•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

സമാധാനത്തിന്റെ യുഗപുരുഷന്‍

    ജീവിതം ഒരുതുള്ളി സ്‌നേഹമില്ലാത്ത ഊഷരഭൂമിയാകുന്നത് കാലത്തിന്റെ കുത്തൊഴുക്കില്‍ നാം പലപ്പോഴും കാണാറുണ്ട്. മൂല്യങ്ങളും സാമൂഹികനീതിയും ശോഷിച്ചില്ലാതാകുന്ന ഈ ലോകത്ത് ജീവിക്കാന്‍ പാടുപെടുന്നത് നിര്‍ദ്ധനരാണ്. എങ്ങും എന്നും ആരും മുന്നോട്ടുവരാന്‍ തയ്യാറാകാത്തത് പാവപ്പെട്ടവന്റെ കഷ്ടപ്പാടുകള്‍ ദൂരീകരിക്കാന്‍ ഉദ്യമിക്കുമ്പോഴാണ്. ശരിയാണ്, ഇന്നത്തെ നിര്‍മിതബുദ്ധിയുടെ കാലത്ത് പട്ടിണിക്കാരന്റെ, പരിത്യക്തന്റെ പ്രയാസങ്ങള്‍ക്കു പരിഹാരം കാണാനുള്ള സംവിധാനങ്ങള്‍ കുറയുന്നു. ഈയവസരത്തിലാണ് ലാറ്റിനമേരിക്കയില്‍നിന്നുള്ള ഈശോസഭക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ വത്തിക്കാനിലെത്തുന്നത്. ആഡംബരങ്ങളുപേക്ഷിച്ച്, വിശപ്പിലും ദാരിദ്രത്തിലും ജീവിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസിന്റെ നാമധേയമാണ് കര്‍ദിനാള്‍ സ്വീകരിച്ചത്. അങ്ങനെ ആ യുഗപുരുഷന്‍ ഫ്രാന്‍സീസ് പാപ്പായായി.
    തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പാ നന്മയുടെ വിശുദ്ധിയും തിന്മയുടെ നഷ്ടവും  ലോകത്തെ പഠിപ്പിക്കുന്ന മനസ്സാക്ഷികേന്ദ്രമായി മാറുന്നതായി നാം കാണുന്നത്. രാഷ്ട്രങ്ങളുടെ യുദ്ധം, തര്‍ക്കം, അധിനിവേശം, മതപരമായ വൈപരീത്യങ്ങള്‍ ഇവയൊക്കെ ലോകജനതയെ കഷ്ടതകളിലേക്കു വലിച്ചിഴച്ചപ്പോള്‍ സഹായഹസ്തവുമായി മാര്‍പാപ്പായെത്തി.
പാപ്പാമാരുടെ മാധ്യമസമീപനങ്ങള്‍ക്ക് അതീവപ്രാധാന്യമുണ്ട്. ലോകത്തെ പല യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പരിഹാരം കാണുന്നതില്‍ പാപ്പാമാര്‍ മഹത്തായ പങ്കു വഹിച്ചിട്ടുണ്ട്.
    എന്നാല്‍, ഒട്ടുമിക്ക മാര്‍പാപ്പാമാരും ലോകമസമാധാനത്തിനു ചുക്കാന്‍പിടിച്ചത് വത്തിക്കാന്റെ പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ടായിരുന്നു; പ്രത്യേകിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പുള്ള കാലഘട്ടത്തില്‍. വത്തിക്കാന്റെ പുറത്ത് ഇറ്റലിയില്‍ പലയിടങ്ങളില്‍ യാത്ര ചെയ്ത പാപ്പാമാരുണ്ട്. അതുപോലെ ഇറ്റലിക്കുപുറത്ത് യൂറോപ്പില്‍മാത്രം പര്യടനം നടത്തിയവരുണ്ട്. ജോണ്‍ ഒന്നാമന്‍ (523-526), സ്റ്റീഫന്‍ രണ്ടാമന്‍ (752-757), ലിയോ ഒമ്പതാമന്‍ (1049-1054), പയസ് ഏഴാമന്‍ (1800-1803) തുടങ്ങിയ പാപ്പാമാര്‍ യൂറോപ്പിലുടനീളം അപ്പസ്‌തോലികയാത്രകള്‍ നടത്തി. എന്നാല്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം  പോള്‍ ആറാമന്‍ (1963-1978) മാര്‍പാപ്പായാണ് ആദ്യമായി ഒരു വിമാനത്തില്‍ കയറി അമേരിക്കന്‍, ആഫ്രിക്കന്‍, ഏഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ യാത്ര ചെയ്തത്. ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച മാര്‍പാപ്പായും പോള്‍ ആറാമനാണെന്നോര്‍ക്കണം, 1964 ല്‍. പോള്‍ ആറാമനുശേഷം വന്ന പുഞ്ചിരിക്കുന്ന പാപ്പ ജോണ്‍പോള്‍ ഒന്നാമന്‍ 33 ദിവസങ്ങള്‍മാത്രമേ ഭരണത്തിലുണ്ടായിരുന്നുള്ളൂ. പൊടുന്നനേ അദ്ദേഹം കാലം ചെയ്തു. എന്നാല്‍, അതിനുശേഷം കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ജോണ്‍പോള്‍ രണ്ടാമന്‍ ഒരു തികഞ്ഞ തീര്‍ഥാടകനായ പാപ്പാ എന്ന പേരിനര്‍ഹനായി. 104 വിദേശയാത്രകളാണ് അദ്ദേഹം നടത്തിയത്. എന്നാല്‍, 78-ാമത്തെ വയസ്സില്‍ സഭയുടെ തലപ്പത്തെത്തിയ ബെനഡിക്ട് പതിനാറാമന്‍ പാപ്പായ്ക്ക് ആരോഗ്യപരമായ കാരങ്ങളാല്‍ ദൂരയാത്രകള്‍ അധികം ചെയ്യാന്‍ സാധിച്ചില്ല. എട്ടുവര്‍ഷങ്ങളില്‍ 25 ഓളം വിദേശപര്യടനങ്ങള്‍ മാത്രമേ അദ്ദേഹം നടത്തിയിട്ടുള്ളൂ.
     ബെനഡിക്ട് പാപ്പായുടെ സ്ഥാനത്യാഗത്തെത്തുടര്‍ന്ന് 2013 മാര്‍ച്ച് 13 ന് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട അര്‍ജന്റീനക്കാരനായ ഹോര്‍ഗെ മാരിയോ ബര്‍ഗോളിയോ പിന്നീട് കത്തോലിക്കാസഭയുടെ ചരിത്രംതന്നെ മാറ്റിയെഴുതി. ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പാ, ഈശോസഭയില്‍നിന്നുള്ള ആദ്യമാര്‍പാപ്പാ. ലളിതജീവിതവും സാമൂഹികനീതിയോടുള്ള പ്രതിബദ്ധതയും സഹജീവികളോടുള്ള അകമഴിഞ്ഞ അനുകമ്പയും ഫ്രാന്‍സീസ് മാര്‍പാപ്പായുടെ മുഖമുദ്രയായിരുന്നു. ലാളിത്യത്തിന്റെ ആള്‍രൂപമെന്നായിരുന്നു പാപ്പാ അറിയപ്പെട്ടിരുന്നത്. ആഡംബരജീവിതമുപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിച്ച വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ പേരാണ് പാപ്പാ സ്വീകരിച്ചത്.
അര്‍ജിന്റീനയിലെ ബ്യൂനസ് അയേഴ്‌സില്‍ കര്‍ദിനാളായിരുന്ന കാലത്ത് സ്വയം പാചകം ചെയ്യുകയും പൊതുഗതാഗതസംവിധാനത്തില്‍ യാത്ര ചെയ്യുകയും ചെയ്തു. വിശപ്പിന്റെ വിലയറിഞ്ഞു കുട്ടിക്കാലം ചെലവിട്ടതിനാല്‍ മാര്‍പാപ്പായായശേഷം ലോകത്തിന്റെ ദാരിദ്ര്യവും നിര്‍ദ്ധനരുടെ കഷ്ടപ്പാടുകളും ഉന്മൂലനം ചെയ്യുകയാണ് തന്റെ പ്രഥമദൗത്യമെന്ന് പാപ്പാ പലവട്ടം പറഞ്ഞു.
    45ലേറെ രാജ്യങ്ങളില്‍ ഫ്രാന്‍സിസ് പാപ്പാ  പര്യടനം നടത്തി. ഇതുവരെ മറ്റു പാപ്പാമാര്‍ പോകാതിരുന്ന ഇറാക്ക്, യുനൈറ്റഡ് അറബ് എമിരേറ്റ്‌സ്, മ്യാന്‍മര്‍, മസെഡോണിയ, ബഹ്‌റൈന്‍, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍ സമാധാനത്തിന്റെ അപ്പസ്‌തോലനായി പറന്നെത്തി.
2017 ലാണ് എനിക്ക് ഫ്രാന്‍സിസ് പാപ്പായെ നേരിട്ടു കാണാനുള്ള ഭാഗ്യമുണ്ടായത്. ഭാര്യ ഡോ. ശുഭയോടും മകള്‍ എലിസ് മേരിയോടുമൊപ്പം കത്തോലിക്കാസഭയുടെ പരമാധ്യക്ഷനെ കാണാനുള്ള  ഓഡിയന്‍സ് ലഭിച്ചു. കേരളത്തില്‍നിന്നാണെന്നറിഞ്ഞപ്പോള്‍ പിതാവിന്റെ മുഖം തിളങ്ങി. കാരണം, പാപ്പായ്ക്ക് കേരളത്തിലെ കത്തോലിക്കരെ ഏറെ ഇഷ്ടമാണ് എന്നതുതന്നെ. കേരളത്തിലെ ക്രൈസ്തവര്‍ ആഴമേറിയ വിശ്വാസികളാണെന്നും സഭയുടെ പ്രബോധനങ്ങളെ അപ്പാടെ പിന്തുടരുന്നവരാണെന്നും പാപ്പായ്ക്ക് അറിയാമായിരുന്നു. അടുത്തുനിന്ന ഡോ. ശുഭയെയും എലിസ് മേരിയെയും പിതാവിനു പരിചയപ്പെടുത്തി. ശുഭയോടു കുശലങ്ങള്‍ അന്വേഷിച്ചു. എപ്പോഴാണ്  പാപ്പാ ഇന്ത്യ സന്ദര്‍ശിക്കുന്നതെന്നു ചോദിച്ചപ്പോള്‍, 2017 ല്‍ത്തന്നെ ഇന്ത്യ സന്ദര്‍ശിക്കാനും പ്രത്യേകിച്ച് കേരളത്തില്‍ വരാനും തീരുമാനിച്ചിട്ടുണ്ടെന്നു പറഞ്ഞു. അതിനുള്ള അനുവാദം ഇന്ത്യന്‍ സര്‍ക്കാരിനോടു വത്തിക്കാന്‍ ചോദിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍, ഭാരതസര്‍ക്കാര്‍ പോപ്പിന്റെ സന്ദര്‍ശനസമയം ഓരോ കാരണങ്ങളാല്‍ നീട്ടിക്കൊണ്ടുപോയി. പിന്നീട് ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂലനീക്കങ്ങള്‍ ഉണ്ടായപ്പോള്‍ പിതാവിന്റെ ആരോഗ്യനില വഷളായ സ്ഥിതിയിലായിരുന്നു.
     പോരാന്‍നേരം പാപ്പായ്ക്ക് ഞാനെഴുതിയ, ഡി.സി. ബുക്‌സിന്റെ ബെസ്റ്റ് സെല്ലറായ 'ഹൃദയാരോഗ്യത്തിന് ഭക്ഷണവും  വ്യായാമവും' എന്ന പുസ്തകം സമ്മാനമായിക്കൊടുത്തു. പിതാവത് സാകൂതം ഏറെ കൗതുകത്തോടെ ആദ്യവസാനം മറിച്ചുനോക്കി. മലയാളം വായിക്കാന്‍ അറിയാത്തതില്‍ ദുഖിക്കുന്നുവെന്നു തമാശയായി പറഞ്ഞു. ഇന്ത്യാസന്ദര്‍ശനത്തിനുമുമ്പ്, കേരളത്തിലെ മലയാളികളുമായി സംസാരിക്കാനായി മലയാളഭാഷ പഠിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. മനസ്സുനിറഞ്ഞ സന്തോഷത്തോടെ പിതാവിനോടു യാത്ര പറഞ്ഞിറങ്ങി. കേരളം സന്ദര്‍ശിക്കുമ്പോള്‍ ഇനിയും കാണാമെന്നും പരിശുദ്ധപിതാവ് പറഞ്ഞു.
    ലോകജനതയുടെ നന്മയും സന്തോഷവും സമാധാനവും മാത്രമാഗ്രഹിച്ച നിഷ്‌കാമകര്‍മിയായ ഒരു യുഗപുരുഷന്‍. ലോകമനഃസാക്ഷിയുടെ കരുത്തുറ്റ സ്വരമായി വിരാജിച്ച പന്ത്രണ്ടു വര്‍ഷങ്ങള്‍ (2013-2025). നടപ്പാക്കിയത് എന്നും പരിശുദ്ധാത്മാവിന്റെ തീരുമാനങ്ങള്‍ മാത്രം. അതേ, ഒരു ഇതിഹാസസമാനമാണ് ആ ജീവിതം; ആത്മീയതയുടെ ആയിരം സൂര്യതേജസ്സുള്ള ഇതിഹാസം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)