വിഷുവും വിഷുക്കിളിയും
വിഷുക്കിളികളീണക്കമുതിര്ത്തു
വിത്തും കൈക്കോട്ടും
പുലരിപ്പൂംകണി തീര്‍ക്കണ്ടേ
പൂത്തുലയും മന്ദാരം
സുവര്‍ണഹാരം നീട്ടും കൊന്നകള്‍
അവര്ണനീയമതോര്ത്തോളൂ!
ചക്കരമാമ്പഴമുതിര്ന്നു പതിപ്പൂ
വെക്കം കരുതുകയാവോളം
നെല്ക്കതിര് ഒരുപിടിവേണം തളികേല്
നല്ക്കണി ചേലിലൊരുക്കുമ്പോള്
അഷ്ടമംഗല്യത്തട്ടു മിനുക്കുക
ആര്‍ക്കും കണ്ണിനു കുളിരേകാന്‍
മഞ്ഞലയില്‍ മുങ്ങിയൊരുങ്ങാം
മഞ്ജിമയോലും നേരത്ത്
പൊന്നരുളിത്തട്ടമൊരുക്കാം
പൊന്നോടക്കുഴല് ചേര്‍ക്കാം
കദളിപ്പഴവും കേരവുമാട്ടെ
കരളു കുളിര്‍ക്കും പൂമ്പട്ടും
കര്ഷകസോദര! കുത്തുക വിത്തുകള്‍
ഹര്ഷോന്മാദം പത്താം നാള്
മാനവമൈത്രിക്കീ വിഷുനാളില്‍
മാനസമൊന്നായ്ത്തീരട്ടെ!