•  17 Apr 2025
  •  ദീപം 58
  •  നാളം 7
കഥ

മീശപ്പുലിമല

   വേനല്‍ക്കാലമാണെങ്കിലും മഴയിരമ്പലുകള്‍ താരാട്ടു പാടിയ ഉച്ചയുറക്കത്തിന്റെ സുഖാലസ്യത്തിലായിരുന്നു ആലം. ഉറങ്ങിയെണീറ്റപ്പോ പതിവായി കിട്ടുന്ന ചായയ്ക്കായി ആലം വിളിച്ചു:
''പരുന്തീ...''
അലര്‍ച്ചയായിട്ടോ ഭ്രാന്തിയുടെ ചിലപ്പായിട്ടോ ആലത്തിന്റെ മക്കള്‍ക്കും കെട്ട്യോളുമാര്‍ക്കും തോന്നാന്‍ സാധ്യതയുള്ള വിളി പരുന്തിയുടെ മകന്‍ കാളച്ചെമ്പോന്റെ ചെവിയിലേക്ക് വാത്സല്യാരവമായാണ് ഒഴുകിയെത്തിയത്. ചെമ്പോന്‍ അപ്പോ പുതുതായി നട്ട റബര്‍ത്തൈകള്‍ക്കു വളമിടുകയായിരുന്നു. എത്ര അകലെനിന്നാണെങ്കിലും ആലത്തിന്റെ വിളി കേള്‍ക്കാന്‍ തക്കവിധം പരുന്തിയുടെയും കാളച്ചെമ്പോന്റെയും കാത് എപ്പോഴും വിടര്‍ന്നുകാത്തിരുന്നു. രണ്ടാമതൊരു വിളി ആലത്തില്‍നിന്നു പുറപ്പെടും മുന്നേ കാളച്ചെമ്പോന്‍ മുറ്റത്തെ പച്ചവിരിപ്പിലെത്തി മുകളിലേക്കു നോക്കി. തുറന്നിട്ട ജനാലയില്‍ക്കൂടി ഞാവല്‍പഴംപോലെ രണ്ടു കണ്ണുകള്‍ കാണാം.
കുന്നംകുളത്തെ ഏറ്റവും പഴക്കം ചെന്ന കത്തോലിക്കാക്കുടുംബമായ ശ്ലീഹാപറമ്പില്‍ ആലപ്പിയുടെയും ഗ്രേസിയുടെയും മകളായിരുന്നു ആലം. ഒറ്റമകളോടുള്ള വാത്സല്യംകൊണ്ട് ആലപ്പി തന്റെ പേരിന്റെ പകുതിതന്നെ മകള്‍ക്കു നല്‍കി. അന്നുമുതല്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആലം എന്നു പറഞ്ഞാല്‍ ആലപ്പിയും ആലപ്പി എന്നു പറഞ്ഞാല്‍ ആലവുമായിരുന്നു.
''അമ്മച്ചീ...''
ഒരാളോടു കാണിക്കാന്‍ സാധിക്കുന്ന സ്‌നേഹത്തിന്റെ അങ്ങേയറ്റത്തുനിന്നുകൊണ്ട് കാളച്ചെമ്പോന്‍ പറഞ്ഞു:
''അമ്മ ചേട്ടായിമാരുടെകൂടെ പോയത് അമ്മച്ചി മറന്നോ? ചായ ഇട്ടുതരാന്‍ ഞാന്‍ കത്രീനയോടു പറയാം.''
''വേണ്ട, നീ പോയി അടുക്കളയില്‍ ചെന്ന് ഒരു ചായ തെളപ്പിച്ചോണ്ടു വാ.'' ആലം പറഞ്ഞു.
ദൂരെ തമ്പുരാന്‍ കുന്നിനുമപ്പുറം പകല്‍ തീക്കോയിയെ മറയ്ക്കുന്നതു കാണാം. അതിനുമപ്പുറം ആയിരിക്കണം ആനമുടി. അവിടെയായിരിക്കണം ഇപ്പോള്‍ തന്റെ പരുന്തി. സ്ലീവാച്ചന്റെ മരണത്തിനുശേഷം തന്നെ ഇരുട്ടില്‍നിന്നു പ്രകാശത്തിലേക്കു പറിച്ചുനട്ടവള്‍. ജ്വരം പിടിച്ച് അബോധാവസ്ഥയുടെ കയറ്റിറക്കങ്ങളില്‍ ഉണ്ണാതെ, ഉറങ്ങാതെ കിടന്നപ്പോള്‍ തന്റെ കട്ടിലിനു കീഴെ തഴപ്പായുടെ വിരിപ്പില്‍, റാന്തലിന്റെ മഞ്ഞവെട്ടത്തില്‍ തന്റെ നാലു കുഞ്ഞുങ്ങളുടെയും ഉയിരും വേരും പോകാതെ രാത്രിയെ പകലാക്കിയവള്‍. കെട്ടിച്ചുവിട്ടപ്പോള്‍ തന്ന സ്ത്രീധനവകകളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ ധനമായിരുന്നു തനിക്കു പരുന്തി. പരുന്തി എങ്ങനെയാണ് തന്റെ വീട്ടില്‍ രൂപംകൊണ്ടതെന്ന് ആലത്തിനറിയില്ല. പക്ഷേ, അവര്‍ക്ക് ഓര്‍മവയ്ക്കുമ്പോഴേക്കും പരുന്തി തന്റെ ലോകത്തെ പ്രധാന പ്രജയായി മാറിയിരുന്നു. പരുന്തി എന്ന ഒറ്റവിളിയില്‍ മലയിലെ വെട്ടംപോലെ തെളിയുന്നവള്‍. തന്റെ ഒപ്പം തീക്കോയിലേക്കു പോരുംമുമ്പ് അപ്പന്‍ അവളെ മാമ്മോദീസാ മുക്കി മറിയ എന്ന പേരിലാക്കിയിരുന്നു. പക്ഷേ, വിളി കേള്‍ക്കണമെങ്കില്‍ അവളുടെ ശുദ്ധരക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പേരുതന്നെ വിളിക്കണം.
പരുന്തി.
അന്ന് രണ്ടാം കെട്ട് ഇല്ല. ഉണ്ടെങ്കില്‍ത്തന്നെയും സ്ലീവാച്ചന്റെ കൈയുടെ ചൂട് തനിക്കു മീതെ അപ്പോഴും അവശേഷിച്ചിരുന്നു. തീക്കോയിലേക്കു മഞ്ഞുകാലവും വേനല്‍ക്കാലവും മാറിമാറി വന്നത് വളരെപ്പെട്ടെന്നായിരുന്നു. മരപ്പാവിട്ട വീട് കോണ്‍ക്രീറ്റായി മാറി. മിഖായേലും ജോണും ജോര്‍ജൂട്ടിയും ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത് തീക്കോയിലെ മുടിചൂടാമന്നന്മാരായി വാണതും ആലത്തിന്റെ ഡയറിയില്‍ എഴുതപ്പെടേണ്ടതുതന്നെയായിരുന്നു. 
ആലം മുറിക്കു പുറത്തേക്കിറങ്ങി.
ചെമ്പോന്റെ കൈയിലെ ചായക്കോപ്പയില്‍നിന്ന് ഏലയ്ക്കായുടെയും ഇഞ്ചിയുടെയും സമ്മിശ്രഗന്ധം തീക്കോയിമലകളിലേക്ക് ഉയര്‍ന്നുപൊങ്ങി.
ആനമുടിയിലേക്കു മക്കളോടൊപ്പം പോകുമ്പോള്‍ ആദ്യമായി പരുന്തിയെ കരഞ്ഞു കണ്ടു. താന്‍ അപ്പോഴും കരയാതെ വീടിനകത്തേക്ക് അസ്വസ്ഥയായി തിരിഞ്ഞു. കൊച്ചുമക്കളുടെ വിസര്‍ജ്യാവശിഷ്ടങ്ങള്‍ കഴുകിക്കളയാനും യാത്രയ്ക്കിടയിലെ ഹെല്‍പ്പറാവാനും പരുന്തി വേണമെന്ന് ജോര്‍ജൂട്ടിക്കായിരുന്നു നിര്‍ബന്ധം.
''ചെമ്പോനേ...''
''അവള്‍ക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാന്‍മാത്രം ഞാന്‍ മറന്നുപോയടാ. എന്റെകൂടെ എപ്പോഴും ഉണ്ടാവുമെന്നു കരുതി.'' തന്റെ സകല ഗര്‍വും മറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്കും ആലത്തിനു വിങ്ങി.
''അമ്മ പെട്ടെന്നിങ്ങ് വരില്ലേ അമ്മച്ചി...''
''തീക്കോയിടെ അപ്പുറം കാണണമെന്നുണ്ടായിരുന്നേല് അവള്‍ക്ക് എന്നോട് പറഞ്ഞാല്‍ മതിയായിരുന്നല്ലോടാ...'' ആലത്തിന് വീണ്ടും നൊന്തു.
''സ്ഥലം കാണാന്‍ ആഗ്രഹമുണ്ടായിട്ടാണോ അമ്മ പോയത്? ജോര്‍ജൂട്ടിച്ചായന്റെ നിര്‍ബന്ധം കൊണ്ടല്ലേ? അമ്മച്ചിക്കത് അറിയാന്‍മേലേ?''
ആലവും കാളച്ചെമ്പോനും ഇത്തരം വര്‍ത്തമാനത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ജോര്‍ജൂട്ടിയുടെ വണ്ടി ആനമുടി കയറാന്‍ തുടങ്ങിയിരുന്നു.
''പരുന്തിയമ്മോ...''
ജോര്‍ജൂട്ടിയുടെ ഉള്ളില്‍ അജ്ഞാതമായ ഏതോ ഒരു സന്തോഷത്തിന്റെ ഇരട്ടിപ്പ് ഉയര്‍ന്നു. ''പരുന്തിയമ്മയ്ക്ക് എന്റെ അമ്മച്ചിയുടെകൂടെത്തന്നെ മരിച്ചൊടുങ്ങണം അല്ലേ?''
പൊട്ടിച്ചിരിയില്‍  ഇന്നോവ നടുങ്ങിയുലഞ്ഞു. ജോര്‍ജൂട്ടിയുടെ ഭാര്യ ഫ്‌ളൈമി അങ്ങേയറ്റം അവജ്ഞയോടെ പരുന്തിയെ നോക്കി.
ആനമുടി മുഴുവന്‍ കുത്തഴിഞ്ഞ് തന്റെ നേര്‍ക്കാണോ വരുന്നതെന്ന ഭീതിയില്‍ പരുന്തി മുഖംകുനിച്ചു. തന്നെ മക്കള്‍ക്കൊപ്പം പോകാന്‍ നിശ്ശബ്ദമായി അനുവദിച്ച ആലത്തിനെ പരുന്തി ഓര്‍ത്തു. സമ്പത്തിലും ദാരിദ്ര്യത്തിലും തന്റെ മകളെ വിട്ടുപോകരുതെന്ന ആലപ്പിയുടെ മരണക്കിടക്കയിലെ അപേക്ഷ പരുന്തിയുടെ തലയിലിരുന്ന് ചുരമാന്തി. മലനിരകളിലെ മുന്തിരിത്തോട്ടവും ഓറഞ്ചുതോട്ടവും കൊമ്പുകളുയര്‍ത്തിയ വലിയ പൂങ്കുലക്കെട്ടും കണ്ടപ്പോള്‍ ആലത്തിന്റെ വാഗ്ദാനങ്ങള്‍ പരുന്തിക്ക് ഓര്‍മവന്നു. തന്റെയും ആലത്തിന്റെയും ശവകുടീരങ്ങളില്‍ പൂത്തുകായ്ച്ചു നില്‍ക്കേണ്ട കായ്കനികള്‍.
''മ്മക്ക് ഉണ്ടല്ലോ, പരുന്തീ, ചത്താലും ചമഞ്ഞുതന്നെ കെടക്കണം. നമ്മള് കെടക്കുന്നിടത്ത് രാത്രിക്കും ആള്‍ക്കാര് വന്നിരിക്കണം. മനുഷന്മാര് പാര്‍ക്കിലൊക്കെ വന്നിരിക്കുന്നതുപോലെ സെമിത്തേരിയിലും സിമന്റ്‌ബെഞ്ചുകള്‍ വേണം. അയിന്റെ കവാടത്തില് മുന്തിരിവള്ളികള്‍ എപ്പോഴും കായ്ച്ചു നില്‍ക്കണം. സോളമന്റെ മുന്തിരിത്തോപ്പുപോലെ. പിന്നെ കുട്ടികള്‍ക്ക് കേറി കളിക്കാന്‍ ഒരു ഭാഗത്തു നിറയെ റൈഡുകള്‍. രാത്രിയിലും ലൈറ്റുകള്‍ തെളിഞ്ഞുനില്‍ക്കണം. വേലിച്ചെടിക്കും, കോളാമ്പിപ്പൂക്കള്‍ക്കും പകരം ഊട്ടീന്നു ബഡ് റോസ് കൊണ്ടുവന്ന് നട്ടുപിടിപ്പിക്കണം. ഭൂമീലിണ്ടാവുന്ന എല്ലാത്തരം പഴവര്‍ഗങ്ങളും അവിടെ നട്ടുപിടിപ്പിക്കണം. പറ്റുമെങ്കില്‍ നല്ല വരിക്കച്ചക്കയുടെ അഞ്ചാറ് തൈ നടണം. പതിയെ പതിയെ മനുഷ്യര്‍ക്ക് മരണത്തോടും സെമിത്തേരിയോടുമുള്ള പേടി മാറും. പാര്‍ക്കില്‍ പോവാന്‍ ആര്‍ക്കെങ്കിലും പേടി തോന്നുവോ അല്ലേ പരുന്തീ?''
ആലം ചിരിച്ചു.
വല്ലോം നടക്കോ? എന്നുള്ള തന്റെ സംശയത്തിനു മറുപടിയായിട്ടാണ് തന്നെ ഞെട്ടിച്ചുകൊണ്ട് ആലം വില്‍പ്പത്രം എടുത്തു കാണിച്ചത്.
സ്വപ്നങ്ങള്‍ക്കുമീതെ ഇരുട്ട് കനം വയ്ക്കുന്നു. കാറ്റ് മുഖത്തു വന്നു തട്ടുന്നു. ആലത്തിന്റെ പ്രഷറിന്റെയും ഷുഗറിന്റെയും ഗുളികയുടെ സൂക്ഷ്മസ്ഥലം മരയലമാരിയുടെ രണ്ടാമത്തെ തട്ടിലാണ് ഇരിക്കുന്നത് എന്ന് ജോര്‍ജൂട്ടിയോടു പറയാന്‍ പരുന്തിക്കു നാവു തുടിച്ചു. അതു കഴിച്ചില്ലെങ്കില്‍ രാത്രിയില്‍ വിറയല്‍ ഉണ്ടാവുമെന്നും ആലത്തിനു ശ്വാസംമുട്ടുമെന്നും അറിയാവുന്ന ഒരേയൊരാള്‍ ആ കുടുംബത്തില്‍ പരുന്തിമാത്രമായിരുന്നു. പരുന്തി ആലത്തിനെക്കുറിച്ച് ഓര്‍ത്തപ്പോഴൊക്കെ ആലം തീക്കോയിയുടെ ഭൂപടത്തിലിരുന്ന് മൂക്ക് തിരുമ്മി.
''അമ്മച്ചീ... അകത്തേക്കു പോകാം. തണുത്ത കാറ്റ് വീശുന്നു. മഴയ്ക്ക് സാധ്യതയുണ്ട് എന്നല്ലേ വാര്‍ത്തേല്‍ പറഞ്ഞത്? പനിപിടിച്ചാല്‍ അമ്മ എന്നെ ആയിരിക്കും വഴക്കു പറഞ്ഞുകൊല്ലുക. അമ്മച്ചി എണീക്ക്.''
കാളച്ചെമ്പോന്‍ പറഞ്ഞു.
 ''നീ പോയി മേല് കഴുകി വാ. മനസ്സിനൊരു ഏനക്കേട്. നമുക്ക് കൊന്ത ചെല്ലാം.'' സ്ലീവാച്ചന്‍ പോയതിനുശേഷം അന്നാദ്യമായി ആലം കരഞ്ഞുകൊണ്ട് കൊന്ത ചൊല്ലി. ലുത്തിനിയയില്‍ കൈകള്‍ വിറച്ചു. വീടിന്റെ നിശ്ശബ്ദതയില്‍ ആലം മരവിച്ചു. കാളച്ചെമ്പോന്‍ ആലത്തിനു സ്തുതി ചൊല്ലി.
''അമ്മച്ചീ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.''
ആലം കാളച്ചെമ്പോന്റെ കൈകളില്‍ മുത്തി. 
ആലം പതിയെ എണീറ്റു. മുറിക്കകത്തേക്കു നടന്നു. മരയലമാരിയില്‍ തനിക്കും പരുന്തിക്കും മാത്രമറിയാവുന്ന ഒരറ തുറന്നു. മിഥുനമഴയുടെ തണുപ്പ് പുറത്തേക്ക് പറന്നു. കൈകള്‍ നിധിയെ പരതി. ഓര്‍ക്കാപ്പുറത്ത് നെഞ്ചിലൊരു വാള്‍ വീശി. ആലം ഞെട്ടി. നിധി ഇരുന്നിടും ശൂന്യം.
''ചെമ്പോനേ...''
ആലത്തിന് ജ്വരം മുറുകി.
കുടുംബരാഷ്ട്രീയത്തെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തിരുന്ന വക്കീല്‍ പോള്‍ തരകനെ വിളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ആലത്തിന്റെ സ്വരം മുറുകിയിരുന്നു. കാതില്‍ അണിഞ്ഞിരുന്ന മേക്കാമോതിരങ്ങള്‍ ഉറച്ചശബ്ദത്തില്‍ ആടിയുലഞ്ഞു.
കൂറുകാണിക്കലിന്റെ ഭവ്യതയണിഞ്ഞ് പോള്‍ തരകന്‍ ആലത്തിനു മുന്നില്‍ നിന്നു. പതിവുപോലെ ഇരിക്കാന്‍ ആലം ആവശ്യപ്പെട്ടില്ല.
''താന്‍ വില്‍പ്പത്രത്തിന്റെ കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നോ? സത്യം പറഞ്ഞില്ലെങ്കില്‍ താന്‍ ഇവിടുന്ന് താഴേക്കിറങ്ങില്ല.''
വിടര്‍ന്ന് ചുവന്നു നില്‍ക്കുന്ന ബഡ്‌റോസും അതിനിടയില്‍ കുട്ടികള്‍ക്കു കളിക്കാനുള്ള മെറിഗോ റൗണ്ടും സ്വപ്നങ്ങള്‍ ഉദിച്ചു തുടങ്ങിയവര്‍ക്ക് കളി പറയാനുള്ള ചാരുബെഞ്ചും പുഞ്ചിരിക്കുന്ന നിയോണ്‍ ലൈറ്റുകളും സ്ഥാനം പിടിച്ച ഒരു പൊതുശ്മശാനം ആലം പറയുന്നതനുസരിച്ച് എഴുതിത്തയ്യാറാക്കുമ്പോള്‍ അതിന്റെ രഹസ്യസൂക്ഷിപ്പിനായി തനിക്കു നല്‍കിയത് വീടിന്റെ മുറ്റത്ത് ഒരു പോര്‍ഷെ ആയിരുന്നു. അഞ്ചേക്കര്‍ സ്ഥലം ആലത്തിനു നിസ്സാരമാണ്. പക്ഷേ, ജോര്‍ജൂട്ടിക്ക് അത്  മിനി സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനുള്ള ബിഗ് ബഡ്ജറ്റും.
പോള്‍ തരകന്‍ ആലത്തിനു പിറകില്‍ നിന്നിരുന്ന കാളച്ചെമ്പോനെ നോക്കി. അയാള്‍ മാമ്മോദീസാ മുങ്ങി ചാക്കോ എന്ന പേരു സ്വീകരിച്ച് മാറ്റപ്പെട്ട വ്യക്തിയാണെങ്കിലും ഏതുസമയവും ചാടിവീഴാന്‍ തക്കവിധം അടിമയുടെ ഊറ്റംകൊണ്ട രക്തം അയാളുടെ മുഖത്ത് ഊറിവരുന്നത് പോള്‍ തരകന്‍ കണ്ടു. മുറിഞ്ഞുപോയ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പോള്‍ തരകന്‍ പറഞ്ഞു:
''ജോര്‍ജൂട്ടിയോടുമാത്രം...'' നെറുകയില്‍ ഒരു പല്ലി വീണ് പോള്‍ തരകന്‍ ഞെട്ടി മാറി. അയാള്‍ അശക്തനായി.
''തനിക്ക് പോകാം.'' ആലം പറഞ്ഞു.
ശക്തി കുറഞ്ഞുപോയ കാലുകളുമായി ആലത്തിനു മുന്നില്‍നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ പോള്‍ തരകന് മീശപ്പുലിമലയിലേക്കു നടത്തിയ കാട്ടിറച്ചിയുടെയും കാട്ടുപെണ്ണുങ്ങളുടെയും മണമുള്ള ഒരു ടൂര്‍ ഓര്‍മ വന്നു. അയാള്‍ നടന്ന് അകലുമ്പോഴേക്കും വീട്ടിലെ ലാന്‍ഡ് ഫോണ്‍ ബെല്ലടിച്ചു.
''അമ്മച്ചീ...''
വോട്കയുടെ രണ്ട് ലാര്‍ജിലും ജോര്‍ജൂട്ടിക്ക് അതു പറയാന്‍ നാക്ക് പിടച്ചു. ഒടുവില്‍ പിഴപറ്റിയ അക്ഷരശാപംപോലെ അയാള്‍ പറഞ്ഞു.
''തങ്കാച്ചിമലേന്ന് കാലുതെറ്റി പരുന്തിയമ്മ വീണു.''
ആലം ഫോണ്‍ തിരികെ വച്ചില്ല. ജോര്‍ജൂട്ടി ഒന്നും മിണ്ടിയതുമില്ല. ആലം തിരികെനടന്നു. 
മുറിക്കുപുറത്തായി ഒരു എണ്ണവിളക്ക് അണയാതെ തൂങ്ങിക്കിടന്നിരുന്നു. അതിന്റെ വെളിച്ചത്തില്‍ ആലപ്പിയെയും സ്ലീവാച്ചനെയും ഒപ്പം പരുന്തിയെയും ആലം കണ്ടു. മൂന്നാറില്‍നിന്നു കൊണ്ടുവന്ന് അഞ്ചേക്കറില്‍ നട്ടുപിടിപ്പിക്കാന്‍ വച്ചിരുന്ന ബഡ്‌റോസ് മുകുളങ്ങള്‍ ഇല്ലാതെ പെട്ടെന്ന് വിരിഞ്ഞുപൊന്തി. അവയ്ക്കു മുകളില്‍ രാത്രിമഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു.
''ചെമ്പോനേ...''
ആലം ഉയര്‍ന്നു വിളിച്ചു.
മരവിപ്പിന്റെ കട്ടപിടിച്ച ഇരുട്ടിലും ചെമ്പോന്റെ കൈപിടിച്ചു പള്ളിവക ശരാണാലയത്തിലേക്ക് നടക്കുമ്പോള്‍ ആലത്തിന് തന്റെ ഡയറിയില്‍ എഴുതപ്പെട്ടതെല്ലാം പൂര്‍ത്തിയായി എന്നു തോന്നി. താഴേക്കു പിടിച്ചുവലിക്കുന്ന കാക്കകളുടെ വലകള്‍ പൊട്ടിച്ച് പരുന്തിനെക്കാള്‍ ഉയരത്തില്‍ തന്റെ പരുന്തി തീക്കോയിലേക്കു തിരികെയെത്തുന്ന സന്തോഷസ്പര്‍ശമായ ഉയിര്‍പ്പിന്റെ ദിവസത്തെ സ്വപ്നം കണ്ടുകൊണ്ട് ആലം ചെമ്പോന്റെ കൈപിടിച്ചു മുന്നിലേക്കു നടന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)