•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

അക്ഷരമാന്ത്രികന് ആദരവോടെ വിട

    മാര്‍ക്വേസിനുശേഷം മലയാളി ഏറ്റവുമധികം വായിച്ച ലാറ്റിനമേരിക്കന്‍ സാഹിത്യകാരനായിരുന്നു മാരിയോ വര്‍ഗാസ് യോസ. തന്റെ ജീവിതാനുഭവങ്ങളെ, ദേശചരിത്രത്തെ, രാഷ്ട്രീയത്തെ, അധികാരത്തിന്റെ ഹിംസാത്മകതയെ  ഒക്കെയും അനന്യവൈഭവത്തോടെ എഴുത്തില്‍ ആവാഹിക്കാന്‍ യോസയ്ക്കു കഴിഞ്ഞു. 2010 ല്‍ സാഹിത്യനൊബേല്‍ സമ്മാനിക്കുമ്പോള്‍ ദിവ്യശേഷിയുള്ള കഥാകാരന്‍ എന്നാണ് അദ്ദേഹത്തെ വിധികര്‍ത്താക്കള്‍ വിശേഷിപ്പിച്ചത്. സാഹിത്യത്തിനു പുറമേ പത്രപ്രവര്‍ത്തനം,  അധ്യാപനം,  രാഷ്ട്രീയം എന്നീ മേഖലകളിലും സജീവമായിരുന്നു യോസ.
    തെക്കന്‍ പെറുവിലെ അരെക്വിപയില്‍  1936 മാര്‍ച്ച് 28 നാണ് ഹോര്‍ഹെ മാരിയോ പെഡ്രോ വര്‍ഗാസ് യോസയുടെ ജനനം. നന്നേ ബാല്യത്തില്‍ത്തന്നെ മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞതോടെ കുഞ്ഞുയോസ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ബോളീവിയയിലേക്കു പോയി. പിന്നീട് പത്താം വയസ്സില്‍ പെറുവില്‍ മടങ്ങിയെത്തി. നാലു വര്‍ഷങ്ങള്‍ക്കുശേഷം ലിമയിലെ ലിയനീഷ്യോ പെഡ്രോ സൈനിക അക്കാദമിയില്‍ ചേര്‍ന്നു. ഇക്കാലത്തുതന്നെ പ്രാദേശികപത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയിരുന്ന യോസ പതിനാറാം വയസ്സില്‍ ആദ്യനാടകമായ  ദ എസ്‌കേപ് ഓഫ് ദി ഇങ്ക എഴുതി. ലിമയിലെ സൈനികഅക്കാദമിയിലെ അനുഭവങ്ങളില്‍നിന്നാണ് യോസയുടെ ആദ്യനോവല്‍ ദ ടൈം ഓഫ് ദ  ഹീറോ (1963) ഉരുത്തിരിയുന്നത്. പട്ടാള അക്കാദമികളില്‍ നടക്കുന്ന അഴിമതിയെയും അധികാരദുരുപയോഗത്തെയും ധീരതയോടെ തുറന്നുകാട്ടിയ ഈ നോവല്‍ പട്ടാളം പരസ്യമായി അഗ്‌നിക്കിരയാക്കി. എന്നാല്‍, നോവലിന്റെയും നോവലിസ്റ്റിന്റെയും കീര്‍ത്തി ആ അഗ്‌നിയില്‍നിന്നു ജ്വലിച്ചുയരുന്ന കാഴ്ചയാണു ലോകം പിന്നീടു കണ്ടത്.
യോസയുടെ രണ്ടാമത്തെ നോവലായ ദി ഗ്രീന്‍ ഹൗസ്, അതേപേരിലുള്ള ഒരു വേശ്യാലയത്തിന്റെ കഥയാണു പറഞ്ഞത്. ആദ്യ രണ്ടു നോവലുകളുടെ ആഖ്യാനമികവും ആശയഗാംഭീര്യവുംകൊണ്ടുതന്നെ ലാറ്റിനമേരിക്കന്‍ സാഹിത്യലോകത്ത് സ്വന്തമായ ഒരു ഇരിപ്പിടം നേടാന്‍ യോസയ്ക്കു കഴിഞ്ഞു. ആ എഴുത്തിന്റെ പ്രഭാവം നിരന്തരം വര്‍ധിച്ചതല്ലാതെ ഒരിക്കലും മങ്ങിയില്ല. പത്രപ്രവര്‍ത്തനത്തിന്റെ ആരംഭകാലത്ത് നൈറ്റ് റിപ്പോര്‍ട്ടര്‍ ആയിട്ടായിരുന്നു യോസ പ്രധാനമായും പ്രവര്‍ത്തിച്ചത്. പെറുവിന്റെ  തെരുവീഥികളില്‍ അദ്ദേഹം കണ്ട രാത്രിക്കാഴ്ചകള്‍, പുലരുവോളം തുറന്നിരിക്കുന്ന മദ്യശാലകള്‍, തെരുവിലെ നിരന്തരസംഘട്ടനങ്ങള്‍, ദേഹം വിറ്റ് അന്നം കണ്ടെത്താന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ തുടങ്ങിയവയാണ് അടുത്ത നോവലായ കോണ്‍വര്‍സേഷന്‍ ഇന്‍ ദി കത്തീഡ്രലിനു പ്രചോദനമായത്. യോസയുടെ ഏറ്റവും മികച്ച നോവല്‍ കത്തീഡ്രല്‍സംഭാഷണം ആണെന്നു കരുതുന്ന നിരവധി നിരൂപകരുണ്ട്.
പെറുവിന്റെ സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും ചരിത്രത്തെയുമെല്ലാം അത്യുജ്ജ്വലമായി ആവിഷ്‌കരിക്കുന്ന അനവധി നോവലുകള്‍ക്കു പില്‍ക്കാലം ആ തൂലിക ജന്മം നല്‍കി. പെറൂവിയന്‍ ഗോത്രജനതയുടെ ജീവിതപരിസരങ്ങളുടെ നേര്‍ക്കാഴ്ചയാണ് ദ സ്റ്റോറി ടെല്ലര്‍ എന്ന നോവല്‍. ഈ ഗോത്രസമൂഹത്തോടൊപ്പം കുറേക്കാലം ജീവിച്ചുകൊണ്ടാണ് നോവലിനുവേണ്ട വിഭവശേഖരണം യോസ നടത്തിയത്. 1930 മുതല്‍ മൂന്നു ദശകക്കാലം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനെ അടക്കിഭരിച്ച, ആട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന റാഫേല്‍ ത്രൂഹിയോയുടെ ഭീകരഭരണവും, ആ ഏകാധിപതിയുടെ കൊലപാതകവുമാണ് പ്രഖ്യാതമായ ഫീസ്റ്റ് ഓഫ് ദ ഗോട്ട് എന്ന നോവലിന്റെ പ്രമേയം. ബ്രസീലിലെ സുവിശേഷകസഭയുടെ രാഷ്ട്രീയ ഇടപെടല്‍ സൂചിപ്പിക്കുന്ന ദ വാര്‍ ഓഫ് ദ എന്‍ഡ് ഓഫ് ദി വേള്‍ഡ് എന്ന നോവലാവട്ടെ, അടിച്ചമര്‍ത്തലിന്റെ രാഷ്ട്രീയത്തോടും അതില്‍ ആലംബമില്ലാതാകുന്ന സാധാരണ ജനങ്ങളോടുമാണു സംവദിക്കുന്നത്.
രാഷ്ട്രീയസംഭവവികാസങ്ങള്‍മാത്രമല്ല, മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതയും അങ്ങേയറ്റം വ്യക്തിപരവും വൈകാരികവുമായ ജീവിതമുഹൂര്‍ത്തങ്ങളും യോസ തന്റെ രചനകള്‍ക്കു വിഷയമാക്കിയിട്ടുണ്ട്.
ആന്റ് ജൂലിയ ആന്‍ഡ് ദ സ്‌ക്രിപ്റ്റ് റൈറ്റര്‍, ഇന്‍ പ്രെയ്‌സ് ഓഫ് ദ സ്റ്റെപ് മദര്‍, ദ നോട്ട് ബുക്‌സ് ഓഫ് ഡോണ്‍ റിഗോ ബെര്‍തോ, ബാഡ് ഗേള്‍ തുടങ്ങിയ രചനകള്‍ ഈ വിഭാഗത്തിലുള്‍പ്പെടുന്നു.
തന്റെ സര്‍ഗാത്മകരചനകള്‍ക്കൊപ്പംതന്നെ ലോകസാഹിത്യത്തിലെ മഹത്തായ രചനകളെ വായനക്കാര്‍ക്കുമുമ്പില്‍ പരിചയപ്പെടുത്താനും യോസ സമയം കണ്ടെത്തി. ഗുസ്താവ് ഫ്‌ലോബര്‍, മാര്‍സല്‍ പ്രൂസ്ത്, ഹെര്‍മന്‍ മെല്‍വില്‍, സെര്‍വാന്റിസ് തുടങ്ങിയ വിശ്വസാഹിത്യകാരന്മാരുടെ വിശ്രുതരചനകളെ അദ്ദേഹം ആഴത്തില്‍ അപഗ്രഥിച്ചു. ലെറ്റേഴ്‌സ് ടു എ യങ് നോവലിസ്റ്റ്, ദ ലാംഗ്വേജ് ഓഫ് പാഷന്‍, ദ ടെംപ്‌റ്റേഷന്‍ ഓഫ് ദ ഇംപോസിബിള്‍, ദ കാള്‍ ഓഫ് ദ ട്രൈബ്, ടച്ച്‌സ്റ്റോണ്‍ തുടങ്ങിയവയാണ് യോസയുടെ പ്രധാനപ്പെട്ട നിരൂപണ, പഠനഗ്രന്ഥങ്ങള്‍.
സാഹിത്യജീവിതം എന്നതുപോലെതന്നെ സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിജീവിതവും. കൗമാരം പിന്നിട്ട ഉടനെ അകന്ന ബന്ധുകൂടിയായ മുപ്പത്തിമൂന്നുകാരി യൂലിയ ഉര്‍ക്വിദിയെ യോസ വിവാഹം ചെയ്തു. ഒമ്പതു വര്‍ഷങ്ങള്‍മാത്രം നീണ്ടുനിന്ന ആ ദാമ്പത്യത്തിന്റെ അലയൊലികള്‍ ആന്റ് ജൂലിയ ആന്‍ഡ് ദി സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്ന നോവലില്‍ കാണാം. പില്‍ക്കാലം പട്രീഷ്യ, ഇസബെല്‍ പ്രിസ്ലെര്‍ എന്നീ സ്ത്രീകളും യോസയുടെ ജീവിതപങ്കാളികളായി.
സുഹൃത്തും സാഹിത്യകാരനുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിനെ ഇടിച്ചുവീഴ്ത്തിയത് യോസയുടെ ജീവിതത്തിലെ ഏറ്റവും കുപ്രസിദ്ധമായ  സംഭവമാണ്. 1976 ഫെബ്രുവരി 17 ന് മെക്‌സിക്കോ സിറ്റിയിലെ തിയേറ്ററില്‍ വച്ചായിരുന്നു ഒരു ഡോക്യുമെന്ററി കാണാനെത്തിയ  മാര്‍ക്വേസിന്റെ മുഖത്ത് തികച്ചും അപ്രതീക്ഷിതമായി യോസ പ്രഹരിക്കുന്നത്. ചോരയൊലിക്കുന്ന മുഖവുമായി മാര്‍ക്വേസ് നിലത്തുവീണു. ആ സംഭവശേഷം ഏതാണ്ട് മുപ്പതുവര്‍ഷത്തോളം ഇരുവരും ശത്രുക്കളായിക്കഴിഞ്ഞു. ഒടുവില്‍ മാര്‍ക്വേസിന്റെ വിഖ്യാതമായ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' എന്ന നോവലിന്റെ നാല്പതാം വാര്‍ഷികപ്പതിപ്പിന് അവതാരിക എഴുതി യോസ ഈ  പിണക്കം അവസാനിപ്പിച്ചു. നിരവധി ഊഹാപോഹങ്ങള്‍ പറഞ്ഞുകേള്‍ക്കുന്നെങ്കിലും ആ ഇടിയുടെ കാരണം ഇന്നും ദുരൂഹമാണ്.
തന്റെ യൗവനാരംഭത്തില്‍ ഇടതുപക്ഷ ആശയങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്ന യോസ പിന്നീട് വലതുപക്ഷചേരിയിലേക്ക് എത്തിച്ചേര്‍ന്നു.
1990 ല്‍ മധ്യവലതുപക്ഷസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി പെറുവിലെ പ്രസിഡന്റുതിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
രാഷ്ട്രീയത്തിലെ അഴിമതിയും അധികാരദുര്‍വിനിയോഗവും തുറന്നുകാട്ടാനും നീതിയുടെ പുതിയ രാഷ്ട്രീയം കാഴ്ചവയ്ക്കാനുമാണ് തന്റെ ശ്രമം എന്ന് 'എ ഫിഷ് ഇന്‍ ദ വാട്ടര്‍' എന്ന ഓര്‍മപ്പുസ്തകത്തില്‍ യോസ എഴുതുന്നുണ്ട്. പെറു,  സ്‌പെയിന്‍,  ഡൊമിനിക്കന്‍  റിപ്പബ്ലിക് എന്നീ മൂന്നു രാജ്യങ്ങളില്‍ പൗരത്വം ഉണ്ടായിരുന്ന യോസ, 'ഏകാധിപതികളെ സൃഷ്ടിക്കുന്നത് അവരല്ല,  അവര്‍ക്കു ചുറ്റുമുള്ളവരാണ്' എന്നും നിരീക്ഷിക്കുന്നുണ്ട്.
ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ഐ ഗിവ് യു മൈ സൈലന്‍സ് (നിങ്ങള്‍ക്ക് ഞാനെന്റെ മൗനം തരുന്നു) എന്ന നോവലാണ് യോസയുടെ തൂലികയില്‍നിന്ന് ഒടുവില്‍ പിറവികൊണ്ട കൃതി. ഇനിയൊരു നോവല്‍ എഴുതാനുള്ള ഊര്‍ജം തനിക്കില്ലെന്ന് കഴിഞ്ഞവര്‍ഷം അദ്ദേഹം പറഞ്ഞിരുന്നു. അവസാനമായി തന്റെ ഗുരുകൂടിയായ വിഖ്യാത തത്ത്വചിന്തകന്‍ സാര്‍ത്രിനെക്കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന് ആഗ്രഹം യോസയ്ക്കുണ്ടായിരുന്നു. ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞോ എന്നറിഞ്ഞുകൂടാ. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിനുമാത്രമല്ല, ലോകസാഹിത്യത്തിനുതന്നെ നികത്താനാവാത്ത നഷ്ടമാണ് യോസയുടെ വിയോഗം. എന്നാല്‍, ആ കൃതികള്‍ നമുക്കൊപ്പമുള്ളതിനാല്‍ അദ്ദേഹം അനശ്വരനായി നിലനില്‍ക്കുകതന്നെ ചെയ്യും. മഹാസാഹിത്യകാരന് സ്‌നേഹാദരങ്ങളോടെ വിട!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)