•  8 May 2025
  •  ദീപം 58
  •  നാളം 9
ലേഖനം

കാമ്പസുകളിലെ പാഠാന്തരങ്ങള്‍

    ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്രിസ്റ്റോള്‍, എയില്‍ യൂണിവേഴ്‌സിറ്റികളില്‍ അനിയന്ത്രിതമായ ആത്മവിക്ഷോഭങ്ങള്‍ കാരണം കുറെയേറെ കുട്ടികള്‍ സ്വയം ജീവന്‍ ത്യജിച്ചു. പഠിക്കുന്ന കോഴ്‌സ് തൃപ്തികരമായി പൂര്‍ത്തിയാക്കി ബിരുദംനേടാന്‍  സാധിക്കാതെ ഇടയ്ക്കു കമിഴ്ന്നടിഞ്ഞുവീഴുന്നവര്‍ ധാരാളമായി. അവരുടെ മാനസികപ്രശ്‌നങ്ങള്‍ കാണാതിരിക്കാന്‍ പഠിപ്പിക്കുന്ന പ്രൊഫസര്‍മാര്‍ക്കും കഴിഞ്ഞില്ല.
അങ്ങനെയാണ് കുട്ടികളുടെ ചിരിയും കളിയും സന്തോഷവും ഉറപ്പാക്കാന്‍  മധ്യാഹ്നക്ലാസുകള്‍ നടത്താന്‍ ചില പ്രൊഫസര്‍മാര്‍ മുമ്പോട്ടുവന്നത്. കോഴ്‌സിനുമുമ്പും പിന്നാലെയും ചില ചോദ്യാവലികള്‍ക്കു വിദ്യാര്‍ഥികള്‍ ഉത്തരം നല്‍കണം. അവരുടെ ആന്തരികപ്രശ്‌നങ്ങളിലേക്കു വിരല്‍ചൂണ്ടുന്നതായിരുന്നു ഉത്തരങ്ങള്‍. 
   ഇത്തരം ക്ലാസുകള്‍ കുട്ടികള്‍ക്കിടയില്‍ നല്ല സൗഹൃദങ്ങള്‍ വളര്‍ത്തി. അവര്‍ ചില നല്ല സ്വഭാവസവിശേഷതകള്‍ ഉള്‍ക്കൊണ്ട് പരസ്പരം സഹായിക്കുന്നവരായി. ധ്യാനങ്ങളിലൂടെയും  പരസ്പരസംവാദങ്ങളിലൂടെയും അവര്‍ പരസ്പരം അടുക്കുകയും പലപ്പോഴും അതു പ്രശ്‌നപരിഹാരങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്തു. നാര്‍ക്കോട്ടിക്‌സ്‌പോലുള്ള തെറ്റായ പ്രവണതകളില്‍നിന്ന് അത്തരക്കാരെ പിന്തിരിപ്പിക്കാനും ഒരു പരിധിവരെ സുഹൃത്തുക്കള്‍ക്കു കഴിഞ്ഞു. മൊത്തത്തില്‍ ഒരു വലിയ ആനന്ദത്തിന്റെയും ചിരിയുടെയും  അന്തരീക്ഷം കാമ്പസുകളില്‍ വളരാന്‍ തുടങ്ങി.
ചിലര്‍ക്ക് തങ്ങളുടെ വൈകാരികപ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ ആദ്യഘട്ടങ്ങളില്‍ വിഷമമായിരുന്നു. ക്രമേണ പരസ്പരവിശ്വാസം വളര്‍ന്നുവന്നപ്പോള്‍ തുറന്നുപറയാനുള്ള ഒരു ആര്‍ജവം അവര്‍ കാണിച്ചു. ഒറ്റയാള്‍പട്ടാളമായി നടന്നവര്‍ പരസ്പരസ്നേഹത്തിന്റെ പാഠം പഠിച്ചു,  സേവനങ്ങള്‍ക്കു മുമ്പിട്ടിറങ്ങി. സഹായിക്കാനുള്ള മനഃസ്ഥിതി വളര്‍ന്നത് വലിയ സന്തോഷങ്ങള്‍ക്കു വഴിയൊരുക്കി.
സ്വന്താനുഭവങ്ങളുടെ ഒരു ജേര്‍ണല്‍ ഉണ്ടാക്കാന്‍ അവര്‍ക്കു നിര്‍ദേശമുണ്ടായിരുന്നു. അതിലൂടെ അവര്‍ക്കു ദൈനംദിനപ്രശ്‌നങ്ങളെ നേരിടുന്നതില്‍ സ്വയം നേടിയെടുത്ത കരുത്തു വ്യക്തമാകുന്നുണ്ടായിരുന്നു.
പഠിപ്പിച്ച പാഠങ്ങള്‍ 
   വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം  വളര്‍ത്തുകയായിരുന്നു ആദ്യത്തെ പടി. സ്‌നേഹിക്കാനും  സ്‌നേഹിക്കപ്പെടാനും  ആദരിക്കാനും ആദരിക്കപ്പെടാനും പഠിക്കുകയായിരുന്നു അടുത്തത്. സ്‌നേഹത്തിന്റെ സന്ദേശവാഹകരാണ് അവര്‍ എന്ന ഒരു ധാരണ വളര്‍ന്നുവന്നു. ന്യൂനങ്ങളായ ചിന്തകള്‍ എല്ലാം വലിച്ചെറിയണം. ചിലര്‍ക്കു തോന്നിയത് അവര്‍ക്കു യാതൊരു മൂല്യവും ഇല്ലെന്നാണ്. അവരില്‍ പാവപ്പെട്ടവര്‍ കരുതി, അവര്‍ ഇങ്ങനെതന്നെ തുടര്‍ന്ന് പാവപ്പെട്ടവരായി മരിക്കും എന്ന്. ജീവിതവഴികളില്‍ എപ്പോഴെങ്കിലുമൊക്കെ സംഭവിച്ചിട്ടുണ്ടാകാവുന്ന ശോകജനകമായ, ഹൃദയഭേദകമായ അവസ്ഥകളുടെയും ദുരനുഭവങ്ങളുടെയും മനോസംഘര്‍ഷങ്ങളില്‍നിന്ന് എങ്ങനെ കരേറാം എന്നു പഠിച്ചെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ചിലര്‍ മാതാപിതാക്കന്മാരെയോ ഗുരുക്കന്മാരെയോ ഒന്നും ആദരിക്കാത്തവരായിരുന്നു. അവര്‍ ഒരുക്കിയ അവസരങ്ങള്‍ക്ക് എന്നെന്നും നന്ദി ഉണ്ടാകേണ്ടതിന്റെ ആവശ്യകത അവര്‍ മെല്ലെ പഠിച്ചെടുത്തു.
ശുഭാപ്തിവിശ്വാസം വളര്‍ത്തിക്കൊണ്ട് എങ്ങനെ ജീവിതലക്ഷ്യങ്ങള്‍ ഉറപ്പിക്കാം, അതിനുള്ള പ്രവര്‍ത്തനപദ്ധതി എങ്ങനെ മെനഞ്ഞെടുക്കാമെന്നതാണ് അവര്‍ പഠിച്ചെടുത്ത മറ്റൊരു കാര്യം. ചില വ്യാജന്മാരായ ഉഡായിപ്പുകുട്ടികള്‍ താന്‍ ആരാണെന്നു മറ്റാരുമറിയാത്തവിധം, സ്വയം കൃത്രിമമായി നടിച്ചുനടക്കും. ഇതൊരു അപകടകരമായ പ്രവണതയാണ്. താനെന്ന യഥാര്‍ഥ വ്യക്തിയെ തിരിച്ചറിഞ്ഞ്, എല്ലാം ഉള്‍ക്കൊണ്ടു സ്‌നേഹിക്കുന്ന നല്ല സുഹൃത്തുക്കളെയാണ് ഓരോരുത്തരും സൃഷ്ടിക്കേണ്ടതെന്ന് അവര്‍ മനസ്സിലാക്കി. സഹിക്കാനും ക്ഷമിക്കാനുമുള്ള പാഠങ്ങള്‍കൂടി അവര്‍ പഠിച്ചെടുത്തു. സദാ പുഞ്ചിരിയോടെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ബാലപാഠങ്ങള്‍ അവര്‍ ഇവിടെ പഠിച്ചെടുത്തു. 
ഗ്രൂപ്പുകളില്‍ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ആക്കം കൂടിയപ്പോള്‍ കൂടുതല്‍ സന്തോഷം എത്തിച്ചേര്‍ന്നു. ധ്യാനങ്ങളിലൂടെ അവരുടെ മനസ്സുകള്‍ രോഗവിമുക്തമായി. കാമ്പസുകളില്‍ ആനന്ദം അലയടിക്കാന്‍ തുടങ്ങി. ന്യൂനങ്ങളായ ചിന്തകള്‍ ഓടിയൊളിച്ചു. ക്രിയാത്മകചിന്തകളിലേക്ക് അവര്‍ സ്വയം ഉയര്‍ന്നു. ജീവിതാനന്ദം യഥാര്‍ഥത്തില്‍ സാധ്യമാകണമെങ്കില്‍ നാം ഒത്തുചേരണം; സ്‌നേഹം പങ്കിടണം. 
ഏറ്റവും ആപത്കരമായ പ്രവണതയാണ് കാമ്പസുകളിലെ മറ്റു കുട്ടികളുമായി സ്വയം താരതമ്യപ്പെടുത്തുകയും അപകര്‍ഷതാബോധത്തിലേക്കു വഴുതി വീഴുകയും ചെയ്യുകയെന്നത്.  എന്നാല്‍, ഓരോരുത്തര്‍ക്കും അവരവരുടേതായ മേഖലകള്‍ ഉണ്ടെന്നും അവിടെയാണ്  അവര്‍ മികവു കാണിക്കേണ്ടതെന്നും  സ്വന്തം താലന്തുകളെ തിരിച്ചറിയണമെന്നും മനസ്സിലാക്കിയാല്‍ ഇതിനൊക്കെ മാറ്റം വരും.
വിനാശകരമായ മറ്റൊരു പ്രവണതയാണ്, സുഖലോലുപതയില്‍ വാഴുന്നവര്‍  ചെറുപ്പക്കാരായ  പാവപ്പെട്ട കുട്ടികളില്‍ ജനിപ്പിക്കുന്ന വികാരം. ചിലര്‍  വിലയേറിയ വസ്ത്രങ്ങള്‍ ധരിച്ച് ആഡംബരക്കാറുകളില്‍ വന്നിറങ്ങുന്നു. ആണും പെണ്ണുമായി അവര്‍ക്കുചുറ്റും ആരാധകവൃന്ദം തടിച്ചുകൂടുന്നു. വൈകുന്നേരങ്ങളില്‍ അവരുമൊത്തു റെസ്റ്റോറന്റുകളിലേക്കു പോകുന്നു. ഇതെല്ലാം കാണുമ്പോള്‍ ഒരു സാധാരണക്കാരന് എന്താണു തോന്നുക? അത്തരം ഓരോ കാഴ്ചകളും കാണുമ്പോള്‍ അല്പാല്പമായി മരിക്കുന്നതുപോലെ  തോന്നുമെന്ന് ഏതോ കവി പാടിയിട്ടുണ്ട്. ഇക്കൂട്ടര്‍ അവരുടെ അവധിദിവസങ്ങള്‍ സുഹൃത്തുക്കളോടൊപ്പം ഏതെങ്കിലും അടിപൊളി പിക്‌നിക്ക് സ്‌പോട്ടുകളിലായിരിക്കും ചെലവഴിക്കുക. അവര്‍ തീന്‍മേശയ്ക്കു ചുറ്റുമിരുന്നു ശീതളപാനീയം മോന്തുന്നതിന്റെയും വിലയേറിയ വിശിഷ്ടഭോജ്യങ്ങള്‍ പങ്കിടുന്നതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും  ഒക്കെ തകര്‍ക്കുമ്പോള്‍  പാവപ്പെട്ടവന്റെ മനസ്സു തേങ്ങുന്നു; അവന്റെ മനസ്സില്‍ അപകര്‍ഷതാബോധം ഉദിക്കുന്നു.
ഇങ്ങനെയുള്ള അവസരങ്ങളില്‍ 'താനിപ്പോള്‍ പഠനത്തിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, മറ്റെല്ലാ സൗഭാഗ്യങ്ങളും വഴിപോലെ തന്റെ ജീവിതത്തിലും വരു'മെന്നു വിശ്വസിച്ചു മുന്നേറുകയാണ് അഭികാമ്യം.
സത്യസന്ധമായ അവലോകനം 
മനുഷ്യരെല്ലാം പലവഴികളിലൂടെ നടന്നുവന്ന് ഒരിടത്തു പറ്റംചേര്‍ന്ന് സൗഹൃദം പങ്കുവച്ച്  പലവഴിയേ പിരിയേണ്ടവരാണ്. ഇവിടെ വലുപ്പച്ചെറുപ്പങ്ങള്‍ ഒന്നുമില്ല. ഒരിക്കല്‍ ഈ ലോകത്തുനിന്നു  യാത്രയാകേണ്ടവരാണ് എല്ലാവരും. അതിനിടയില്‍ ഉണ്ടാകുന്ന ഒത്തുചേരലുകളില്‍ പരസ്പരം ദുഃഖങ്ങളും ദുരന്താനുഭവങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാനാകുമെന്ന വലിയ പാഠമാണ് നാം ഹൃദിസ്ഥമാക്കേണ്ടത്. ആരുടെയും ജീവിതം എല്ലാം തികഞ്ഞതല്ല; സ്വകാര്യദുഃഖങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല.
മനുഷ്യന്‍ അസ്വസ്ഥനാകുന്നത് സാഹചര്യങ്ങള്‍കൊണ്ടല്ല; മറിച്ച്, നാമവയെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചാണ്. എന്തൊക്കെ സംഭവിച്ചാലും അതിനോടു പ്രതികരിക്കുന്ന രീതിയിലാണു കാര്യം. ക്രിയാത്മകമായ, മനഃശാസ്ത്രപരമായ സമീപനങ്ങളിലൂടെ  ഓരോരുത്തര്‍ക്കും ജീവിതം ധന്യമാക്കാനുള്ള അവസരങ്ങളുണ്ട്.
'ജീവിതാനന്ദത്തിലേക്കു നിങ്ങള്‍ക്ക് ഒരു കാശിയാത്ര പോകാന്‍ ആവുകയില്ല. വിലയ്ക്കു വാങ്ങാനോ സമ്പാദിക്കാനോ യഥേഷ്ടം എടുത്തണിയാനോ ഉപയോഗിക്കാനോ ആവുന്ന സാധനമല്ല  അത്. ജീവിതത്തിലെ ഓരോ നിമിഷവും നാം രുചിച്ചറിയേണ്ടുന്ന ഒരു ദൈവികമായ അനുഭൂതിയാണത്. അനുനിമിഷം നമ്മെ സ്‌നേഹത്തിലും കൃപയിലും  കൃതജ്ഞതയിലും നിറയ്ക്കുന്ന വികാരമാണ്.' എന്ന ഡെനിസ്‌വൈറ്റിലേയുടെ വാക്കുകള്‍  എത്രയോ അര്‍ഥവത്താണ്.
മനഃശാസ്ത്രപഠനങ്ങള്‍ 
സമൂഹം നേരിടുന്ന ഗൗരവമേറിയ ഒരു വിഷയമാണ് കാമ്പസുകളിലെ മനോസംഘര്‍ഷങ്ങള്‍. വിദ്യാര്‍ഥികള്‍  നേരിട്ടുകൊണ്ടിരിക്കുന്ന അനേകം  പിരിമുറുക്കങ്ങള്‍ക്കു ദൈനംദിനമായ ഒരു പരിഹാരം അനിവാര്യമാണ്. നല്ല ഗ്രേഡുകള്‍ കരസ്ഥമാക്കാനുള്ള വെമ്പലിനുപുറമേ, സാമ്പത്തികപ്രശ്‌നങ്ങള്‍, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ഒക്കെയും പ്രശ്‌നങ്ങളാണ്. സങ്കീര്‍ണങ്ങളായ വിഷയങ്ങളില്‍ കുറെയേറെ ടെസ്റ്റുകള്‍, പരീക്ഷകള്‍ ഇതെല്ലാം നേരിടണം. മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിക്കണം. ഇതിലൊക്കെ വരുന്ന അപചയങ്ങള്‍ വിദ്യാര്‍ഥികളെ വലിയ പിരിമുറുക്കങ്ങളിലേക്കും ഡിപ്രഷനിലേക്കും  മദ്യപാനത്തിലേക്കും നയിക്കുന്നു. വിദ്യാര്‍ഥികളുടെ മാനസികപ്രശ്‌നങ്ങള്‍ക്കു മതിയായ ചികിത്സകള്‍ ആവശ്യമാണ്. ഇന്നു പ്രസിദ്ധമായ യൂണിവേഴ്‌സിറ്റികളില്‍ എല്ലാംതന്നെ ഇതിനുവേണ്ടുന്ന സംവിധാനങ്ങള്‍ സജ്ജമാണ് എന്നതാണ് ആശ്വാസകരമായ കാര്യം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)