നിഖ്യാസൂനഹദോസിന്റെ 1700-ാം വര്‍ഷം പ്രമാണിച്ച് നിഖ്യാസൂനഹദോസിനെയും നിഖ്യാവിശ്വാസപ്രമാണത്തെയുംകുറിച്ചുള്ള ഒരു പഠനപരമ്പര 13
നിഖ്യാസൂനഹദോസുമുതല്‍ (325) കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് (381) വരെയുള്ള കാലഘട്ടത്തില്‍ ആര്യനിസം പലതരത്തില്‍ വളര്‍ന്നുകൊണ്ടിരുന്നു. ഒന്നിനു പിറകേ ഒന്നായി നിരവധി സിനഡുകള്‍ കൂടി. ''പിതാവിനും പുത്രനും ഒരേ സത്തയാണ്.'' (ഹോമോ ഉസിയോസ്) എന്ന പ്രയോഗം ഉപേക്ഷിച്ചുകൊണ്ടുള്ള വിശ്വാസപ്രമാണങ്ങള്‍ ഉണ്ടായി. പ്രധാനമായി മൂന്ന് അവാന്തരവിഭാഗങ്ങള്‍ ആരിയന്‍സമൂഹത്തില്‍ കാണപ്പെട്ടു.
1. അനോമയര്‍ ((Anomoios):: പിതാവും പുത്രനും തമ്മിലുള്ള വ്യത്യാസം പ്രഖ്യാപിക്കാന്‍ ഇവര്‍ വെമ്പല്‍ പൂണ്ടു. പിതാവും പുത്രനും തമ്മില്‍ സാമ്യമില്ലെന്ന് ഇവര്‍ പഠിപ്പിച്ചു.
2. ഹോമോയര്‍ ((Homoios):: വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നതുപോലെ പുത്രന് പിതാവുമായി സാമ്യമുണ്ട് എന്നു പഠിപ്പിച്ചു. ദൈവശാസ്ത്രഫോര്‍മുലകള്‍ ഉപയോഗിക്കാന്‍ ഇക്കൂട്ടര്‍ വിസമ്മതിച്ചു.
3. സെമി ആര്യന്‍ : ഹോമോ ഉസിയോസ് എന്ന പദം ഇവര്‍ ഉപയോഗിച്ചു. ''.പിതാവും പുത്രനും തമ്മില്‍ സാമ്യവും വ്യത്യാസവും ഉണ്ട്.'' എന്ന് ഇവര്‍ പഠിപ്പിച്ചു.
നിഖ്യാവിശ്വാസപ്രമാണത്തിന്റെ വെളിച്ചത്തില്‍ ആര്യന്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനുള്ള പരിശ്രമമാണ് 381 ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ സിനഡില്‍ നടന്നത്. സത്യവിശ്വാസികളായ 150 പിതാക്കന്മാരും 36 പാഷണ്ഡമെത്രാന്മാരും ഇതില്‍ പങ്കെടുത്തു. 'പ്‌നെവുമാതോമാക്കി' എന്നറിയപ്പെടുന്ന അബദ്ധോപദേശചിന്ത പുലര്‍ത്തിയിരുന്നവരായിരുന്നു ഈ 36 പേരും. പരിശുദ്ധാത്മാവിന്റെ ദൈവത്വം നിഷേധിച്ച ഇവര്‍ സിനഡിന്റെ ആരംഭത്തില്‍ സഭ വിട്ടിറങ്ങിപ്പോയി.
കോണ്‍സ്റ്റാന്റിനോപ്പിള്‍ മെത്രാന്‍സ്ഥാനത്തെത്താന്‍ ശ്രമിച്ച മാക്‌സിമൂസ് കാരണം വളരെയേറെ പ്രശ്‌നങ്ങള്‍ ആ സഭയില്‍ ഉണ്ടായിരുന്നു. കൗണ്‍സിലില്‍ മാക്‌സിമൂസിനെ സ്ഥാനഭ്രഷ്ടനാക്കി. ഈ സിനഡിന്റെ നടപടിക്രമങ്ങളോ തീരുമാനങ്ങളോ കൃത്യമായി ലഭ്യമല്ല. 382ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ കൂടിയ സിനഡിന്റെ സിനഡിക്കല്‍ലേഖനത്തില്‍നിന്നാണ് ഇതിന്റെ ഉള്ളടക്കം നാം ഗ്രഹിക്കുന്നത്. മൂന്ന് ദൈവിക ആളുകളുടെ സത്താപരമായ ഐക്യം, നിത്യത്വം എന്നിവ സബെല്ലിയര്‍, അനോമയര്‍, ആരിയര്‍, പ്‌നെവുമാതോമാക്കി എന്നിവര്‍ക്കെതിരേ സ്പഷ്ടമാക്കി. 382 മുതല്‍ ഈ സിനഡിനെ ഒരു പൊതു സിനഡായി കാണാന്‍ തുടങ്ങി. എന്നാല്‍, ഗ്രിഗറി നസിയാന്‍സന്‍ ഈ സിനഡിനെ നിശിതമായി വിമര്‍ശിക്കുന്നതു കാണാം. ഇതൊരു പ്രാദേശിക സിനഡായി പൊതുവേ കരുതപ്പെടുന്നു. കാല്‍സിഡന്‍ കൗണ്‍സിലാണ് ഇതിന് സാര്‍വത്രികസ്വഭാവം അംഗീകരിച്ചു കൊടുത്തത്.
1. നിഖ്യാ വിശ്വാസപ്രമാണം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു
പരിശുദ്ധാത്മാവിന്റെ ദൈവത്വം നിഷേധിക്കുന്നവര്‍ 373 ഓടുകൂടി കോണ്‍സ്റ്റാന്റിനോപ്പിളില്‍ പ്രത്യക്ഷപ്പെട്ടു. പുത്രനും പരിശുദ്ധാത്മാവും പിതാവിന്റെതന്നെ സത്തയാണെന്ന് സിനഡ് സ്പഷ്ടമായി പഠിപ്പിക്കുകയും പാഷണ്ഡികളെ സഭാഭ്രഷ്ടരാക്കുകയും ചെയ്തു. നിഖ്യാ പഠിപ്പിച്ചവ ആവര്‍ത്തിച്ച് ഉറപ്പിച്ചു.
ഈ സിനഡ് നാലു കാനോനകള്‍ പാസാക്കി. എന്നാല്‍, പില്‍ക്കാലത്ത് അതിന്റെകൂടെ മൂന്നെണ്ണം കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഗ്രിഗറി മാര്‍പാപ്പായാണ് 381 ലെ സിനഡിനെ സാര്‍വത്രികസിനഡായി അംഗീകരിച്ചത്. കാനോനകള്‍ താഴെ ചേര്‍ക്കുന്നു:
1. വിവിധ ആര്യന്‍വിഭാഗക്കാര്‍ക്കെതിരായി.
2. മെത്രാന്‍മാര്‍ തങ്ങളുടെ അധികാരപരിധിവിട്ട് അധികാരപ്രയോഗം നടത്തുന്നതു വിലക്കുന്നു.
3. കോണ്‍സ്റ്റാന്റിനോപ്പിള്‍ സിംഹാസനത്തിന് ബഹുമാനത്തില്‍ റോം കഴിഞ്ഞാലുള്ള അടുത്ത സ്ഥാനം കൊടുക്കുന്നു.
4. മാക്‌സിമൂസിനെയും അനുയായികളെയും സ്ഥാനഭ്രഷ്ടരാക്കുന്നു.
5, 6 എന്നിവ 382 ലെ സിനഡിന്റേതാണ്.
7. അന്ത്യോക്യായിലെ മര്‍തീരിയൂസിന് കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭ അയച്ച കത്തില്‍നിന്നുള്ള ഒരു ഭാഗമാണ്.
വിശ്വാസപ്രമാണം സ്വീകരിച്ചതുപോലെ കാനോനകള്‍ ഉടനടി സ്വീകരിക്കപ്പെട്ടില്ല. നാലു കാനോനകളാണ് ഈ കൗണ്‍സിലില്‍ രൂപപ്പെടുത്തിയത് എന്നു നാം കണ്ടു. മൂന്നാമത്തെ കാനന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ മെത്രാന് പൗരസ്ത്യദേശത്തെ മറ്റു മെത്രാന്മാരെക്കാള്‍ സ്ഥാനം നല്‍കി. കോണ്‍സ്റ്റാന്റിനോപ്പിള്‍ പട്ടണം അപ്പോള്‍ റോമാസാമ്രാജ്യത്തിന്റെ പുതിയ തലസ്ഥാനമായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍, കോണ്‍സ്റ്റാന്റിനോപ്പിളിന് റോമാ കഴിഞ്ഞുള്ള സ്ഥാനമേ നല്‍കിയുള്ളൂ. അതിനാല്‍, അപ്പോഴത്തെ പ്രാധാന്യം അനുസരിച്ചുള്ള ക്രമം റോം, കോണ്‍സ്റ്റാന്റിനോപ്പിള്‍, അലക്‌സാണ്ട്രിയ, അന്ത്യോക്യാ എന്നിങ്ങനെയാണ്. എന്നാല്‍, ഈ കൗണ്‍സിലിന്റെ ഭാഗമായി പിന്നീട് 382 ല്‍ നടന്ന ഒരു സിനഡിലെ തീരുമാനങ്ങള്‍ 5, 6, 7 കാനോനകളായി എഴുതിച്ചേര്‍ത്തു. 381 ലെയും 382 ലെയും കോണ്‍സ്റ്റാന്റിനോപ്പിള്‍ സിനഡുകള്‍ ഈ ഏഴു കാനോനകള്‍ ഒരുമിച്ചാണ് പടിഞ്ഞാറിന്റെ (റോമിന്റെ) അംഗീകാരത്തിനായി പിന്നീട് അയച്ചുകൊടുത്തത്. ഇതിലെ മൂന്നാമത്തെ കാനോനയുടെ പേരില്‍ (കോണ്‍സ്റ്റാന്റിനോപ്പിളിന് പ്രാധാന്യം കൊടുക്കുന്ന) റോം ഇതിന് അംഗീകാരം നല്‍കിയില്ലെങ്കിലും ഇതില്‍ രൂപം കൊടുത്ത വിശ്വാസപ്രമാണത്തിന് അംഗീകാരം നല്‍കുകയുണ്ടായി. വിശ്വാസത്തിന് എതിരായി നിന്ന സെമി-ആര്യനിസത്തെ എതിര്‍ക്കുകയായിരുന്നല്ലോ ഈ കൗണ്‍സിലിന്റെ ലക്ഷ്യവും.
2. കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം
ഈ സിനഡിലും ഒരു വിശ്വാസപ്രമാണത്തിനു രൂപം കൊടുത്തു. 'കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം' എന്ന് ഇതിനെ വിളിക്കാമെങ്കിലും 'നിഖ്യാ-കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം' എന്നാണ് ഇതിന്റെ പേര്. അതിനാല്‍ ഈ Symbol-um NiceanumConstantino-politanum കഴിഞ്ഞ രണ്ടു കൗണ്‍സിലുകളായി രൂപപ്പെട്ടു വന്നതാണ്. ഇപ്പോള്‍ കിഴക്കും പടിഞ്ഞാറുമുള്ള സഭകള്‍ ആരാധനാക്രമത്തില്‍ ഇത് ഉപയോഗിക്കുന്നു. 381 മുതല്‍ 450 വരെയുള്ള എഴുത്തുകാര്‍ അപ്രകാരം പറഞ്ഞുകാണുന്നില്ല. ഒന്നാം എഫേസൂസ് സിനഡോ (431) രണ്ടാം എഫേസൂസ് സിനഡോ (449) ഈ വിശ്വാസപ്രമാണത്തെപ്പറ്റി പരാമര്‍ശിക്കുന്നില്ല. കാല്‍സിഡന്‍ സിനഡോടുകൂടിയാണ് (451) 381 ലെ സിനഡിന്റെ വിശ്വാസപ്രമാണമായി ഇത് അറിയപ്പെടുന്നത്. റോമാസഭ 660-ാം ആണ്ടോടുകൂടി ഈ വിശ്വാസപ്രമാണം സ്വീകരിച്ചു. ഈ വിശ്വാസപ്രമാണം ഇപ്രകാരമാണ്: സര്‍വശക്തിയുള്ള പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും ദൃശ്യാദൃശ്യങ്ങളായ എല്ലാ വസ്തുക്കളുടെയും നിര്‍മാതാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏക പുത്രനും, യുഗങ്ങള്‍ക്കെല്ലാം മുമ്പ് പിതാവില്‍നിന്നു ജനിച്ചവനും, പ്രകാശത്തില്‍നിന്നുള്ള പ്രകാശവും, സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിക്കപ്പെടാത്തവനും, പിതാവുമായി സമസത്തയായവനും, തന്നാല്‍ സകലതും നിര്‍മിക്കപ്പെട്ടവനുമായ ഏക കര്‍ത്താവീശോമിശിഹായിലും (ഞങ്ങള്‍ വിശ്വസിക്കുന്നു). അവന്‍ മനുഷ്യരായ നമുക്കും നമ്മുടെ രക്ഷയ്ക്കുംവേണ്ടി സ്വര്‍ഗത്തില്‍നിന്നിറങ്ങി പരിശുദ്ധാത്മാവിനാല്‍ കന്യകമറിയാമില്‍നിന്ന് ശരീരമെടുത്ത് മനുഷ്യനായി. അവന്‍ പൊന്തിയോസ് പീലാത്തോസിന്റെ കാലത്ത് നമുക്കുവേണ്ടി ക്രൂശിക്കപ്പെടുകയും, കഷ്ടതകള്‍ സഹിച്ചു മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപ്രകാരം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. അവന്‍ സ്വര്‍ഗത്തിലേക്കു കരേറി പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്നു. ജീവനുള്ളവരെയും മരിച്ചവരെയും വിധിക്കാന്‍ അവന്‍ മഹത്ത്വത്തില്‍ വീണ്ടും വരാനിരിക്കുന്നു. അവന്റെ രാജ്യം ഒരിക്കലും അവസാനിക്കുകയില്ല. പിതാവില്‍ നിന്നു പുറപ്പെട്ട് പിതാവിനോടും പുത്രനോടുംകൂടെ ആരാധിക്കപ്പെടുകയും മഹത്ത്വീകരിക്കപ്പെടുകയും ചെയ്യുന്നവനും പ്രവാചകരിലൂടെ സംസാരിച്ചവനും കര്‍ത്താവും ജീവദാതാവുമായ പരിശുദ്ധാത്മാവിലും ഏകവും പരിശുദ്ധവും കാതോലികവും ശ്ലൈഹികവുമായ സഭയിലും (ഞങ്ങള്‍ വിശ്വസിക്കുന്നു). പാപമോചനത്തിനുള്ള ഏക മാമോദീസാ ഞങ്ങള്‍ ഏറ്റുപറയുന്നു. മരിച്ചവരുടെ ഉയിര്‍പ്പും വരാനിരിക്കുന്ന ലോകത്തിലെ ജീവിതവും ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു. ആമ്മീന്‍.
സൈപ്രസ് ദ്വീപിലുള്ള കോണ്‍സ്റ്റാന്‍സിയായിലെ മെത്രാനായ എപ്പിഫാനിയൂസ് തന്റെ രൂപതയില്‍ മാമ്മോദീസാ സ്വീകരണവേളയിലെ ഉപയോഗത്തിനായുള്ള വിശ്വാസപ്രമാണമായിരുന്നു ഇത് എന്നു പറയുന്നവരുണ്ട്. അദ്ദേഹം രചിച്ച 'അന്‍കൊറാത്താ' എന്ന ഗ്രന്ഥത്തില്‍ ഇതു ലഭ്യമാണ്. എന്നാല്‍, ഇതിന്റെ തുടക്കം ജറുസലേമിലായിരുന്നു എന്നു കരുതുന്നവരുണ്ട്. ജറുസലേമിലെ വി. സിറിള്‍ ഉപയോഗിച്ചിരുന്നതാണിതെന്നും കോണ്‍സ്റ്റാന്റിനോപ്പിളിലെ വി. നെക്താരിയൂസ് തന്റെ സഭയിലെ വിശ്വാസപ്രമാണമായി ഉപയോഗിച്ചിരുന്നതായിരുന്നു എന്നും പറയുന്നവരുണ്ട്.
(തുടരും)