ക്രിസ്ത്യാനിയായിരുന്നുവെങ്കിലും ആരിയൂസിന്റെ ആശയങ്ങളോടായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ താത്പര്യം. അതിനാല്‍, ആര്യനിസത്തെ എതിര്‍ക്കാനോ തകര്‍ക്കാനോ അദ്ദേഹം ഒന്നും ചെയ്തില്ല എന്നുമാത്രമല്ല, മറ്റൊരു പാഷണ്ഡതയായ സെമി-ആര്യനിസവും അക്കാലത്തു പ്രചരിക്കാന്‍ തുടങ്ങി.
ഗ്രേഷ്യന്‍ ചക്രവര്‍ത്തി (375-383)യാണ് അടുത്തതായി റോമില്‍ ഭരണാധികാരിയായത്. അദ്ദേഹം ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നു. ആ സമയത്തു മാര്‍പാപ്പായായിരുന്നത് ഡമാസൂസ് ഒന്നാമനായിരുന്നു (366-384). ആര്യനിസത്തിന്റെ ചില വകഭേദങ്ങള്‍ ഈ സമയത്തു നിലനില്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും കപ്പദോസിയന്‍ പിതാക്കന്മാരായ ബേസിലും, ഗ്രിഗറി നസിയാന്‍സനും, ഗ്രിഗറി നിസ്സായും ഏറെ സ്വാധീനമുള്ളവരായിരുന്നു. യുവ-നിഖ്യാക്കാര്‍ (്യീൗിഴ ി്യരലമി)െ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. അത്രമാത്രം സ്വാധീനം അന്ന് ക്രൈസ്തവലോകത്ത്, ദൈവശാസ്ത്രരംഗത്ത് അവര്‍ക്കുണ്ടായിരുന്നു. അവര്‍ രൂപംകൊടുത്ത ഫോര്‍മുല 'ഒരു സത്ത, മൂന്നു വ്യക്തികള്‍' എന്നായിരുന്നു. പഴയ നിഖ്യാക്കാര്‍, പുതിയ നിഖ്യാക്കാര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ അന്നു രൂപപ്പെട്ടിരുന്നു. അന്ത്യോക്യായിലും അലക്‌സാണ്ട്രിയായിലും വ്യത്യസ്തരൂപങ്ങളാണ് വളര്‍ന്നുവന്നത്. അന്ത്യോക്യായില്‍തന്നെ പൗളീനൂസിന്റെ നേതൃത്വത്തില്‍ പഴയ നിഖ്യാക്കാരും മെലേനിയൂസിന്റെ നേതൃത്വത്തില്‍ പുതിയ നിഖ്യാക്കാരും തമ്മില്‍ വാക്കുതര്‍ക്കംവരെ ഉണ്ടായി. ഈയവസരത്തിലാണ് അന്നത്തെ റോമന്‍ചക്രവര്‍ത്തി കത്തോലിക്കനായിരുന്ന തെയഡോഷ്യസ് ഒന്നാമന്‍ ഒരു കൗണ്‍സില്‍ വിളിച്ചുകൂട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്.
നിഖ്യാവിശ്വാസപ്രമാണം കോണ്‍സ്റ്റാന്റിനോപ്പിള്‍
കൗണ്‍സിലില്‍ (381)
തെയഡോഷ്യസ് കൗണ്‍സില്‍ വിളിച്ചുകൂട്ടാന്‍ മറ്റൊരു കാരണവുംകൂടിയുണ്ട്. പുത്രന്റെ ദൈവത്വത്തെ സംബന്ധിച്ച വ്യത്യസ്ത ആശയങ്ങള്‍പോലെ ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിനെ സംബന്ധിച്ച പുതിയ ആശയങ്ങള്‍ അക്കാലത്തു പ്രചരിക്കാന്‍ തുടങ്ങി. പരിശുദ്ധാരൂപിക്കും 'ദൈവികസത്ത'യില്ല എന്നും പരിശുദ്ധാരൂപി പുത്രനെപ്പോലെതന്നെ ഒരു സൃഷ്ടിയാണെന്നും ചിലര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. പരിശുദ്ധാരൂപി പിതാവിന്റെ സൃഷ്ടിയാണെന്നുമാത്രമല്ല, പരിശുദ്ധാരൂപിക്ക് ഉയര്‍ന്ന പദവിയുള്ള മാലാഖായുടെ സ്ഥാനമാണെന്നുമൊക്കെയാണ് ഇക്കൂട്ടര്‍ പഠിപ്പിച്ചത്. ആര്യനിസത്തില്‍ പുത്രന്റെ ദൈവത്വം നിഷേധിക്കപ്പെട്ടുവെങ്കില്‍ സെമി-ആര്യനിസത്തില്‍ പരിശുദ്ധാത്മാവിന്റെ ദൈവത്വമാണ് നിഷേധിക്കപ്പെടുന്നത്. രണ്ടിലും ദൈവത്വം നിഷേധിക്കപ്പെടുന്നു എന്നതാണ് ഈ രണ്ടു പാഷണ്ഡതകള്‍തമ്മിലുള്ള സാദൃശ്യം. ആര്യനിസത്തോടുള്ള അടുപ്പംകൊണ്ടാണ് ഇതിനെ സെമി-ആര്യനിസമെന്നു വിളിക്കുന്നത്. ആദ്യത്തേതില്‍ പുത്രന്റെ ദൈവത്വമാണെങ്കില്‍ രണ്ടാമത്തേതില്‍ പരിശുദ്ധാത്മാവിന്റെ ദൈവത്വമാണു നിഷേധിച്ചിരിക്കുന്നത്. ആര്യനിസത്തിലെ തത്ത്വമായ 'സബ്ഓര്‍ഡിനേഷനിസ'മാണ് ഇവിടെയും പ്രയോഗിച്ച് പരിശുദ്ധാത്മാവ് പിതാവിനു തുല്യനല്ല, താഴെയാണ് എന്നു സമര്‍ത്ഥിക്കുന്നത്.
പരിശുദ്ധാത്മാവിനെ സംബന്ധിക്കുന്ന ഈ പുതിയ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍വേണ്ടി അത്തനേഷ്യസ് രണ്ടു സിനഡുകള്‍ 362 ലും 363 ലും അലക്‌സാണ്ട്രിയായില്‍ വിളിച്ചുകൂട്ടി. അത്തനേഷ്യസ് വിപ്രവാസത്തിലായിരുന്ന കാലത്ത് നാലു കത്തുകള്‍ സെമി-ആര്യനിസത്തിനെതിരേ എഴുതുന്നുണ്ട്. ഈ കാലഘട്ടത്തില്‍ റോമിലെ സഭയില്‍ കൂടിയ സിനഡുകളിലും ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. പരിശുദ്ധാത്മാവിനെ എതിര്‍ത്തിരുന്നവരെ 'പ്നുമാത്തിക്കോയ്' (പരിശുദ്ധാത്മാവിനെ എതിര്‍ക്കുന്നവര്‍) എന്നാണ് വിളിച്ചിരുന്നത്. ഈ സിനഡുകളില്‍ ഇത്തരക്കാരെ നിരാകരിക്കുന്നുണ്ട്. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായിരുന്ന മാസിഡോണിയസ് ആയിരുന്നു ഇതിന്റെ പ്രധാന പ്രചാരകന്‍. അതിനാല്‍ ഈ പാഷണ്ഡതയെ മാസിഡോണിയനിസം എന്നും വിളിക്കാറുണ്ട്. അത്തനേഷ്യസ് 373 ല്‍ മരിക്കുമ്പോഴും ഈ പ്രശ്‌നത്തിനു പരിഹാരമായിരുന്നില്ല. അദ്ദേഹത്തിനുശേഷം കപ്പദോസിയന്‍ പിതാക്കന്മാരായിരുന്നു സെമി-ആര്യനിസത്തെ എതിര്‍ത്തുകൊണ്ടിരുന്നത്.
മഹാനായ തെയഡോഷ്യസ് എന്നുകൂടി അറിയപ്പെടുന്ന തെയഡോഷ്യസ് ഒന്നാമന്‍ 379 ല്‍ റോമാ ചക്രവര്‍ത്തിയായി. തൊട്ടടുത്ത വര്‍ഷംതന്നെ 380 ഫെബ്രുവരിയിലായിരുന്നു അദ്ദേഹത്തിന്റെ തെസലോനിക്കാ വിളംബരം. കോണ്‍സ്റ്റന്റൈന്റെ 313 ലെ മിലാന്‍ വിളംബരംപോലെതന്നെ പ്രസിദ്ധമാണിതും. രണ്ടും ക്രൈസ്തവമതത്തെ വളര്‍ത്താനുദ്ദേശിച്ചുള്ളവയായിരുന്നു. ഈ തെസലോനിക്കാവിളംബരംവഴി നിഖ്യാവിശ്വാസപ്രമാണം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക വിശ്വാസമായി പ്രഖ്യാപിച്ചു. അപ്പസ്‌തോലപ്രമുഖനായ വി. പത്രോസിന്റെ വിശ്വാസം ഏറ്റുപറയാന്‍ ഓരോ ക്രിസ്ത്യാനിയും ഇതുവഴി കടപ്പെട്ടിരിക്കുന്നു. തൊട്ടടുത്തവര്‍ഷം (381) ആയിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ്. സത്യവിശ്വാസം ദൃഢപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു ഇതിനും. 392 ല്‍ തെയഡോഷ്യസ് ക്രൈസ്തവമതത്തിന് അനുകൂലമായി വീണ്ടും നിയമം കൊണ്ടുവരുന്നുണ്ട്. വിജാതീയകലാപരിപാടികള്‍ ഞായറാഴ്ചകളില്‍ പാടില്ല എന്ന നിയമം കൊണ്ടുവന്നു.
381 മേയ് മുതല്‍ ജൂലൈ വരെയായിരുന്നു സമ്മേളനം. പൗരസ്ത്യറോമാസാമ്രാജ്യത്തില്‍നിന്നുള്ള മെത്രാന്മാരേ ഇതില്‍ സംബന്ധിച്ചുള്ളൂ. 150 പേരാണ് ഇതില്‍ സന്നിഹിതരായത്; അത് നിഖ്യായെക്കാള്‍ വളരെ കുറവായിരുന്നുതാനും. അന്നത്തെ മാര്‍പാപ്പാ ഡമാസൂസ് ഇതില്‍ പങ്കെടുത്തില്ല. ആരെയും പ്രതിനിധികളായി അയച്ചുമില്ല. പകരം പാശ്ചാത്യമെത്രാന്മാര്‍ ആ വര്‍ഷംതന്നെ ഒക്‌ടോബറില്‍ ഇറ്റലിയിലെ അക്വീലിയായില്‍ സമ്മേളിക്കുകയുണ്ടായി. രണ്ടിലെയും ചര്‍ച്ചകളും തീരുമാനങ്ങളും കൃത്യമായി ലഭ്യമല്ല. കോണ്‍സ്റ്റാന്റിനോപ്പിള്‍ സമ്മേളനത്തില്‍ ആദ്യം അധ്യക്ഷത വഹിച്ചത് അന്ത്യോക്യായിലെ പാത്രിയാര്‍ക്കീസായ മെലേസിയൂസ് ആയിരുന്നു. തെയഡോഷ്യസ് ചക്രവര്‍ത്തിക്ക് ഇഷ്ടപ്പെട്ട ആളായിരുന്നു അദ്ദേഹം. ഗ്രിഗറി നസിയാന്‍സനും ഇതില്‍ സന്നിഹിതനായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ രൂപതയിലേക്ക് സെമി ആര്യനായ മാസിഡോണിയസിനു പകരമുള്ള ഗ്രിഗറിയുടെ നിയമനം ഈ കൗണ്‍സില്‍ സ്ഥിരീകരിച്ചു. ജറുസലേമിലെ വി. സിറിലിന്റെ രമലേരവലലെ ൊ്യേെമഴീഴശരമല ആദിമക്രൈസ്തവസാഹിത്യത്തിലെ അമൂല്യഗ്രന്ഥമായി പ്രഖ്യാപിച്ചു. മാസിഡോണിയന്‍ പക്ഷക്കാരായ 36 പേരെ അവരുടെ തെറ്റിനെക്കുറിച്ചു ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള ശ്രമം എന്നാല്‍ ഇവിടെ പരാജയപ്പെടുകയാണുണ്ടായത്.
മെലേസിയൂസ് താമസിയാതെ മരിച്ചതിനാല്‍ ഗ്രിഗറി നസിയാന്‍സന്‍ ആയിരുന്നു പിന്നീട് സമ്മേളനത്തില്‍ ആധ്യക്ഷത വഹിച്ചിരുന്നത്. എന്നാല്‍, 'പഴയ നിഖ്യാക്കാര്‍' എന്ന ലേബലില്‍ അറിയപ്പെട്ടിരുന്ന പൗളിനൂസിനെ അന്ത്യോക്യായിലെ മെത്രാനാക്കാനുള്ള ഗ്രിഗറിയുടെ ശ്രമത്തെ കൗണ്‍സില്‍ എതിര്‍ത്തതിനാല്‍ ഗ്രിഗറി പിന്നെ അധ്യക്ഷസ്ഥാനത്തു തുടര്‍ന്നില്ല. പൗളിനൂസിന്റെ നേതൃത്വത്തിലുള്ള 'പഴയ നിഖ്യാ' ഗ്രൂപ്പിന്റെ ആശയങ്ങള്‍ കൗണ്‍സിലിനു സ്വീകാര്യമല്ലാതിരുന്നതിനാലാണ് അദ്ദേഹത്തെ എതിര്‍ത്തത്. എന്നാല്‍, പൗളിനുസിനെ മെത്രാനാക്കിയാല്‍ ആ ഗ്രൂപ്പ് തിരിച്ചുവരും എന്നുള്ള ഗ്രിഗറിയുടെ നല്ല ചിന്തയ്ക്ക് വിലയില്ലാതായിപ്പോയി. അലക്‌സാണ്ട്രിയായിലെ മെത്രാനായിരുന്ന തിമോത്തിയാണ് ഗ്രിഗറിയെ എതിര്‍ത്തത്. മെലേസിയൂസിന്റെ സുഹൃത്തായിരുന്ന ഫ്‌ളാവിയനെയാണ് അന്ത്യോക്യാസഭയുടെ തലവനായി കൗണ്‍സില്‍ തിരഞ്ഞെടുത്തത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ മെത്രാന്‍ സ്ഥാനത്തുനിന്നു മാറുമ്പോള്‍ ഗ്രിഗറി നടത്തിയ പ്രസംഗം വളരെ പ്രസിദ്ധമാണ്. തുടര്‍ന്നു മെത്രാനായ നെക്താരിയുസാണ് കൗണ്‍സില്‍ തീരുന്നതുവരെ അധ്യക്ഷത വഹിച്ചത്.
(തുടരും)