•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

ഉയിരിന്‍ നാഥന്‍ ഉണര്‍ത്തുപാട്ടാകുമ്പോള്‍

   കദനങ്ങളുടെ കരിമു കിലുകള്‍ കരഞ്ഞകന്നു. കാറ്റിന്റെ കൈലേസുകൊണ്ട് കവിള്‍ത്തടം തുടച്ചു. തെളിമാനം മെല്ലെ താരകമിഴികള്‍ തിരുമ്മിത്തുറന്നു. ഗുരുമുഖവും തിരുമൊഴികളും ഓര്‍മകളില്‍മാത്രം ഒതുക്കിക്കൊണ്ട് ഒരുപറ്റം മുക്കുവര്‍ തിബേരിയാസ് കടപ്പുറത്ത് ഒരുമിച്ചിരുന്നു. ഒരു മഹാപുരുഷനും, അവന്‍ ഉയര്‍ത്തിപ്പിടിച്ച കുറെ മൂല്യങ്ങളും ചൂണ്ടിക്കാട്ടിയ നൂതനവും വിഭിന്നവുമായ ഒരു ജീവിതശൈലിയെ ചുറ്റിപ്പറ്റി അവര്‍ക്കുണ്ടായിരുന്ന എല്ലാ കണക്കുകൂട്ടലുകളും ദിവസങ്ങള്‍ക്കുമുമ്പുണ്ടായ അവന്റെ ദാരുണമരണത്തോടെ തകിടംമറിഞ്ഞു. എങ്കിലും, മൂന്നാമുഷസ്സില്‍ അവര്‍ കണ്ട അവന്റെ ശൂന്യമായ കല്ലറയും അതിനുശേഷം അവന്‍ അവര്‍ക്കു നല്കിയ ദര്‍ശനങ്ങളും കരിന്തിരി കത്തിത്തുടങ്ങിയിരുന്ന അവരുടെ ജീവിതവിളക്കിനു വിശ്വാസത്തിന്റെ തൈലവും പ്രത്യാശയുടെ പുതുനാളവും പകര്‍ന്നിരുന്നു. 
അങ്ങനെ, പ്രതീക്ഷകള്‍ ഒരുവേള എരിഞ്ഞമര്‍ന്ന ഹൃദയചിതയില്‍നിന്നു പൊങ്ങിയിരുന്ന നിരാശയുടെ പുകച്ചുരുളുകള്‍ സാവധാനം നിലച്ചു. കടലോരം കലങ്ങിത്തെളിഞ്ഞു. പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാട്ടിത്തരാമെന്നു സമാധാനിപ്പിച്ച് കടലമ്മ തന്റെ തിരക്കൈകള്‍ നീട്ടി അവരെ മാടിവിളിച്ചുകൊണ്ടിരുന്നു. ചുരുട്ടിവച്ചിരുന്ന, മീനുളുമ്പിന്റെ മണം മാറിയ വലകള്‍ വീണ്ടും വിരിച്ചിട്ടു നന്നാക്കണം. വഞ്ചികള്‍ വേഗം നീറ്റിലിറക്കണം. കൂടുതല്‍ ചിന്തകള്‍ക്കു പിന്നെ പ്രസക്തിയും സമയവുമില്ലായിരുന്നു. പതിവുപോലെ മുഖ്യന്‍തന്നെ മുന്‍കൈയെടുത്തു പറഞ്ഞു: 'ഞാന്‍ ഏതായാലും മീന്‍ പിടിക്കാന്‍ പോകുന്നു.' അധികമൊന്നും അവനു പറയാനില്ലായിരുന്നു. ബാക്കിയുള്ളവരെ അവരുടെ തീരുമാനത്തിനുവിട്ട് അവന്‍ കടലോരത്തേക്കു നടന്നു. പൊടുന്നനേ ശേഷിച്ചവരും അവനെ അനുഗമിച്ചു. വേറൊരു വഴിയേ പോകാനുള്ള തൊഴിലറിവോ തന്റേടമോ ആ പാവങ്ങള്‍ക്കില്ലായിരുന്നു.
    അങ്ങനെ, ആ കൊച്ചുമുക്കുവക്കൂട്ടം വീണ്ടും തങ്ങളുടെ കുലത്തൊഴിലില്‍തന്നെ ആശ്രയമര്‍പ്പിച്ച് കടലിന്റെ കറുത്തിരുണ്ട കാണാപ്പുറങ്ങളിലേക്കു പ്രതീക്ഷയുടെ തുഴകളെറിഞ്ഞുനീങ്ങി. വെള്ളവും വള്ളവും വലയും വീണ്ടും അവരുടെ വിശ്വസ്തമിത്രങ്ങളായി. പക്ഷേ, രാത്രിയുടെ അന്ത്യയാമങ്ങള്‍വരെ അധ്വാനിച്ചിട്ടും ഒരു ചെറുചാളപോലും അവരുടെ വലക്കണ്ണികളില്‍ കുരുങ്ങിയില്ല. ആകയാല്‍, നിസ്സഹായതയുടെ നൗകയില്‍ നൈരാശ്യത്തിന്റെ നങ്കൂരവുമിട്ടു കിടന്നപ്പോഴാണ് കരയില്‍ ഒരു ആള്‍രൂപത്തെ കണ്ടത്. അപ്പോള്‍ കിഴക്ക് വെള്ളകീറിത്തുടങ്ങിയിരുന്നു. തീര്‍ത്തും അപരിചിതനായി കാണപ്പെട്ട ആ മനുഷ്യന്റെ 'കുഞ്ഞുങ്ങളേ' എന്നുള്ള സ്‌നേഹമസൃണമായ വിളിയില്‍ സ്വന്തം അമ്മയുടെ വാത്സല്യം അവരോരോരുത്തരും അനുഭവിച്ചറിഞ്ഞു. രാത്രി മുഴുവനുള്ള അവരുടെ പ്രയത്‌നത്തിന്റെ ഫലശൂന്യത മനസ്സിലാക്കിയ അവന്‍ വഞ്ചിയുടെ വലത്തുവശത്തു വലവീശാന്‍ ആവശ്യപ്പെട്ടു. ആജ്ഞ നല്കിയവന്‍ ആരാണെന്ന് അറിയാതിരുന്നിട്ടുപോലും അവര്‍ അവനെ അതേപടി അനുസരിച്ചു. ഫലമോ, വലനിറയെ വലിയ മത്സ്യങ്ങള്‍! 
   'അതു കര്‍ത്താവാണ്' എന്ന് അവരിലൊരുവന്റെ തിരിച്ചറിവില്‍ എല്ലാവരും അദ്ഭുതപ്പെട്ടു, അതിലേറെ ആനന്ദിച്ചു. തീരത്തേക്കു തുഴയാന്‍ പിന്നെയവര്‍ക്കു തിടുക്കമായിരുന്നു. കരയണഞ്ഞപ്പോള്‍ അവരെ കാത്തിരുന്നതോ, കൂട്ടിയിട്ടിരുന്ന കത്തുന്ന കനലുകളും അവയില്‍ ചുട്ടെടുത്ത മീനുകളും അപ്പവും! തനുവിന്റെ തണുവകറ്റാന്‍ തീയും, വയറിന്റെ വിശപ്പടക്കാന്‍ വാസനയോലുന്ന വിഭവങ്ങളും! കടലോരത്തെ കനലോരത്ത് വട്ടമിരുന്ന് അവര്‍ പ്രാതല്‍ കഴിച്ചു. അമ്മയെപ്പോലെ അവന്‍ അവര്‍ക്കു വിളമ്പിക്കൊടുത്തു. അടുക്കളയില്‍ അടുപ്പിനുചുറ്റും ആഹാരത്തിനിരിക്കുമ്പോള്‍ പുകയൂതി പാകമാക്കിയവ വീതിച്ചുതന്നിരുന്ന പെറ്റമ്മയുടെ പരിപാലന അപ്പോള്‍ അവര്‍ നുണഞ്ഞിറക്കുകയായിരുന്നു. തങ്ങളുടെ ഉത്ഥിതനായ ഗുരുവിനെ ഉടലോടെ മൂന്നാമതും മുന്നില്‍ കാണാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്താല്‍ അവരുടെ മിഴികള്‍ ആര്‍ദ്രമായി... 
പുതിയൊരു ജീവിതത്തിന്റെ പുലര്‍കാലം അപ്പോള്‍ പൊട്ടിവിടരുന്നുണ്ടായിരുന്നു!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)