സമയം സന്ധ്യയോടടുത്തതേയുള്ളൂ. പക്ഷേ, ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചിരുന്നു. നീസാന്‍ മാസം പതിന്നാലാം തീയതിയേ ആയിട്ടുള്ളൂവെങ്കിലും ശീതക്കാറ്റ് ആരംഭിച്ചിരുന്നു. സാധാരണമായി മാസാന്ത്യത്തോടെയാണ് കാറ്റ് കടന്നുവരിക. ശ്മശാനമൂകതയെന്നു കേട്ടിട്ടേയുള്ളൂ. ആദ്യഅനുഭവമാണിത്. കെദ്രോണ്‍ താഴ്വരയിലെ തോട്ടത്തിലാണു നില്‍ക്കുന്നത്. അടുത്തൊന്നും ആള്‍ത്താമസമില്ല. അരിമത്തിയാക്കാരന്‍ ജോസഫിന്റെ വകയാണു തോട്ടം. അത്തിയും ഒലിവും എന്നുവേണ്ട സര്‍വ ഫലവൃക്ഷങ്ങളുമടങ്ങുന്ന ശാന്തസുന്ദരമായ ഒരു സ്ഥലം. വെറുതെയല്ല ജോസഫ് തന്റെ നിത്യനിദ്രയ്ക്കായി ഈ സ്ഥലം തിരഞ്ഞെടുത്തതും പാറയില്‍ കല്ലറ വെട്ടിയൊരുക്കിയതും.
ആരെയും കാണുന്നില്ലല്ലോ. മുനിഞ്ഞുകത്തുന്ന പന്തത്തിലേക്ക് അല്പം എണ്ണകൂടി കോരിയൊഴിച്ചു. കൊണ്ടുവന്നുവച്ച പൊതിക്കെട്ടില്നിന്നുയരുന്ന സുഗന്ധം അവിടെയെല്ലാം വ്യാപിച്ചിരുന്നു. നൂറു റാത്തലിനടുത്തുവരുന്ന സുഗന്ധദ്രവ്യങ്ങളായിരുന്നു അത്. 'നാര്ദീനും, മീറയും കുന്തുരുക്കവു'മെല്ലാം ചേര്‍ത്ത മിശ്രിതം. നൂറു റാത്തല് എന്നത് നിക്കദേമൂസിന്റെ നിര്‍ദേശമായിരുന്നു. സുഗന്ധദ്രവ്യമെത്തിച്ചിട്ട് വെള്ളക്കച്ച എടുക്കാന്‍പോയ അദ്ദേഹം തിരിച്ചെത്താനുള്ള സമയം കഴിഞ്ഞിരിക്കുന്നു. എല്ലാം രഹസ്യമായി ചെയ്യാമെന്നുള്ളതും അദ്ദേഹത്തിന്റെ പ്ലാനായിരുന്നല്ലോ. ഇനി ജോസഫിന്റെകൂടെ പീലാത്തോസിന്റെ അരമനയില്‍ പോയിട്ടുണ്ടാകുമോ? ദേഹം വിട്ടുതരാതിരിക്കാന്‍ എന്തെങ്കിലും പുതിയ തടസ്സവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടാകുമോ? വല്ലാത്തൊരു വ്യാകുലത അയാളെ വലയം ചെയ്തു.
യേശു പറഞ്ഞതും യേശുവിനെപ്പറ്റി പറഞ്ഞതുമൊക്കെ അയാളുടെ സ്മരണയില്‍ നിറഞ്ഞുതുളുമ്പി. എത്ര സുന്ദരമായിരുന്നു അയാളുടെ ബാല്യകാലം... പ്രശസ്ത വിദ്യാഭ്യാസവിചക്ഷണനായിരുന്ന 'ഗമാലിയേലിന്റെ നിയന്ത്രണത്തിലുള്ള പാഠശാലകളിലെ പഠനകാലം. യേശുവും തങ്ങളുടെ പ്രധാന സഹപാഠിയായിരുന്നു. നസ്രത്ത്, താബോര്‍, കാന, നായിം, കഫര്‍ണാം, മഗ്ദലന, ബത്സെയ്ദാ, കേസറിയാ, ഷെക്കേം, ബഥാനിയ, ജറീക്കോ, എമ്മാവൂസ് എന്നുവേണ്ട, ദൂരെയുള്ള കെവുറീനില്നിന്നുവരെ എണ്ണമറ്റ സഹപാഠികള്‍ ഉണ്ടായിരുന്നു.
നിന്നു കാലുകഴച്ചപ്പോള്‍ അയാള്‍ അടുത്തുള്ള പാറക്കല്ലില്‍ കയറിയിരുന്നു. അവന് പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യതയോടെ നടന്നിരിക്കുന്നു. പണ്ട് അവനു പന്ത്രണ്ടു വയസ്സായിരിക്കേയുള്ള ജറുസലേംതിരുനാള് യാത്ര മനോമുകുരത്തില്‍ തെളിഞ്ഞുവന്നു. ചില കാര്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ മാതാപിതാക്കളില്‍നിന്നുള്ള അവന്റെ ഒറ്റപ്പെടല്‍ മുന്‍കൂട്ടിയുള്ള പദ്ധതിയാണെന്നുവേണം കരുതാന്‍. ഈ വര്‍ഷത്തെ പെരുന്നാളിനു കൃത്യമായി എത്തിച്ചേരണമെന്നും തന്റെ ദൗത്യനിര്‍വഹണത്തില്‍ എല്ലാവര്ക്കും ഓരോ പങ്കു തരാമെന്നും അവന് നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് ലാസറും ബറാബെസും അരിമത്തിയാക്കാരന്‍ ജോസഫും പില്ക്കാലത്ത് വ്യാപാരിയായ ശിമയോനുമൊക്കെ എത്തിച്ചേര്‍ന്നത്.
ദൈവാലയത്തിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഒത്തുകൂടാനുള്ള സ്ഥലത്തുവച്ചായിരുന്നു അവന്റെ പ്രഖ്യാപനങ്ങള്‍.
അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്ന ലാസറിനായിരുന്നു അവന്റെ കന്നിവാഗ്ദാനം. മരിച്ച നിന്നെ ഞാന്‍ ഉയിര്‍പ്പിക്കും... അവന് സാധാരണ തമാശ പറയുന്ന ആളല്ല. എങ്കിലും അവന് പറഞ്ഞത് തമാശയായി തള്ളിക്കളഞ്ഞു.
നിനക്കുപകരം ഞാന്‍ മരിക്കും. ബറാബസിനു കിട്ടിയതായിരുന്നു ഏറ്റവും വലിയ സമ്മാനം.
ജോസഫേ, നീ നിനക്കുവേണ്ടിയുണ്ടാക്കിയ കല്ലറയിലായിരിക്കും എന്റെ സംസ്കാരം നടക്കുക... വെറുതെ പുളുവടിക്കാതെ പയ്യനേ... ജോസഫ് നിസ്സാരമായി തള്ളിക്കളഞ്ഞു.
ശിമയോനേ, നിന്റെ വീട്ടില്‍വച്ചായിരിക്കും എന്റെ മരണാനന്തരച്ചടങ്ങായ സുഗന്ധംപൂശലിന്റെ തുടക്കം. ഒന്നും മനസ്സിലാകാത്ത ശിമയോന് മിഴിച്ചുനിന്നത് ഇന്നും കണ്മുന്നിലുണ്ട്.
കുട്ടിക്കൂട്ടത്തിലേക്ക് അല്പം താമസിച്ചുവന്ന ബാല്യത്തിലേ നല്ല തടിമിടുക്കുള്ള കെവുറീന്‍കാരന്‍ ശിമയോനും ലഭിച്ചു വലിയൊരു ചുമതല. നീ എനിക്കുവേണ്ടി എന്റെ കുരിശു വഹിക്കും.
അങ്ങനെ ഓരോരുത്തര്‍ക്കും ചുമതലകള്‍ വീതിച്ചുനല്‍കിയിട്ടും തന്റെ പേരോ ചുമതലയോ പ്രഖ്യാപിച്ചിരുന്നില്ല. നിങ്ങളിലൊരുവന്റെ കഴുതപ്പുറത്തായിരിക്കും എന്റെ രാജകീയജറുസേലം യാത്ര... അവന് പ്രഖ്യാപിച്ചു. അപ്പോള്‍ നീ രാജാവാകുമോ... കുട്ടിക്കൂട്ടത്തില്നിന്ന് ആരോ ഒരാള്‍ ചോദിച്ചു.
പിന്നെ അവന് ആയാലെന്താ... ആട്ടിടയനായ ദാവീദ് രാജാവായില്ലേ? താനാണവനെ അന്നു സപ്പോര്‍ട്ടു ചെയ്തത്. ഒരു പ്രധാനപ്പെട്ട ജോലി ബാക്കിയുണ്ട്. എനിക്കുവേണ്ടി അന്ത്യത്താഴമൊരുക്കേണ്ട ജോലി. അയാളുടെ പേരു ഞാന്‍ പറയില്ല. ഇക്കൂട്ടത്തിലുള്ള ഒരാളെ ഞാന്‍ ചുമതലപ്പെടുത്തുന്നു. തന്റെ നേരേ നോക്കിക്കൊണ്ടാണ് അവന് അതു പറഞ്ഞത്. പക്ഷേ, എല്ലാവരും അതു തങ്ങള്‍ നിര്‍വഹിക്കും എന്നു മനസ്സില്‍ പറഞ്ഞു. ഒരടയാളം ഞാന്‍ പറയാം. എല്ലാ സൗകര്യങ്ങളും പെസഹാ ഒരുക്കുന്നയാളിനുണ്ടാകും. ഒന്നൊഴികെ... അവന് തുടര്‍ന്നുപറഞ്ഞു. സ്വന്തം കിണറൊഴികെ... സൗകര്യപ്രദമായ വീടും മറ്റു സാമഗ്രികളുമൊക്കെ ഉണ്ടായിട്ടും തനിക്കു സ്വന്തമായി കിണറുണ്ടായിരുന്നില്ലല്ലോ. അതുകൊണ്ടാണ് ശിഷ്യന്മാര്ക്ക് അടയാളവാക്യമായി വെള്ളം കുടം ചുമന്നുവരുന്ന ആളിനെ പിന്തുടര്ന്നു ചെല്ലാന്‍ പറഞ്ഞത്.
അതൊക്കെ ഓര്‍ത്തപ്പോള്‍ ശരീരം രോമാഞ്ചംകൊണ്ടു. അവന് പറഞ്ഞതെല്ലാം ശരിയായി വന്നിട്ടും എന്തോ തനിക്കവന്റെ ശിഷ്യനാകാന്‍ കഴിഞ്ഞില്ല. സമ്പത്തും പദവിയും എല്ലാം തടസ്സമായിരുന്നു. ഒപ്പം, യഹൂദരെ വെറുപ്പിക്കാനുള്ള മടിയും.
താഴെനിന്നു പന്തത്തിന്റെ തെളിച്ചം. അവന് വരുന്നുണ്ടെന്നു തോന്നുന്നു. എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവന്. കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ സംഭവങ്ങള്‍ അതിനു സാക്ഷ്യം നല്കുന്നു. അഞ്ചപ്പംകൊണ്ട് അയ്യായിരത്തിനു വിളമ്പിയതില്‍ പങ്കുപറ്റിയവര്‍, രോഗശാന്തി നേടിയവര്‍... അവര്‍ ഒരുദിവസം ഓശാന വിളിക്കുന്നു. പിറ്റേദിവസം അവനെ ക്രൂശിക്കണമെന്നു വീറോടെ വിളിച്ചുപറയുന്നു.
പന്തത്തിന്റെ വെളിച്ചം അടുത്തുവന്നു. അവന്റെ ചലനമറ്റ ദേഹവുമായി പഴയ സഹപാഠികള്‍... അവസാനനിമിഷത്തിനു സാക്ഷിയാകാന്‍ കഴിഞ്ഞ സന്തോഷത്തോടെ അവന് പിറുപിറുത്തു... ഇവന് സത്യമായും ദൈവപുത്രനായിരുന്നു.