ലോകകായികഭൂപടത്തില്‍ ഇന്ത്യയെ ആര്‍ക്കും മായ്ക്കാനാവാത്ത ഒരു അഭിമാനചിത്രമായി വരച്ചുചേര്‍ത്ത വിഖ്യാതഷൂട്ടിങ് പരിശീലകന്‍ പ്രഫ. സണ്ണി തോമസ് നമ്മോടു വിടപറഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ഷൂട്ടിങ്ങിനെ ലോകവേദിയിലേക്കു കൈപിടിച്ചുയര്‍ത്തിയ ഒരപൂര്‍വപ്രതിഭയായിരുന്നു അദ്ദേഹം. രാജ്യം കണ്ട ഏറ്റവും മികച്ച ഷൂട്ടിങ് പരിശീലകന്‍.
ഇന്ത്യന്‍ ഷൂട്ടിങ്ങിനെ ഒളിമ്പിക്‌സ്‌സ്വര്‍ണം സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇതിഹാസപരിശീലകനായിരുന്നു സണ്ണി തോമസെന്ന് ഒളിമ്പ്യന്‍ പി.ടി. ഉഷ അനുസ്മരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ മഹത്ത്വം നമുക്കു ബോധ്യമാകും. പരിശീലനം തേടിവന്ന ഓരോ ഷൂട്ടറെയും തന്നോടു ചേര്‍ത്തു നിര്‍ത്തി, അവരില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ തേച്ചു മിനുക്കി, ലോകനേട്ടങ്ങളിലേക്ക് അദ്ദേഹം നയിച്ചു. സുഖത്തിലും ദുഃഖത്തിലും വാഴ്ചയിലും വീഴ്ചയിലും തന്നെ ചേര്‍ത്തുനിര്‍ത്തിയ ഗുരുവായിരുന്നു സണ്ണിസാറെന്ന് ദേശീയപരിശീലകനും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ ജസ്പാല്‍ റാണ സ്‌നേഹത്തോടെ ഓര്‍ക്കുന്നു.
അതേ, വെറുമൊരു പരിശീലകനല്ലായിരുന്നു സണ്ണി തോമസ്. പരിശീലനരംഗത്തു നിലവിലിരുന്ന സാമ്പ്രദായികരീതികളെയെല്ലാം അദ്ദേഹം തച്ചുടച്ചു. റേഞ്ചിനകത്തും പുറത്തും ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ സുഹൃത്തായി മാറിക്കൊണ്ട്, തന്റെ ശിഷ്യരില്‍ ആത്മവിശ്വാസവും ലക്ഷ്യബോധവും നിറയ്ക്കുന്ന മനഃശാസ്ത്രപരമായ ഒരു സമീപനമായിരുന്നു അദ്ദേഹം കൈക്കൊണ്ടത്. ഈ പരിശീലനതന്ത്രം നൂറുശതമാനം ഏകാഗ്രതയോടെ നിറയൊഴിക്കാന്‍ തന്റെ ശിഷ്യരെ പ്രാപ്തരാക്കി. ഉള്ളതുപറഞ്ഞാല്‍, ഒരു സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റായിരുന്നു അദ്ദേഹം. വിജയത്തിലും പരാജയത്തിലും അക്ഷോഭ്യനായി നിലകൊണ്ട ഒരു 'സ്ഥിതപ്രജ്ഞന്‍.'
കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്‌കൂളിലെ ആദ്യപ്രധാനാധ്യാപകനും കാഥികനുമായിരുന്ന തിടനാട് മേക്കാട്ട് കെ.കെ. തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബര്‍ 26 നാണ് സണ്ണി തോമസിന്റെ ജനനം. കോട്ടയം സി.എം.എസ്. കോളജില്‍നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, 1964 ല്‍ 26-ാം വയസ്സില്‍ ഉഴവൂര്‍ കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, 33 വര്‍ഷത്തെ സേവനത്തിനുശേഷം വൈസ് പ്രിന്‍സിപ്പലായി 1997 ല്‍ വിരമിച്ചു. ഉഴവൂര്‍ കോളജില്‍ എത്തുംമുമ്പ് ഒരു വര്‍ഷം തേവര എസ്.എച്ച്. കോളജിലും പഠിപ്പിച്ചു. അധ്യാപകനായിരുന്ന അച്ഛന്റെ വഴി പിന്തുടര്‍ന്നാണ് സണ്ണി തോമസ് അധ്യാപനരംഗത്തെത്തുന്നത്.
ബാല്യകാലം ഓര്‍ത്തെടുത്തുകൊണ്ട് സണ്ണി ഒരിക്കല്‍ പറഞ്ഞ ഒരു കാര്യമുണ്ട്: അദ്ദേഹത്തിന്റെ അച്ഛന്‍ കെ.കെ. തോമസിന്റെ കൈയില്‍ ഒരു നാടന്‍ തോക്കുണ്ടായിരുന്നു; ചെറുപ്പകാലത്തു പിതാവിനൊപ്പം പുരയിടത്തില്‍ ചുറ്റിനടക്കുമ്പോള്‍ സണ്ണിയുടെ കൈയില്‍ ഒരു തെറ്റാലിയും. തെറ്റാലിയില്‍നിന്ന് ഉന്നം തെറ്റാതെ കല്ലുകള്‍ ലക്ഷ്യത്തിലെത്തിക്കുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ച് അപ്പച്ചന്‍ അഭിനന്ദിക്കുമായിരുന്നത്രേ. അന്നു തെറ്റാലിയില്‍നിന്നു പാഞ്ഞ ഉന്നംതെറ്റാത്ത കല്ലുകള്‍ നല്കിയ ആവേശമാവണം, ലോകത്തിന്റെ നെറുകയില്‍നിന്നു 'തിര'യുതിര്‍ക്കാന്‍ സണ്ണിയെ പ്രാപ്തനാക്കിയത്.
ഷൂട്ടിങ്മത്സരങ്ങളില്‍ രാജ്യത്തിന്റെ വിജയത്തിലേക്കു പാഞ്ഞ ഓരോ ഷോട്ടിനു പിന്നിലും സണ്ണി തോമസിന്റെ ഒരു അദൃശ്യസാന്നിധ്യമുണ്ടായിരുന്നുവെന്ന് ഒളിമ്പി
ക്‌സ് വെള്ളിമെഡല്‍ ജേതാവ് ഗഗന്‍ നാരംഗ് അഭിമാനത്തോടെ അനുസ്മരിക്കുന്നു. വെറും മൂന്നു മെഡലില്‍നിന്നു നൂറോളം മെഡലുകള്‍ നേടുന്ന നിലയിലേക്ക് രാജ്യത്തെ എത്തിച്ചതില്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. അത്തരത്തില്‍ ഇന്ത്യന്‍ ഷൂട്ടിങ്ങിന്റെ തലതൊട്ടപ്പനായിരുന്നു സണ്ണി തോമസെന്ന് ഗഗന്‍ നാരംഗ് പറയുന്നു.
1993 ലാണ് രാജ്യത്തെ ആദ്യ ദേശീയ ഷൂട്ടിങ് പരിശീലകനായി സണ്ണി തോമസിനെ നിയമിക്കുന്നത്. 2012 വരെ ആ സ്ഥാനത്തു തുടര്‍ന്നു. 2001 ല്‍ 'ദ്രോണാചാര്യ' ബഹുമതി നല്കി രാജ്യം സണ്ണി തോമസിനെ ആദരിച്ചു. 2004 ല്‍ ആതന്‍സ് ഒളിമ്പിക്‌സില്‍ രാജ്യവര്‍ധന്‍സിംഗ് റാത്തോഡ് വെള്ളി നേടിയപ്പോള്‍ ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത വെള്ളിമെഡലായി അത്. 2008 ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണമണിഞ്ഞപ്പോള്‍ അത് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമായി. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വിജയകുമാര്‍ വെള്ളിയും ഗഗന്‍നീരജ് വെങ്കലവും നേടിയപ്പോഴും സണ്ണി തോമസെന്ന കൃതഹസ്തനായ ഷൂട്ടറുടെ കൈപ്പുണ്യം ലോകം കണ്ടറിഞ്ഞു.
അഞ്ചുവീതം ഒളിമ്പിക്‌സുകള്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകള്‍, ആറ് ഏഷ്യന്‍ ഗെയിംസുകള്‍, അമ്പതിലേറെ ലോകചാമ്പ്യന്‍ഷിപ്പുകള്‍ എന്നിങ്ങനെ സണ്ണി തോമസെന്ന പരിശീലകന്‍ നേടിയ നേട്ടങ്ങള്‍ ഏറെയാണ്. അച്ചടക്കത്തിന്റെയും ലക്ഷ്യബോധത്തിന്റെയും സര്‍വോപരി, മനുഷ്യസ്‌നേഹത്തിന്റെയും പാഠങ്ങള്‍ സമൂഹത്തിനു പകര്‍ന്നു നല്‍കിയ ഒരു മാതൃകാപുരുഷനായിരുന്നു സണ്ണി തോമസെന്ന ഈ ഭാരതപുത്രന്‍.