ഷെയര്‍, ലൈക്ക്, കമന്റ് എന്നതിന്റെ ചുരുക്കെഴുത്താണ് എസ്.എല്‍.സി. ഇതൊരു അസുഖമാണോ? അല്ല. വിവരസാങ്കേതികവിദ്യയുടെ അനന്യമായ ഒരു സംഭാവനതന്നെയാണത്. എന്നാല്‍, സാമൂഹികമാധ്യമങ്ങളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കില്‍, മനസ്സും ക്രമേണ ശരീരവും രോഗഗ്രസ്തമായേക്കാം. അപ്പോള്‍ അതിനെ വിളിക്കേണ്ടിവരുന്ന പേരാണ് എസ്.എല്‍.സി. സിന്‍ഡ്രോം.
തന്റെതന്നെയോ, തനിക്കേറ്റവും പ്രിയപ്പെട്ടവരുടെയോ പ്‌ളാറ്റ്‌ഫോമുകളില്‍നിന്ന് ഇറങ്ങിപ്പോവാനാവാത്ത അവസ്ഥയാണ് തുടക്കം. ഇറങ്ങിയാല്‍, ഉടനെ കയറാന്‍ തിടുക്കമായി! വ്യൂസിന്റെ എണ്ണം അനുനിമിഷം പരിശോധിക്കുന്നു... എണ്ണത്തില്‍ വര്‍ധന വന്നാല്‍ നേതാവായ ഹരം. കുറഞ്ഞാലോ വിഷാദവും അമര്‍ഷവും... ലൈക്കിന്റെ കാര്യത്തിലും ഷെയറിന്റെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. ചുരുക്കത്തില്‍, ഗുണമായാലും ദോഷമായാലും മനസ്സ് അലകടലായിത്തന്നെ തുടരുന്നു.
ഇതിന്റെ ഗുരുതരമായ മറ്റൊരു വശം കമന്റുമായി ബന്ധപ്പെട്ടു കിടക്കുന്നു. അനിഷ്ടകരമായ പോസ്റ്റുകള്‍ കണ്ടാല്‍ പ്രകോപനമുണ്ടായെന്നുവരാം. പിന്നെ പ്രതികരണവും പ്രതികാരവും ഒരുമിച്ചാണ്. അതു പലപ്പോഴും സദാചാരത്തിന്റെയോ പരസ്പരബഹുമാനത്തിന്റെയോ സീമകള്‍ക്കുള്ളില്‍ നില്‍ക്കണമെന്നില്ല. കമ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് ആരു നോക്കുന്നു?
മറുവശത്തുള്ളവര്‍ വെറുതേയിരിക്കുമോ? ഇരുകൂട്ടരും ഉഷാറാകുമ്പോള്‍ പുതിയൊരു രണഭൂമി രൂപപ്പെടുകയായി. അവിടെ പോരാട്ടവും പരാജയവും താത്കാലികവിജയങ്ങളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഇരുകൂട്ടരെയും ബാധിച്ചിരിക്കുന്നത് 'അങ്കക്കലി'യാണ്. അതും രാപകല്‍ഭേദമില്ലാതെ.
വളരെയധികം ശ്രദ്ധയും വീണ്ടുവിചാരവും ആവശ്യമുള്ള ഇടങ്ങളിലേക്ക് ഈ അങ്കക്കലി കടന്നുവന്നാലോ?
ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, എഞ്ചിനീയര്‍, പഠിക്കുന്ന വിദ്യാര്‍ഥി, യന്ത്രോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ - ഇവരൊക്കെ ഈ വിഭാഗത്തില്‍പ്പെടുന്നു.
തൊഴിലിലോ വിദ്യ ആര്‍ജിക്കുന്നതിലോ ഏകാഗ്രത അല്പമൊന്നു പാളിയാല്‍ എന്തായിരിക്കും സംഭവിക്കുക? മരുന്നു കുറിക്കുന്ന വൈദ്യനെയും, വാഹനം നിയന്ത്രിക്കുന്ന ഡ്രൈവറെയും എസ്.എല്‍.സി. സിന്‍ഡ്രോം ബാധിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ചെറുതല്ല.
അനിയന്ത്രിതമായ 'ആത്മാവിഷ്‌കാര'ത്വര, പലരുടെയും സോഷ്യല്‍മീഡിയസാന്നിധ്യത്തിനു കാരണമാണെന്നു പറയപ്പെടുന്നു. സ്വയം പര്‍വതീകരിക്കാനും മറ്റുള്ളവരെ അദ്ഭുതസ്തബ്ധരാക്കാനുമുള്ള സാഹസങ്ങള്‍ ഇങ്ങനെ തുടങ്ങുന്നു. സൗഹൃദങ്ങള്‍ നിര്‍വചിക്കപ്പെടുന്നതുപോലും ഷെയറിന്റെയും ലൈക്കിന്റെയും മേഖലയിലുള്ള ശുഷ്‌കാന്തി നോക്കിയായിക്കഴിഞ്ഞു.
- എപ്പോഴും ഇങ്ങനെ മത്സരിക്കേണ്ടതുണ്ടോ?
- എല്ലാവരെയും ത്രസിപ്പിക്കേണ്ടതുണ്ടോ?
- സദാസമയവും എക്‌സൈറ്റ്‌മെന്റില്ലെങ്കിലും ജീവിക്കാവുന്നതല്ലേ?
എസ്.എല്‍.സി. സിന്‍ഡ്രോം ബാധിച്ചവര്‍ കുടുംബബന്ധങ്ങള്‍ക്കു വില കല്പിക്കുന്നില്ല എന്ന ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളുണ്ട്. മാതാപിതാക്കളും മക്കളും തമ്മിലും ഭാര്യയും ഭര്‍ത്താവും തമ്മിലും ഹൃദയത്തിന്റെ ഭാഷയിലുള്ള ഷെയര്‍, ലൈക്ക് കമന്റുകള്‍ അമ്പേ കുറഞ്ഞുവരുകയാണ്. ക്രിയാത്മകവും കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്നതുമായ പ്‌ളാറ്റ്‌ഫോമുകള്‍ അവര്‍ക്കിടയില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു! മക്കളുടെ ആവലാതികള്‍ കേള്‍ക്കാന്‍ മാതാപിതാക്കള്‍ക്കായെന്നു വരില്ല. പങ്കാളികള്‍ പരസ്പരവും കേള്‍ക്കപ്പെടുന്നില്ല. എല്ലാവരും യുദ്ധഭൂമിയിലാണ്.