•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

കരിന്തിരി കത്തുന്ന യുവദീപങ്ങള്‍

  • കേരളത്തിന്റെ സാമൂഹികസുസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും സാമ്പത്തികവളര്‍ച്ചയെയും ബാധിക്കുന്നതരത്തില്‍ വലിയ വെല്ലുവിളി  ഉയര്‍ത്തുകയാണ് മലയാളിയുടെ മദ്യപാനശീലം. ഇന്ത്യയിലെ ആളോഹരി മദ്യഉപഭോഗം 3.5 ലിറ്റര്‍ ആണെന്നിരിക്കേ, കേരളത്തിലത് 8.7 ലിറ്ററാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

   ഈ ഭൂമിയില്‍ ഓരോ കുഞ്ഞും നിഷ്‌കളങ്കതയുടെ മാലാഖാരൂപമായിട്ടു ജനിച്ചുവീഴുന്നത്. ഒരു കുഞ്ഞും കുറ്റവാളിയായി ജനിക്കുന്നില്ല. കളങ്കമില്ലാത്ത കുഞ്ഞിനെ സമ്മാനമായിത്തന്നിട്ട് അവരെ വളര്‍ത്തിവലുതാക്കാനുള്ള നിയോഗം ദൈവം മാതാപിതാക്കളെ ഏല്പിക്കുകയാണ്. ആ കുഞ്ഞിനെ നമുക്ക് ആരുമാക്കി മാറ്റാം. സല്‍പുത്രനോ ദുഷ്ടനോ വഴിപിഴച്ചവളോ മിടുമിടുക്കനോ മിടുക്കിയോ മരമണ്ടനോ ആക്കാം. നമ്മള്‍ നമ്മുടെ കുട്ടിയെ എങ്ങനെ വളര്‍ത്തുന്നു, എങ്ങനെ പരിശീലിപ്പിക്കുന്നു, എന്നെല്ലാമനുസരിച്ചാണ് കുട്ടി വളരുന്നത്, കുട്ടിയുടെ വാസനകള്‍ വികസിക്കുന്നത്, കുട്ടിയുടെ സ്വഭാവസവിശേഷതകള്‍ രൂപപ്പെടുന്നത്, ആരെങ്കിലുമൊക്കെയായി മാറുന്നത്.
അപ്പന്‍, അമ്മ, മക്കള്‍ എന്നിവരുള്‍പ്പെടുന്ന ഒരു എക്‌സ്‌ക്ലുസീവ് സര്‍ക്കിളാണ് കുടുംബവും ബന്ധുക്കളും. സുഹൃത്തുക്കളും അയല്‍വാസികളുമെല്ലാം ആ വലയത്തിനപ്പുറത്താണ്. ഈ സര്‍ക്കിളിലുള്ളവര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അവതരിപ്പിക്കാനും ഏറ്റുവാങ്ങാനുമുള്ള വേദിയാണിത്. അത്തരമൊരു വേദി നഷ്ടപ്പെടുന്നതിന്റെ പരിണതഫലമായാണ് ഇന്നു പലരും കുറ്റവാളികളായിത്തീരുന്നത്. വനിതാജയിലുകളില്‍ കഴിയുന്ന തൊണ്ണൂറുശതമാനംപേരും കുടുംബം എന്ന സവിശേഷവലയത്തിനു പുറത്തായവരാണ്.
    ശാസ്ത്രസാങ്കേതികവളര്‍ച്ചയ്‌ക്കൊപ്പം പുതിയ കാലത്തെ ഡിജിറ്റല്‍ഉപകരണങ്ങളുടെയും മറ്റും ലഭ്യതയും സൗകര്യങ്ങളും കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍ക്കു കാരണമാകുന്നുണ്ട്. ഇന്റര്‍നെറ്റ് എന്ന ഏറെ സാധ്യതകളുള്ള ആശയവിനിയോപാധി ഏറ്റവും നിഷേധാത്മകമോ വികലമോ ആയി ഉപയോഗിച്ച നാടുകളിലൊന്ന് കേരളമാണെന്നു ദുഃഖത്തോടെ പറയേണ്ടിവരുന്നു. മൊബൈലിലാകട്ടെ, കംപ്യൂട്ടറിലാകട്ടെ ഇന്റര്‍നെറ്റ് എന്ന ഏറെ സാധ്യതകളുള്ള ആശയവിനിമയോപാധി കുടുംബന്ധങ്ങള്‍ക്കുപുറത്ത് പുതിയ തെറ്റായ ബന്ധങ്ങള്‍ സ്ഥാപിക്കാനും, അശ്ലീലവെബ്‌സൈറ്റുകളും നീലച്ചിത്രങ്ങളും ആസ്വദിക്കാനും ദുര്‍വിനിയോഗം ചെയ്യപ്പെട്ടു.
പുരുഷനെപ്പോലെതന്നെ സ്ത്രീകള്‍ക്കും പുറംലോകത്തെ എത്തിപ്പിടിക്കാനുള്ള ഡിജിറ്റല്‍സാധ്യതകള്‍ മാറി. പരിധിയില്ലാത്ത ഇന്റര്‍നെറ്റ് സമ്പര്‍ക്കംവഴിയുള്ള ബന്ധങ്ങള്‍ കുടുംബങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിച്ചു. പല സ്ത്രീകളും ചതിക്കുഴികളിലകപ്പെട്ടു. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരണയായി. ആഡംബരജീവിതത്തോടുള്ള ആസക്തി സ്ത്രീകളിലും വര്‍ധിച്ചു. സാമ്പത്തികമായും സാമൂഹികമായും ഉണ്ടായ അരക്ഷിതാവസ്ഥ സ്ത്രീകളെ കുറ്റകൃത്യങ്ങളിലേക്കു നയിക്കാന്‍ ഇടയാക്കി. എങ്ങനെയും പണം ഉണ്ടാക്കണമെന്ന ചിന്ത സമൂഹത്തില്‍ വ്യാപിച്ചതോടെയാണ് കുറ്റകൃത്യങ്ങളില്‍ സ്ത്രീപങ്കാളിത്തം വര്‍ധിച്ചത്.
    സമൂഹത്തില്‍ പൊതുവിലുണ്ടായ ജീര്‍ണതകളുടെ തുടര്‍ച്ചയാണ് സ്ത്രീകളുടെ ജീവിതത്തില്‍ വന്ന മാറ്റവും. ആര്‍ഭാടജീവിതവും ആഡംബരസൗകര്യങ്ങളും  സ്വപ്നംകണ്ട് കുറുക്കുവഴികള്‍ തേടുന്ന സ്ത്രീകളില്‍ കുറ്റവാസന  വര്‍ധിക്കുന്നു. ആഘോഷപ്പാര്‍ട്ടികളില്‍, സൗഹൃദക്കൂട്ടായ്മകളില്‍, മദ്യപിക്കുന്നത് അന്തസ്സിന്റെ പ്രശ്‌നമായി കാണുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു.
ബാല്യകാലത്ത് നേരിട്ട ലൈംഗികമായ പീഡനമുള്‍പ്പെടെയുള്ള ദുരനുഭവങ്ങള്‍ സ്ത്രീകളില്‍ കുറ്റവാസന ഉണ്ടാകാനുള്ള കാരണങ്ങളിലൊന്നാണ്. അതുപോലെ കുടുംബാംഗങ്ങളുടെ മദ്യപാനം, സംഘര്‍ഷഭരിതമായ കുടുബാന്തരീക്ഷം, പെണ്‍കുട്ടികളില്‍ ഉണ്ടാക്കുന്ന നിഷേധാത്മകമനോഭാവം കുറ്റകൃത്യങ്ങളിലേക്കു നയിക്കാറുണ്ട്. കൊവിഡ് ലോക്ഡൗണിനുശേഷം പൊതുജീവിതം സാധാരണമായിക്കൊണ്ടിരിക്കുന്ന കാലയളവില്‍ ജയിലുകളില്‍ ഏറ്റവും കൂടുതല്‍ റിമാന്‍ഡുകള്‍ വന്നത് നാര്‍ക്കോട്ടിക് കേസുകളില്‍പ്പെട്ടവരാണെന്ന് വനിതാജയിലധികൃതര്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ജയിലിലെത്തുന്നവരുടെ പ്രായം പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിലാണെന്നതും കൂടുതലും പ്രൊഫഷണല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണെന്നതുമാണ് മറ്റൊരു വസ്തുത. മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിന് അറസ്റ്റിലായ വനിതകളേറെയും ഹൈപ്രൊഫൈലുകാരായിരുന്നത്രേ. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും സ്വയംപര്യാപ്തത നേടിയ വനിതകളായിരുന്നു ഇവരിലധികമെന്നതും  കണ്ടെത്തുകയുണ്ടായി. അല്ലാത്തവരാകട്ടെ, കാരിയര്‍മാരായി പോകവേയാണ് പിടിക്കപ്പെട്ടത്. കാരിയര്‍മാരായി പോകുന്നവര്‍ക്കുവേണ്ടിയിരുന്നത് പണമാണ്. ജീവിതം അടിച്ചുപൊളിക്കാനാവശ്യമായ പണം കണ്ടെത്താനുള്ള എളുപ്പവഴിയായി കാരിയര്‍മാരായവരുണ്ട്. പുരുഷസുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയവരുമുണ്ട്.
    കേരളത്തിന്റെ സാമൂഹികസുസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും സാമ്പത്തികവളര്‍ച്ചയെയും ബാധിക്കുന്നതരത്തില്‍ വലിയ വെല്ലുവിളി  ഉയര്‍ത്തുകയാണ് മലയാളിയുടെ മദ്യപാനശീലം. ഇന്ത്യയിലെ ആളോഹരി മദ്യഉപഭോഗം 3.5 ലിറ്റര്‍ ആണെന്നിരിക്കേ, കേരളത്തിലത് 8.7 ലിറ്ററാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മദ്യത്തിന്റെ ലഭ്യത എത്ര വര്‍ധിക്കുന്നുവോ അതനുസരിച്ച് ഉപഭോഗവും വര്‍ധിക്കും എന്നത് ഒരു സിമ്പിള്‍ തിയറിയാണ്. കുടുംബസദസ്സുകളിലെ ആഘോഷവേളകളില്‍ സ്ത്രീകളും മദ്യപിക്കുന്നത് ഇപ്പോള്‍  കണ്ടുവരുന്നു. പലപ്പോഴും പുരുഷന്മാരുടെ പ്രേരണയില്‍ തുടങ്ങി പിന്നെ അത് ഒരു ശീലമായി മാറുന്നു. പുതിയ കാലത്ത് ടീനേജുകള്‍ക്കും യുവതീയുവാക്കള്‍ക്കും സൗഹൃദം പങ്കുവയ്ക്കാന്‍ പരിധിയില്ലാത്ത സ്വാതന്ത്ര്യം രക്ഷാകര്‍ത്താക്കളും സമൂഹവും അനുവദിച്ചുനല്‍കിയതിന്റെ  ഫലമായി അവരുടെ ആഘോഷവേളകളിലെ ഒരവശ്യവസ്തുവായി ലഹരി മാറിയിട്ടുണ്ട്. പബുകളിലും ബാര്‍ഹോട്ടലുകളിലും ഇവരുടെ സജീവസാന്നിധ്യമുണ്ട്. രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകേണ്ട യുവത്വത്തിന്റെ  ക്രിയാശേഷി, വീടിനും നാടിനും കൈവിളക്കാകേണ്ട യൗവനം പാതിവഴിയില്‍ കരിന്തിരി കത്തി കനല്‍ക്കാഴ്ചയായിത്തീരുന്നു.
    പുരുഷന്മാരിലേതിനെക്കാള്‍ സ്ത്രീകളിലാണ് മദ്യമയക്കുമരുന്നുപയോഗം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കുന്നത്. രോഗങ്ങള്‍, വരുമാനനഷ്ടം എന്നതൊക്കെ ഒരു സാധാരണപാര്‍ശ്വഫലം മാത്രമാണ്. അതിനുമപ്പുറം മനോവിഭ്രാന്തി, ആക്രമണോത്സുകത, കുടുംബശൈഥില്യം, ഒറ്റപ്പെടല്‍, ഡിപ്രഷന്‍, സംശയരോഗം, ആത്മഹത്യാപ്രവണത, വിവാഹമോചനസാധ്യത, റോഡപകടങ്ങള്‍ തുടങ്ങി തലച്ചോറിനുണ്ടാകുന്ന മന്ദതമൂലം സംഭവിക്കുന്ന അപചയങ്ങള്‍ അനവധിയാണ്. താന്‍ ഒരു ശക്തിശാലിയാണെന്നു തെറ്റിദ്ധരിച്ച് ഇക്കൂട്ടര്‍ വിവേകശൂന്യമായി പല അതിക്രമങ്ങള്‍ക്കും മുതിരുന്നു. ലഹരി നാഡീവ്യൂഹത്തെ  തളര്‍ത്തുകയും നമ്മുടെ ആലോചനാശേഷിയെ നശിപ്പിക്കുകയും ചെയ്യും.
ജനപ്രിയസാഹിത്യകാരനായ ഹാരോള്‍ഡ് റോബിന്‍സ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ലഹരിപദാര്‍ഥം സ്‌നേഹമാണെന്നു പറയുന്നു. വളരെയേറെ ആസ്വദിക്കാന്‍ കഴിയുന്ന, അക്രമസ്വഭാവം തീരെയില്ലാത്ത ഒരു ലഹരിയാണ് സ്‌നേഹം. സ്‌നേഹത്തെക്കാള്‍ പ്രകൃതിദത്തമായ ഒരു ഉത്തേജകമരുന്ന്  വേറേയില്ലെന്ന് വളരുന്ന തലമുറയെ ബോധ്യപ്പെടുത്താന്‍ നമുക്കു കഴിയേണ്ടിയിരിക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)