•  8 May 2025
  •  ദീപം 58
  •  നാളം 9
ലേഖനം

ഫ്രാന്‍സിസ് മാര്‍പാപ്പാ വിട പറയുമ്പോള്‍

    വി. പത്രോസിന്റെ പിന്‍ഗാമി എന്ന നിലയിലും റോമിന്റെ മെത്രാന്‍ എന്ന നിലയിലുമുള്ള ഒരു വ്യാഴവട്ടക്കാലത്തെ തന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കി ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ പരി. ഫ്രാന്‍സിസ് മാര്‍പാപ്പാ 2025 ഏപ്രില്‍ 21-ാം തീയതി നമ്മോടു വിടപറഞ്ഞ് ദൈവപിതാവിന്റെ സന്നിധിയിലേക്കു യാത്രയായി. പരി. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പായുടെ അപ്രതീക്ഷിതമായ സ്ഥാനത്യാഗത്തെത്തുടര്‍ന്ന്, 2013 മാര്‍ച്ച് 13-ാം തീയതിയാണ് ഈശോസഭാംഗമായ കര്‍ദിനാള്‍ ഹോര്‍ഗേ മരിയോ ബെര്‍ഗോളിയോ പരി. കത്തോലിക്കാസഭയുടെ 266-ാം മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നുമുതല്‍ തന്റെ പരമാചാര്യശുശ്രൂഷയുടെ  അവസാനംവരെ, എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ടും എല്ലാവരുടെയും ഹൃദയം കീഴടക്കിക്കൊണ്ടുമാണ് ബെര്‍ഗോളിയോ കടന്നുപോയത്. അസ്സീസിയിലെ വി. ഫ്രാന്‍സീസിന്റെ നാമം സ്വീകരിച്ചുകൊണ്ട് തന്റെ പരമാചാര്യശുശ്രൂഷയുടെ ശൈലി എപ്രകാരമാണെന്നു വ്യക്തമാക്കാനും അതുവഴി ക്രൈസ്തവലോകത്തിന്റെമാത്രമല്ല, സവിശേഷ ഇറ്റാലിയന്‍ ജനതയുടെ ഹൃദയത്തില്‍ അതിവേഗം ഇടംനേടാനും 'ജനകീയനായ പാപ്പാ' എന്ന വിശേഷണം സ്വന്തമാക്കാനും  സഭയുടെ ചരിത്രത്തിലെ ആദ്യത്തെ ഈശോസഭാംഗമായ മാര്‍പാപ്പയായ ഫ്രാന്‍സിസ് പാപ്പായ്ക്കു കഴിഞ്ഞു.

പത്രോസിന്റെ പിന്‍ഗാമി എന്ന നിലയിലുള്ള തന്റെ അജപാലനശുശ്രൂഷയുടെ കാലയളവില്‍ വ്യക്തമായ ഒരു സഭാദര്‍ശനം ലോകത്തിനു നല്‍കാന്‍ പാപ്പാ പരിശ്രമിച്ചു. 'സഭ അമ്മയാണ്', 'സഭ മുറിവുണക്കുന്നവളാണ്', 'സഭ എല്ലാവരുടെയും ആശ്വാസകേന്ദ്രവും ആശാകേന്ദ്രവുമാണ്' എന്നു പരി. പിതാവ് ആവര്‍ത്തിച്ചു നമ്മെ പഠിപ്പിച്ചു. ആധുനികലോകത്തിലെ സഭയുടെ ദൗത്യത്തെ യുദ്ധഭൂമിയില്‍ മുറിവേറ്റവരെ പരിപാലിക്കുന്ന ചികിത്സാകൂടാരത്തോട് ഉപമിക്കാനായിരുന്നു പാപ്പായ്ക്ക് ഇഷ്ടം. ഈ സഭാദര്‍ശനത്തെ കേവലം താത്ത്വികതലത്തില്‍മാത്രം അവതരിപ്പിക്കാതെ അജപാലനശുശ്രൂഷയുടെ പ്രായോഗികതലത്തിലൂടെ വിശദീകരിക്കാന്‍ പരി. പിതാവ് പരിശ്രമിച്ചു. ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസാ യില്‍ തുടങ്ങിയ തന്റെ ക്ലേശപൂര്‍ണമായ 47 അപ്പസ്‌തോലികയാത്രകളിലൂടെയും വിവിധങ്ങളായ മതാന്തരസംവാദങ്ങളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും എല്ലാം പരിശുദ്ധപിതാവ്  തുറന്നുകാണിക്കാന്‍ ശ്രമിച്ചത് അവിടുന്ന് ആവര്‍ത്തിച്ചുവ്യക്തമാക്കിയ 'അമ്മയായ' 'കരുണയുള്ള' , 'മുറിവുണക്കുന്ന' 'എല്ലാവര്‍ക്കും അഭയമായ', തിരുസ്സഭയുടെ മുഖമായിരുന്നു. കൂടാതെ, 'വിശ്വാസത്തിന്റെ വെളിച്ചം'  എന്ന തന്റെ പ്രഥമ ചാക്രികലേഖനത്തിലൂടെ ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ പരിശുദ്ധ പിതാവ് നമ്മെ ഓര്‍മപ്പെടുത്തി. 'അങ്ങേക്കു സ്തുതി' എന്ന സാമൂഹികചാക്രികലേഖനത്തിലൂടെ നമ്മുടെ പൊതുഭവനമായ ഭൂമിയും പരിസ്ഥിതിയും നാം സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും കടമയെക്കുറിച്ചും പരിശുദ്ധ പിതാവ് നമ്മെ ഉദ്‌ബോധിപ്പിച്ചു. പിന്നീട്, 'എല്ലാവരും സഹോദരര്‍' എന്ന ചാക്രികലേഖനത്തിലൂടെ വിശ്വമാനവികതയുടെയും സാഹോദര്യസ്‌നേഹത്തിന്റെയും സത്യങ്ങള്‍ ക്രൈസ്തവാധിഷ്ഠിതമായി പരിശുദ്ധപിതാവ് ലോകത്തെ പഠിപ്പിച്ചു. 'അവിടുന്നു നമ്മെ സ്‌നേഹിച്ചു' എന്ന തന്റെ അവസാന ചാക്രികലേഖനത്തിലൂടെ ദൈവസ്‌നേഹത്തിന്റെ ആഴം ഈശോയുടെ തിരുഹൃദയത്തെ അനാവരണം ചെയ്തുകൊണ്ട് നമുക്കു വ്യക്തമാക്കിത്തന്നു. 2016 ല്‍ കരുണയുടെ അസാധാരണജൂബിലിവര്‍ഷം പ്രഖ്യാപിച്ചുകൊണ്ട് മിശിഹായുടെ കരുണയുടെ മുഖത്തിലൂടെ തിരുസ്സഭയുടെ മുഖത്തെ കണ്ടെത്താന്‍ പരി. പിതാവ് നമ്മെ ഉദ്‌ബോധിപ്പിച്ചു. കൂടാതെ, തന്റെ പരമാചാര്യശുശ്രൂഷയുടെ ഈ കാലയളവില്‍ സഭാചരിത്രത്തിലെ ഗ്രിഗോറിയന്‍ നവീകരണത്തെ അനുസ്മരിപ്പിക്കുംവിധം സഭാസംവിധാനങ്ങളെയും സഭാനിയമങ്ങളെയും പരിഷ്‌കരിച്ചുകൊണ്ടും നവീകരിച്ചുകൊണ്ടും ഒരു ഫ്രാന്‍സിസ്‌കന്‍നവീകരണം അവതരിപ്പിച്ചു.
   വി. പത്രോസിന്റെ പിന്‍ഗാമിക്കടുത്ത തന്റെ ശുശ്രൂഷയിലൂടെ കാലഘട്ടത്തിന്റെ അടയാളങ്ങള്‍ക്കനുസരിച്ച് സുവിശേഷത്തില്‍ അധിഷ്ഠിതമായ ദൈവകരുണയില്‍ ഊന്നിയ ഒരു പുതിയ അജപാലനഭാഷ ചിട്ടപ്പെടുത്താന്‍ പരിശുദ്ധ പിതാവ് പരിശ്രമിച്ചു. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പാ തുടങ്ങിവച്ച ഈ അജപാലനഭാഷ മനസ്സിലാക്കാനും ഈ അജപാലനഭാഷയിലൂടെ സംവദിക്കാനും നാം ഇനിയും ഒത്തിരിദൂരം സഞ്ചരിക്കേണ്ടതുണ്ട്  എന്നതാണ് യാഥാര്‍ഥ്യം.
ഒരു വലിയ ലെഗസി നമുക്കായി, ആധുനികലോകത്തിലെ സഭയ്ക്കായി നീക്കിവച്ചിട്ടാണ് ഫ്രാന്‍സീസ് മാര്‍പാപ്പാ വിടവാങ്ങിയത്. അതു വിശ്വാസത്തിന്റെയും എളിമയില്‍ അധിഷ്ഠിതമായ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ലെഗസിയാണ്.
പുരാതനകാലത്ത് റോമാസാമ്രാജ്യത്തിലെ പാവപ്പെട്ടവരെയും അടിമകളെയും അടക്കിയിരുന്ന എസ്‌ക്വീലിനിയന്‍ കുന്നില്‍ സ്ഥിതിചെയ്യുന്ന പരി. ദൈവമാതാവിന്റെ നാമത്തിലുള്ള മരിയ മജോര ബസിലിക്കയില്‍ തന്റെ എല്ലാ യാത്രകളുടെയും ആരംഭത്തിലും അവസാനത്തിലും പാപ്പാ പ്രാര്‍ഥിച്ചിരുന്ന, ലൂക്കാ സുവിശേഷകനാല്‍ വിരചിതമായെന്നു വിശ്വസിക്കപ്പെടുന്ന 'റോമാജനതയുടെ സംരക്ഷിക' എന്നറിയപ്പെടുന്ന മാതാവിന്റെ ഛായാചിത്രം  സ്ഥിതിചെയ്യുന്ന ചാപ്പലിനു സമീപമായി കര്‍ത്താവിന്റെ പ്രത്യാഗമനദിവസംവരെ  തന്നെ സംസ്‌കരിക്കണം എന്നാവശ്യപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പായുടെ വില്‍പ്പത്രത്തിലെ വാക്കുകള്‍ ശ്രദ്ധേയമാണ്. (ക മസെ വേമ ോ്യ ാീൃമേഹ െൃലാമശി െൃലേെ, മംമശശേിഴ വേല റമ്യ ീള ൃലൗെൃൃലരശേീി ശി വേല ുമുമഹ ആമശെഹശരമ ീള ടമശി േങമൃ്യ ങമഷീൃ) ഈ വാക്കുകള്‍ വലിയ സാക്ഷ്യമാണ്. പ്രത്യാശയില്‍ സ്വര്‍ഗോന്മുഖമായി ജീവിക്കാന്‍ നമ്മെ ശക്തിപ്പെടുത്തുന്നു.
തന്റെ എല്ലാ കൂടിക്കാഴ്ചകളുടെയും അവസാനത്തില്‍ തന്റെ സന്ദര്‍ശകരോടു തനിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ മറക്കരുതേ എന്ന്  അപേക്ഷിച്ചിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പായോട് ഇപ്പോള്‍ നമുക്കും അപേക്ഷിക്കാം: ''ഞങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കണമേ...''

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)