ഫ്രാന്‍സിസ് പാപ്പായെ ഓര്‍ക്കുമ്പോള്‍ പന്ത്രണ്ടു വര്‍ഷംമുമ്പ് എന്റെ ചങ്കില്‍ പതിഞ്ഞ ഒരു ചിത്രമാണ് തെളിഞ്ഞുവരുന്നത്. തലയിലും മുഖത്തുമെല്ലാം വലുതും ചെറുതുമായ മുഴകള്‍കൊണ്ടു നിറഞ്ഞ ഒരു മനുഷ്യനെ കണ്ടപ്പോള്‍ ഓടിച്ചെന്ന് അവന്റെ ശിരസ്സിലും മുഖത്തുമെല്ലാം തലോടുകയും ഉമ്മ വയ്ക്കുകയും ആഞ്ഞാശ്ലേഷിക്കുകയും ചെയ്യുന്ന പാപ്പാ.
ഇതു സംഭവിക്കുന്നത് 2013 നവംബര്‍ ആറാം തീയതി വി. പത്രോസിന്റെ ചത്വരത്തില്‍ നടന്ന പുതുസന്ദര്‍ശനസമയത്താണ്. വടക്കേ ഇറ്റലിയിലെ വിച്ചേന്‍സാ എന്ന പട്ടണത്തില്‍നിന്നുള്ള വിനീച്ചിയോ റീവാ എന്ന 53 കാരന്റെ രോഗം അദ്ദേഹത്തെ വിരൂപനാക്കി. രോഗം പകരുന്നതല്ലെങ്കിലും ആളുകള്‍ അദ്ദേഹത്തെ ഒഴിവാക്കി. ചിലരെങ്കിലും അദ്ദേഹത്തെ ക്രൂരമായി നിന്ദിച്ചിരുന്നു. എങ്കിലും ധൈര്യം സംഭരിച്ചു തന്റെ ഇളയമ്മ കാത്തറീന ലോത്തോയോടൊപ്പം തീവ്രമായ ശാരീരികവേദന സഹിച്ച് മറ്റു തീര്‍ഥാടകരോടൊപ്പം വത്തിക്കാനിലെത്തി. വിനീച്ചിയോയെ ഒരു വീല്‍ച്ചെയറിലിരുത്തി ഇളയമ്മ തള്ളിക്കൊണ്ടുപോകുമ്പോള്‍ ഒരു സ്വിസ്ഗാര്‍ഡ് മുന്നോട്ടുമുന്നോട്ട് അവരെ കടത്തിവിട്ടു. അങ്ങനെ അവര്‍ ഒന്നാംനിരയിലെത്തി. അവരത് ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. ആന്റിയുടെ വാക്കുകള്‍ ഉദ്ധരിക്കട്ടെ: ''മാര്‍പാപ്പാ ഞങ്ങളുടെ സമീപമെത്തിയപ്പോള്‍, അദ്ദേഹം എനിക്കു കൈതരുമെന്നു ഞാന്‍ വിചാരിച്ചു. പക്ഷേ, അദ്ദേഹം നേരേ വിനീച്ചിയോയുടെ അടുത്തുചെന്ന് അവനെ മുറുകെ കെട്ടിപ്പിടിച്ചു. അവനെ എനിക്കു തിരിെകത്തരില്ലെന്നു തോന്നുമാറ് അവനെ ആഞ്ഞുപുണര്‍ന്നു. ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല, അദ്ദേഹം എനിക്ക് മനോഹരമായ ഒരു നോട്ടം സമ്മാനിച്ചു.''
വിനീച്ചിയോ റീവാ മാര്‍പാ
പ്പായുടെ അസാധാരണവും എന്നാല്‍ സ്വാഭാവികവുമായ പെരുമാറ്റത്തെക്കുറിച്ച് അദ്ഭുതപ്പെട്ടു: ''അദ്ദേഹം എന്റെ രോഗത്തിനു മുമ്പില്‍ അറച്ചുനിന്നില്ല. എന്റെ രോഗത്തെപ്പറ്റി ഒരു ഭയവും തോന്നിയില്ല. പകരുമെന്നു ശങ്കിച്ചില്ല. നിശ്ശബ്ദമായി എന്നെ അദ്ദേഹം ആശ്ലേഷിച്ചു.''
പിറ്റേന്ന് സിയോയ്ക്ക് ശരീരത്തിലാകെ ചൂട് അനുഭവപ്പെട്ടു വിറയ്ക്കുകയായിരുന്നു എന്ന് ആന്റി പറഞ്ഞു. എല്ലാ സങ്കടങ്ങളും മാറിയ ഒരു മനുഷ്യനായി അവന്‍ രൂപാന്തരപ്പെട്ടു എന്നും കൂട്ടിച്ചേര്‍ത്തു. നിറഞ്ഞ സന്തോഷത്തോടെ അവര്‍ വത്തിക്കാനില്‍നിന്ന് തിരികെപ്പോയി.
നിയറോ ഫെബ് റോമാറ്റോസിസ് എന്ന രോഗത്തിന് അടിമയായ വിച്ചേന്‍സിയോ റീവാ 2024 ജനുവരി 12-ാം തീയതി അന്തരിച്ചു. (കടപ്പാട് (CNN കേബിള്‍ ന്യൂസ് നെറ്റ് വര്‍ക്ക് & CNA - കാത്തലിക് ന്യൂസ് ഏജന്‍സി).