുടെ പിന്‍ബലം വേണമെന്ന തെറ്റായ ധാരണ ജനിപ്പിക്കുമെന്നതിനാല്‍ സമൂഹത്തില്‍ ലഹരിയുടെ വ്യാപനത്തിന് ഇവര്‍ കാരണമാകുന്നുണ്ട്. കലയുടെ അടിസ്ഥാനലക്ഷ്യം വികാരവിമലീകരണമാണ്. അതിനുപകരം വികാരമലിനീകരണത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നവരായി സിനിമാപ്രവര്‍ത്തകര്‍ മാറരുത്. സിനിമയുടെ മുഖശോഭയ്ക്കു മങ്ങലേല്പിക്കുന്ന പ്രവൃത്തികളില്‍നിന്നു വിട്ടുനില്‍ക്കാനുള്ള ആര്‍ജവം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാണിക്കണമെന്നാണ് മലയാളക്കര ആഗ്രഹിക്കുന്നത്. ചില നടീനടന്മാരുടെ പ്രതികരണങ്ങള്‍ ഈ വിധത്തില്‍ പ്രതീക്ഷ നല്‍കുന്നതുമാണ്. 'ചേട്ടനോടു ദയവു ചെയ്തു ക്ഷമിക്കണം. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോയെന്നു ഞാനൊന്നു നോക്കട്ടെ' എന്ന പ്രതികരണം ധ്വനിപ്പിക്കുന്നതും പ്രത്യാശയുടെ സന്ദേശംതന്നെ. തിരിച്ചറിവുകള്‍ തീരുമാനങ്ങളായി മാറുമ്പോള്‍ വെള്ളിത്തിരയില്‍ തിരുത്തലുകള്‍ സാധ്യമാകും.
സിനിമാമേഖലയ്ക്കപ്പുറത്ത് പൊലീസും എക്‌സൈസും അതീവജാഗ്രതയോടെ ഈ മേഖലയെ നിരീക്ഷിക്കുകതന്നെവേണം. വാര്‍ത്താമൂല്യം തേടിയുള്ള തിടുക്കമാകാതെ ലഹരിക്കോട്ട തച്ചുടയ്ക്കാനുള്ള ദൗത്യമായിവേണം അതിനെ സമീപിക്കേണ്ടത്. മലയാളസിനിമ ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന കാലഘട്ടത്തില്‍ ഈ വിധത്തിലുള്ള അര്‍ബുദങ്ങളെ തുടക്കത്തിലേതന്നെ വേരറുത്തു നശിപ്പിക്കണം. സമൂഹത്തിലെ ഏറ്റവും വലിയ സ്വാധീനശക്തികളിലൊന്നായ സിനിമാമേഖലയിലെ ശുദ്ധികലശം മറ്റു മേഖലകള്‍ക്കുള്ള മുന്നറിയിപ്പായി മാറുമെന്നുറപ്പാണ്. സിനിമാരംഗത്തെ വിവിധ സംഘടനകളുടെയും താരങ്ങളുടെയും സഹായസഹകരണങ്ങള്‍ ഈ ദൗത്യത്തെ വിജയത്തിലെത്തിക്കട്ടെ. എല്ലായിടങ്ങളിലും നിന്നുമുള്ള സഹകരണത്തിലൂടെ മലയാളസിനിമ കൂടുതല്‍ സജീവവും ശ്രദ്ധേയവുമാകട്ടെ. അപ്പോള്‍ മയങ്ങാത്ത, തിളങ്ങുന്ന മോളിവുഡ് ഉണരും.