പാലാ രൂപതയില്‍നിന്നുള്ള മിഷനറിമാര്‍ ഈ രൂപതയുടെ ആഴമാര്‍ന്ന ക്രൈസ്തവവിശ്വാസത്തിന്റെയും തിളങ്ങുന്ന പ്രത്യാശയുടെയും തീരാത്ത സ്‌നേഹത്തിന്റെയും ജീവിതസാക്ഷ്യങ്ങളാണ്. വിശ്വാസം അതിന്റെ തീക്ഷ്ണതയില്‍ ജീവിച്ച ഈ രൂപതയിലെ മാതാപിതാക്കളും, വേദോപദേശം പഠിപ്പിച്ച നന്മയുടെ ഗുരുക്കളും, നിഴലായി കൂടെനിന്നു വളര്‍ത്തിയ സിസ്റ്റേഴ്‌സും, സഭയുടെ മനസ്സു സ്വന്തമാക്കിയ പുരോഹിതരുമൊക്കെയാണ് മിഷനറിമാരാകാനുള്ള ആഗ്രഹത്തിന്റെ വിത്തുകള്‍ മനസ്സില്‍ വിതച്ചത്. ''ലോകമെങ്ങും പോയി സകല ജനപദങ്ങളോടും സുവിശേഷം പ്രസംഗിക്കുക'' എന്ന ഈശോയുടെ കല്പന സാധ്യമാക്കാനാകും എന്നു തെളിയിച്ചവരാണ് മിഷനറിമാര്‍. എങ്കിലും ഇതിനുപിറകില്‍ പ്രിയപ്പെട്ടവരെ ഉപേക്ഷിച്ച് ദൂരദേശങ്ങളിലേക്കുള്ള പുറപ്പാടും അതിന്റെ നൊമ്പരങ്ങളും യാത്രാക്ലേശങ്ങളും, ചെല്ലുന്നിടങ്ങളില്‍ ഭാഷ കൈകാര്യം ചെയ്യാനുള്ള ആത്മസമര്‍പ്പണവും സ്വീകരിക്കപ്പെടാത്ത ഇടങ്ങളില്‍ നേരിടുന്ന പോരാട്ടങ്ങളും, സര്‍വ്വോപരി, ലഭിച്ച വിശ്വാസം ജീവിക്കാനുളള ചങ്കുറപ്പും എല്ലാ മിഷനറിമാരും കടന്നുപോകുന്ന യാത്രയുടെ പൊതുസ്വഭാവമാണ്.
'തീര്‍ഥാടകയായ സഭ സ്വഭാവത്താലേ പ്രേഷിതയാണെന്ന' രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സന്ദേശം പാലാ രൂപതയിലെ മിഷനറിമാരുടെ എണ്ണവും ഇപ്പോള്‍ അവര്‍ ജോലി ചെയ്യുന്ന ഇടങ്ങളുടെ വ്യാപ്തിയും മനസ്സിലാക്കുമ്പോള്‍ ഈ രൂപതയുടെ പ്രേഷിതസ്വഭാവത്തിന്റെ നേര്‍ക്കാഴ്ചയായി നിലകൊള്ളുന്നു. ഈശോയുടെ വിളിക്ക് പ്രത്യുത്തരം നല്‍കിയ 12000 ത്തിലേറെ സന്ന്യാസിനിമാര്‍! ഈശോയ്ക്കുവേണ്ടി ജീവിതം നല്‍കിയ 2700 ലേറെ സന്ന്യാസസഹോദരങ്ങള്‍! ഇവരില്‍ത്തന്നെ 6200 ല്‍ പരം പേര്‍ മറ്റു ഭൂഖണ്ഡങ്ങളിലെ നൂറിലേറെ രാജ്യങ്ങളിലായി പ്രേഷിതപ്രവര്‍ത്തനം നടത്തുന്നവര്‍. രൂപതാംഗങ്ങളായ 25 ല്‍ പരം മെത്രാന്മാര്‍. പാലാ രൂപതയുടെ അഭിമാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷം ജീവിക്കുന്ന ഈ മിഷനറിമാര്‍, അപരനോടുള്ള കരുതലിന്റെ രൂപമായും ആരുമില്ലാത്തവര്‍ക്കും പീഡിതര്‍ക്കും പ്രത്യാശയുടെ ക്രിസ്തുസ്‌നേഹം പകരുന്ന നന്മയുള്ള മനുഷ്യരായും നിറഞ്ഞുനില്‍ക്കുന്നു. ഈശോയുടെ സജീവസാന്നിധ്യത്തിന്റെ പ്രകാശം പരത്തുന്ന തിളങ്ങുന്ന നക്ഷത്രങ്ങളായി ലോകത്തെയും നമ്മുടെ രൂപതയെയും ഒരുപോലെ ഇവര്‍ പ്രകാശിപ്പിക്കുന്നു. പ്രാര്‍ഥനയോടും വലിയ കരുതലോടും കൂടി നാം ഇവരെ ഒപ്പം ചേര്‍ത്തുനിര്‍ത്തുന്നു. എങ്കിലും ഇവര്‍ ചെയ്യുന്ന സേവനങ്ങളെ നന്ദിയോടെ ഓര്‍ക്കേണ്ടതും പ്രത്യേകമായി ആദരിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്വവുമാണ്. കാരണം, ഈശോയുടെ മുഖം മിഴിവോടെ ലോകത്തിനു പകരുന്ന ശ്രേഷ്ഠമായ ശുശ്രൂഷ ചെയ്യുന്നവരാണ് എല്ലാ മിഷനറിമാരും.
പാലാ രൂപത പ്ലാറ്റിനം ജൂബിലി നിറവിലാണ്. കഴിഞ്ഞ 75 വര്‍ഷമായി പാലാ രൂപത ലോകത്തിനും ആഗോള കത്തോലിക്കാസഭയ്ക്കും നല്കിയ ഏറ്റവും വലിയ സംഭാവനയാണ് നമ്മുടെ പ്രിയപ്പെട്ട മിഷനറിമാര്‍. രൂപതയുടെ പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായി 2025 മേയ് 10 ശനിയാഴ്ച രാവിലെ 9.30 ന് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ ദൈവാലയത്തില്‍വച്ച് നമ്മുടെ രൂപതാംഗങ്ങളായ എല്ലാ മിഷനറിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു മിഷനറി മഹാസംഗമം നടത്തപ്പെടുന്നു. ഈ രൂപതയുടെ ആനന്ദവും അഭിമാനവുമായ എല്ലാ മിഷനറിവൈദികരെയും സന്ന്യാസിനീസന്ന്യാസിമാരെയും ഈ സ്‌നേഹസംഗമത്തിലേക്കു മാതൃരൂപത ഹൃദയപൂര്‍വ്വം ക്ഷണിക്കുകയാണ്. മിഷനറിമാരുടെ സേവനത്തെപ്രതി ദൈവത്തിനു നന്ദി പറയാനുള്ള വേദിയായും ഇനിയും മിഷനറിതീക്ഷ്ണത ഉണര്‍ത്താനുള്ള മതബോധനപരിശീലനമായും ഈ സംഗമം മാറട്ടെ. കൂടുതല്‍ കരുത്തോടെ സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള ഊര്‍ജം ഈ പ്രേഷിതസംഗമത്തിലൂടെ നമ്മുടെ രൂപതയ്ക്കു ലഭിക്കട്ടെ. ഈ മിഷനറി മഹാസംഗമത്തിന്റെ വിജയത്തിനായി പ്രാര്‍ഥനയോടെ നമുക്കു കൂട്ടായുണ്ടാവാം.
- മോണ്‍. ജോസഫ് കണിയോടിക്കല്‍