•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദര്‍ശസൂക്തം

  ഫ്രാന്‍സിസ് പാപ്പായുടെ സ്ഥാനചിഹ്നത്തിന്റെ ഭാഗമായി എഴുതിയിരിക്കുന്ന വാക്കുകളാണ് Miserando atque Eligendo  എന്നീ ലത്തീന്‍ പദങ്ങള്‍. കരുണ തോന്നിക്കൊണ്ടും അവനെ തിരഞ്ഞെടുത്തുകൊണ്ടും എന്നാണ് അതിനര്‍ഥം.
വേദപാരംഗതനും വിശുദ്ധനുമായ വാഴ്ത്തപ്പെട്ട ബീഡ് എട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ഒരു സന്ന്യാസിവര്യനാണ്. അദ്ദേഹത്തിന്റെ മരണം എ.ഡി. 735 ല്‍ ആയിരുന്നു. കര്‍ത്താവ് ചുങ്കക്കാരനായ മത്തായിയെ വിളിക്കുന്ന സുവിശേഷഭാഗം ലത്തീന്‍ ഭാഷയില്‍ വ്യാഖ്യാനിക്കുമ്പോള്‍ വി. ബീഡ് പറഞ്ഞ വാക്കുകളാണ് Miserando atque Eligendo  എന്നത്. 
ബീഡിന്റെ സുവിശേഷവ്യാഖ്യാനത്തിലെ പ്രസക്തഭാഗം ഇവിടെ ചേര്‍ക്കുന്നു: ''ഈശോ അവിടെനിന്നു പോകുമ്പോള്‍, മത്തായി എന്നു പേരുള്ള ഒരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. അവന്‍ അയാളോടു പറഞ്ഞു: ''എന്റെ പിന്നാലെ വരിക'' (മത്താ. 9,9). ഈശോ, തന്റെ ബാഹ്യനേത്രങ്ങള്‍ കൊണ്ടെന്നതിനേക്കാള്‍ തന്റെ സ്‌നേഹം നിറഞ്ഞ ആന്തരികനേത്രങ്ങള്‍കൊണ്ടാണ്, മത്തായിയെ കടാക്ഷിച്ചത്. അവന്‍ അയാളോടു പറഞ്ഞു അവന്‍ ചുങ്കക്കാരനെ കണ്ടു. അവനെ സ്‌നേഹിച്ചു. അവനോടു കരുണതോന്നിക്കൊണ്ട് (Miserando) അവനെ തിരഞ്ഞെടുത്തു (Eligendo)'എന്റെ പിന്നാലെ വരിക' എന്നും പറഞ്ഞു. അതിനര്‍ഥം തന്നെ അനുകരിക്കുക എന്നാണ്. 'അവനില്‍ വസിക്കുന്നുവെന്നു പറയുന്നവന്‍ അവന്റെ മാര്‍ഗത്തിലൂടെ ചരിക്കുക ആവശ്യമാണ് (1 യോഹ. 2:6). ഉടനടി മത്തായി എണീറ്റ് അവനെ അനുഗമിച്ചു.''
വി. ബീഡ് തുടരുന്നു: ''കര്‍ത്താവിന്റെ ആജ്ഞാശക്തികൊണ്ടാണ് ചുങ്കപ്പണവും ഭൗതികനേട്ടങ്ങളും ഇട്ടെറിഞ്ഞ് ലൗകികസമ്പത്ത് അശേഷമില്ലാത്തവന്റെ പിന്നാലെ ഇറങ്ങിപ്പുറപ്പെട്ടത്. കര്‍ത്താവിന്റെ വിളി മത്തായിയുടെ ഉള്ളില്‍ പ്രകാശം പരത്തുകയും അവിടുത്തെ അനുഗമിക്കാനുള്ള ആത്മീയാവസരങ്ങള്‍ ചൊരിയുകയും ചെയ്തു. 
1953 ല്‍ മത്തായിശ്ലീഹായുടെ തിരുനാളായ സെപ്റ്റംബര്‍ 21 ന് അര്‍ജന്റീനായിലെ ഇടവകപ്പള്ളിയില്‍ എത്തി കുമ്പസാരിച്ച ഹോര്‍ഗെ മാരിയോ ബെര്‍ഗോളിയോ എന്ന ചെറുപ്പക്കാരന് തന്റെ ദൈവവിളി തീരുമാനിക്കാന്‍ അന്നു സാധിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പാതന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ സുദിനത്തില്‍ ദൈവകരുണ തന്നില്‍ നിറയുന്ന അനുഭവമാണ് ആ ചെറുപ്പക്കാരനുണ്ടായത്.
ആയതിനാല്‍, 1992 ല്‍ അര്‍ജന്റീനായുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സ് അതിരൂപതയുടെ സഹായമെത്രാനായപ്പോഴും 1998 ല്‍ അവിടെ ആര്‍ച്ചുബിഷപ്പും 2001 ല്‍ കാര്‍ഡിനല്‍ ആര്‍ച്ചുബിഷപ്പും 2013 ല്‍ മാര്‍പാപ്പായും ആയപ്പോഴും Miserando atque Eligendo എന്ന വാക്കുകളാണ് ഫ്രാന്‍സിസ് പാപ്പാ ആദര്‍ശസൂക്തമായി സ്വീകരിച്ചത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)