•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ഇന്നലത്തെ ഞാന്‍ !

    എന്റെ ക്ലാസ് മുന്നോട്ടുപോകുന്തോറും കുട്ടികളുടെ മുഖത്തെ അസ്വസ്ഥത കൂടിക്കൂടി വന്നു. പറയുന്ന വാക്കുകളില്‍ എനിക്കുതന്നെ താത്പര്യം ഉണ്ടായിരുന്നില്ല. എന്റെ തീക്ഷ്ണതയില്ലായ്മ കുട്ടികളെയും ബാധിക്കാന്‍തുടങ്ങി. ഇറങ്ങിപ്പോകാന്‍ പറ്റാത്തതുകൊണ്ട് അവര്‍ അവിടെത്തന്നെ ഇരുന്ന് ഉറങ്ങി. എല്ലാവരും ഉറക്കമായപ്പോള്‍ ഞാന്‍ ഇറങ്ങി.
''എന്താ മാഷേ, സമയം കഴിയുന്നതിനുമുമ്പ് ഇറങ്ങിപ്പോന്നത്?'' ശാരദറ്റീച്ചര്‍ വരാന്തയിലെ ചെടികള്‍ക്കു വെള്ളമൊഴിച്ചുകൊണ്ടു ചോദിച്ചു.
''വയ്യ ടീച്ചര്‍.''
''എന്തുപറ്റി? പനിയാണോ?''
''യേ... അസുഖം ഒന്നുമില്ല. ഇനിയും ഞാന്‍ ഇങ്ങനെ പഠിപ്പിക്കുന്നതില്‍ അര്‍ഥം ഉണ്ടെന്നു തോന്നുന്നില്ല.''
''അതുശരി... ക്ലാസ് ലഹരിയായി കൊണ്ടുനടക്കുന്ന സാറിതു പറഞ്ഞാല്‍ അത് എങ്ങനെ ശരിയാകും?''
''ലഹരിയായിരുന്നു. ഇപ്പോഴല്ല.''
വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ഹോട്ട് സ്റ്റാറില്‍ ഐ.പി.എല്‍. മത്സരം നടക്കുന്നുണ്ടായിരുന്നു. ഒരു കാലത്ത് ക്രിക്കറ്റ്ഭ്രാന്തായിരുന്നു. പിന്നെയത് വെറുപ്പായി. ഇപ്പോള്‍ ചെറിയ തോതില്‍ ഇഷ്ടം തോന്നിത്തുടങ്ങിയിട്ടുണ്ട്. ഒരു കാലത്തു നഷ്ടമായ വട്ടുകള്‍ പൂര്‍വാധികം ശക്തിയോടെ തിരികെവരുമെന്നു ഞാന്‍ പഠിക്കുന്ന നാളുകളാണിത്. ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള മത്സരം അതിന്റെ അവസാനലാപ്പില്‍. ചെന്നൈയ്ക്കുവേണ്ടത് ആറോവറില്‍ 98 റണ്‍സ്. ക്രീസില്‍ സാക്ഷാല്‍ ധോനി. എന്നാല്‍, എന്നെ അമ്പരപ്പിച്ചുകൊണ്ട് ധോനി എടുക്കുന്നത് സിംഗിള്‍സ് മാത്രം. ഒരു പത്തു വര്‍ഷം മുമ്പായിരുന്നെങ്കില്‍ ധോനി ഈ സാഹചര്യത്തെ ഇതേ രീതിയില്‍ നേരിടില്ല എന്ന് എനിക്കുറപ്പാണ്. മത്സരം കഴിഞ്ഞു. ചെന്നൈ 25 റണ്‍സിനു തോറ്റു. ട്വന്റി 20 ഫൈനല്‍ മത്സരം വിജയിച്ച  അതേ മുഖഭാവത്തോടെ ധോനി മടങ്ങി. പക്ഷേ, അന്നു കാണികള്‍ ഹാപ്പിയായിരുന്നു. ഇന്ന് എന്നിലെ കാണി ഒട്ടും ഹാപ്പിയല്ല. ഒരു കാലത്തെ വിജയനായകന്‍ ഇപ്പോള്‍ തോല്‍വിഭാരം കുറയ്ക്കാന്‍മാത്രം കളിക്കുന്നത് എന്തു നീതിയാണ്?  ജയിക്കാന്‍വേണ്ടിയായിരിക്കണം കളിക്കേണ്ടത് എന്നു ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. 
ചായ കുടിച്ച പാത്രം കഴുകിവച്ചതിനുശേഷം അല്പം നടക്കാനിറങ്ങി. പെട്ടെന്ന് ഒരു ചിന്ത എന്റെ മനസ്സില്‍ വന്നു. ധോനിയെപ്പോലെ ഞാനെന്ന അധ്യാപകനും ക്രീസില്‍ വെറുതെ തുഴഞ്ഞുകൊണ്ടിരിക്കുകയാണ്. അധ്യാപനം എനിക്കും കുട്ടികള്‍ക്കും ഒരു ഉപകാരം തരാത്ത ഈ നിമിഷം ഞാനിത് ഉപേക്ഷിക്കണം. ഇന്നലത്തെ ഞാനല്ല ഇന്നത്തെ ഞാന്‍. എന്റെ പ്രായം കൂടുന്നു. രുചികളും അഭിരുചികളും മാറുന്നു. ഓരോ ദിവസവും ഇന്നലത്തെ ഫോട്ടോസ്റ്റാറ്റ് ജീവിക്കാന്‍ വേണ്ടി ഉണരേണ്ട കാര്യമുണ്ടോ? 
പെട്ടെന്ന് ഫോണ്‍ അടിച്ചു. ''സെബാന്‍സാര്‍. സാറിന്റെ ഭാര്യയ്ക്ക് ക്യാന്‍സര്‍ കണ്ടുപിടിച്ചിരിക്കുന്നു.'' എങ്കിലും സാറിനും ലാലിച്ചേച്ചിക്കും  അതൊരു വിഷയമേയല്ല. കഴിഞ്ഞ 54 വര്‍ഷം ഒരു കുഴപ്പവും ജീവിതത്തില്‍ സംഭവിച്ചില്ല. പക്ഷേ, ഇനിയങ്ങോട്ടും അങ്ങനെതന്നെ വേണമെന്നു ശഠിക്കുന്നതു ശരിയല്ലല്ലോ. അതു കൊണ്ട് ആശുപത്രിവരാന്തയില്‍ നില്‍ക്കുമ്പോള്‍ 'നിന്റെ പുതിയ കഥയൊന്നും ഇല്ലേ' എന്ന ചോദ്യവുമായി ലാലി സംസാരിച്ചുകൊണ്ടേയിരുന്നു. 
ഇനി മറ്റെന്തെങ്കിലും ചെയ്യണം. ഞാന്‍ പെട്ടെന്നു തീരുമാനമെടുത്തു. അല്ലെങ്കില്‍ കുട്ടികളോടു ചെയ്യുന്ന ദ്രോഹമായിരിക്കും അത്. ഞാന്‍ സമയം കളയാതെ എന്റെ രാജിക്കത്ത് തയ്യാറാക്കി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)