ഫഞ്ചുവിപ്ലവകാലത്തു രക്തസാക്ഷിത്വം വരിച്ച പതിനാറു കന്യാസ്ത്രീകളെ, പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ 2024 ഡിസംബര്‍ 18-ാം തീയതി വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ലേഖനം 2
കാര്‍മലില്‍ ചേരുന്ന കാര്യം തന്റെ പിതാവുമായി ചര്‍ച്ച ചെയ്ത് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ബ്ലാന്‍ഷ് ദെലഫോഴ്‌സ് കംപിയേഞ്ഞ് എന്ന സ്ഥലത്തെ കാര്‍മലില്‍ എത്തി, മഠാധിപതിയെ കണ്ടു. ജോര്‍ജ് ബര്‍ണാനോസ് എന്ന തിരക്കഥാകൃത്ത് മഠാധിപയും അര്‍ഥിനിയായെത്തിയ ബ്ലാന്‍ഷുമായുമുള്ള സംഭാഷണം താഴെ ചേര്‍ത്തിരിക്കുംവിധമാണ് വിഭാവന ചെയ്തിരിക്കുന്നത്.
ഭൗതികസുഖസൗകര്യങ്ങളുടെ നടുവില്‍നിന്ന് അതെല്ലാം ഉപേക്ഷിച്ചു ചെല്ലുന്ന ബ്ലാന്‍ഷിനോട് അതൊരു ധീരകൃത്യമായി കാണാതെ 'വിരക്തിയോടുപോലും വിരക്തി പാലിക്കണ' മെന്നാണ് മഠാധിപയായ മദര്‍ ഉപദേശിക്കുന്നത്.
'ഞങ്ങളുടെ നിയമത്തിന്റെ കാര്‍ക്കശ്യം നിന്നെ ഭയപ്പെടുത്തുന്നുണ്ടോ' എന്നു മദര്‍ ചോദിച്ചു. 'ഇല്ല, അതെന്നെ ആകര്‍ഷിക്കുന്നു' എന്നാണ് ബ്ലാന്‍ഷ് പ്രത്യുത്തരിച്ചത്.
''അതെ, അതേ, നീ ഉദാരമനസ്‌കയാണ്, എളുപ്പമെന്നു തോന്നുന്ന ചില ചിട്ടകള്‍ അനുഷ്ഠിക്കാനാണ് പ്രയാസം. ഒരു കൊടുമുടി കീഴടക്കീട്ട് മുകളില്‍നിന്ന് ഒരു ചെറിയ കല്ലില്‍ത്തട്ടി താഴേക്കു വീഴാതെ സൂക്ഷിക്കണം'' എന്നാണ് മദര്‍ നീരീക്ഷിച്ചത്.
'ഇതല്ലാതെ ഭയപ്പെടുവാന്‍ എന്തെങ്കിലുമുണ്ടോ' എന്ന ബ്ലാന്‍ഷിന്റെ ചോദ്യത്തിന് 'ഭയത്തെക്കുറിച്ചു നീ സംസാരിച്ചുകൊള്ളൂ' എന്നു മദര്‍ പ്രതിവചിച്ചു. പക്ഷേ, ബ്ലാന്‍ഷ് ഒന്നും പറയാതെ ഒഴിഞ്ഞുമാറി.
ഒരു 'ഗ്രാമീണവികാരിയുടെ ഡയറിക്കുറിപ്പുകള്‍' എന്ന പ്രശസ്തനോവലിലൂടെ പൗരോഹിത്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചതുപോലെ ഇവിടെ ഈ കൃതിയിലൂടെ സന്ന്യാസത്തെക്കുറിച്ചുള്ള ആശയങ്ങളാണ് ബര്‍ണാനോസ് അവതരിപ്പിക്കുന്നത്.
ഒരു സന്ന്യാസിനിയുടെ പ്രഥമകര്‍ത്തവ്യം എന്താണെന്നാണ് മദര്‍ അടുത്തതായി ചോദിച്ചത്. 'സ്വാഭാവികചായ്‌വുകളെ വിജയിക്കുക'യാണെന്ന് ബ്ലാന്‍ഷ് ഉത്തരം നല്കി. ''ശരി, വിജയിക്കണം. പക്ഷേ, ബലപ്രയോഗം പാടില്ല. ഉന്നതകുലജാതയായ നീ എല്ലാവരിലും അവസാനസ്ഥാനം കാംക്ഷിക്കുന്നു എന്ന് എനിക്കറിയാം. എങ്കിലും അതിനു പിന്നില്‍ നിഗളം ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്.'' ഇപ്രകാരമായിരുന്നു മദറിന്റെ മറുപടി.
''എന്താണു നിന്നെ കാര്‍മലിലേക്ക് ഉന്തിവിടുന്നത്?'' ഇതായിരുന്നു മദറിന്റെ അടുത്ത ചോദ്യം. അതിന് സത്യസന്ധമായി പറഞ്ഞാല്‍, 'സാഹസിക-വീരോചിതജീവിതം നയിക്കുവാനുള്ള ആഗ്രഹം' എന്നാണ് ബ്ലാന്‍ഷ് ഉത്തരം നല്‍കിയത്.
'ഇങ്ങനെയുള്ള കണക്കുകൂട്ടലുകള്‍ മിഥ്യാധാരണകള്‍ മാത്രമായി പരിണമിക്കാം' എന്ന് മദര്‍ പറഞ്ഞപ്പോള്‍ ബ്ലാന്‍ഷ് ചഞ്ചലചിത്തയായി. 'എന്റെ മിഥ്യാധാരണകള്‍ നീക്കിത്തരണേ' എന്ന് അവള്‍ അപേക്ഷിച്ചപ്പോള്‍ അതു തന്നത്താന്‍ ചെയ്യേണ്ട കാര്യമാണെന്നു മദര്‍ പ്രതികരിച്ചു. ഒരു സന്ന്യാസിനിയുടെ ജീവിതത്തില്‍ ഏകാന്തതയും വേദനകളും ഉണ്ടാകുമെന്നും സഹനത്തിലൂടെയാണ് സന്ന്യാസിനി ജന്മം കൊള്ളുന്നതെന്നും മദര്‍ പറഞ്ഞപ്പോള്‍ ബ്ലാന്‍ഷിന്റെ നേത്രങ്ങള്‍ ഈറനണിഞ്ഞു. ''ഒരു വിളക്കിന്റെ കര്‍ത്തവ്യം പ്രകാശം ചൊരിയുകയാണ്. അതുപോലെ പ്രാര്‍ഥിക്കുക എന്നതാണ്, പ്രാര്‍ഥന മാത്രമാണ് നമ്മുടെ ജീവിതത്തിനു ന്യായീകരണം.''
പ്രായാധിക്യംകൊണ്ട് ക്ഷീണിതയായ മദര്‍ മിണ്ടാമഠത്തി
ലെ നിയമമനുസരിച്ച് ഒരു ജാലകത്തിന് അപ്പുറത്തിരുന്നുകൊണ്ടാണ് സംസാരിക്കുന്നത്. മഠത്തില്‍ പ്രവേശനം ആവശ്യപ്പെട്ട് എത്തിയിരിക്കുന്ന പെണ്‍കുട്ടിയോട് മഠത്തിനുള്ളില്‍ മന്ദത ബാധിച്ച സന്ന്യാസിനികളെ കണ്ടെത്തിയേക്കാമെന്നും അവള്‍ക്കു വളരെയേറെ സഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്കുന്നു.
'എന്റെ മകളേ, നിനക്കു വലിയ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരും' എന്ന് മദര്‍ വീണ്ടും ഓര്‍മപ്പെടുത്തി.
അവസാനമായി, മദര്‍ ചോദിച്ചു: ''ഞങ്ങള്‍ നിന്നെ കാര്‍മലില്‍ ഒരര്‍ഥിനിയായി സ്വീകരിച്ചാല്‍, എന്തുപേരിലാണ് എടുക്കേണ്ടതെന്നു ചിന്തിക്കാന്‍ ഇടയായിട്ടുണ്ടോ?''
'ഉണ്ട്' എന്ന് ബ്ലാന്‍ഷ് ഉത്തരം നല്കി.
അതെന്താണെന്ന ചോദ്യത്തിന് 'അങ്ങ് അനുവദിച്ചാല്‍, മരണവേദന അനുഭവിക്കുന്ന ഈശോയുടെ സിസ്റ്റര്‍ ബ്ലാന്‍ഷ് എന്ന പേരു സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്ന് ബ്ലാന്‍ഷ് ഉത്തരം നല്കി.
ഒരു തീരുമാനത്തില്‍ എത്തി എന്ന മുഖഭാവത്തോടെ ബ്ലാന്‍ഷിന് സമാധാനം ആശംസിച്ചുകൊണ്ട് മദര്‍ സംഭാഷണം നിറുത്തി.
മരണവേദന അനുഭവിക്കുന്ന മിശിഹായുടെ സിസ്റ്റര്‍ ഹന്‍രിയേറ്റ് എന്ന പേരു സ്വീകരിക്കുവാന്‍ മദര്‍ ആഗ്രഹിച്ചതാണ്.
ഇപ്പോഴിതാ താന്‍ മരണത്തോട് അടുക്കുമ്പോള്‍ അതേ പേരു സ്വീകരിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി തന്നെ സമീപിച്ചിരിക്കുന്നു. ഈ ചിന്ത മദറിനെ വികാരവിവശയാക്കി. ഗത്‌സേമിനിയില്‍ പ്രവേശിച്ചാല്‍ അവിടെനിന്നു പുറത്തേക്കു വഴിയില്ലെന്ന് അന്നത്തെ പ്രിയോരമ്മ പറഞ്ഞതുകൊണ്ട് 'ഈശോയുടെ ഹന്‍രിയേറ്റ്' എന്ന പേരാണ് മദര്‍ സ്വീകരിച്ചത്. ഇക്കാര്യങ്ങളെല്ലാം ഓര്‍മയില്‍ വന്നതുകൊണ്ട് മദറിന് ബ്ലാന്‍ഷിനോട് മാനസികപ്പൊരുത്തം അനുഭവപ്പെടുകയും അവളെ മഠത്തില്‍ സ്വീകരിക്കാമെന്നു തീരുമാനിക്കുകയും ചെയ്തു.
മഠത്തിലെ മുഴുവന്‍ സിസ്റ്റേഴ്‌സിന്റെയും സാന്നിധ്യത്തില്‍ ചാപ്‌ളൈനച്ചന്റെ ആശീര്‍വാദത്തോടെ ബ്ലാന്‍ഷിനെ മഠത്തിനുള്ളില്‍ പ്രവേശിപ്പിച്ചു. മദറും അസിസ്റ്റന്റ് മദര്‍ മിശിഹായുടെ മനുഷ്യാവതാരത്തിന്റെ സിസ്റ്റര്‍ മേരിയും ചേര്‍ന്ന് ബ്ലാന്‍ഷിന്റെ കരങ്ങളില്‍ പിടിച്ച് ചാപ്പലിനുള്ളിലേക്കു നയിച്ചു. തദവസരത്തില്‍ മറ്റു സിസ്റ്റേഴ്‌സ് ഒരു കീര്‍ത്തനം ആലപിക്കുകയും ചെയ്തു. മഠത്തിനുള്ളില്‍ ഒരു നീണ്ട ഇടനാഴിയുടെ ഇരുവശങ്ങളിലുമായാണ് സിസ്റ്റേഴ്‌സിന്റെ മുറികള്‍. അതിലൊന്ന് ബ്ലാന്‍ഷിനു ലഭിച്ചു. അത്താഴവും പ്രാര്‍ഥനകളും കഴിഞ്ഞപ്പോള്‍ ഉറങ്ങുന്നതിനായുള്ള മണി മുഴങ്ങി. ഇടനാഴിയിലെ വിളക്കിന്റെ നേര്‍ത്ത വെളിച്ചംമാത്രമേ മുറികളിലും ലഭിക്കുകയുള്ളൂ. ഇരുട്ടിനെ പേടിച്ചിരുന്ന ബ്ലാന്‍ഷ് കതക് പാതിതുറന്നിട്ടിരുന്നത് മദറിന്റെ ശ്രദ്ധയില്‍പ്പെട്ടു
'കതക് അടയ്ക്കുക എന്നതാണ് മഠത്തിലെ നിയമ'മെന്നു പറഞ്ഞുകൊണ്ട് മദര്‍തന്നെ വാതില്‍ ചേര്‍ത്തടച്ചു. മുറിയില്‍ വെളിച്ചമില്ലാത്തതിനാലാണ് എന്നു പറഞ്ഞ ബ്ലാന്‍ഷിനോട് 'ഉറങ്ങാന്‍ എന്തിനാ വെളിച്ച'മെന്നാണ് മദര്‍ ചോദിക്കുന്നത്. അതിന് ഉറക്കം വരുന്നില്ലന്നാണ് ബ്ലാന്‍ഷ് ഉത്തരമായി പറഞ്ഞത്. കാര്‍മലില്‍ രാത്രിക്കു നീളക്കുറവാണ് അതുകൊണ്ട് ഉടനടി ഉറങ്ങാന്‍ പഠിക്കണം എന്നുകൂടി പറഞ്ഞിട്ട് മദര്‍ പോയി. ഇടനാഴിയിലൂടെ അങ്ങേയറ്റത്തു ചെന്നുനിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ബ്ലാന്‍ഷിന്റെ മുറിയുടെ വാതില്‍ അല്പം തുറന്നിട്ടിരിക്കുന്നതു കണ്ടു. മദര്‍ അതിന് ഒന്നും പ്രതികരിച്ചില്ല.
മറ്റൊരു രംഗത്തില്‍ രോഗീമുറിയില്‍ കഴിയുന്ന മദര്‍, താന്‍ അവസാനമായി മഠത്തിലെടുത്ത ബ്ലാന്‍ഷിനെ വാത്സല്യത്തോടെ തന്റെ അടുത്തേക്കു വിളിപ്പിച്ചു. ബ്ലാന്‍ഷ് എത്തുന്നതിനുമുമ്പ് മദര്‍ അസിസ്റ്റന്റ് മദറിനോട് 'അവള്‍ മിശിഹായുടെ മരണവേദനയുടെ സിസ്റ്റര്‍ ബ്ലാന്‍സ് എന്ന പേരുതന്നെ വേണമെന്നാണോ ആവശ്യപ്പെടുന്നത്' എന്നു ചോദിച്ചു. മദര്‍ അനുവദിച്ചാല്‍ ആ പേരുതന്നെ വേണമെന്നാണ് ബ്ലാന്‍ഷ് പറയുന്നതെന്ന് അസിസ്റ്റന്റ് മദര്‍ മറുപടി കൊടുത്തു.
മദര്‍, ബ്ലാന്‍ഷിന്റെ കാര്യത്തില്‍ ആകുലത ഉള്ളവളായി.
(തുടരും)