അങ്ങനെ അവസാനം, നമ്മുടെ വിഴിഞ്ഞം ആഴക്കടല്‍ തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ നമുക്കു കഴിഞ്ഞു. 8800 കോടി ചെലവാക്കി, ആദ്യഘട്ടം പൂര്‍ത്തിയാക്കി, പ്രധാനമന്ത്രിതന്നെ ട്രാന്‍സ്ഷിപ്‌മെന്റ് പോര്‍ട്ട് രാജ്യത്തിനു സമര്‍പ്പിച്ചു. അതോടെ, നമ്മുടെ കുട്ടികളുടെ പൊതുവിജ്ഞാന പരീക്ഷകളിലെ പല ചോദ്യങ്ങള്‍ക്കും പുതിയ ''ശരി'' ഉത്തരങ്ങള്‍ കണ്ടുപിടിക്കേണ്ടിവന്നിരിക്കുന്നു. ഇന്ത്യയിലെ ആഴമേറിയ തുറമുഖമേത്? പുതിയ ഉത്തരം, വിഴിഞ്ഞം! സൂയസ് കനാല്‍ - സിങ്കപ്പൂര്‍ അന്താരാഷ്ട്രകപ്പല്‍ച്ചാലിന് ഏറ്റവും അടുത്തുള്ള ഇടത്താവളത്തുറമുഖമേത്? ഉത്തരം, വിഴിഞ്ഞം; 10 നോട്ടിക്കല്‍ മൈല്‍ (18കിലോമീറ്റര്‍) മാത്രം അകലെ!
ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്കുപോലും അടി തറയില്‍ തട്ടാതെ, സുരക്ഷിതമായി ഒഴുകിനില്‍ക്കാവുന്ന തുറമുഖം? വിഴിഞ്ഞം, ആഴം 18 മുതല്‍ 20 മീറ്റര്‍ വരെ!
കേരളത്തിന്റെ തെക്കുഭാഗത്ത് സമുദ്രതീരത്തിനു തൊട്ടടുത്തുതന്നെ അറബിക്കടലില്‍ കുത്തനെ ഇറക്കമാണ്. ഇങ്ങനെ തീരത്തിനടുത്തുതന്നെയുള്ള ആഴക്കടലിനെ, മൂന്നു കിലോമീറ്റര്‍ നീളമുള്ള ബ്രേക് വാട്ടര്‍ എന്ന കടല്‍ഭിത്തികള്‍ കെട്ടിവളച്ച് കപ്പലുകള്‍ക്കു സ്വസ്ഥമായി ബെര്‍ത്തില്‍ വന്നടുക്കാനും, നങ്കുരമിട്ടു നിറുത്തി, ഭാരമേറിയ കണ്ടെയ്‌നര്‍ പെട്ടികള്‍ ഇറക്കാനും കയറ്റാനും സൗകര്യമുണ്ടാക്കിയിരിക്കുകയാണ്. ഇവിടെ കൊച്ചി തുറമുഖത്ത് ഇത്തരം കടല്‍ഭിത്തിയില്ലാതെതന്നെ പ്രശാന്തമായ തുറമുഖപ്പരപ്പിലേക്കു പ്രവേശിക്കാന്‍ വൈപ്പിന്‍ഭാഗത്തുള്ള മണല്‍ത്തിട്ട പൊളിച്ചാല്‍മാത്രം മതിയായിരുന്നു. അങ്ങനെ പൊളിച്ച മണല്‍ത്തിട്ടയിലുണ്ടായിരുന്ന മണ്ണും കല്ലും നിക്ഷേപിച്ചാണ് വെല്ലിങ്ടണ്‍ ദ്വീപ് ഉണ്ടായത്. പക്ഷേ, അവിടെ പത്തു മീറ്റര്‍ ആഴം ലഭ്യമാക്കാന്‍പോലും ചെലവേറിയ ഡ്രെഡ്ജിങ് നിരന്തരം നടത്തേണ്ടിവരുമ്പോള്‍ വിഴിഞ്ഞത്ത് 18-20 മീറ്റര്‍ ആഴം സ്ഥിരമായി, ഒരു ഡ്രെഡ്ജിങും ചെയ്യാതെതന്നെ, ലഭിക്കുന്നു,
വിഴിഞ്ഞത്തിന്റെ മറ്റൊരു വലിയ അനുകൂലഘടകമാണ്, മുകളില്‍ സൂചിപ്പിച്ച അന്താരാഷ്ട്ര കപ്പല്‍ച്ചാലുകള്‍ക്കടുത്ത്, വെറും 10 നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരത്തില്‍ ഇടത്താവളമായി നിലകൊള്ളുന്ന തുറമുഖം. അവിടെയെത്തുന്ന കണ്ടെയ്‌നര്‍ കപ്പലുകളെ ഒട്ടും താമസമില്ലാതെ 'ബെര്‍ത്ത്' ചെയ്യിച്ച്, ഉയര്‍ന്ന കാര്യക്ഷമതയുള്ള ആധുനികക്രെയിനുകള്‍ ഉപയോഗിച്ച് അതിവേഗം സുരക്ഷിതമായി ഇറക്കുകയും കയറ്റുകയും ചെയ്യാനും അത്യാവശ്യമായ ബങ്കറിങ് (അതായത്, ഇന്ധനസപ്ലൈ), ക്രൂ മാറ്റം (കപ്പലില്‍ പണിയെടുക്കുന്നവരെ ഇറക്കി, പുതിയ ഷിഫ്റ്റുകാരെ കയറ്റുക) മുതലായ സേവനങ്ങളും കൂടി ലഭ്യമാക്കാനും കഴിഞ്ഞാല്‍, ദുബായ്, കൊളംബോ മുതലായ തുറമുഖങ്ങള്‍ക്കു വെല്ലുവിളി ഉയര്‍ത്താന്‍ നമ്മുടെ പുതിയ തുറമുഖത്തിനു കഴിയും; അവരുടെ സ്ഥിരം ബിസിനസ്സുകള്‍ പിടിച്ചെടുക്കാന്‍ സാധിക്കും.
വന്‍സാമ്പത്തികപ്രതിസന്ധികളില്‍ക്കൂടി കടന്നുപോകുന്ന കേരളമാണ് ഈ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാന്‍വേണ്ടി ചെലവായ 8800 കോടി രൂപയുടെ സിംഹഭാഗവും മുടക്കിയത്. 5800 കോടിയാണ് നാം ചെലവിട്ടത്. കേന്ദ്രസര്‍ക്കാര്‍ തന്നത് 900 കോടി മാത്രം. അതും കടമായിട്ട്. അദാനി മുടക്കിയത് 2100 കോടി മാത്രം. ഇനിയും 10,000 കോടി രൂപകൂടി മുടക്കിവേണം, പദ്ധതിയുടെ അടുത്ത മൂന്നു ഘട്ടങ്ങളുടെ പണി പൂര്‍ത്തിയാക്കാനും തുറമുഖത്തിന്റെ മുഴുവന്‍ ശേഷിയായ 50 ലക്ഷം കണ്ടെയ്‌നറുകളെ പ്രതിവര്‍ഷം കൈകാര്യം ചെയ്യാനുള്ള ലക്ഷ്യം സാധിക്കാനും കഴിയേണ്ടത്. ഇനി മുടക്കേണ്ട 10,000 കോടിയും, അദാനി ലഭ്യമാക്കുമെന്നു കരാര്‍ പറയുന്നു. ഇതിന് ബാങ്കുവായ്പ എടുക്കാനായി കേരളസര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുത്ത 275 ഏക്കര്‍ ഭൂമി അദാനിക്കു സൗജന്യമായി നല്‍കിയിട്ടുണ്ട്. കൂടാതെ, 225 ഏക്കര്‍ വിസ്തൃതിയില്‍ സമുദ്രം നികത്തി ഭൂമിയാക്കി മാറ്റാന്‍ അദാനിക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഈ 500 ഏക്കര്‍ ഭൂമിയും ബാങ്കു വായ്പയ്ക്ക് ഈടുവയ്ക്കാന്‍ അദാനിക്കു കഴിയും.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍, കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യവികസനപദ്ധതിയായിരിക്കും, വിഴിഞ്ഞം തുറമുഖപദ്ധതി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി മികച്ച ബന്ധം പുലര്‍ത്താനും സ്വാധീനം ചെലുത്താനും കഴിയുന്ന ഒരു വന്‍ശക്തിക്കു മാത്രമേ, ഇതുപോലെ ഇരുസര്‍ക്കാരുകളുടെയും നിരവധി അനുമതികള്‍ ആവശ്യമായ ഒരു പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഇന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ ചങ്ങാത്തമുതലാളിമാരില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന അദാനിക്കമ്പനി മനസ്സുവച്ചാല്‍ എല്ലാ വെല്ലുവിളികളെയും നേരിട്ട്, പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു നമുക്കു വിശ്വസിക്കാം.
വികസനത്തില്‍ രാഷ്ട്രീയമില്ലെന്നു പറയുമ്പോഴും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുംമുതല്‍ വിവിധപാര്‍ട്ടികളുടെ പ്രാദേശികനേതാക്കള്‍വരെ ഈ പദ്ധതിയുടെ സമര്‍പ്പണവേളയില്‍ അതിന്റെ പിതൃത്വം അവകാശപ്പെടുന്നതു നാം കണ്ടു. ഏതായാലും, തങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍, മുമ്പു പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്തു സമരം ചെയ്തകാര്യങ്ങെളല്ലാം സൗകര്യപൂര്‍വം മറന്നുകൊണ്ട് വികസനപദ്ധതികള്‍ നടപ്പാക്കിയേ തീരൂ, എന്ന നിലപാടിലേക്കു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും എത്തിച്ചേര്‍ന്നിരിക്കുകയാണെന്നു തോന്നുന്നു.
ഈയിടെ കൊല്ലത്തുവച്ചു നടന്ന മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനത്തില്‍ അവര്‍ തങ്ങളുടെ തീവ്രഇടതുപക്ഷനിലപാട് ഉപേക്ഷിച്ച് ഒരു വലതുപക്ഷപാര്‍ട്ടിയായി മാറാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതു നാം കണ്ടതാണല്ലോ. പരിപ്പുവടയും ചായയും മറ്റും പണ്ടേ ഉപേക്ഷിച്ച്, പഞ്ചനക്ഷത്രചുറ്റുപാടുകളില്‍ പരിലസിക്കുന്ന സഖാക്കളാണല്ലോ ഇന്നത്തെ പാര്‍ട്ടിനേതാക്കള്‍! ചൈനയുടെ മുതലാളിത്തകമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ വെട്ടിത്തിളങ്ങുന്ന മാതൃക മുമ്പിലുള്ളപ്പോള്‍, ക്യൂബയുടെ നിത്യദാരിദ്ര്യം ആര്‍ക്കുവേണം!
ചൈനയില്‍ മാവോസേതുങ്ങിന്റെ കാലശേഷം ഡെങ്‌സിയാവോ പിങ്ങും, ഇന്നു മരണംവരെ അധിപനായി ഔദ്യോഗികപ്രഖ്യാപനം നടത്തി മുന്നേറുന്നു ഷി ജിന്‍ പിങ്ങുമെല്ലാം വെട്ടിത്തെളിച്ച മുതലാളിത്തവഴിയിലൂടെ യാത്ര ചെയ്യാനും, കേരളത്തിന്റെ മുരടിപ്പും കടക്കെണിയുമെല്ലാം മുതലാളിത്തനയങ്ങളിലൂടെ മറികടക്കാനുമാണോ നമ്മുടെ മുഖ്യമന്ത്രിയുടെ ശ്രമം?
മുമ്പു ചൂണ്ടിക്കാണിച്ചതുപോലെ, കാശില്ലാതെ കടംവാങ്ങി ശമ്പളവും പെന്‍ഷനും കൊടുക്കുന്ന കേരളസര്‍ക്കാരാണ്, ഈ പദ്ധതിയില്‍ അദാനിയേക്കാള്‍ കൂടുതല്‍ പണം മുടക്കിയിരിക്കുന്നത്. പക്ഷേ, പദ്ധതിയുടെ വരുമാനത്തിന്റെ ഒരു ചെറിയ പങ്കു മാത്രമാണ്, കേരളത്തിനു ലഭിക്കാനിടയുള്ളത്; അതും വര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രം! ഈ സാഹചര്യത്തില്‍ പദ്ധതിയില്‍നിന്നു നേരിട്ടു ലാഭവിഹിതം കിട്ടിയില്ലെങ്കിലും, പദ്ധതി ഉണ്ടാക്കുന്ന തൊഴിലവസരങ്ങളിലേക്കും നികുതിവരുമാനത്തിലേക്കും കേരളം ഉറ്റുനോക്കുന്നു.
തുറമുഖത്തില്‍ ക്രെയിനുകളും മറ്റു യന്ത്രസാമഗ്രികളും സ്ഥാപിച്ചതില്‍, ജി.എസ്.ടി.യായി. കേരളത്തിന് 300 കോടി ലഭിച്ചതായി കാണുന്നു. പക്ഷേ, ഇതു മാസംതോറുമോ, ആണ്ടുതോറുമോ ലഭിക്കുന്ന വരുമാനമല്ലല്ലോ. അതേസമയം, തൊഴിലവസരങ്ങള്‍, ഓട്ടോമാറ്റിക് സംവിധാനങ്ങളുള്ള ഈ തുറമുഖത്ത് തുലോം പരിമിതമായിരിക്കും. കൊച്ചിത്തുറമുഖത്തും മറ്റുമുള്ളതുപോലെ കയറ്റിയിറക്കു തൊഴിലാളികള്‍ ഇവിടെ ഉണ്ടാകില്ല. ആ ജോലി ചെയ്യുന്ന ക്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണല്ലോ, അവിടെ ആവശ്യം.
അപ്പോള്‍ അനുബന്ധമേഖലകളിലെ വികസനം മാത്രമാണ് നമുക്കു പ്രതീക്ഷ നല്‍കുന്നത്. കപ്പല്‍നിര്‍മാണം, ലോജിസ്റ്റിക് പാര്‍ക്ക്, വെയര്‍ഹൗസിങ് എന്നീ പദ്ധതികളില്‍ പുതിയ മൂലധനം കൊണ്ടുവന്ന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ്, സര്‍ക്കാര്‍ കരുതുന്നത്. പക്ഷേ, ഈ അനുബന്ധ പദ്ധതികള്‍ക്കാവശ്യമായ ഭൂമി ഏറ്റെടുക്കണം. അതിനു തുക കണ്ടെത്തണം.
ഇക്കൊല്ലം സംസ്ഥാന ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു, വിഴിഞ്ഞം തുറമുഖം തുടങ്ങി, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലെ 1450 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ നടപ്പാക്കാനിരിക്കുന്ന ഒരു വലിയ വളര്‍ച്ചാ പദ്ധതി - ''കൊല്ലം - പുനലൂര്‍ വ്യവസായസാമ്പത്തികവളര്‍ച്ചാമുനമ്പു പദ്ധതി!'' മൂന്നുകൊല്ലംകൊണ്ട് 3 ലക്ഷംകോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതി. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കാനും വേണ്ടിവരും, വന്‍തുക. ഈ സ്ഥലമെടുത്തു കഴിഞ്ഞ്, അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കാന്‍ വീണ്ടും വേണം, പണം. ചുരുക്കത്തില്‍ 'ഗ്രോത്ത് ട്രയാംഗിള്‍' എന്ന സ്വപ്നം നടപ്പാക്കണമെങ്കില്‍ വന്‍തോതില്‍ സ്വകാര്യനിക്ഷേപം ആകര്‍ഷിക്കാന്‍ കേരളത്തിനു കഴിയണം. അതു സാധ്യമാകണമെങ്കില്‍ കേരളം വ്യവസായസൗഹൃദമല്ലെന്നും, ഇവിടെ മുതല്‍ മുടക്കാന്‍ പറ്റിയ സ്ഥലമല്ലെന്നും നിലവിലുള്ള മോശമായ പ്രതിച്ഛായ തുടച്ചു നീക്കണം. അതു നടക്കണമെങ്കില്‍, 'പ്രതിപക്ഷത്തിരിക്കുമ്പോള്‍ എല്ലാ പദ്ധതികളെയും ഞങ്ങള്‍ എതിര്‍ക്കുകയും ഭരണത്തില്‍ വരുമ്പോള്‍ അവ നടപ്പിലാക്കുകയും ചെയ്യും, അതുകൊണ്ട്, കേരളത്തിനു വികസനമുണ്ടാകണമെങ്കില്‍ ഞങ്ങളെ അധികാരത്തിലേറ്റൂ, തുടര്‍ഭരണം നല്‍കൂ,' എന്നു പറഞ്ഞാല്‍പ്പോരാ, പാര്‍ട്ടിയുടെ പഴയ നിലപാടുകള്‍ മാറിയിരിക്കുന്നു, എന്നു തെളിയിക്കണം.
ഇക്കാര്യം എങ്ങനെ ജനങ്ങളെ ബോധ്യപ്പെടുത്താനും, തെളിയിക്കാനും കഴിയും? ഇന്നു കേരളത്തില്‍ നിലവിലിരിക്കുന്ന നോക്കുകൂലിസമ്പ്രദായം ഫലപ്രദമായി നിറുത്തലാക്കുക. മുഖ്യമന്ത്രി എത്ര പ്രാവശ്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്! നോക്കുകൂലി നിയമവിരുദ്ധമാണ്, എന്ന്. അതുപോരേ? അവര്‍ ചോദിക്കും. പക്ഷേ, മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനകളെ ആരും ഗൗരവമായി കരുതുന്നില്ല. നോക്കുകൂലിസമ്പ്രദായം നിര്‍ബാധം തുടരുന്നു. അതു നിറുത്താന്‍ ഒരു വഴിയേ ഉള്ളൂ. ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്ത്, യൂണിയനുകള്‍ക്കു ചുമടെടുക്കാന്‍ നല്‍കിയിരിക്കുന്ന കുത്തകാവകാശം റദ്ദു ചെയ്യുക. ഒരു ഡ്രൈവറെയോ, പ്ലംബറെയോ ഇലക്ട്രീഷ്യനെയോ പണിക്കു വിളിക്കാന്‍ യൂണിയനെ സമീപിക്കേണ്ട കാര്യമില്ല. നമുക്കിഷ്ടമുള്ളവരെ വിളിച്ച് പണിയെടുപ്പിക്കാം. പക്ഷേ, ചുമടെടുക്കാന്‍ യൂണിയനെ സമീപിക്കണം. ഈ കുത്തവകാവകാശം അവര്‍ ദുര്‍വിനിയോഗം ചെയ്ത് നോക്കുകൂലി പിടിച്ചെടുക്കുന്നു. ഈ കുത്തകാവകാശം നിയമഭേദഗതിമൂലം എടുത്തുകളഞ്ഞ് സാധാരണക്കാരായ ജനങ്ങളെ ശക്തീകരിച്ചാല്‍, അതു കരളത്തിന്റെ തൊഴില്‍സൗഹൃദനയങ്ങളെപ്പറ്റി ശരിയായ ചിത്രം മൂലധനനിക്ഷേപകര്‍ക്കുണ്ടാകും. വിഴിഞ്ഞംപോലുള്ള പദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ ഇത്തരം നിര്‍ണായകമായ, നയപരമായ മാറ്റങ്ങള്‍ വേണം. കേരളസര്‍ക്കാര്‍ ഇതിനു തയ്യാറാകുമോ?
കേരളത്തിന്റെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിയുടെ സമര്‍പ്പണം വലിയ ആഡംബരപൂര്‍വം നടത്തി.
പക്ഷെ ഈ പദ്ധതിക്കു വേണ്ടി കുടിയിറക്കപ്പെട്ട കുറെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുണ്ട്. വീടും, വേലയും, കൂലിയും നഷ്ടപ്പെട്ട അവരെ പുനരധി വസിപ്പിക്കുന്നതിനു വേണ്ടി 475 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ആ പദ്ധതി ഇനിയെങ്കിലും നടപ്പാക്കി അവരുടെ കണ്ണീര്‍ തുടക്കുക, സര്‍ക്കാരെ!
അവര്‍ക്കു വേണ്ടി സമരം നടത്തിയവരുടെ പേരില്‍ ആരോപിച്ച കേസുകള്‍ പിന്‍വലിക്കുക!