2013 ഫെബ്രുവരി 28-ാം തീയതി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. തുടര്‍ന്നു സമ്മേളിച്ച കോണ്‍ക്ലേവ് 2013 മാര്‍ച്ച് 13 ന് കത്തോലിക്കാസഭയുടെ 266-ാമത്തെ തലവനെ തിരഞ്ഞെടുത്തു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോയാണ് പുതിയ മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടത്. ആഗോളതലത്തില്‍ പൊതുവേ ആര്‍ക്കുംതന്നെ പരിചിതനല്ലായിരുന്നു കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ. അക്കാരണത്താല്‍ത്തന്നെ അദ്ദേഹത്തെക്കുറിച്ച് എല്ലാവരും വിശദമായിത്തന്നെ അന്വേഷിച്ചുതുടങ്ങി.
ബാല്യകാലം, പഠനം
ബെനിറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെ ഭയന്ന് 1929 ല്‍ ഇറ്റലിയില്‍നിന്ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ കുടിയേറിയ റെയില്‍വേ ജീവനക്കാരനായ മാരിയോ ജോസ് ബര്‍ഗോളിയോയുടെയും റെജീന മരിയ സിവോരിയയുടെയും അഞ്ചു മക്കളില്‍ ഒരാളായി 1936 ഡിസംബര്‍ 17 ന് ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ ജനിച്ചു. 1949 ല്‍ ബ്യൂണസ് അയേഴ്‌സിലെ സലേഷ്യന്‍ കോളജില്‍ ജോര്‍ജ് മാരിയോ പഠനമാരംഭിച്ചു. സര്‍വകലാശാലയില്‍നിന്നു രസതന്ത്രത്തില്‍ അദ്ദേഹം ബിരുദാനന്തരബിരുദം നേടി.
സെമിനാരിവിദ്യാഭ്യാസം, പൗരോഹിത്യം
1958 മാര്‍ച്ച് പതിനൊന്നാം തീയതി ഈശോസഭയില്‍ ഒരു വൈദികവിദ്യാര്‍ഥിയായി ജോര്‍ജ് മാരിയോ പ്രവേശിച്ചു. അദ്ദേഹം ചിലിയില്‍ ഹ്യുമാനിറ്റീസ്പഠനം പൂര്‍ത്തിയാക്കിയശേഷം 1963 ല്‍ അര്‍ജന്റീനയിലേക്കു മടങ്ങി സാന്‍ മിഗുവെലിലെ സാന്‍ ഹോസേ കോളജില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദം നേടി. 1964 മുതല്‍ 1965 വരെ അദ്ദേഹം സാന്റാ ഫെയിലെ (Santa Fé) ഇമ്മാക്കുലേറ്റ് കോണ്‍സപ്ഷന്‍ കോളജില്‍ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിച്ചു. 1966ല്‍ ബ്യൂണസ് അയേഴ്‌സിലെ കോളേജിയോ ദെല്‍ സാല്‍വദോറിലും ഈ വിഷയങ്ങള്‍ പഠിപ്പിച്ചു. 1967 മുതല്‍ 1970 വരെ അദ്ദേഹം സാന്‍ ഹോസേ കോളജില്‍ ദൈവശാസ്ത്രം പഠിക്കുകയും ബിരുദം നേടുകയും ചെയ്തു. 1969 ഡിസംബര്‍ 13 ന് ആര്‍ച്ചുബിഷപ് റാമോണ്‍ ഹോസേ കാസ്‌തെല്ലാനോ അദ്ദേഹത്തെ ജെസ്യൂട്ട് വൈദികനായി അഭിഷേകം ചെയ്തു. 1970 മുതല്‍ 1971 വരെ അദ്ദേഹം സ്‌പെയിനിലെ അല്‍കാല ദെ എനാരസ് സര്‍വകലാശാലയില്‍ തന്റെ പരിശീലനം തുടര്‍ന്നു.
പുരോഹിതശുശ്രൂഷ, ഉപരിപഠനം
1973 ഏപ്രില്‍ 22 ന് അദ്ദേഹം ഈശോ സഭയില്‍ നിത്യവ്രതം നടത്തി. പിന്നീട് അര്‍ജന്റീനയില്‍ തിരികെയെത്തിയ ജോര്‍ജച്ചന്‍ സാന്‍ മിഗുവെലിലെ വില്ലാ ബാരിലാരിയില്‍ നോവിസ് മാസ്റ്ററായും ദൈവശാസ്ത്ര അധ്യാപകനായും ശുശ്രൂഷ ചെയ്തു. കൂടാതെ, ഈശോസഭയിലെ ഉപദേശകനായും തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിക്കുന്ന കോളജിയോ മാക്‌സിമോയുടെ റെക്ടറായും പ്രവര്‍ത്തിച്ചു.
1973 ജൂലൈ 31-ന് അദ്ദേഹം അര്‍ജന്റീനയിലെ ഈശോസഭയില്‍ പ്രൊവിന്‍ഷ്യലായി നിയമിക്കപ്പെട്ടു, ആ പദവി അദ്ദേഹം ആറുവര്‍ഷം വഹിച്ചു. വീണ്ടും സര്‍വകലാശാലായില്‍ തന്റെ പ്രവര്‍ത്തനം തുടര്‍ന്നു. 1980 മുതല്‍ 1986 വരെ അദ്ദേഹം വീണ്ടും സാന്‍ ഹോസേ കോളജിന്റെ റെക്ടറായും സാന്‍ മിഗുവെലില്‍ത്തന്നെയുള്ള ഒരു പള്ളിയുടെ വികാരിയായും സേവനമനുഷ്ഠിച്ചു. 1986 മാര്‍ച്ചില്‍ അദ്ദേഹം തന്റെ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കുന്നതിനായി ജര്‍മനിയില്‍ പോയി. പിന്നീട് ഈശോസഭയിലെ അധികാരികള്‍ ജോര്‍ജച്ചനെ കോര്‍ഡോബ നഗരത്തിലെ ഈശോസഭാ പള്ളിയിലേക്ക് ആത്മീയപിതാവായും കുമ്പസാരക്കാരനായും നിയോഗിച്ചു.
മെത്രാന്‍, മാര്‍പാപ്പാ
ബ്യൂണസ് അയേഴ്‌സിലെ ആര്‍ച്ചുബിഷപ്പായ കാര്‍ഡിനല്‍ ആന്റോണിയോ ക്വാറച്ചീനോ അദ്ദേഹത്തെ അടുത്ത സഹപ്രവര്‍ത്തകനാക്കാന്‍ ആഗ്രഹിച്ചു. അതിനാല്‍, 1992 മേയ് 20ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ അദ്ദേഹത്തെ ഔകയുടെ ടിറ്റുലര്‍ മെത്രാനായും ബ്യൂണസ് അയേഴ്‌സിന്റെ സഹായമെത്രാനായും നിയമിച്ചു. മേയ് 27-ന് അദ്ദേഹം കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച് ബ്യൂണസ് അയേഴ്‌സിന്റെ സഹായമെത്രാനായി അഭിഷിക്തനായി.
തന്റെ മുദ്രാവാക്യമായി ‘miserando atque eligendo’ എന്ന വാചകം അദ്ദേഹം തിരഞ്ഞെടുത്തു. അതിന്റെ അര്‍ഥം 'കാരുണ്യത്തോടെ നോക്കി തിരഞ്ഞെടുക്കുന്നു' (mercifully choosing)) എന്നാണ്. കൂടാതെ, തന്റെ കോട്ട് ഓഫ് ആംസില്‍ അദ്ദേഹം ഈശോസഭയുടെ ഔദ്യോഗിക ചിഹ്നമായ IHS (Iesus Hominum Salvator) ഉള്‍പ്പെടുത്തിയിരുന്നു. 'മനുഷ്യകുലത്തിന്റെ രക്ഷകന്‍ ഈശോയാണ്' എന്നതാണ് ഇതിന്റെ അര്‍ഥം.
1998 ല്‍ ബ്യൂണസ് അയേഴ്‌സിന്റെ ആര്‍ച്ചു ബിഷപ്പായി. 2001 ല്‍ കര്‍ദിനാളായി. വത്തിക്കാന്‍ ഭരണകൂടമായ റോമന്‍ കൂരിയായയുടെ വിവിധ ഭരണപദവികളില്‍ സേവനമനുഷ്ഠിച്ചു. 2005 ല്‍ അര്‍ജന്റീനയിലെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായി. മൂന്നു വര്‍ഷത്തിനുശേഷം ഇതേ പദവിയില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായിരുന്നു അത്. 2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.
അദ്ദേഹം തിരഞ്ഞെടുത്ത പേരും ഏവര്‍ക്കും അത്ഭുതമായിരുന്നു - ഫ്രാന്‍സിസ്. സകല ജീവജാലങ്ങളോടും പ്രപഞ്ചത്തോടുമുള്ള സ്‌നേഹം മുഖമുദ്രയാക്കിയ, പതിമ്മൂന്നാം നൂറ്റാണ്ടില്‍ ഒരു സന്ന്യാസിയായി ജീവിച്ച വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ പേരാണ് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം സ്വീകരിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പാ സ്ഥാനമേറ്റതിനുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ആ വ്യക്തിത്വത്തെ ലോകം തിരിച്ചറിഞ്ഞുതുടങ്ങി. കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ കത്തോലിക്കാപ്രബോധനങ്ങളോടു വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ശക്തമായി സ്വീകരിച്ചതോടൊപ്പം വ്യക്തിജീവിതത്തിന്റെ ലാളിത്യവും മൂല്യാധിഷ്ഠിതസമീപനങ്ങളും പലപ്പോഴായി വെളിപ്പെട്ടത് മതദേശഭേദമെന്യേ സകല ജനങ്ങളും വലിയ സന്തോഷത്തോടെയാണു കണ്ടത്.
ജനങ്ങളുടെ പാപ്പാ
അസാധാരണമായ രീതിയില്‍ ലാളിത്യത്തിന്റെ ജീവിതരീതികളാണ് ഫ്രാന്‍സിസ് പാപ്പാ ആദ്യദിനംമുതല്‍ സ്വീകരിച്ചത്. പാപ്പാമാരുടെ ഔദ്യോഗികഭവനം ഒഴിവാക്കി കാസ സാന്ത മാര്‍ത്ത എന്ന ചെറുഭവനത്തില്‍ താമസമാക്കാനാണ് അദ്ദേഹം നിശ്ചയിച്ചത്. വസ്ത്രധാരണത്തില്‍പ്പോലും പാപ്പാ സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിച്ചു. വലിയ സുരക്ഷ നല്‍കുന്ന വാഹനങ്ങള്‍ ഉപേക്ഷിച്ച് ചെറിയ കാറുകളും മറ്റും ഉപയോഗിക്കാനായിരുന്നു പാപ്പായുടെ മറ്റൊരു തീരുമാനം. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ആദ്യദിവസങ്ങളില്‍ത്തന്നെ കൈക്കൊണ്ട ഫ്രാന്‍സിസ് പാപ്പായ്ക്ക് 'ജനങ്ങളുടെ പാപ്പാ' എന്ന വിശേഷണം ആരംഭത്തില്‍ത്തന്നെ ലഭിച്ചു.
പാവങ്ങളുടെ സഹയാത്രികന്‍
'ഒരു സാധാരണ ക്രൈസ്തവവിശ്വാസിയാണു ഞാന്‍, എനിക്കുവേണ്ടി പ്രാര്‍ഥിക്കണം' എന്ന ആമുഖത്തോടെ എല്ലാ തലങ്ങളിലുമുള്ള ക്രൈസ്തവരോട് അനുരൂപപ്പെടാനുള്ള താത്പര്യമാണ് ഫ്രാന്‍സിസ് പാപ്പാ ആദ്യദിവസംതന്നെ വെളിപ്പെടുത്തിയത്. പാപ്പായുടെ തുടര്‍ന്നുള്ള പ്രബോധനങ്ങളിലും ഇത്തരമൊരു മനഃസ്ഥിതി പ്രകടമായിരുന്നു. 'സുവിശേഷത്തിന്റെ ആനന്ദം' ((Evan-gelii Gaudium - The Joy of the Gospel, 2013) എന്ന ആദ്യവര്‍ഷത്തെ ചാക്രികലേഖനത്തിലും പാപ്പാ ഊന്നല്‍ നല്‍കിയത് പാവപ്പെട്ടവര്‍ക്കാണ്. അസമത്വങ്ങള്‍ക്കും സാമ്പത്തികഅനീതിക്കുമെതിരേയുള്ള തുറന്നെഴുത്തായിരുന്നു സുവിശേഷത്തിന്റെ ആനന്ദം.
പീഡിതരെ ദൈവം ഒരിക്കലും അവഗണിക്കുകയില്ല എന്നു പാപ്പാ പ്രസ്താവിച്ചത് 2014 ജൂണ്‍ 29 നാണ്. മുറിവേറ്റവരും അഭയം തേടി അലയുന്നവരെയുമുള്‍പ്പെടെ സകലരെയും ഉള്‍ക്കൊള്ളുന്ന ഒരു ഭവനമാണ് സഭ എന്ന് പാപ്പാ 2013 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അധഃസ്ഥിതരും പാവപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് പാപ്പയുടെ വാക്കുകള്‍ ആശ്വാസമായി മാറി. അത്തരം ജനവിഭാഗങ്ങളെ സംബന്ധിച്ച് തങ്ങള്‍ക്ക് അപരിചിതനായ ഒരാളല്ല; മറിച്ച്, തങ്ങളുടെ സഹയാത്രികനാണ് പാപ്പാ എന്ന ഉറപ്പാണ് ആരംഭത്തില്‍ത്തന്നെ ലഭിച്ചത്.
മതിലുകളല്ല നമുക്കു വേണ്ടത് പാലങ്ങള്‍
മതിലുകള്‍ പൊളിച്ച് പാലങ്ങള്‍ പണിയാനാണ് ഫ്രാന്‍സിസ് പാപ്പാ ലോകത്തെ നിരന്തരം ഉദ്‌ബോധിപ്പിച്ചിരുന്നത്. പല അവസരങ്ങളിലും തന്റെതന്നെ പ്രവൃത്തികളിലൂടെ അദ്ദേഹം മാതൃക നല്‍കുകയും ചെയ്തിരുന്നു. രാജ്യങ്ങള്‍, മതങ്ങള്‍, വര്‍ഗങ്ങള്‍ മുതലായവയിലൊക്കെ വളര്‍ന്നുവരുന്ന വിഭാഗീയതയും ശത്രുതാമനോഭാവവും ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം പാപ്പാതന്നെ നേരിട്ട് ഇടപെടാന്‍ ഔത്സുക്യം പുലര്‍ത്തിയിട്ടുണ്ട്. യുക്രൈന്‍-റഷ്യ വിഷയത്തിലും ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തിലും രാഷ്ട്രീയ-മത നേതൃത്വങ്ങളുമായി പലപ്പോഴും നേരിട്ടു ചര്‍ച്ചകള്‍ നടത്തിയത് ഉദാഹരണമാണ്. ആഭ്യന്തരകലാപം കൊടുമ്പിരിക്കൊണ്ടിരുന്ന ദക്ഷിണ സുഡാനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യം നിലനിന്നപ്പോള്‍ ആ രാജ്യത്തെ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ച നടത്തിയ പാപ്പാ അവരുടെ പാദം ചുംബിച്ച് സമവായത്തിനായി അഭ്യര്‍ഥിച്ചിരുന്നു.
ആന്തരികനവീകരണത്തിന്റെ കണിശത
ആനുകാലികസംഭവവികാസങ്ങളും മാറുന്ന ലോകക്രമവും അനുസരിച്ചുള്ള ഒരു രൂപാന്തരീകരണം സഭയ്ക്കുള്ളില്‍ സംഭവിക്കണമെന്ന ബോധ്യം കാത്തുസൂക്ഷിച്ചിരുന്നതിനൊപ്പം അതിനനുസൃതമായ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലായ്‌പോഴും പാപ്പാ നല്‍കിയിരുന്നു. സഭാ - സാമൂഹിക ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു പാപ്പാ നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ സഭാത്മകമെന്നതിനൊപ്പം പുരോഗമനപരവുമായിരുന്നു. സുവിശേഷാനുസൃതമായ ജീവിതം നയിക്കുന്നതിനൊപ്പം, മാറുന്ന ലോകക്രമത്തിനനുസൃതമായി പുരോഗമനചിന്താഗതികളെ ഉള്‍ക്കൊണ്ട് ക്രിയാത്മകമായി വിശ്വാസിസമൂഹത്തെ നയിക്കാനാണ് പാപ്പാ ആഹ്വാനം ചെയ്തിരുന്നത്.
അതേസമയം, പ്രതിസന്ധിഘട്ടങ്ങളെയും ആരോപണങ്ങളെയും സഭ നേരിട്ട ഘട്ടങ്ങളില്‍ പ്രായോഗികവും സഭാത്മകവുമായ പ്രതികരണങ്ങള്‍ നല്‍കുന്നതിലും മുഖംനോക്കാതെ നടപടികള്‍ സ്വീകരിക്കുന്നതിലും പാപ്പാ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. മാത്രവുമല്ല, സീറോ ടോളറന്‍സ് (zero tolerance) ആണ് വൈദികരുള്‍പ്പെടുന്ന ശുശ്രൂഷകരുടെ വീഴ്ചകള്‍ക്ക് അദ്ദേഹം സ്വീകരിച്ചിരുന്ന നയം. സ്ത്രീസമൂഹം പലവിധത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും പിന്‍തള്ളപ്പെടുകയും ചെയ്യുന്ന ആനുകാലികലോകത്ത് സ്ത്രീസമൂഹത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരാനായി എന്നും ആഹ്വാനം ചെയ്ത പാപ്പാ, വത്തിക്കാനിലെയും സഭയിലെയും തന്ത്രപ്രധാനമായ നിരവധി സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിച്ചത് ലോകം അദ്ഭുതത്തോടെയാണു വീക്ഷിച്ചത്.
അഭയാര്‍ഥികള്‍ക്കെന്നും അഭയം
ഫ്രാന്‍സിസ് പാപ്പാ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ളത് അഭയാര്‍ഥികളോടുള്ള നിലപാടുകള്‍ നിമിത്തമാണ്. മനുഷ്യരോടു കരുണ കാണിക്കേണ്ടത് മതത്തിന്റെയോ വര്‍ഗത്തിന്റെയോ പൗരത്വത്തിന്റെയോ പേരിലല്ല, സകലരും കരുണയ്ക്ക് അര്‍ഹരാണ് എന്ന കാഴ്ചപ്പാടാണ് അഭയാര്‍ഥിവിഷയത്തിലും പാപ്പാ പുലര്‍ത്തിയിട്ടുള്ളത്. വാസ്തവത്തില്‍, അത് കത്തോലിക്കാസഭയുടെ അടിസ്ഥാന പ്രബോധനങ്ങളുടെ ഭാഗമാണ്. ക്രിസ്തു കാണിച്ചിട്ടുള്ള മാതൃകയും അതുതന്നെയാണ്. അഭയാര്‍ഥികളായി വന്നുകയറിയവര്‍മൂലം വിവിധ യൂറോപ്യന്‍രാജ്യങ്ങള്‍ പലവിധ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരുന്നപ്പോഴും തന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ പാപ്പാ തയ്യാറായില്ല. സ്വന്തം രാജ്യങ്ങളില്‍നിന്നു പുറന്തള്ളപ്പെടുന്നവരെ മാനവികതയുടെ കണ്ണിലൂടെ കാണുകയും മതമോ ജാതിയോ പരിഗണിക്കാതെ സ്വീകരിക്കാന്‍ തയ്യാറാവുകയും വേണമെന്ന ഉപദേശമാണ് എല്ലാ രാജ്യങ്ങള്‍ക്കും പാപ്പാ നല്‍കിയത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവാചകന്‍
കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരാന്‍ ലക്ഷ്യമാക്കിയുള്ള പാരീസ് ഉടമ്പടി സംബന്ധിച്ച ചര്‍ച്ചകളെ ഏറ്റവുമധികം സ്വാധീനിച്ച ഒന്നാണ് 2015 ല്‍ പ്രസിദ്ധീകരിച്ച ലൗദാത്തോ സി (അങ്ങേക്കു സ്തുതി) എന്ന ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനം. പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച് നിര്‍ണായകമായ ഒരു മാര്‍ഗരേഖയായി ആ ചാക്രികലേഖനം വിലയിരുത്തപ്പെടുന്നു. കാലാവസ്ഥാവ്യതിയാനം അടിയന്തരശ്രദ്ധ അര്‍ഹിക്കുന്ന ഒരു യാഥാര്‍ഥ്യമാണെന്നും മനുഷ്യന് അക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ടെന്നും ഫ്രാന്‍സിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. ഏവരും തങ്ങളുടെ ജീവിതശൈലി അതിനനുസരിച്ചു ക്രമപ്പെടുത്താനും സമഗ്രവും സന്തുലിതവുമായ ഒരു ആവാസവ്യവസ്ഥിതി രൂപപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യരെയായതിനാല്‍ ഇതൊരു സാമൂഹികനീതിസംബന്ധമായ വിഷയംകൂടിയാണ് എന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.
ലൗദാത്തോ സിയുടെ തുടര്‍ച്ചയായി 2023 ല്‍ ലൗദാത്തെ ദേയും (ദൈവത്തിനു സ്തുതി) എന്ന പേരില്‍ ഒരു അപ്പസ്‌തോലികപ്രബോധനവും പ്രസിദ്ധീകരിക്കുകയുണ്ടായി. പാരിസ്ഥിതികമായ പ്രതിസന്ധികള്‍ വര്‍ധിക്കുമ്പോഴും ക്രിയാത്മക ഇടപെടലുകള്‍ക്കു ലോകരാജ്യങ്ങള്‍ അമാന്തം കാണിക്കുന്നതിനെ പാപ്പാ അതില്‍ വിമര്‍ശിക്കുകയുണ്ടായി. ആഗോളതലത്തിലുള്ള പരിശ്രമം ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതിനെക്കുറിച്ച് പാപ്പാ ഊന്നിപ്പറഞ്ഞു. പാപ്പായുടെ ആഹ്വാനം ആരംഭഘട്ടത്തില്‍ത്തന്നെ വത്തിക്കാനില്‍ പ്രാവര്‍ത്തികമാക്കുകയുമുണ്ടായി. ലോകത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ രാഷ്ട്രമാണ് വത്തിക്കാന്‍. പാപ്പായുടെ ആഹ്വാനം ശിരസാവഹിച്ച കത്തോലിക്കാസഭാ പ്രാദേശികനേതൃത്വങ്ങള്‍ പരിസ്ഥിതിസംരക്ഷണത്തിന് എല്ലാ രാജ്യങ്ങളിലും വലിയ പ്രാധാന്യം നല്‍കി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കേരള കത്തോലിക്കാസഭ 2025 ഹരിതശീലവര്‍ഷമായി ആചരിക്കുന്നതിന്റെയും പശ്ചാത്തലം പാപ്പായുടെ ഈ ആഹ്വാനമാണ്.
ജീവസംരക്ഷണം പരമപ്രധാനം
ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഏതവസ്ഥയിലും മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാട് എക്കാലവും ഫ്രാന്‍സിസ് പാപ്പാ സ്വീകരിച്ചിരുന്നു. ഗര്‍ഭസ്ഥശിശുക്കളുടെമുതല്‍ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരുടെയും ജീവനെ പാപ്പാ ഒരേ മൂല്യത്തോടെ പരിഗണിക്കുകയും എല്ലായ്‌പ്പോഴും ജീവനു ഭീഷണി നേരിടുന്നവര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രം കുറ്റകരമാണ് എന്ന നിലപാടാണ് പാപ്പാ സ്വീകരിച്ചിരുന്നത്. ഗര്‍ഭസ്ഥശിശുവിന് എന്തെങ്കിലും വൈകല്യങ്ങളുള്ള ഘട്ടത്തില്‍ അബോര്‍ട്ട് ചെയ്യാന്‍ തീരുമാനിക്കുന്നതിനെപ്പോലും പാപ്പാ എതിര്‍ക്കുകയും അതു വലിച്ചെറിയല്‍സംസ്‌കാ രത്തിന്റെ ഭാഗമാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. ദയാവധത്തിനും വധശിക്ഷയ്ക്കും യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും ആയുധവ്യാപാരത്തിനുമെല്ലാം എതിരായ നിലപാടുകള്‍ നിരന്തരം സ്വീകരിച്ചിരുന്ന ഫ്രാന്‍സിസ് പാപ്പാ അത്തരം സന്ദര്‍ഭങ്ങളിലെല്ലാം മുഖ്യപരിഗണന നല്‍കിയത് മനുഷ്യജീവനാണ്.
ആധുനികലോകത്തിനൊപ്പം സഞ്ചരിച്ച പാപ്പാ
ശാസ്ത്രസാങ്കേതികനേട്ടങ്ങള്‍ക്കും ആധുനികലോകത്തിന്റെ വളര്‍ച്ചയ്ക്കും ഒപ്പം ഫ്രാന്‍സിസ് പാപ്പാ സഞ്ചരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജൈവസാങ്കേതികവിദ്യയുടെ മേഖലയിലെ നൂതനസംരംഭങ്ങള്‍, ചികിത്സാരംഗത്തെ പുതിയ നേട്ടങ്ങള്‍ തുടങ്ങിയവയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച പാപ്പാ, യഥാസമയം വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും വിലയിരുത്തലുകളും ലോകത്തിനു നല്‍കിക്കൊണ്ടിരുന്നു. ഡിജിറ്റല്‍ എത്തിക്‌സിനുവേണ്ടി സംസാരിച്ച പാപ്പാ, നിര്‍മിതബുദ്ധി മനുഷ്യമാഹാത്മ്യത്തിനു വിഘാതമാകരുതെന്ന് പലപ്പോഴും ഓര്‍മിപ്പിച്ചു. നിര്‍മിതബുദ്ധി മനുഷ്യനെ നിയന്ത്രിക്കുന്ന സാഹചര്യം ഉടലെടുത്തേക്കാനിടയുള്ളതിനാല്‍ രാജ്യാന്തരതലത്തില്‍ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്താന്‍ ലോകരാജ്യങ്ങളോട് പാപ്പാ ആഹ്വാനം ചെയ്തു.
ജനിതകപരിഷ്‌കരണങ്ങള്‍, ക്ലോണിങ് തുടങ്ങിയവ മനുഷ്യമാഹാത്മ്യത്തെ ചോദ്യം ചെയ്യുമെന്നതിനാല്‍ അതിനെതിരായ നിലപാടാണ് പാപ്പാ സ്വീകരിച്ചത്. അതേസമയം, അപൂര്‍വരോഗങ്ങള്‍, കാന്‍സര്‍, മാനസികാരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സാമേഖലയിലെ ഗവേഷണങ്ങള്‍ക്ക് പാപ്പാ എന്നും വലിയ പ്രോത്സാഹനം നല്‍കി. മനുഷ്യന്റെ ജ്ഞാനവും ധാര്‍മികചിന്തയും ഉത്തരവാദിത്വബോധവും ഉള്‍ച്ചേരാത്തപക്ഷം സാങ്കേതികവിദ്യകള്‍ അപൂര്‍ണമാണ് (ലൗദാത്തോ സി) എന്നാണ് പാപ്പായുടെ വാക്കുകള്‍. മനുഷ്യന്റെ ശാസ്ത്രീയനേട്ടങ്ങളെയും സാങ്കേതികവളര്‍ച്ചയെയും തികച്ചും പുരോഗമനപരമായാണു പാപ്പാ നോക്കിക്കണ്ടത്.
വിശാലവും തുറവുള്ളതുമായ നിലപാടുകള്‍
വിവിധ വിഭാഗത്തിലും അവസ്ഥകളിലും ഉള്ള മനുഷ്യരുള്‍പ്പെടെ എന്തിനെയും തുറവോടെ സമീപിക്കുന്ന ശൈലിയാണ് എന്നും ഫ്രാന്‍സിസ് പാപ്പായ്ക്കുണ്ടായിരുന്നത്. ഭിന്നലൈംഗിക ആഭിമുഖ്യം വച്ചുപുലര്‍ത്തുന്നവരുടെ കാര്യത്തിലും വിവാഹമോചിതരുടെയും പുനര്‍വിവാഹിതരുടെയും കാര്യത്തിലും തുടങ്ങി മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടേക്കാനിടയുള്ളവരുടെ കാര്യത്തില്‍, പ്രഥമദൃഷ്ട്യാ വിധിത്തീര്‍പ്പു കല്പിച്ച് അകറ്റിനിര്‍ത്തുന്നതിനുപകരം, കരുണയോടെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണ് പാപ്പാ ആരംഭംമുതല്‍ സ്വീകരിച്ചത്. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ഒരുവനെ വിധിക്കാന്‍ താനാളല്ല എന്നായിരുന്നു പാപ്പായുടെ പക്ഷം.
മറ്റു മതവിഭാഗങ്ങളുമായും അകത്തോലിക്കാസമൂഹങ്ങളുമായും അടുപ്പവും സഹകരണവും വളര്‍ത്താനും നിരന്തരം സംവാദങ്ങളില്‍ ഏര്‍പ്പെടാനും ഫ്രാന്‍സിസ് പാപ്പാ എന്നും ശ്രദ്ധിച്ചിരുന്നു. മതവിഭാഗങ്ങളും മതനേതാക്കളുമായിമാത്രമല്ല, സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരുമായും, രാഷ്ട്രനേതാക്കളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും സംവാദങ്ങളില്‍ ഏര്‍പ്പെടുകയും പലപ്പോഴും ഒരു തിരുത്തല്‍ശക്തിയായി മാറുകയും ചെയ്ത ഫ്രാന്‍സിസ് പാപ്പായെ ലോകം അറിയുകയും അംഗീകരിക്കുകയും ചെയ്തത് ഒരു ആത്മീയനേതാവ് എന്നതിലുപരി ഒരു ലോകനേതാവ് എന്ന നിലയിലാണ്. ഈ ആധുനികസമൂഹത്തില്‍ നിലപാടുകള്‍കൊണ്ടും വീക്ഷണങ്ങള്‍കൊണ്ടും ജീവിതപ്രവര്‍ത്തനമാതൃകകള്‍ കൊണ്ടും ഇത്രമാത്രം ലോകത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിത്വമില്ല എന്നതാണു വാസ്തവം.