ഈയിടെ അന്തരിച്ച പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന ഷാജി എന്‍. കരുണിനെ, സഹപാഠിയും ഉറ്റചങ്ങാതിയുമായ പ്രശസ്ത ഹൃദ്രോഗവിദഗ്ധന്‍ ഡോ. ജോര്‍ജ് തയ്യില്‍ അനുസ്മരിക്കുന്നു.
എഴുപതുകളുടെ ആദ്യം തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റികോളജില്‍ എന്റെ സഹപാഠിയും പ്രിയസുഹൃത്തുമായിരുന്നു ഷാജി എന്‍. കരുണ്‍. ഞങ്ങളോടൊപ്പം എം.ജി. ശശിഭൂഷണ്‍, ജേക്കബ് പുന്നൂസ്, എം.എം. ഹസ്സന്‍, സുകുമാരന്‍ (പൃഥ്വിരാജിന്റെ പിതാവ്) തുടങ്ങിയവരും കോളജില്‍ പഠിക്കുന്നു. പ്രൊഫ. എന്‍. കൃഷ്ണപിള്ള, ഒ.എന്‍.വി. കുറുപ്പ്, തിരുനല്ലൂര്‍ കരുണാകരന്‍ തുടങ്ങിയ മഹാരഥന്മാരുടെ മലയാളംക്ലാസില്‍ എന്നോടൊപ്പം ശശിഭൂഷണും ഷാജിയും ഒരേ ബെഞ്ചില്‍. അക്കാലത്ത് ഷാജിയുടെ ചിന്തയും സംസാരവുമെല്ലാം വിവിധയിനം കാമറകളെപ്പറ്റിയും ഛായാഗ്രഹണത്തെപ്പറ്റിയുംമാത്രം. വലിയ വാചാലതയൊന്നുമില്ല; ഒരന്തര്‍മുഖന്‍!
യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിനുശേഷം ഞാന്‍ പത്രപ്രവര്‍ത്തനരംഗത്തേക്കും പിന്നീട് വൈദ്യപഠനത്തിനു വിദേശത്തേക്കും തിരിഞ്ഞു. ശശിഭൂഷണ്‍ മലയാളം പ്രഫസറായി; ഇപ്പോള്‍ പ്രശസ്തനായ ചരിത്രകാരനും ഗ്രന്ഥകാരനും. ജേക്കബ് പുന്നൂസ് ഐ.പി.എസ്. പാസ്സായി പൊലീസ് കേഡറില്‍ ഏറ്റവും മികച്ച ഡിജിപിയായി. സുകുമാരന്‍ ഇംഗ്ലീഷ് അധ്യാപകനും പിന്നീട് പ്രമുഖസിനിമാനടനുമായി. എം.എം. ഹസ്സന്‍ രാഷ്ട്രീയത്തില്‍ കയറി മന്ത്രിവരെയായി.
ഷാജി യൂണിവേഴ്‌സിറ്റി കോളജിലെ പഠനശേഷം ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചു. പഠനത്തിന് ഏറെ മിടുക്കനായിരുന്ന ഷാജിയെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതിനായി അച്ഛന്‍ എന്‍. കരുണാകരന്‍ ഏറെ നിര്‍ബന്ധിച്ചു. വീട്ടുകാരുടെ താത്പര്യത്തിനു വഴങ്ങാതെ ഷാജി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനത്തിന് അപേക്ഷിച്ചു. ആയിരത്തിലേറെപ്പേര്‍ അപേക്ഷിച്ചതില്‍നിന്ന് പ്രശസ്ത സംവിധായകന്‍ മൃണാള്‍സെന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. 1971 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, അഭിനയം, ശബ്ദലേഖനം തുടങ്ങിയ വിഷയങ്ങളിലേക്കു പ്രവേശനം ലഭിച്ച എട്ടുപേരില്‍ ഒരാളായിരുന്നു ഷാജി. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഒന്നാം റാങ്കോടെ ഷാജി പുറത്തിറങ്ങി.
പിന്നീടു നാം കണ്ടത് ചരിത്രമാണ്. കേരളത്തിലെ ഏറ്റവും സമുന്നത ചലച്ചിത്രപുരസ്‌കാരമായ ജെ.സി. ദാനിയേല്‍ അവാര്‍ഡുവരെ ഷാജിക്കു ലഭിച്ചു. ഛായാഗ്രാഹകനായിട്ടാണ് ഷാജിയുടെ സിനിമാപ്രവേശനം. ആദ്യം ശ്രദ്ധ നേടിയത് അരവിന്ദന്റെ ചിത്രങ്ങളിലൂടെയാണ്. അരവിന്ദന് ഷാജിയോടു വലിയ അടുപ്പമുണ്ടായിരുന്നു. അരവിന്ദന്റെ കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നടത്തിയത് ഷാജിയാണ്. പിന്നീട് എം.ടി., പത്മരാജന്‍, കെ.ജി. ജോര്‍ജ്, ഹരിഹരന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയ പ്രതിഭകള്‍ക്കും ഷാജി ഒരു വിശ്വസ്തഛായാഗ്രാഹകനായി. മഴയും നിറങ്ങളും ശബ്ദങ്ങളും നിശ്ശബ്ദതയും ഇരുട്ടുമൊക്കെ ചലച്ചിത്രത്തിന്റെ അവതരണഭാഷ്യമാക്കുന്നതില്‍ അദ്ദേഹം പ്രാമുഖ്യം കണ്ടു. 1988 ല്‍ സംവിധാനരംഗത്തേക്കു ചുവടു വയ്ക്കുന്നത് 'പിറവി' എന്ന ചലച്ചിത്രകാവ്യത്തിലൂടെയാണ്. മഴയെ മുഖ്യപ്രതീകമാക്കിമാറ്റിയാണ് പിറവിയിലെ രംഗങ്ങളെല്ലാം മുന്നോട്ടുപോകുന്നത്. പിറവി കഴിഞ്ഞ് ഏതാണ്ട് അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം സംവിധാനം ചെയ്ത 'സ്വം' എന്ന ചിത്രത്തില്‍ വ്യത്യസ്തനിറഭേദങ്ങളുടെ വിന്യാസങ്ങള്‍കൊണ്ടു ജീവിതവ്യഥകളെ ഹൃദയസ്പൃക്കായി വരച്ചുകാട്ടി. പിന്നീട് ഷാജി സംവിധാനം ചെയ്ത എല്ലാ ചലച്ചിത്രങ്ങളും മലയാളിയുടെ പച്ചയായ ജീവിതത്തിലെ ദുഃഖസ്മൃതികളെ കാവ്യാത്മകമായി ആവിഷ്‌കാരം ചെയ്തു. നിരവധി ദേശീയപുരസ്‌കാരങ്ങള്‍, ചാര്‍ളി ചാപ്ലിന്‍ ജന്മശതാബ്ദി അവാര്‍ഡ്, കാന്‍ ചലച്ചിത്രമേളയില്‍ ലഭിച്ച പുരസ്‌കാരങ്ങള്‍ എല്ലാം ഷാജിയെ ലോകചലച്ചിത്രവേദിയില്‍ തലയെടുപ്പോടെ നില്‍ക്കാന്‍ പ്രാപ്തനാക്കി.
തന്നെ കീഴ്‌പ്പെടുത്തിയ അര്‍ബുദബാധയെത്തുടര്‍ന്ന് അദ്ദേഹം ജീവിതത്തില്‍നിന്നു പിന്‍വാങ്ങി. ഷാജിയുമായി യൂണിവേഴ്‌സിറ്റി കോളജിലെ പഠനശേഷം പലപ്പോഴും എനിക്കു സമ്പര്‍ക്കമുണ്ടായിരുന്നു. മൂന്നു വര്‍ഷക്കാലം ഒരേ ബെഞ്ചിലിരുന്നു പഠിച്ച സഹപാഠികളല്ലേ. തന്റെ സ്വകാര്യജീവിതത്തെപ്പറ്റിയും സിനിമയില്‍ ഒരു ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കണമെന്ന ഉത്കടമായ അഭിനിവേശത്തെപ്പറ്റിയും ഷാജിയെന്നോട് അന്ന് എപ്പോഴും പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചതില്‍ ഞങ്ങള്‍ അകമഴിഞ്ഞു സന്തോഷിക്കുന്നു. താന്‍ വിഭാവനം ചെയ്ത സംവിധാന-ഛായാഗ്രഹണകലയുടെ കൊടുമുടികള്‍ അദ്ദേഹം കയറി. മലയാളസിനിമയെ ലോകത്തിനു പരിചയപ്പെടുത്തിയ ഒരാളായി. കാമറകൊണ്ടും സംവിധാനമികവുകൊണ്ടും ഷാജി എന്‍. കരുണ്‍ തുറന്നിട്ട വഴികളിലൂടെ സഞ്ചരിക്കാന്‍ ഇനി എത്രപേര്‍ കാണും?
കാലത്തിന്റെ മാറ്റങ്ങളെ ഘടികാരസൂചിപോലെ സൂക്ഷ്മവും കൃത്യവുമായി ഉള്‍ക്കൊണ്ട കൂട്ടുകാരാ, ഇക്കാണുന്ന പ്രപഞ്ചത്തിന്റെയും അതിലെ വൈചിത്രമാര്‍ന്ന മനുഷ്യജീവിതത്തിന്റെയും കദനകഥകള്‍ മറ്റാരും ഇതുവരെ ഒരുമ്പെടാത്ത ഉജ്ജ്വലമായ പ്രകാശഭംഗിയോടെ മലയാളികളുടെ ഹൃദയത്തില്‍ കോറിയിട്ടതിനു നന്ദി.